Gentle Dew Drop

ജൂൺ 14, 2020

ജീവന്റെ അപ്പവും ബലിജീവിതവും

നന്ദിയോടെ വാഴ്ത്തി മുറിക്കപ്പെട്ട അപ്പത്തിലെ ക്രിസ്തു സാന്നിധ്യം സത്യമാണ്, അത് വെറും അടയാളമല്ല സത്താപരമാണ്. ആ യാഥാർത്ഥ്യത്തെയാണ് പരി. കുർബാനയുടെ തിരുനാൾ ആഘോഷമാക്കുന്നത്. നമുക്കുവേണ്ടി ജീവനർപ്പിക്കുകയും സ്വയം ശൂന്യവത്കരിക്കുകയും ചെയ്തവൻ തന്നെയാണ് അപ്പത്തിലും സ്വയം നൽകുന്നത്.

അപ്പത്തിൽ സന്നിഹിതനായിരിക്കുന്നത്‌ ക്രിസ്തുവായതിനാൽ ആരാധ്യമാണ്. ആരാധിക്കപ്പെടുന്നത് ക്രിസ്തുവാണ്, ആ ക്രിസ്തുവിനെ കൂദാശപരമായി അപ്പത്തിൽ അനുഭവവേദ്യമാകുന്നു എന്നതും ആ സാന്നിധ്യത്തെ നമ്മൾ ആരാധിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു എന്നതുമാണ് സത്യം. എന്നാൽ  ദൈവാരാധന എന്നത് പരി. കുർബാനയുടെ ആരാധന മാത്രമല്ല. അപ്പത്തിന്റെ സാദൃശ്യത്തിന്റെ പുറത്തുള്ള സാന്നിധ്യത്തെ ഒരു തരത്തിലും അത് മാറ്റി നിർത്തുന്നില്ല. ലോകാവസാനം വരെ നമ്മോടു കൂടെ ആയിരിക്കും എന്ന വാഗ്ദാനം കുർബാനയുടെ വാഴ്ത്തപ്പെട്ട അപ്പത്തിലൂടെ മാത്രമാണ് എന്ന് കരുതുന്നത്  ശരിയല്ല.

സ്വയം ബലിയായ ക്രിസ്തുവും, ആ ബലി സ്വജീവിതത്തിലൂടെ ആവർത്തിക്കുന്ന സമൂഹവും മുറിക്കപ്പെടുന്ന അപ്പത്തിൽ കാണപ്പെടുമ്പോൾ, അത് പരസ്പരമുള്ള ശുശ്രൂഷകളിലേക്ക് നമ്മെ നയിക്കും. മാത്രമല്ല, ജീവിത സാഹചര്യങ്ങളിൽ നിവർത്തിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യം ദേവാലയത്തിൽ കൂദാശാരൂപത്തിലും, കൂദാശാരൂപത്തിലെ ക്രിസ്തു സാന്നിധ്യം വീണ്ടും ജീവിതാവസ്ഥകളിലേക്കും ബന്ധപ്പെടുത്താൻ നമുക്ക് കഴിയും. അത് ഒരു ത്യാഗാനുഭവമാകയാൽ,  വെറും ശീലമോ അനുഷ്ഠാനമോ എന്നതിലുപരി വലിയ ക്രിസ്ത്വാനുഭവമായി മാറുകയും ചെയ്യും. പരി. കുർബാനയെ ഒരു ഭക്തിക്രിയയായി മാറ്റുമ്പോൾ ഈ അനുഭവം ലഭിച്ചെന്നിരിക്കില്ല. കൂടുതൽ അനുഗ്രഹങ്ങൾക്കായി ദിനം പ്രതി കുർബാന കൂടുക, കൂടിയില്ലെങ്കിൽ അനുഗ്രഹങ്ങൾ കുറയുമോ എന്ന പേടിയുണ്ടാവുക തുടങ്ങിയവ പരി. കുർബാനയെ യഥാർത്ഥത്തിൽ മനസ്സിലാക്കാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകളാണ്. പരിശുദ്ധാത്മാവിലുള്ള ഐക്യത്തിൽ ഓരോരുത്തർക്കും ലഭിച്ചിട്ടുള്ള കൃപയിൽ ജീവിക്കപ്പെടുന്ന ബലികളും, യഥാർത്ഥ അർപ്പണവും ക്രിസ്തുവിന്റെ പൗരോഹിത്യത്തിലെ ഭാഗഭാഗിത്വവുമാണ്.

പരിശുദ്ധ കുർബാനയുടെ രഹസ്യം എന്ന് പറയുന്നത് പോലും അപ്പത്തിന്റെ സാദൃശ്യത്തിലേക്കു ചുരുക്കാനാവുന്നതല്ല, ജീവിക്കുന്ന യാഥാർത്ഥ്യമാണത്. ക്രിസ്തുവിനു പകരം അപ്പം കേന്ദ്രമാകുമ്പോൾ പരി. കുർബാനയുടെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് അത് വഴിമാറി പോകുന്നു. സ്വർഗത്തിൽ നിന്നിറങ്ങിയ ജീവന്റെ അപ്പമെന്ന് വാഴ്ത്തപ്പെടുന്നത്‌ ക്രിസ്തുവാണ്. തിരുവോസ്തിയിലുള്ള 'ക്രിസ്തു'വിനെയാണ് വിശ്വാസത്തിലൂടെ നമ്മൾ അറിയാൻ ശ്രമിക്കുന്നത്. ചില ഉദ്യമങ്ങളും പദപ്രയോഗങ്ങളും പ്രാർത്ഥനാ ശൈലികളും അപ്പത്തിന്റെ മഹനീയതയാണ് കാണുന്നത് എന്ന സന്ദേഹം ജനിപ്പിക്കുന്നതാണ്.

ക്രിസ്തു സ്വയം പകർന്നു നൽകിയ ശരീരവും, നമ്മളോരോരുത്തരും പരിശുദ്ധാത്മാവിൽ ഒന്നായിച്ചേർന്നിരിക്കുന്ന സമൂഹമെന്ന ക്രിസ്തുശരീരവും ആശീർവദിക്കപ്പെട്ട അപ്പത്തിൽ സന്നിഹിതമാണ്. ഇവ രണ്ടും ഒരേ പോലെ കാര്യമായെടുക്കാതെ അപ്പത്തിലെ ദിവ്യരഹസ്യത്തെ നമുക്ക് ആഘോഷിക്കാനാവില്ല. "എന്റെ ഓർമ്മക്കായി ചെയ്യുവിൻ" എന്നത് "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്നത് പാലിച്ചു കൊണ്ടേ നിവർത്തിക്കാനാകൂ. അപ്പത്തിന്റെ ശുശ്രൂഷകളിൽ  വെറുപ്പിന്റെ ഭാഷ ഏതെങ്കിലും രീതിയിൽ കലരുന്നുണ്ടെങ്കിൽ അത്തരം ശുശ്രൂഷകൾ  ശൂന്യവും കപടവും മരണം സ്വയമേല്കുന്നതുമാണ്. കാരണം, ദാർഷ്ട്യം പിടിവാശി മുതലായവ പ്രകടമാക്കുന്ന അഹങ്കാരം, സ്വയം ശൂന്യമായ ക്രിസ്തു-ആകാരം മുറിക്കപ്പെടുന്ന അപ്പത്തിൽ വാഴുവാനുള്ള അന്തരീക്ഷമല്ല നൽകുന്നത്.

നാശത്തിന്റെ മ്ലേച്ഛമായ അടയാളം, ബലിപീഠത്തിന്മേൽ അർപ്പിക്കപ്പെട്ട അശുദ്ധവസ്തുവായി ദാനിയേലും, പിന്നീട് മാർക്കോസ് ഇത് ആവർത്തിക്കുമ്പോൾ ബലിപീഠം തകർത്ത് വിശുദ്ധനഗരം അശുദ്ധമാക്കിയ വ്യക്തിയായും അവതരിപ്പിക്കുന്നു. എന്നാൽ, അമോസ്, ഹോസിയ, മിക്കാ, ഏശയ്യാ, ജെറമിയാ പ്രവാചകർ ബലിയിൽ നിന്നും ഉടമ്പടിയിൽ നിന്നും ഒഴിവാക്കാനാവാത്തതാണ് നീതി എന്ന് ആവർത്തിച്ചു പറയുന്നു. നീതിയെ ബലിക്കല്ലിൽ കുരുതി കൊടുക്കുന്നത് ദൈവത്തിന് അപലപനീയമാണ്. നിൽക്കരുതാത്തിടത്തു നിൽക്കുന്ന വിനാശത്തിന്റെ അടയാളവും അവഗണിക്കപ്പെടുന്ന നീതി തന്നെയാണ്. ആവർത്തിച്ചർപ്പിക്കപ്പെടുന്ന ബലികൾ നീതിയിലേക്കു തുറക്കുന്നെങ്കിലേ ജീവനുള്ള നാളെയിലേക്ക് സമൂഹത്തിന് ആത്മാവിൽ നടക്കാനാകൂ. സ്നേഹം ബലിയുടെ ആത്മാവാണെങ്കിൽ, സ്നേഹം ഉൾകൊള്ളുന്ന നീതി ക്രിസ്തുശരീരത്തിലെ എല്ലാവർക്കും ഉറപ്പു വരുത്തേണ്ടത് ബലിയുടെ ഭാഗം തന്നെയാണ്. അതില്ലാതെ വരുമ്പോഴാണ് അത് വിവേചനം കൂടാതെയുള്ള വെറും അപ്പം ഭക്ഷിക്കലാവുന്നത്. അനുഷ്ഠാനങ്ങളുടെ എളുപ്പവഴികൾക്കപ്പുറം നീതിയുടെ ആത്മാർത്ഥചൈതന്യം  ബലികളിൽ ഉൾച്ചേർക്കുവാൻ നമുക്ക് കഴിയട്ടെ.  എങ്കിലേ അവൻ സംസാരിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിക്കുകയും, അപ്പം മുറിക്കപ്പെടുമ്പോൾ കണ്ണുകൾ തുറക്കപ്പെടുകയും ചെയ്യുകയുള്ളൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ