Gentle Dew Drop

ജൂൺ 22, 2020

കോവിഡ് സംഭാഷണങ്ങൾ ആത്മശക്തിക്കായ്

കോവിഡ് ഉണ്ടാക്കിയ വ്യത്യസ്തമായ സാഹചര്യവുമായി ഇനിയും പൂർണ്ണമായി പൊരുത്തപ്പെടാനായില്ലെങ്കിലും, ഏതാണ്ട് പരിചയപ്പെട്ടു കഴിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞെങ്കിലും രോഗബാധിതരാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ജോലിയെക്കുറിച്ചും, വിദ്യാഭാസത്തെക്കുറിച്ചും, സാമ്പത്തികസ്ഥിതിയെക്കുറിച്ചും മുന്നോട്ടെന്ത് എന്ന പ്രശ്നം വലിയ കാർമേഘങ്ങളാണ്‌ രൂപപ്പെടുത്തുന്നത്. ആന്തരിക സംഘർഷങ്ങളും സമ്മർദ്ദങ്ങളും ഇതിനോടകം പല കുടുംബങ്ങളെയും ഉലച്ചു കഴിഞ്ഞു. നമ്മുടെ മാത്രമല്ല നമ്മുടെ ചുറ്റുപാടുകളിലും എന്ത് സംഭവിക്കുന്നു എന്നത് വേണ്ടവിധം തിരിച്ചറിഞ്ഞ് പ്രതികരിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. ആശയങ്ങളുടെ സമാഹരണത്തിനും, സന്നദ്ധപ്രവർത്തകരുടെ ഒത്തൊരുമക്കും ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തന ശൈലികൾക്കുമായി സംഭാഷണങ്ങൾ നടന്നേ തീരൂ.

വ്യത്യസ്തമായ രീതിയിൽ കൂടുതൽ ദയനീയവും ഭീതിതവുമായ ജീവിതാവസ്ഥകൾ പല തുറകളിൽ നിന്ന്  പറഞ്ഞു കേൾക്കുന്നുണ്ട്. അവയെ വേണ്ടവിധം മനസിലാക്കുകയും അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവുകയും ചെയ്യേണ്ടത് രോഗബാധയെ ചെറുക്കാനുള്ള പ്രയത്നം പോലെ തന്നെ പ്രധാനമാണ്. ഓരോ പശ്ചാത്തലത്തിന്റെയും ആവശ്യമനുസരിച്ച് അത്തരം മേഖലകളിൽ നിപുണരായവർ നേതൃത്വം ഏറ്റെടുക്കുകയും കൂട്ടായ പരിശ്രമത്തിന് അർപ്പണശ്രദ്ധരാവുകയും വേണം. സമൂഹം ഏതുതരത്തിൽ ഒരു സാഹചര്യത്തെ സ്വീകരിക്കുന്നെന്നും എങ്ങനെ പ്രതികരിക്കുന്നെന്നും വിദഗ്ദരായവർക്ക് പെട്ടെന്ന് മനസ്സിലാക്കാനാകും. മത സമുദായ രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവെച്ചുകൊണ്ട് പരസ്പരം താങ്ങിനിർത്തുവാനുള്ള ഒരു കൂട്ടായ പ്രയത്‌നം നാളെകളിലേക്ക് ആവശ്യമായി വരും. പെട്ടെന്നുള്ള ഒരാവശ്യത്തിലേക്കു പ്രതികരിക്കുവാൻ നമ്മുടെ ഉള്ളിലുള്ള വലിയ നന്മയെ പലപ്പോഴും കണ്ടറിഞ്ഞിട്ടുള്ളവരാണ് നമ്മൾ. അതേ  നന്മയെ കൂട്ടായ ആലോചനകളിലേക്കും പദ്ധതി രൂപീകരണങ്ങളിലേക്കും കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിലേ അത് വലിയൊരു കാഴ്ചപ്പാടായി വികസിക്കുകയുള്ളു. ഈ പറഞ്ഞവയ്ക്ക് ആഴത്തിലുള്ള പഠനവും ആവശ്യമായി വന്നേക്കാം.

വൈകാരികാവസ്ഥകളിലും, സാമ്പത്തികാവസ്ഥകളിലും സമൂഹമായി അതിന്റെ ആവശ്യങ്ങളെ സ്വന്തം പോലെ ഏറ്റെടുത്ത് മുന്നോട്ട് നടക്കുക എന്നതേ വഴിയുള്ളു. ആരുടെയെങ്കിലും വേദനനിറഞ്ഞ മുഖം നമ്മുടെ കഴിവുകേടോ നിരുത്തരവാദിത്തത്തിന്റെ ഫലമോ ആയിക്കൂടാ എന്ന നിർബന്ധം ഹൃദയത്തിലെ പുതിയ ബലമാവട്ടെ. ആര് ഇതിനൊക്കെ നേതൃത്വവും പ്രചോദനവും നൽകും? ആവശ്യം മനസിലാക്കി നന്മയിൽ നിന്ന് പ്രവർത്തിക്കുക എന്നതേ പ്രചോദനത്തിനു ആവശ്യമായുള്ളു. സമൂഹത്തിന്റെ ഏതു ചെറു സംവിധാനത്തിനു പോലും ഇതിന് നേതൃത്വം നൽകാൻ കടമയുണ്ട്.

ലളിതമായ ജീവിതക്രമങ്ങളിൽ ചില ശ്രദ്ധകൾ നല്ലതാണ്. വീട്ടിൽ തന്നെയുള്ളവരാവട്ടെ, മറ്റാരെങ്കിലുമാവട്ടെ ആരോടെങ്കിലും പലവിധത്തിലുള്ള കോവിഡ് വികാരങ്ങൾ (CoVid Feelings) പറയുക എന്നതാണ് ഒന്ന്. കുട്ടികളാണെങ്കിലും അവരുടെ കൂട്ടുകാരുമായി ഗുണപരമായ അല്പം സമയം സംഭാഷണത്തിനായി നല്കപ്പെടണം. പരിഹാരങ്ങൾക്കു വേണ്ടിയല്ല ഈ സംഭാഷണം, കേൾക്കപ്പെടാനായി മാത്രം. അതിന്റെ ആത്മീയവശവും മനസിലാക്കി പരസ്പരം പ്രോത്സാഹിപ്പിക്കുകയും വേണം.  വൈകാരികപ്രകടനങ്ങളിലും ഇടപെടലുകളിലും വന്നു പോയിട്ടുള്ള പ്രലോഭനങ്ങളെയും  വീഴ്ചകളെയും പോലും സംഭാഷണവിഷയമാക്കണം. ആ തുറന്നുപറച്ചിലിൽ നിന്നുള്ള തുറവിയും തെളിമയിൽനിന്നുള്ള ധൈര്യവും വലുതാണ്. പരസ്പരം തെറ്റുകൾ ഏറ്റുപറയാൻ കഴിയുമെങ്കിൽ  ഓരോരുത്തരും മറ്റുള്ളവർക്കായി ജീവിക്കുന്ന കൂദാശയാവുകയാണ്.

ഉള്ളിൽ നിന്നുള്ള നന്മ തന്നെ ഭീതിഭാരം നീക്കിക്കളയും. സ്വയം ബലപ്പെടുത്തുകയും പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിചിന്തനങ്ങൾ ശീലിക്കണം. അനാവശ്യമായ യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കുവാൻ നമുക്ക് കഴിഞ്ഞു. ഭക്ഷണത്തിന്റെയും മറ്റുസാധനങ്ങളുടെയും ഉപയോഗം വിനോദവും ആസ്വാദനവുമായിരുന്നത് കണ്ടറിഞ്ഞു ചെയ്യുവാനും നമുക്ക് കഴിഞ്ഞു. ആരോഗ്യകാര്യങ്ങളിലെ അമിതശ്രദ്ധയും മരുന്നുകളുടെ ഉപയോഗവും ഉപകാരമില്ലാത്തതായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. അതുപോലെതന്നെ മതപരമായ വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ആസ്വാദന-ഉപഭോഗ ശൈലിയിൽനിന്നും മാറി പ്രധാനമായവയിലെ അർത്ഥം കണ്ടെത്താൻ നമുക്ക് കഴിയണം.

ലാളിത്യത്തിന്റെയും  ഒരുമയുടെയും, സഹവർത്തിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും നല്ല പാഠങ്ങൾ അറിയുവാൻ കഴിയുന്നെങ്കിൽ അത് വിനീതമായി സ്വീകരിക്കാം. അവയിൽ വളരാൻ കൃപ തേടാം. ദൈവം പതിവ് പോലെതന്നെ നമ്മുടെ കൂടെയുണ്ട്. ചമയങ്ങളിട്ട് നമ്മുടെ ഉപയോഗത്തിന് വേണ്ടി നിർമ്മിക്കപ്പെട്ട സൂപ്പർദൈവങ്ങളാണ് കോവിഡ് സമയത്ത് കാണാതായത്. തിരുത്തലിന് വേണ്ടി കോവിഡ് വടി ഉപയോഗിക്കുന്ന പോലീസ് ദൈവങ്ങളെ പാടെ ആട്ടിയോടിക്കണം. ഡ്യൂട്ടി കഴിയുമ്പോൾ അകന്നു പോകുന്ന വെറും മായയാണത്. സങ്കടങ്ങൾ ഒഴിവാക്കി മാറിനടക്കുവാനല്ല, സങ്കടങ്ങളിലൂടെ കൈപിടിച്ച് നടത്താനാണ് ദൈവം കൂടെയുള്ളത്. കൂടെയുള്ള, മുന്നോട്ടു നടക്കാൻ കരുത്തു നൽകുന്ന ദൈവത്തിൽ ആശ്രയം വയ്ക്കാനാണ് പരിശ്രമിക്കേണ്ടത്, അതിനു വേണ്ട കൃപക്കു വേണ്ടിയും പ്രാർത്ഥിക്കാം. ജോലിയിലും ആശങ്കയിലും ഉറക്കത്തിലും ഉണർവിലും ആ ആശ്രയബോധം ആഴമുള്ള പ്രാർത്ഥനാനുഭവമാകും.

എന്താണ് ദൈവം ആഗ്രഹിക്കുന്നത്? അവരവരുടേതായ ഭാരങ്ങൾ വഹിക്കുന്നവരാണ് ഓരോരുത്തരും. പട്ടിണിയുടെയും ഹൃദയത്തകർച്ചയുടെയും അനാഥത്വത്തിന്റെയും നിലവിളികൾ നമുക്കു കേൾക്കേണ്ടി വന്നേക്കാം. പരസ്പരം ഭാരം വഹിക്കുക എന്നതാണ് സ്നേഹം ഏല്പിച്ചു തരുന്ന ചുമതല. വിശക്കുന്നവന് ആഹാരവും, രോഗികൾക്ക് ആശ്വാസവും അലയുന്നവന് അല്പം ഇടവും നൽകേണ്ടി വന്നേക്കാം. അനീതി സഹിക്കുന്നവർക്ക് ആശ്വാസം ലഭിക്കുന്നത് അങ്ങകലെ മേഘങ്ങളിലെ സ്വർഗ്ഗത്തിലല്ല. അവർക്കുള്ള നീതി, അതിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും, ശബ്ദിക്കുകയും എഴുതുകയും ചെയ്തുകൊണ്ട് ദൈവകൃപ നമ്മിലൂടെ ഉറപ്പു വരുത്തുകയാണ്. അതല്ലേ ദൈവം ആഗ്രഹിക്കുന്ന ആരാധന. നിസ്സഹായരായി നിശബ്ദതയിൽ മരിച്ച ആരോഗ്യപരിപാലകരുണ്ട്. അവരുടെ കനിവിൽ രക്തസാക്ഷികളായവരാണ് അവർ. ചുറ്റുപാടുകളിൽ സാമ്പത്തിക പരാധീനതകൾ ഉള്ളവരും പഠനം നിർത്തുന്നവരും ഉണ്ടെങ്കിൽ അവരെ ചേർത്ത് നിർത്തുന്നതല്ലേ ദൈവം ആഗ്രഹിക്കുന്ന ഉപവാസം? ജീവനും ഉപരിയായി പണം വിലമതിക്കപ്പെടുന്നതും ലാഭം സംരക്ഷിക്കപ്പെടുന്നതായും കാണുമ്പോൾ ദുഷ്ടതയും അഹന്തയും എതിർക്കപ്പെടേണ്ടതിന് നീതിബോധത്തോടെ നിവർന്നുനില്കുന്നതല്ലേ ദൈവത്തിനു മഹത്വം. അല്ലെങ്കിൽ അവിടുത്തേക്കു വേണ്ടി കുന്തിരിക്കം പുകയുമ്പോൾ അവിടുത്തെ നിസഹായരായ മക്കൾ ചുട്ടെരിയപ്പെടുകയാവും. അപ്പോൾ നമ്മൾ അർപ്പിക്കുന്ന ദഹനബലിക്കു മുമ്പിൽ അത് സ്വീകരിക്കാനായി ദൈവം ഉണ്ടാകുമോ? അവിടുന്ന് ആ വെണ്ണീറിൽ ജീവൻ തിരയുകയാവില്ലേ?

നമ്മിലെ വേദനയെയും, അതുപോലെതന്നെ വലിയ ഭാരങ്ങളുള്ളവരെയും ഒരുപോലെ ഓർക്കാം. കൈകൾ എത്താത്തിടത്ത് ആശ്വാസമായി അവരെയൊക്കെ ഹൃദയത്തിൽ താങ്ങാം. ഒറ്റക്ക് മരിച്ചവരും, ആരുമില്ലാതെ സംസ്കരിക്കപ്പെട്ടവരും, ജീവിതം അവസാനിപ്പിക്കുന്നവരും, റെയിൽ പാളങ്ങളിൽ ഉറങ്ങിത്തീർന്നവരും, വിശന്നു മരിച്ചവരും നമ്മളും പരസ്പരം സഹോദരങ്ങളാണ്.

'നിങ്ങൾക്കു വേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരം, എന്റെ ജീവൻ എന്റെ വാക്ക്, എന്റെ കണ്ണുനീർ; നിങ്ങൾക്കായി സ്വീകരിക്കുവിൻ' പരസ്പരം നൽകപ്പെടുന്ന ഈ കൂദാശവചനങ്ങളിൽ നമ്മൾ പരസ്പരം ദൈവത്തെ കാണും. പച്ച മനുഷ്യരായി വികാരങ്ങൾ പങ്കു വെച്ചുകൊണ്ട് തുടങ്ങാം, ഹൃദയം തകർന്നു പോകാതിരിക്കാൻ, സങ്കടങ്ങളുടെ കാലത്ത് ഇരുളിൽ നമ്മുടെ ശബ്ദങ്ങൾ പരിചിതമായിരിക്കാൻ.

Ref ഏശയ്യാ 58 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ