Gentle Dew Drop

ജൂൺ 30, 2020

പ്രവാചകൻ

ആത്മപ്രേരിതമായി സത്യം തിരിച്ചറിയുകയും അത് നിസ്സന്ദേഹം ദൈവനാമത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തവരാണ് പ്രവാചകർ. ആ സത്യം കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനും മുമ്പേ ഉള്ളിലെവിടെയോ അവർക്ക് ഒരു  അനുഭവമായി തെളിഞ്ഞു. സന്ദേശത്തിൽ തെളിമ തേടാനും, അത് ആഞ്ഞടിക്കുന്ന ശക്തികളെ നേരിടാനുമുള്ള സംഘർഷങ്ങളും ഞെരുക്കങ്ങളും അവർക്കുണ്ടായിരുന്നു.

അനീതി സഹിച്ചവരെ ദൈവത്തോടടുത്ത കനിവോടെ കാണുകയും എന്നാൽ അതേ സമയം അനീതിക്കു  കാരണക്കാരായവർക്കെതിരെ ക്രോധാഗ്നി ഉള്ളിൽ കാക്കുകയും ചെയ്തു. സമൂഹത്തിന്റെ നീതിയും, ആരോഗ്യപരവും ദൈവികവുമായ വളർച്ചയും ഉറപ്പു വരുത്തുന്നതിൽ,  ബോധപൂർവം നീതി നിരസിക്കുന്നവർക്കെതിരെ നിൽക്കുന്നതും ഭാഗമായി വരും. അധികാര സംവിധാനങ്ങൾ നിയന്ത്രിക്കുന്നവരിൽനിന്നും എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണവും അതാണ്. ദൈവം തങ്ങളോട് സംസാരിച്ചിരിക്കുന്നു എന്നത് മാത്രമായിരുന്നു അവർക്കു പ്രവചിക്കാനുള്ള കാരണം. ദൈവം ആ കാലത്തിനും, സമൂഹത്തിനും നൽകിയ സന്ദേശം അവർക്കുള്ളിൽ ഉണ്ടായിരുന്നതായിരുന്നു അവരുടെ ബലം. അപ്പക്കഷണത്തിനുവേണ്ടി വെളിപാട് പറയുന്ന വ്യാജപ്രവാചകനല്ല താനെന്നു ആമോസിന് എടുത്തു പറയേണ്ടതിന്റെ ആവശ്യമെന്തായിരുന്നു? സിക്കമൂർ വെട്ടിയൊരുക്കുകയും ആടുമേയിക്കുകയും ചെയ്തിരുന്ന താൻ പ്രവചിക്കുന്നത് ദൈവം സംസാരിച്ചത് കൊണ്ടാണെന്നാണ് ആമോസ് പറഞ്ഞത്. ഞങ്ങൾ പറഞ്ഞവ ആരും വിശ്വസിക്കുന്നില്ലെന്ന് ഏശയ്യാ സങ്കടപ്പെടുമ്പോൾ, ഇനി അവന്റെ നാമത്തിൽ വായ തുറക്കില്ലെന്നു ജെറമിയ ഉറപ്പിക്കുന്നുണ്ട്. എങ്കിലും ഉള്ളിലെവിടെയോ കത്തിയെരിയുന്ന കനലായി ദൈവത്തിന്റെ സന്ദേശം ഉള്ളതിനാൽ സംസാരിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ട് സംസാരിക്കുകയാണ് അവർ.

ആമോസ്, ഹോസിയ, മിക്കാ പ്രവാചകർ സമൂഹത്തിലെ ചൂഷണത്തിനെതിരെ കടുത്ത ശബ്ദം ഉയർത്തിയവരാണ്. വിഗ്രഹാരാധനക്കെതിരെ പറയുമ്പോഴും അത്തരം രീതികൾ സ്ഥാപനവത്കരിച്ചുനൽകിയ ചൂഷിതസംവിധാനങ്ങളെ തച്ചുടക്കാനാണ് അവരിലെ പ്രവചനസ്വരം മുഴങ്ങിയത്. ഏശയ്യാ, ജെറെമിയാ, എസെക്കിയേൽ ഉടമ്പടിബന്ധത്തെയും വാഗ്ദാനങ്ങളെയും ഓർമ്മിപ്പിക്കുമ്പോഴും ഈ ഉടമ്പടിബന്ധം ജീവിക്കപ്പെടേണ്ടത് അനുഷ്ഠാനങ്ങളുടെ പാലനം എന്നതിനേക്കാൾ എല്ലാവർക്കും ന്യായമുറപ്പാക്കുന്നതിൽ ആണെന്ന് എടുത്തു പറയുന്നു. പകരം അനുഷ്ഠാനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് ചൂഷണത്തിനും അനീതിക്കും കാരണക്കാരായതുകൊണ്ടാണ് രാജാക്കന്മാരും പുരോഹിതരും പ്രവാചകരുടെ വിമർശനത്തിന് ഇരയായത്. വിജാതീയമായ ഒരു അശുദ്ധിയും സ്പർശിക്കാത്തവന് ദൈവം വെളിപാട് നൽകുകയും അധികാരിയാക്കുകയും ചെയ്യുന്നു എന്ന് ദാനിയേലിനെ  മാതൃകാ പുരുഷനാക്കിക്കൊണ്ട് ശുദ്ധിവാദക്കാർ സ്ഥാപിക്കുന്നു. പ്രവാസകാലത്തിനുശേഷം എസ്രാ നെഹെമിയ മതനേതാക്കന്മാർ മതസമുദായ നിർമ്മിതിയിലും അനുഷ്ഠാനങ്ങളുടെ കൃത്യതയിലും ശുദ്ധതയിലും വംശശുദ്ധിയിലും വലിമ കണ്ടപ്പോൾ യഥാർത്ഥ പ്രവാചകസന്ദേശം നൽകിയത് വിചിന്തനത്തിനു ധൈര്യപ്പെട്ട ചില ചെറുസമൂഹങ്ങളായിരുന്നു. അവരിൽ നിന്ന് രൂപപ്പെട്ടതാണ് യോനാ, റൂത്ത്, എസ്തേർ തുടങ്ങിയ പുസ്തകങ്ങൾ.

മതതീക്ഷ്ണത ദൈവപ്രേരണയിൽ നിന്നാവണമെന്നില്ല. മതതീക്ഷ്ണതയാൽ ജ്വലിക്കുന്നവർ പ്രവാചകരാണെന്ന തെറ്റിദ്ധാരണയുണ്ടായേക്കാം. മതത്തിനുള്ളിൽത്തന്നെ നീതി നടപ്പിലാവേണ്ട മേഖലകളെക്കുറിച്ചു അവർ നിശ്ശബ്ദരാകുന്നുണ്ടെങ്കിൽ അവരുടെ പ്രവാചക പരിവേഷകൾ സ്വയം അണിഞ്ഞവയാണ്. ദൈവം സംസാരിച്ചതുകൊണ്ടാണ് പ്രവാചകൻ സംസാരിക്കുന്നത്. പ്രവചനത്തിന്റെ ഉദ്ദേശ്യം മതനവീകരണമോ സമുദായത്തിന്റെ നിലനിൽപ്പോ അനുഷ്ഠാനശുദ്ധിയോ അല്ല. അതേക്കുറിച്ച് ദൈവത്തിന്  ഒരു അങ്കലാപ്പും ഇല്ല. എന്നാൽ നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന അവിടുന്ന് കാണുന്നു, തന്റെ വചനം സത്യം സംസാരിക്കുന്നവരിലേക്ക് അയക്കുകയും ചെയ്യുന്നു.

നിയമങ്ങളും ആദർശങ്ങളും അനുഷ്ഠാനങ്ങളും, എന്തിന് ഭക്തിയും ദേവാലയനിർമ്മിതിയും വരെയും, വിഗ്രഹമാക്കപ്പെടുമ്പോൾ  ചൂഷണത്തിന് വഴിയൊരുക്കുന്നവയാണ്. അവിടെയൊക്കെയും ഇരയാക്കപ്പെടുന്നത് അധികാരങ്ങളിൽ പിടിപാടില്ലാത്ത പാവങ്ങളാണ്. മനോഹര സൗധങ്ങൾക്കു  വേണ്ടി, കീർത്തിക്കും  മേല്കോയ്മക്കും വേണ്ടി വിഗ്രഹങ്ങൾ ഉയർത്തപ്പെടേണ്ടത് ഓരോ കാലത്തും ആരുടെയൊക്കെയോ ആവശ്യമാണ്. എന്നാൽ അത് ദൈവ നാമത്തിലാകുമ്പോൾ ആദ്യം ശബ്ദമുയർത്തുന്നത് ദൈവം തന്നെയാവും.

പാവങ്ങളുടെ ചൂഷണത്തിനു കാരണമാകുന്ന വിഗ്രഹങ്ങൾ നമുക്കിടയിലും ഉണ്ട്. അവ മൂലം മനുഷ്യനും, സമൂഹത്തിനും ദേശത്തിനും അപചയം വന്നുചേരുന്നുമുണ്ട്. ശൂന്യതക്കും ക്രമരാഹിത്യത്തിനും മീതെ ആദിയിൽ ചരിച്ചിരുന്ന ആത്മാവ് അവിടെയും പുനഃസൃഷ്ടിക്കു പ്രേരണ നൽകുന്നുണ്ട്.  അവ്യക്തമെങ്കിലും ചെറുതിളക്കമായെങ്കിലും ദൈവസ്വരം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ അത് ധ്യാനിക്കപ്പെടണം, ദൈവം സംസാരിച്ചുകഴിഞ്ഞു. നിർവചിക്കാനാവാത്ത ഒരു തേങ്ങലായി, സാന്ത്വനമായി, പ്രേരണയായി, പ്രത്യാശയായി, നീതിബോധമായി, ശക്തിയായി അത് അനുഭവപ്പെട്ടു തുടങ്ങും. പതിയെ അത് ശബ്ദമായും, സന്ദേശമായും തെളിയട്ടെ. പലയാവർത്തി ധ്യാനിച്ചും, ജപിച്ചും സംഭാഷിച്ചും സ്വയം കേട്ടും ആത്മാവിന്റെ ധ്വനിക്ക് ഭാഷാരൂപം കൈവരും. അപ്പോൾ പറയാം: "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ