Gentle Dew Drop

ജൂൺ 11, 2020

മുമ്പേ നടക്കുമ്പോൾ

ഭീതിക്കും വിലാപങ്ങൾക്കുമിടയിൽ, വ്യക്തമായ തീരുമാനങ്ങളേ സമൂഹത്തെ ആരോഗ്യപരമായ നാളെയിലേക്കു നയിക്കൂ. അവയിലെ വൈകാരികാംശം വേണ്ടവിധം ഉൾക്കൊള്ളുകയും, അതിന് ആവശ്യമായ വിവേകവും, സമയാനുസൃതമായ വിവേചനബുദ്ധിയും അത്തരം തീരുമാനങ്ങളിൽ പ്രകടമാവുകയും വേണം. നിയമസംഹിതകളിലെ മാർഗ്ഗനിർദ്ദേശങ്ങളും, അതിൽ അസാധാരണ സാഹചര്യങ്ങളിലേക്കുള്ള സാധ്യതകളും സത്യം കാരുണ്യം തുടങ്ങിയ മൂല്യങ്ങളിൽ ഉറപ്പിച്ചു വെച്ചുകൊണ്ട് മുന്നോട്ട് പോകുവാനുള്ള ആലോചനകൾ ഇനിയും നടക്കേണ്ടതുണ്ട്. നേതൃസ്ഥാനങ്ങളിൽ ഉള്ളവർക്ക് സംശയനിവാരണത്തിനുള്ള നിർദ്ദേശങ്ങളായല്ല അവ നിലകൊള്ളേണ്ടത്. ഇത്തരം നിയമങ്ങളും അവയുടെ ഒഴിവുകളും സമൂഹത്തിനുവേണ്ടിയാണ്‌. എന്നുവെച്ചാൽ സൗകര്യപൂർവം മാത്രം ഉയർത്തിക്കാണിക്കുവാനും മറ്റവസരങ്ങളിൽ മറച്ചു വയ്ക്കപ്പെടുകയും ചെയ്യേണ്ടവയല്ല അവ.

സാഹചര്യത്തിനനുസരിച്ച് വൈകാരികവും ബൗദ്ധികവും അനുഷ്ഠാനപരവുമായ ഒരുക്കം സമൂഹത്തിൽ ഉറപ്പു വരുത്തേണ്ടത് നേതൃസ്ഥാനങ്ങളിൽ ഉള്ളവരാണ്. (സമൂഹത്തിനുവേണ്ടി ഏതെങ്കിലും തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരോ എടുക്കേണ്ടവരോ, എടുക്കേണ്ടവരാണെന്ന് സ്വയം കരുതുന്നവരോ ഒക്കെ ഈ ഒരുക്കം ഉറപ്പു വരുത്താൻ ബാധ്യസ്ഥരാണ്. അവരൊക്കെ നേതൃസ്ഥാനം 'വഹിക്കുന്നവരാണ്'). ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരവിക്ഷോഭങ്ങൾക്ക് കീഴ്‌പ്പെട്ടു പോകുന്നത് തീർത്തും നിർഭാഗ്യകരമാകും. എല്ലാവരെയും ഉൾക്കൊള്ളുവാൻ സമൂഹത്തിനു കഴിയണം.

പല സമ്മർദ്ദങ്ങൾക്കിടയിൽ നേതൃത്വം നിസ്സഹായമാകുന്നത് ഇന്ന് പകൽക്കാഴ്ചയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ (cyber communities) നിയമനിർമ്മാണത്തിലും വിശ്വാസപ്രബോധനത്തിലും കാഴ്ചപ്പാടുകളുടെ രൂപീകരണത്തിലും തേർവാഴ്ച നടത്തുമ്പോൾ അവ ഏതെങ്കിലും തരത്തിൽ 'സ്വന്തം എതിരാളികളെ' ഹനിക്കുന്നതിൽ ആഹ്ലാദം കൊണ്ട് മൗനമായതാണ് നേതൃത്വത്തിന് തീരുമാനമെടുക്കാനുള്ള ആധികാരികത നഷ്ടപ്പെടുത്തിയതെന്ന് സംശയിക്കുന്നത് ന്യായമാണ്. സങ്കുചിതമായ താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന നേതൃത്വം നിഷേധിച്ചുകളയുന്നത് സമൂഹത്തിന് അർഹമായ നീതിയാണ്. കർക്കശമായ നിയമവാഴ്ചയല്ല നീതി; മറിച്ച്, ആവശ്യമായ ആലോചനയോടെയും വിവേകത്തോടെയും കരുണയോടെയും ഉറപ്പാക്കേണ്ട മൊത്തത്തിലുള്ള ജീവനാണത്. സമൂഹം മുഴുവനായും അത്തരം ഒരു നീതിബോധത്തിലേക്ക് വളരുന്ന പ്രക്രിയയാണ് ഏറ്റവും ഉചിതം. എന്നാൽ അത്തരം ഒരു സാഹചര്യം ഇല്ലാത്തിടത്തോളം കാലം ആ നീതി നേതൃത്വം ഉറപ്പു വരുത്തണം.

ഭരണ/നിയന്ത്രണ അധികാരം മാത്രമല്ല, കൂടെ ചിന്താധാരകളെ നയിക്കുന്ന ഉത്തരവാദിത്തം കൂടെ നേതൃത്വത്തിന് ഉള്ളതുകൊണ്ടാണ് നേതൃസ്ഥാനത്തുള്ളവരെ പുരോഹിതരിൽ മാത്രം ഒതുക്കി നിർത്താതെ കുറേക്കൂടി വിസ്തൃതമായ സംഖ്യയിലേക്ക് അവതരിപ്പിച്ചത്. വിവേകപൂർവം ആലോചിക്കുവാനും നീതിപൂർവം തീരുമാനം എടുക്കുവാനും അവർക്കു കഴിയേണ്ടതില്ലേ? എന്നാൽ എന്തുകൊണ്ടോ, മേല്കോയ്മയുടെ സ്വാധീനത്തിലാവുകയോ, ഭൂരിപക്ഷത്തെ ഭയക്കുകയോ, സ്വതാല്പര്യങ്ങൾ വച്ചുകൊണ്ടു പ്രവർത്തിക്കുകയോ ഒക്കെ ചെയ്യുമ്പോൾ സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നുള്ളത് തീർച്ചയാണ് (സാധാരണക്കാർ ഉയർത്തുന്ന പരാതികളിൽനിന്ന് അവ വ്യക്തവുമാണ്. അവരെല്ലാവരും വിരോധികളല്ല).

പൗരോഹിത്യത്തിന്റെ പ്രതിച്ഛായ തുടർന്നും വിലകല്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും, ഈ കാലഘട്ടത്തിൽ ഒരു സമൂഹത്തെ നയിക്കാനുള്ള അവരുടെ കഴിവിൽ സമൂഹത്തിനുള്ള ആത്മവിശ്വാസം കുറയുന്നുണ്ട്. സാമൂഹികമായ തരംഗങ്ങളെ മനസ്സിലാക്കുവാനോ, അവയിലെ പ്രതികരണങ്ങളെ ഉൾകൊള്ളുവാനോ, സാംസ്‌കാരികമാറ്റങ്ങളെ വേണ്ടവിധം വിശകലനം ചെയ്യുവാനോ താല്പര്യം കാണിക്കാത്ത നിലപാടുകൾ പലപ്പോഴും ഉണ്ട്. അവ ആവശ്യം മാത്രമല്ല ഉത്തരവാദിത്തമാണെന്നത് പരിശീലനകാലഘട്ടം മുതലേ ബോധ്യപ്പെടേണ്ടതാണ്. എന്നാൽ അതിതീവ്രഭക്തി, പാരമ്പര്യം, സംവിധാനം ഉറപ്പാക്കുന്ന സുരക്ഷ എന്നീ ത്രിമാന ചട്ടക്കൂടിനുള്ളിൽ സ്വയം അടച്ചുകളയുമ്പോൾ സമകാലീനയാഥാർത്ഥ്യങ്ങളെ വേണ്ടവിധം കാണേണ്ടതിലുള്ള പ്രസക്തി പാടെ അവഗണിക്കപ്പെടുന്നു എന്നതാണ് ഭയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ