Gentle Dew Drop

ഫെബ്രുവരി 24, 2022

ഏതാനം ചില വീട്ടുകാര്യങ്ങൾ

ഈ അടുത്ത് കേൾക്കാനിടയായ ഏതാനം കുടുംബ പ്രശ്നങ്ങളെ ആധാരമാക്കിയാണിത്.

കുടുംബത്തെ നിർവചിക്കുന്നതിലും ബന്ധങ്ങളെ നിയന്ത്രിതമാക്കുന്നതിലും മതങ്ങൾ ഇന്നും ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന സാംസ്‌കാരിക പ്രതിച്ഛായയിലേക്ക് അനുരൂപരാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ജീവിതസംഘർഷങ്ങളിലെ മനുഷ്യന് ജീവിക്കാനുള്ള ശക്തി നൽകും വിധം കാലോചിതമായ പുനർവായനകളും സമീപനങ്ങളും സ്വീകരിക്കേണ്ടത് മതങ്ങൾ വിശ്വാസികളോട് കാണിക്കേണ്ട ദൈവിക സമീപനമാണ്.

വിവാഹബന്ധങ്ങൾക്കായി നിരവധി പേർ matrimonials ആശ്രയിക്കുന്നവരാണ്. അതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബങ്ങൾപരസ്പരം ബന്ധപ്പെടുകയും വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. കുടുംബങ്ങളുടെ പരസ്പരമുള്ള ഇഷ്ടം, ജോലികളുടെ പൊരുത്തം തുടങ്ങിയവയൊക്കെ ഒത്തു നോക്കാൻ അവർക്കു കഴിഞ്ഞേക്കും. എന്നാൽ വിവാഹിതരാവേണ്ടവരുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചോ കൂട്ടുകെട്ടുകളെക്കുറിച്ചോ അറിയാനോ അന്വേഷിക്കാനോ വേണ്ടത്ര കഴിയാറുണ്ടോ എന്നത് പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. അവരുടെ വീഡിയോ സംഭാഷണങ്ങൾ വേണ്ടത്ര സത്യം വിനിമയം ചെയ്യാറുമില്ല. വിവാഹിതരായി ജീവിതത്തിലേക്ക് കടക്കുമ്പോൾ മാസങ്ങൾക്കുള്ളിൽത്തന്നെ രൂപപ്പെടുന്ന പൊരുത്തക്കേടുകളിൽ ചിലത് പരിഹരിക്കാനാവാത്തത് തന്നെയാണ്. ചിലതിലെങ്കിലും പറയപ്പെട്ടവയിൽ സത്യത്തിന്റെ അഭാവം മൂലം വഞ്ചിക്കപ്പെട്ടെന്നും, സ്വാർത്ഥതാല്പര്യങ്ങൾ വച്ചുകൊണ്ടുള്ള ആലോചനകൾ ആയിരുന്നെന്നും തിരിച്ചറിയുന്നത് പതിയെയാണ്. ആ ബന്ധങ്ങളുടെ തുടർച്ച ദമ്പതികളുടെ നന്മയെ ഉറപ്പാക്കുന്നില്ലെങ്കിൽ, ഒരു കുടുംബ നിർമിതി തീർത്തും അസാധ്യമാണെകിൽ ഏതു വിധേനയാണ് വ്യക്തികളായും ദമ്പതികളായും അവർ മുമ്പോട്ട് പോകേണ്ടത്?

വ്യക്തിത്വത്തിന്റെ പക്വതയിൽ നിന്ന് പരസ്പരം പങ്കുവയ്ക്കുന്ന അനുഭവത്തിൽ ലൈംഗികതയെ കാണാൻ ഉള്ള മനസൊരുക്കം ഇനിയും പലർക്കും ലഭിക്കാറില്ല. അസംതൃപ്തമായ ബന്ധങ്ങളും, മാറ്റിനിർത്തപ്പെടുന്ന അഭിലാഷങ്ങളും, പങ്കാളിയോടുള്ള ആദരവിന്റെയും അറിവിന്റെയും അഭാവവും, പങ്കാളിയുടെ താല്പര്യങ്ങളെ അറിയാൻ പോലും താല്പര്യപ്പെടാതിരിക്കുകയും ഒക്കെ ചെയ്യുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നത് സത്യമാണ്. മതങ്ങളുടെ അതിരുകളും അരുതുകളും മനുഷ്യാന്തസ്സിനെ തളർത്തും വിധമുള്ള നിർവ്വചനങ്ങൾ കുടുംബത്തിനോ വ്യക്തിബന്ധങ്ങൾക്കോ ലൈംഗികതക്കോ നൽകരുത്. അസംതൃപ്തവും അനാരോഗ്യകരവുമായ ബന്ധങ്ങൾ വ്യത്യസ്തമായ പല രീതികളിലാവാം പ്രകടമാകുന്നത്. അവയെ മനസിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടത് മതപരമായ വ്യാഖ്യാനങ്ങൾ വച്ചുകൊണ്ടല്ല. പങ്കു വയ്ക്കാനും പരിഹാരം തടയാനും കഴിയുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ വളരെ നന്നാണ്. കൗൺസിലിംഗ് ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ അതിനായി പ്രോത്സാഹിപ്പിക്കുകയും വേണം. വേണ്ടവിധം മനസിലാക്കിക്കഴിഞ്ഞതിനു ശേഷം അർത്ഥപൂര്ണമായി മുന്നോട്ടു നടക്കാനുള്ള കരുത്തിനായി മതങ്ങളും കൂടെയുണ്ടാവണം. വികലമായ ഉപദേശങ്ങളും വിവേകശൂന്യമായ പ്രസംഗങ്ങളും ഒഴിവാക്കപ്പെടണം.

ജോലിക്കായി വിദേശരാജ്യങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങളെ കേൾക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാതെ ധൂർത്തിൽ ജീവിക്കുകയും പണത്തിനായി അവരെ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. കടം തീർക്കാനും വീടുവയ്ക്കാനുമായി വിവാഹാലോചന നടത്തുന്നവരുമുണ്ട്. സ്വഭാവദൂഷ്യമുള്ള മക്കൾക്ക് കുടുംബമുണ്ടാക്കുവാൻ ലഹരി നൽകി നശിപ്പിച്ചു വിവാഹം നടത്തുകയും, അത് സ്വീകരിക്കാനാവാതെ മാനസിക അസ്വസ്ഥതയിൽ ജീവിക്കുകയും ചെയ്യുന്നവരുണ്ട്. ആദിമുതലേ നിശ്ചയിക്കപ്പെടുകയും അന്ത്യം വരെ തുടരേണ്ടതുമായ ദൈവനിശ്ചയം അല്ല ഇവിടെയൊക്കെ പ്രവർത്തിക്കുന്നത്.

നാടുവിടുന്ന യുവതലമുറയും അവശേഷിക്കുന്ന ഒരു വൃദ്ധസമൂഹവും എന്നതിനെക്കുറിച്ച് ഒരു കുറിപ്പ് കുറച്ചു നാൾക്കു മുമ്പ് ശ്രദ്ധിക്കപ്പെട്ടതാണ്. അതുപോലെ തന്നെ സത്യമായ കാര്യമാണ്, ഇതേ പ്രവണതയിൽ സങ്കല്പിക്കപ്പെടുന്ന വിദേശത്തെ പറുദീസാ എന്ന മിഥ്യാലോകം. വലിയ കടവും ഭാരമുള്ള പ്രതീക്ഷകളും  വഹിച്ചു കൊണ്ടാണ് ഈ സ്വപ്നലോകത്തേക്ക് അവർ പോകുന്നത്. പ്രായോഗികമായ കണക്കുകൂട്ടലുകളോ സ്വന്തം പശ്ചാത്തലത്തിന്റെ യാഥാർത്ഥ്യങ്ങളോ വിവേകത്തോടെ പരിഗണിക്കാതെ ആരുടെയൊക്കെയോ വർണ്ണനകളിൽ പ്രേരിതരായി നിലവിലുള്ള ജോലികൾ പോലും ഉപേക്ഷിച്ച്  പുറത്തു പോകുന്നവർ കടന്നു പോകുന്ന സംഘർഷങ്ങളും സമ്മർദ്ദങ്ങളും വലുതാണ്.  

ഈ മേഖലകളിലൊക്കെയും ആദരിക്കപ്പെടാത്ത, കേൾക്കപ്പെടാത്ത, കാണപ്പെടാത്ത ജീവിതങ്ങൾ പലപ്പോഴും സ്ത്രീകളുടേതാണ്. നിസ്സഹായതയും 'അപമാനവും' അവർക്ക് ഭാരമായി ജീവിതത്തിനർഹമായ ചുവടുവയ്പുകൾക്കു കെൽപ്പില്ലാതാവുന്നെങ്കിൽ അതേ നിസ്സഹായതയും 'അപമാനവും' നിലനിർത്തുന്ന സംവിധാനങ്ങളായല്ല മതങ്ങൾ പ്രവർത്തിക്കേണ്ടത്.

സാമൂഹിക പ്രശ്നങ്ങളായ ഇവയെ എന്തിനാണ് മതങ്ങളുടെ ശ്രദ്ധയിലേക്കെടുക്കേണ്ടത്? മതങ്ങൾ മുന്നോട്ടു വയ്ക്കുകയും പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ധാർമികതയിൽ ഈ സാഹചര്യങ്ങളോടുള്ള വ്യക്തവും മനുഷ്യത്വപൂര്ണവുമായ നിലപാടുകൾക്ക് ശക്തമായ സ്ഥാനം ലഭിച്ച മതിയാകൂ. ആദർശരൂപികളായ മതധാര്മികതകൾക്കു മുമ്പിൽ ജീവിതങ്ങൾ എരിഞ്ഞും വിങ്ങിയും തീരേണ്ടതല്ല. സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാനുള്ള അവകാശം മനുഷ്യാന്തസ്സിന്റെ ഭാഗം തന്നെയാണ്. മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന നീതിയായി മതങ്ങൾ അവയെ വായിച്ചെടുക്കുകയും വ്യക്തികളുടെ നന്മക്കായി പൊളിച്ചെഴുതു നടത്തുകയും വേണം. വ്യക്തികളുടെ പരസ്പരമുള്ള ബഹുമാനത്തിനും സ്നേഹത്തിനും അവർക്കാവശ്യമായ ഒരുക്കം നൽകാൻ മതങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അവ അതിന്റെ ധർമ്മം നിർവഹിക്കുന്നുണ്ട്. അല്ലെങ്കിൽ, നിര്വചനങ്ങളിലേക്കൊതുക്കി നിർത്തപ്പെടുന്ന വിശ്വാസമാണെങ്കിൽ അത് സമൂഹമെന്ന നിലയിലോ കുടുംബമെന്ന നിലയിലോ അവരെ സഹായിക്കില്ല.  വ്യക്തികളുടെ ജീവിത പശ്ചാത്തലങ്ങളിലെ രൂപവത്കരണം മനസിനേക്കാൾ ബൃഹത്തായ രൂപീകരണം വ്യക്തികളിൽ നടത്തുന്നതുകൊണ്ട്, മതങ്ങൾ സമഗ്രമായ ഒരു സംവിധാനമായി പരിപോഷിപ്പിക്കുന്നതാവണം.

ശ്രദ്ധാർഹമായ ഏതാനം ചില മേഖലകൾ കൂടി:

ഒരേ മതങ്ങൾക്കുള്ളിൽത്തന്നെ പങ്കാളികളെ കണ്ടെത്തുന്നവരാണ് കൂടുതൽ എങ്കിലും മതങ്ങൾക്കതീതമായി സ്ഥായിയായ ബന്ധങ്ങൾ കണ്ടെത്തുന്നവരുണ്ട്. അവരുടെ ദൈവാനുഭവങ്ങൾക്കൂടി പങ്കുവയ്ക്കുവാനും പരസ്പരം വളർത്തുവാനും കഴിയുന്ന വിധം മതനേതൃത്വങ്ങൾ എങ്ങനെ സ്വയം ഒരുക്കുന്നു? മതങ്ങളുടെ വേർതിരിവുകളേക്കാൾ മനുഷ്യരെന്ന അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്ന് കുടുംബങ്ങളുടെ രൂപീകരണ സാധ്യതകൾ ഭാവന ചെയ്യാനാകുമോ? ഒരു വ്യക്തിയെന്ന നിലയിൽ പരസ്പരം സ്വീകരിക്കുവാനും ശാരീരികവും വൈകാരികവുമായ വ്യത്യസ്തതകളെ മനസിലാക്കുവാറും വിലമതിക്കുവാനും വേണ്ട പരിശീലനം ചെറുപ്പം മുതലേ നൽകുവാൻ മതങ്ങൾക്ക് ആരോഗ്യപരമായ സംവിധാനങ്ങൾ സാധ്യമാണോ.

മക്കൾ ലഹരിക്കോ തെറ്റായ പ്രവണതകൾക്കോ വിധേയമാണെന്ന് അറിഞ്ഞാൽ അവരെ സ്വീകരിക്കാനും വേണ്ട കരുതൽ നൽകുവാനും മാതാപിതാക്കളെ പ്രാപ്തരാക്കുവാൻ മതങ്ങൾ എത്ര മാത്രം ഒരുങ്ങിയിട്ടുണ്ട്? അതേപോലെ തന്നെ വ്യത്യസ്തമായ ലൈംഗിക അഭിവാഞ്ജ പ്രകടിപ്പിക്കുന്ന ഒരു കുഞ്ഞിനെ വിധിച്ച് ഉപേക്ഷിച്ചു കളയാതെ കൂടെ നടക്കാനുള്ള പരിശീലനം മാതാപിതാക്കൾക്ക് കൊടുക്കാൻ മതങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? 

മതങ്ങൾക്ക് താല്പര്യം അവയുടെ പ്രതീകങ്ങളും ആചാരങ്ങളുമാണ്. എന്നാൽ അവ മനുഷ്യാവസ്ഥകളെ പ്രത്യേകിച്ച് സ്വന്തം മതവിഭാഗത്തിനുള്ളിലെ അനീതികളെ കാര്യമായെടുക്കുന്നില്ലെങ്കിൽ 'നദിയിലൊഴുകുന്ന പൊങ്ങുതടി പോലെ' മതങ്ങളും അർത്ഥശൂന്യമായി മാറും.

ഫെബ്രുവരി 20, 2022

സുവിശേഷം പ്രായോഗികമാണോ?

സുവിശേഷത്തിന്റെ അപ്രായോഗികതയെക്കുറിച്ചു പറയുമ്പോൾ അതിൽ ശ്രദ്ധേയമായ ചിലതുണ്ട്. വായിക്കാനും, നിർവചിക്കാനും, വിശദീകരിക്കാനും, ഉദ്ധരിക്കാനുമുള്ള വാക്കുകളായി ക്രിസ്തു മാറ്റപ്പെടുമ്പോൾ അവ ഹുങ്ക് കാണിക്കാനുള്ള ആദർശങ്ങൾ മാത്രമാണ്. വചനമെന്നു പറഞ്ഞ് അതിനെ മാന്ത്രികശക്തിയുള്ള വാക്കുകളായി എഴുതാനും ആവർത്തിക്കാനും ശ്രമിക്കുമ്പോഴും അവ പൂജചെയ്യപ്പെടുന്ന വാക്കുകൾ മാത്രമാണ്. പ്രായോഗികത സത്യമാവണമെങ്കിൽ ക്രിസ്തുവെന്ന വ്യക്തിയെ അടുത്തറിയാൻ കഴിയണം. അത് കേവലം അവകാശ വാദങ്ങളിലല്ല, അവന്റെ മനോഭാവങ്ങളോടുള്ള പരിചയത്തിലാണുള്ളത്.

സുവിശേഷത്തിന്റെ സൗഭാഗ്യങ്ങളായി ക്രിസ്തു എണ്ണിപ്പറഞ്ഞതൊക്കെയും അവൻ ജീവിച്ചിരുന്നു. പാവങ്ങൾക്ക് അന്യമായിരുന്ന സ്വർഗ്ഗത്തെ അവൻ സന്മനസുള്ളവർക്കെല്ലാം സൗജന്യമായി നൽകി. അവനോടുള്ള അടുത്ത പരിചയത്തിൽ നിന്നേ സുവിശേഷത്തിന്റെ പ്രായോഗികത നമുക്ക് മനസിലാക്കാൻ കഴിയൂ. ക്രിസ്തുവിനെപ്പോലെ പൂർണരാകുവാൻ നമുക്കാവില്ലായിരിക്കാം. എങ്കിലും, തികഞ്ഞ ആത്മാർത്ഥതയോടെ ആഗ്രഹിക്കാനാകും. ആ ആഗ്രഹം ദൈവത്തിലാശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിമിഷം പ്രതിയുള്ള നമ്മുടെ സുവിശേഷ ജീവിത ഉദ്യമം അതിന്റെ വിജയ പരാജയങ്ങളോട് കൂടെയും, നമ്മുടെ കഴിവില്ലായ്മയോട് കൂടെയും ക്രിസ്തുവുമായി പങ്കു വയ്ക്കുവാൻ കഴിഞ്ഞാൽ സുവിശേഷം പ്രായോഗികമായി തുടങ്ങിക്കഴിഞ്ഞു. അടിസ്ഥാനപരമായി ഇവ നിലനിൽക്കുന്നെങ്കിലേ ആചാര-അനുഷ്ടാനങ്ങൾക്കും ഏതൊരു ഭക്തിരൂപങ്ങൾക്കും അർത്ഥമുള്ളൂ.

മാർജിനുകൾ വരച്ചുകൊണ്ട് സുവിശേഷത്തിന് അതിൽ തന്നെയുള്ള വിവേകത്തിനും ഉപരിയായ ഒരു വിവേകം ആവശ്യമാണെന്ന അഭിപ്രായമുള്ളവരുണ്ട്. അത്തരം അഭിപ്രായങ്ങളിൽ പ്രകടമാകുന്ന 'വിവേകം' സംശയം, അകൽച്ച, അപരത എന്നിവയിലേക്ക് മനോഭാവങ്ങളെ ക്ഷണിക്കുന്നവയാണ്. ക്രിയാത്മകമായ ഒരുക്കത്തിലേക്ക് നയിക്കുന്ന ജ്ഞാനം അത് അർത്ഥമാക്കുന്നതേയില്ല.

സ്നേഹിക്കുക, നന്മ ചെയ്യുക, ദ്വേഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക, വെറുക്കാതിരിക്കുക, അസൂയയെയും കോപത്തെയും വേണ്ടവിധം മനസ്സിലാക്കി പരിഹരിക്കുക, ക്ഷമിക്കുക തുടങ്ങിയവ വിശ്വാസം ഏല്പിച്ചു തരുന്ന ഒരു കടപ്പാടായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ സ്വഭാവമായിത്തന്നെ അതിനെ മനസിലാക്കിത്തുടങ്ങുമ്പോഴേ സുവിശേഷത്തിന്റെ പ്രയോഗികതക്ക് വേണ്ട അർത്ഥം ലഭിക്കൂ.  

ഫെബ്രുവരി 19, 2022

അവരെ ഇല്ലായ്മ ചെയ്യുമ്പോൾ

'നമ്മുടെ' നിലനിൽപ്പിനായി 'അവരെ' ഇല്ലാതാക്കുക എന്ന സമീപനം, നശിപ്പിച്ചുകൊണ്ട് ശുദ്ധീകരിക്കുക എന്ന  പൊതുസമീപനത്തിന്റെ മറ്റൊരു പതിപ്പാണ്. ശുദ്ധത മലിനത എന്ന വേർതിരിവുകളിൽ സാംസ്കാരികമായ അടയാളങ്ങൾ എന്നതിനേക്കാൾ ഒരു സമൂഹം അതിനെ സ്വയം വേർതിരിച്ചു കൊണ്ട് നേടാൻ ശ്രമിക്കുന്ന ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കരുതാനാകും. പ്രത്യേക സമൂഹങ്ങൾക്ക് അവരവരുടേതായ ശക്തമായ സാന്നിധ്യത്തിന്റെ പ്രതിനിധ്യമാണ് പൊതുസ്ഥലങ്ങളിൽ പ്രകടമായ രീതിയിൽ കാണപ്പെടുന്ന അടയാളങ്ങൾ (പാർട്ടികളുടെയും മതങ്ങളുടെയും സംഘടനകളുടെയും ഒക്കെയാവാം). മറ്റുള്ളവ തങ്ങൾക്ക് അശുദ്ധവും, അസ്വസ്ഥത ജനിപ്പിക്കുന്നതും ആയിത്തീരുമ്പോഴാണ് ശുദ്ധിബോധം വലിയ പ്രേരക ശക്തിയാകുന്നത്.

'അവർ' എന്ന അശുദ്ധി അവരുടെ പ്രവൃത്തികളും, വളർച്ചയും സംഭാവനകളും എല്ലാം അപരവും മ്ലേച്ഛവുമാക്കും. 'അവരുടെ' ദൈവ'ങ്ങൾ' അപഹാസ്യരും പിശാചുക്കളുമാകും. എന്നാൽ ഈ അശുദ്ധികളെയൊക്കെയും തുടച്ചു നീക്കുവാനുള്ള ആവശ്യം സാധൂകരിക്കുന്ന ന്യായങ്ങളും യുക്തിയും എങ്ങനെ രൂപപ്പെടുന്നു എന്നത് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭീതി, വിദ്വേഷം, അവജ്ഞ തുടങ്ങിയവയെ പരിപോഷിപ്പിക്കാൻ തക്കതായ മിഥ്യകളെ രൂപപ്പെടുത്തി, അല്പസത്യങ്ങളും വക്രസത്യങ്ങളും വഴി വളർത്തിയെടുക്കുകയും, തീർത്തും സാധാരണക്കാരായവരുടെ പോലും വീക്ഷണരീതിയുടെ ചട്ടക്കൂടാക്കി തീർക്കുകയുമാണ് അതിന്റെ വഴി. പതിയെ അതുവഴിയുണ്ടാകുന്ന കൂട്ടക്കൊലകളും വംശഹത്യകളും ധാർമികവും ന്യായപൂർണ്ണവും അപലപനീയയോഗ്യമല്ലാതായിത്തീരുകയും ചെയ്യും. 

'അവർ' ഇല്ലാതായതു കൊണ്ട് ഭീതി, വിദ്വേഷം, അവജ്ഞ എന്നിങ്ങനെയുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. 'നിലനിർത്തപ്പെട്ട' നമുക്കിടയിൽ നിന്നുതന്നെ 'പുതിയ' അപരർ കണ്ടെത്തപ്പെടും. അവരും ശുദ്ധി ചെയ്യപ്പെടും. 


ഫെബ്രുവരി 11, 2022

ദൈവത്തിനുവേണ്ടി വഴക്കടിക്കുന്നവർ

മതത്തിന്റെ പേരിലുള്ള സംഘർഷങ്ങളും അധിക്ഷേപങ്ങളും മതരഹിതമായ ഒരു സമൂഹത്തെയേ രൂപപ്പെടുത്തുകയുള്ളു. ദൈവത്തിനുവേണ്ടി വഴക്കടിക്കുന്നവർ രൂപപ്പെടുത്തുന്നത് മതത്തിനുള്ളിൽത്തന്നെ വലിയ ശൂന്യതയാണ്. ഈ ശൂന്യതയെ മതത്തിന്റെ പരാജയമായി തിരിച്ചറിയാൻ കഴിയാത്തിടത്താണ് മതം ചരിത്രത്തിൽ പരാജയമാകുന്നത്.

പരമ്പരാഗതവും സനാതനവും എന്നു വിളിക്കുന്ന ഏതൊരു മതവും നേരിടുന്ന വലിയ വെല്ലുവിളി ഈ കാലഘട്ടത്തിൽ അവ ഏതു തരത്തിലാണ് സാമൂഹികമായ പ്രാധാന്യം അർഹിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അത് പറഞ്ഞു വയ്ക്കുവാൻ ഉപയോഗിക്കുന്ന അവകാശവാദങ്ങളെ പുതിയ വിശ്വാസപ്രതിരോധമായി ആഘോഷമാക്കുന്ന ദുരന്തമാണ് എല്ലാ മതത്തിലും തന്നെ കാണപ്പെടുന്നത്. അവകാശം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ മതപ്രതീകങ്ങളെ സാമൂഹികമായ പൊതുവേദികളിൽ ശക്തമായ സാന്നിധ്യമാക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നു. ചിലയിടങ്ങളിൽ അത് മേല്കോയ്മയുടെ അടയാളമാകുമ്പോൾ ചെറുത്തുനിൽപ്പോ ശക്തമായ പ്രതികരണമോ നിഷേധാത്മകമായ വാശിയോ ആയേക്കാം. ആഴങ്ങളുള്ള ഒരു വിശ്വാസധാര ഏതാനം മതപ്രതീകങ്ങളിലേക്ക് ഇടുങ്ങുന്നത് സ്വന്തം തകർച്ചയെ ഒന്നുകൂടി അടിവരയിടുകയാണ്. ഏതൊരു മതത്തിലാണെങ്കിലും, അത് രാഷ്ട്രീയവത്കരിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ഉപയോഗിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളും യുവജനങ്ങളുമാണ്. ആന്തരിക നഷ്ടപ്പെട്ട മതസംവിധാനം അവരോടു ചെയ്യുന്ന ക്രൂരതയാണത്. ഓരോ മതത്തിനുമുള്ള ആരംഭപ്രചോദനത്തെ കാലഘട്ടത്തിനു പരിചയപ്പെടുത്തി ഒരു തലമുറക്ക് നടക്കാനുള്ള വെളിച്ചം നൽകേണ്ടിയിരുന്ന അതേ മതങ്ങൾ, ആധിപത്യത്തിന്റെയും മേല്കോയ്മയുടെയും ഉദ്ദേശ്യങ്ങളിലേക്ക് മതസംവിധാനത്തിന്റെ ശ്രദ്ധ മുഴുവൻ തിരിച്ചു വയ്ക്കുകയാണ്. ദൈവമോ ആന്തരികതയോ ഇല്ലാത്ത മതങ്ങൾ ആധിപത്യത്തിന് വേണ്ടി ശ്രമിക്കുന്ന അദൃശ്യസംവിധാനങ്ങളുടെ കളിപ്പാവകളാണ്.

ഒരു മനുഷ്യനായോ, വിശ്വാസമായോ എന്തിനാണ് മേൽക്കോയ്മ ആവശ്യപ്പെടുന്നത്? മതങ്ങൾ നിഹനിക്കാൻ ശ്രമിക്കുന്ന അഹങ്കാരം ക്രോധം ദ്വേഷം എന്നിവ കൊണ്ട് നിലനിർത്തപ്പെടുന്ന മതങ്ങൾ എങ്ങനെ ദൈവസാന്നിധ്യം ഉൾക്കൊള്ളുന്നവയാകും? അതുകൊണ്ടുതന്നെയാണ് മതസംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആന്തരിക അസ്വസ്ഥത പതിയെ സമൂഹത്തെ മതരഹിതമാക്കുന്നത്. മതത്തിന്റെ നിയന്ത്രണങ്ങളില്ലാത്ത എത്രയോ പകരം സാധ്യതകൾ ഇന്ന് ലഭ്യമാണ്. അവിടെയും ശരികൾ തമ്മിലുള്ള സംഘർഷങ്ങൾ പ്രകടമാണ്.

മേല്കോയ്മയുള്ളപ്പോഴേ ഒരു വിശ്വാസത്തിനു പ്രസക്തിയുള്ളൂ എന്ന് ധരിക്കുന്നതു തന്നെ ഒരാൾ സ്വന്തം വിശ്വാസത്തെ അറിഞ്ഞിട്ടില്ല എന്നതിന്റെ ലക്ഷണമാണ്. വിശ്വാസത്തിന്റെ / മതത്തിന്റെ ഐഡന്റിറ്റി രൂപപ്പെടുത്തുന്നത് എന്താണ്? അതിന്റെ തകർച്ചയെക്കുറിച്ചു അസ്വസ്ഥപ്പെടുമ്പോൾ വെല്ലുവിളികളെ വേണ്ടവിധം മതങ്ങൾ പഠിക്കാൻ ശ്രമിക്കാറില്ല എന്നത് ദുഃഖകരമാണ്. ഒരു സമൂഹത്തിന്, വ്യക്തികൾക്ക്, കാലഘട്ടത്തിന് ജീവിക്കാവുന്ന വെളിച്ചമായി വിശ്വാസം രൂപപ്പെടുന്നെങ്കിലെ മതങ്ങൾക്ക് പ്രസക്തിയുള്ളൂ. അല്ലാതെ മതങ്ങൾ സൃഷ്ടിക്കുന്നതെന്തും ചരിത്രത്തിന് നൽകപ്പെടുന്ന ശൂന്യതയാണ്. അതിലേക്കു വലിച്ചിഴക്കപ്പെടാൻ വിധിക്കപ്പെട്ട തലമുറക്ക് അവരുടെ ഉള്ളിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചം ലഭിക്കട്ടെ.

മതനിരപേക്ഷമായിരുന്ന ഒരു സമൂഹം സ്വന്തം മതത്തെക്കുറിച്ചും മറ്റു മതത്തെക്കുറിച്ചും അസ്വസ്ഥപ്പെട്ടു തുടങ്ങുന്നതിലെ ഘടകങ്ങളുടെ വിലയിരുത്തലുകൾ എല്ലാ മതങ്ങളും ഒരു പോലെ നടത്തേണ്ടതുണ്ട്. ഉപയോഗിക്കപ്പെടുന്ന പ്രതീകങ്ങളുടെ അർത്ഥം, ഒഴിച്ച് കൂടാനാവാത്തതെന്ന് കരുതപ്പെടുന്നവയുടെ സത്യത്തിലുള്ള പ്രാധാന്യം, അവ വഴി പൊതുജനമധ്യേ ഊന്നിപ്പറയപ്പെടുന്ന സാന്നിധ്യവും ശക്തിയും, വേർതിരിവുകളിൽ സാന്ദ്രീകരിക്കപ്പെടുന്ന ഐഡന്റിറ്റി, സ്ത്രീകളെയും, കുട്ടികളെയും, യുവജനങ്ങളെയും കുറിച്ചുള്ള കരുതലും, അവർക്കു സ്വാതന്ത്ര്യത്തിലും പക്വതയിലും ലഭിക്കേണ്ട വളർച്ച, തീവ്രവികാരങ്ങൾക്ക് കീഴ്‌പ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലും പൊതുവേദികളിലും മതസംവിധാനങ്ങൾ അവരെ ഉപയോഗിക്കുന്നതിലെ അനീതി, പവിത്രഗ്രന്ഥങ്ങളുടെയും ആചാരങ്ങളുടെയും ദുർവ്യാഖ്യാനം, 
സാമൂഹികവും സാമ്പത്തികവുമായ പ്രവണതകൾ തുടങ്ങിയവ ശ്രദ്ധ അർഹിക്കുന്നവയാണ്. വളരെ മതാത്മകമെന്നു പ്രകീർത്തിക്കുന്ന സമൂഹം സത്യത്തിൽ ദൈവരഹിതമാണെന്ന് പറഞ്ഞു വയ്ക്കുന്നതാണ് മതങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ.

ഫെബ്രുവരി 06, 2022

ആഘോഷമാകുന്ന ഭ്രാന്ത്

ശത്രുവിനെ ശപിച്ചു ശപിച്ച് ശത്രുവിന്റെ ദുർഭൂതം അയാളിൽ വന്നുകൂടി. ശത്രുവിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞിരുന്നോ അതൊക്കെ അയാൾ ചെയ്തുതുടങ്ങി. ദൈവത്തെക്കുറിച്ചെന്നപോലെ പറഞ്ഞതുകൊണ്ട് അയാൾ ദൈവികവെളിപാട് ലഭിച്ച ദൈവപുരുഷനായി. അയാളുടെ ഭ്രാന്തുകൾ വിശ്വാസങ്ങളും ആചാരങ്ങളുമായി. അക്ഷരങ്ങളും പ്രതീകങ്ങളും പഴമയിൽ നിന്നെന്നപോലെ നിർമ്മിക്കപ്പെട്ടു. അവ നിർബന്ധിതമായി ആലേഖനം ചെയ്യപ്പെട്ടു. ഭ്രാന്തുകൾ ആഘോഷമാവുകയും വിശുദ്ധമായി ഏറ്റെടുക്കപ്പെടുകയും ചെയ്തു.

സ്നേഹം നിറക്കുന്ന ദൈവികവെളിപാട്

മനുഷ്യന്റെ ശൂന്യതയിലും, തകർച്ചയിലും ദൈവം ഇടപെടുക മാത്രമല്ല വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. എങ്കിലും, പൂര്ണതകളിലും പരിശുദ്ധിയിലും മാത്രമേ ദൈവം പ്രത്യക്ഷപ്പെടാവൂ എന്ന് കരുതുന്നവരാണ് നമ്മൾ. നമ്മുടെ ശൂന്യതകളിൽ അന്യനായി നിൽക്കേണ്ടി വരുന്ന ദൈവം എങ്ങനെ ക്രമരഹിതവും ശൂന്യവുമായ ഭൂമിയെ സൗന്ദര്യത്തിലേക്കും ലാവണ്യത്തിലേക്കും കൊണ്ടുവരും? അതുകൊണ്ട്, അകന്നു പോകണമേ എന്നല്ല, ശൂന്യതയിലും പാപാവസ്ഥയിലും സംഘർഷാവസ്ഥയിലും അടുത്ത് വരിക എന്നതാണ് പ്രാർത്ഥന. ആ യാഥാർത്ഥ്യങ്ങളെ മാറ്റിനിർത്തിക്കൊണ്ട് 'ശുദ്ധമായ ദൈവചിന്തമാത്രമുള്ള' ഒരു മനസ്സുമായി ദൈവത്തിന്റെ അടുത്തെത്താനോ, ആ ശൂന്യതയിലൂടെയല്ലാതെ ദൈവത്തിന് അകത്തെത്താനോ കഴിയില്ല. ജീവിത നൊമ്പരങ്ങളിൽ തൊട്ടറിയുന്ന കൂദാശകളാകുന്ന കൃപകളാണവ.

ഉത്തരം കിട്ടാത്ത കടങ്കഥയായി ജീവിതം മാറുമ്പോൾ, അധ്വാനത്തിന് ഫലം കാണാത്തപ്പോൾ, അയോഗ്യതകൾ മാത്രം തിരിച്ചറിയപ്പെടുമ്പോൾ, 'പരിശുദ്ധമായ സ്ഥലം' പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലമാകുമ്പോൾ, നമ്മുടെ ജീവിതനൗകയിലേക്കു പ്രവേശിക്കുന്നവനാണ് ക്രിസ്തു. മോശക്ക് വിലക്ക് തോന്നിയ വിശുദ്ധിയുടെ വെളിപാട് ക്രിസ്തു ഭേദിക്കുന്നു. സാമൂഹികവും ശാരീരികവുമായ 'അശുദ്ധികളെ' ദൈവമക്കൾ എന്ന ശുദ്ധതയിലേക്ക് ചേർത്തുവയ്ക്കുന്നു.

മനുഷ്യന്റെ ശൂന്യതയിലേക്ക് കടന്നുവരാതെ ദൈവകുഞ്ഞാടിന്റെ അഭിഷേകമില്ല. അശുദ്ധിയെക്കരുതി, മനുഷ്യന്റെ ബലഹീനതകളിൽ നിന്ന് മാറിനിൽക്കുന്ന ദൈവം ജീവദാതാവുമല്ല. തെറ്റ് ചെയ്തു സ്വയം മറക്കുന്ന ആദത്തിനും ഹവ്വക്കും അരികെ ഏറ്റവും അടുത്ത സാന്നിധ്യമായി ദൈവമുണ്ട്. അമർഷം കൊണ്ട് ജ്വലിക്കുന്ന കായേന്റെ അരികിൽ മുന്നറിയിപ്പുമായി ദൈവം നില്കുന്നു. അനീതി ചെയ്ത ദാവീദിനടുത്ത് തിരുത്തലും ആശ്വാസവുമായി ദൈവമെത്തുന്നു. തള്ളിപ്പറഞ്ഞതിന്റെ ഹൃദയഭാരവുമായി നിൽക്കുന്ന പത്രോസിനരികെ ഒരു നോട്ടത്തിന്റെ കനിവുമായി ക്രിസ്തുവുണ്ട്. ശൂന്യതയിലേക്ക് കടന്നുവരാൻ ദൈവം മടിക്കില്ല.അയോഗ്യത തോന്നണമെന്നത് നമുക്ക് പ്രിയങ്കരമായ ശീലമായതു കൊണ്ടാകാം അശുദ്ധിയെക്കുറിച്ചും അയോഗ്യതയെക്കുറിച്ചും നമ്മൾ കൂടുതൽ വാചാലരാകുന്നത്. ക്രിസ്തു അങ്ങനെ ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ദൈവസ്നേഹത്തിനു അർഹനാണെന്ന ബോധ്യം തന്നെയാണ് പശ്ചാത്താപവും ദൈവാവബോധവും. Hierophany / Theophany മനുഷ്യൻ എത്രയോ ചെറുതാണെന്ന ബോധ്യം നൽകുന്നുണ്ടെങ്കിലും, ആ ചെറുമക്കുമപ്പുറം ദൈവം എത്രയോ അഗാധമായി സ്നേഹത്തിലേക്ക് ഒരാളെ പുൽകുന്നു എന്ന ഗഹനമായ അനുഭവമാണ് Hierophany / Theophany. OT യിലെ Theophany യിൽ ദൈവത്തെക്കുറിച്ചുള്ള അന്യതാബോധം ഭയം നിറക്കുമ്പോൾ  ക്രിസ്തുവിന്റെ കൂടെയുള്ള നിമിഷങ്ങൾ സൗഹൃദത്തിന്റേതാണ്. അതിനുള്ള കരുത്ത് കൂടി ക്രിസ്തു നൽകിയ ദൈവിക വെളിപാടുകളിൽ അവൻ നൽകുന്നുണ്ട്.

ഫെബ്രുവരി 05, 2022

കാഴ്ചക്ക് തെളിമ

ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമുള്ള രാജാവിനേ ജനത്തിന്റെ നന്മ ഉറപ്പാക്കാനാകൂ. ജനത്തെക്കുറിച്ചുള്ള കരുതലാണ് പ്രധാനകാര്യം എന്നതുകൊണ്ട് സമൂഹത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചു വ്യക്തമായ അറിവും വിശകലനവും കൂടി ഉൾപ്പെടുന്നതാണ് ഉൾകാഴ്ച. ഇന്നിന്റെ  സത്യങ്ങൾ തലമുറകൾക്കപ്പുറം എങ്ങനെ സ്വാധീനിക്കുമെന്നും ഏതുതരം രൂപം തീർക്കുമെന്നും മുൻകൂട്ടി കാണുവാനുള്ള കഴിവാണ് ദീർഘവീക്ഷണം. ജനത്തിന്റെ ലോലവികാരങ്ങൾക്ക് കീഴടങ്ങി പ്രവർത്തിക്കുന്ന രാജാവ് നാളെയെ ഇല്ലായ്മ ചെയ്യുകയാണ്. 

രാജവാഴ്ച ഇല്ലാതായെങ്കിലും ഒഴിവാക്കാതെ നിലനിൽക്കുന്ന രാജത്വങ്ങൾ കാഴ്ചക്ക് തെളിമ നേടേണ്ടതുണ്ട്. രാജവാഴ്ച ഇല്ലാതാകുമ്പോൾ ഈ കാഴ്ച ലഭിക്കേണ്ടത് സമൂഹത്തിനാണ്. രാജാവ് ഉറപ്പാക്കേണ്ടിയിരുന്ന നന്മയും പോഷണവും അംഗങ്ങളോരോരുത്തരും പരസ്പരം ഉറപ്പാക്കേണ്ടതിനായുള്ള ദർശനവും പരിശീലനവും നമുക്കുണ്ടാവണം. 

ഉൾക്കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ കണ്ണുകൾ മുറുക്കെ ഇറുക്കിപ്പിടിച്ചതുകൊണ്ടോ വികൃതമാകുന്ന സമൂഹമനഃസാക്ഷി നശിപ്പിക്കുന്നത് തലമുറകളെയാണ്. അത് ഉള്ളുകൊണ്ടറിയുന്ന എന്നാൽ നിശബ്ദമായി നെഞ്ചുതകർന്നു വിലപിക്കുന്ന പ്രാർത്ഥിക്കുന്ന അനേകർ രക്തസാക്ഷികളുടെ ഗണത്തിലില്ല. അവരുടെ തേങ്ങലുകളെപ്പോലും എതിർപ്പുകളായി വിധിച്ചു തള്ളാവുന്നതരം കഠിനമായ അന്ധതയാണ് വാഴുന്നത്. 

ഫെബ്രുവരി 02, 2022

സമർപ്പണം

ഏതു ജീവിതാന്തസുമാവട്ടെ, സമർപ്പണം ദൈവഹിതം അന്വേഷിക്കുവാനും പൂർത്തിയാക്കുവാനുമാണ്. ക്രിസ്തുവിന്റെ മനോഭാവങ്ങൾ നമുക്കുണ്ടെങ്കിലേ ദൈവഹിതം ഗ്രഹിക്കാനാകൂ. ദൈവേഷ്ടം തേടാത്ത ജീവിതക്രമം ഏതൊക്കെ മതാനുഷ്ഠാനങ്ങളിൽ നിഷ്ഠ കാണിച്ചാലും, അച്ചടക്കവും അനുസരണവും ഉറപ്പാക്കിയാലും, അവയൊക്കെയും ദൈവത്തെ ശുദ്ധി ചെയ്യുന്ന ഉദ്യമങ്ങളാകും. എന്നാൽ, ആത്മാർത്ഥമായി ദൈവഹിതം തേടുന്നവർക്ക് അത് മാർഗദർശനവും, സ്വപ്നങ്ങളുടെ പൂർത്തീകരണവും, വേദനകളിലും വീഴ്ചകളിലും ആശ്വാസവുമാകും.