സ്നേഹിക്കുവാനും ക്ഷമിക്കുവാനും ആയിരുന്നു ക്രിസ്തുവിന്റെ ഉപദേശം. സ്നേഹിക്കുവാൻ നിനക്ക് കഴിയുമെന്ന് നിന്നോട് ക്രിസ്തു പറയുന്ന സുവിശേഷം, സ്നേഹിക്കാൻ നീ യോഗ്യനാണെന്നു അപരനോട് നീ പറയുന്ന സുവിശേഷം. തീർത്തും ലളിതമായ ഇത് അത്രയുംതന്നെ അപകടകരവുമാണ്. കുറെയേറെ നിർവചനങ്ങളും അതിർവരമ്പുകളും നമുക്കു ഉപേക്ഷിക്കേണ്ടതായി വരും, അധികാരങ്ങൾ വിട്ടിറങ്ങേണ്ടതായി വരും. ശുശ്രൂഷചെയ്യാൻ നൽകപ്പെട്ട ആന്തരികശക്തി ഭരിക്കാനുള്ള അധികാരമായി വായിച്ചെടുത്തത് നമ്മിലെ സ്വാർത്ഥതയും അധികാരപ്രവണതയും. ലോകങ്ങൾ കീഴടക്കുന്ന ശൈലി സുവിശേഷവൽക്കരണത്തിനു നൽകിയതു സാമ്രാജ്യത്തമേല്കോയ്മയുടെ അധികാരദർശനം നമ്മുടെ ഉള്ളിനെ മത്തുപിടിപ്പിച്ചതുകൊണ്ടാണ്. സകലരും മുട്ടുമടക്കുന്ന രാജരൂപം ക്രിസ്തുവിനു നൽകിയതും ഇതേ സാമ്രാജ്യത്വ ഭാഷ. വിശ്വാസപ്രബോധനങ്ങളുടെ പേരിൽ ഉണ്ടായ ഭിന്നതകൾ പോലും അധികാരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നതാണ് ചരിത്ര വസ്തുത. ആത്മീയതയുടെ മൂടുപടം നൽകിയ അധികാര ദുർവിനിയോഗമാണ് മതങ്ങളുടെ വിശുദ്ധവിശ്വാസങ്ങൾക്കു കളങ്കം നൽകിയത്. ജറുസലേമിലെ അതിവിശുദ്ധസ്ഥലം പോലും ദൈവാരാധന എന്ന ആത്മീയകർമത്തിൽ മറച്ച അധികാരമുറപ്പിക്കൽ തന്നെ. അതിവിശുദ്ധസ്ഥലം ജറുസലേമിൽ കല്പിക്കപ്പെട്ടതിനു ശേഷം നോഹയോ, അബ്രാഹമോ അർപ്പിച്ചതുപോലെ അവരുടേതായ ബലി അർപ്പിക്കാനോ, യാക്കോബ് ചെയ്തതുപോലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങൾ ഉയർത്താനോ ആർക്കുമാവില്ല. ഏകദൈവം, വെല്ലുവിളിക്കപ്പെടരുതാത്ത രാജത്വത്തിന്റെ പ്രതീകമാകാറുണ്ട്. ഇനി മുതൽ പാപപരിഹാരബലിയും കൃതജ്ഞതാബലിയുമെല്ലാം ജറുസലേമിൽ മാത്രം, അതും അർപ്പിക്കുന്നത് നീ അല്ല, നീ അശുദ്ധനും, തിന്മകളുടെ ലോകത്തു ജീവിക്കുന്നവനുമാണ്. നിനക്കുവേണ്ടി 'ദൈവികത്വമുള്ള' പുരോഹിതൻ ബലി അർപ്പിക്കും. പാപം, ശിക്ഷ, ശാപം, വിധേയത്വം, യോജിപ്പ്, പ്രാർത്ഥന, സഹനം, തുടങ്ങിയ മതഭാഷകളിൽ സമ്പത്തിനെയും, ജീവിതക്രമത്തെയും നിയന്ത്രണവിധേയമാക്കുകയും ചെയ്യും. ദൈവത്തോടും, ദൈവജനത്തോടും കൂടെയെങ്കിൽ നീ തീർത്തും ഇവയൊക്കെ പാലിക്കും എന്ന് പറഞ്ഞാൽ, മേല്പറഞ്ഞവയെ ചോദ്യം ചെയ്യരുത് എന്നാണർത്ഥം.
ജീവിതബലിയിലെ ആത്മാർത്ഥതയിൽ പ്രാപ്തമാകാത്തത് ബലിക്കല്ലിലെ ഹോമങ്ങളിൽ പ്രതീക്ഷിക്കുന്നത് ദൈവചൈതന്യമല്ല. ഹൃദയത്തിൽ ആഗ്രഹിക്കാത്തത് ബലിപീഠത്തിന്റെ പ്രതിഷ്ഠകളിൽ ഉണ്ടാവില്ല. പൗരോഹിത്യം സഭയിലെ ഒരു ശുശ്രൂഷ ആണെന്നിരിക്കെ പുരോഹിതർക്ക് ദൈവപുരുഷസ്വഭാവം കല്പിച്ചുനൽകിയത് ആരാണ്? ക്രിസ്തുവിന്റെ ശരീരത്തിലായിരിക്കുന്ന ആരും ദൈവപുരുഷരാണ്. പൗരോഹിത്യവും അതിന്റെ ശുശ്രൂഷകളും സഭക്ക് ലഭ്യമാക്കുന്ന കൃപകൾ പോലെതന്നെ, വിവാഹവും അതിന്റെ ശുശ്രൂഷകളും സഭയിലേക്ക് കൃപകൾ ലഭ്യമാക്കുന്നുണ്ട്. സാത്വികവും താപസപൂർണവുമായ ജീവിതം പൗരോഹിത്യത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, ധാർമികമായ ഒരു അധികാരം അവർക്കുണ്ടായേക്കാം. അത് ജനങ്ങൾക്ക് ബോധ്യം നൽകാനാണ്, മാത്രവുമല്ല അത് ഒരു കടമയാണ്, അവകാശമോ ഭരണാധികാരമോ അല്ല. അതേ ശുശ്രൂഷ ക്രിസ്തീയമാതൃകയിൽ, സാമൂഹികമായ അനീതികൾക്കെതിരെ നിലകൊള്ളുവാനും അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമാകുവാനുമുള്ള ഭാരിച്ച പ്രവാചക ചുമതലയും അവർക്ക് ഏല്പിച്ചുനല്കുന്നുണ്ട്. റോമൻസാമ്രാജ്യഭരണാധികാരത്തിനുള്ള വിധേയത്വത്തിന്റെ പ്രതീകങ്ങളായി നടത്തപ്പെട്ടിരുന്ന ആചാരങ്ങളുടെ നടത്തിപ്പുകാരായി (officials of the imperial cult) വ്യക്തികൾ നിയമിതരായിരുന്നു. മതപരമായി, ദൈവപുരുഷപരിവേഷം ചോദ്യംചെയ്യപ്പെടാനാകാത്ത അധികാരമായി വ്യാഖ്യാനിക്കപ്പെടുകയും, ദൈവകോപം ശിക്ഷയായി ചേർക്കപ്പെടുകയും ചെയ്തപ്പോൾ അവരോടുള്ള വിധേയത്വം, ബഹുമാനവും ഭക്തിയും, ആത്മീയരൂപമുള്ള ദാസതയുമായി.
അധികാരവും അംഗീകാരവുമില്ലാതെ, ഒരു മതരൂപം പോലുമില്ലാതെ ക്രിസ്തുചൈതന്യം നമ്മുടെ സമൂഹത്തിൽ ജീവിക്കുവാൻ നമുക്ക് കഴിയുമോ. മലമുകളിൽ തെളിഞ്ഞ ദീപവും, കടുകുമണിയും അധികാരമേൽക്കോയ്മയുടെ അടയാളങ്ങളല്ല എന്നതും ഓർക്കണം. ക്രിസ്തു തന്റെ ചൈതന്യത്തെ വിഭാവന ചെയ്തത്, പക്ഷേ ഈ അടയാളങ്ങളിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ