Gentle Dew Drop

മാർച്ച് 10, 2018

ദൈവത്തിന് ഒരു കുഞ്ഞുമ്മ

സ്നേഹം, കരുണ, ദയ, മൃദുലത, സൗമ്യത
മുതലായ ഗുണങ്ങളിൽ
പൂർണത കൽപ്പിക്കാൻ ഒരിക്കലും നമുക്കാവില്ല,
അളന്നെടുക്കാനും കഴിയില്ല.
സ്വീകരിക്കപ്പെട്ടാലും നല്‌കപ്പെട്ടാലും
അല്പം കൂടി ആഴപ്പെടാൻ അവ കൊതിച്ചുകൊണ്ടിരിക്കും.

ഇവയൊക്കെയും പ്രകടമാകുന്നത് ചെയ്തികളിലാണെങ്കിലും,
ആ പ്രവൃത്തികളിലേക്ക്  നമുക്കതിനെ ഒതുക്കാനാവില്ല.
സൽകർമങ്ങളുടെ എണ്ണത്തിൽ സ്വയം മഹിമ കണ്ടെത്തുന്നത് വളർച്ചയല്ല. ആദ്യത്തേത് സ്രോതസ്സിനെ തേടുമ്പോൾ,
രണ്ടാമത്തേത് സ്വന്തം ഗരിമ പ്രസ്താവിക്കും,
അന്യരെ വിധിച്ചും തുടങ്ങും.
ദൈവനാമത്തിലാകുമ്പോൾ,
അക്കമിട്ടു നിരത്താവുന്ന പൂർണ്ണതകൾ നമ്മെ അന്ധരുമാക്കിയേക്കാം. പ്രീതിപ്പെടുത്താനുള്ള അർച്ചനകളല്ല,
ആഴങ്ങളിലേക്ക് വളരുന്ന സ്നേഹമാണ് കാര്യം.

യഥാർത്ഥ ഗുണങ്ങൾ എണ്ണിയെടുക്കാനാവില്ല,
കാരണം അത് പൂർത്തിയാകുന്നില്ല.
ആഴപ്പെട്ടുകൊണ്ടിരിക്കുന്ന അവ മുമ്പിൽവച്ചു
അവകാശവാദത്തിനും നമ്മൾ മുതിരില്ല.
കാരണം, ഇനിയും അവ പൂർത്തിയാകേണ്ടിയിരിക്കുന്നു....
എന്നിലെ സ്നേഹം, കരുണ, ദയ, മൃദുലത, സൗമ്യത....
ചെയ്തികളുടെ ഫലം അല്ല അവയൊന്നും.
ഉള്ളിന്റെ ആഴങ്ങളിലെവിടെയോ ഉള്ള ദിവ്യചുംബനത്തിന്റെ പുളകം.
തിരികെ ആ ദിവ്യചൈതന്യത്തിലേക്ക് എന്റെയും ഒരു കൊച്ചുമ്മ.
എന്നിലെ വളരുന്ന സ്നേഹത്തിൽ, കരുണയിൽ, നന്മയിൽ


ബലിയല്ല അലിവാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ