Gentle Dew Drop

നവംബർ 27, 2023

അവനെ നിങ്ങളുടെ വഴികളിൽ കണ്ടിട്ടുണ്ടോ?

 ക്രിസ്തു ഉയിർത്തോ?

ആവോ! അങ്ങനെയാണ് വിശ്വാസം.

അവനെ നിങ്ങളുടെ വഴികളിൽ കണ്ടിട്ടുണ്ടോ?
ഇല്ല. അതേ, അതൊന്നും അത്ര കാര്യമാക്കാനുള്ള കാര്യമല്ല. നമ്മുടെ സാന്നിധ്യം ഉറപ്പിച്ചു കാണിക്കാൻ ഇടക്കിടക്ക് എന്തെങ്കിലുമൊക്കെ കാണിച്ചു കൊണ്ടിരിക്കണം. പ്രസ്താവനകൾ ഇറക്കുക, രാഷ്ട്രീയ പ്രീണനം നടത്തുക, രൂപങ്ങൾ വഹിച്ചുകൊണ്ടുള്ള 'മഹാസംഭവങ്ങൾ' ഇടക്കിടക്ക് നടത്തുക, സമുദായത്തിന്റെ സ്വകാര്യ അഹങ്കാരങ്ങൾ ധ്രുവീകരിക്കുക ഇതൊക്കെയാണ് ചെയ്യേണ്ടത്. ക്രിസ്തുവിനെ കാര്യങ്ങൾ ഒന്നും ഊഹിക്കാൻ പറ്റില്ല. നമുക്ക് നമ്മുടെ കാര്യം നോക്കണം.

സ്റ്റാൻ സ്വാമി തെറ്റ് ചെയ്തെന്നു പറഞ്ഞു മാറിനിന്ന അതേ സമൂഹമാണ് റാണി മരിയയെക്കുറിച്ചുള്ള സിനിമയുടെ സ്വീകാര്യതയിൽ സഭ പൂത്തുലഞ്ഞു നിൽക്കുന്നതായി കണ്ട് ആനന്ദിക്കുന്നത്.

സ്വയം എഴുന്നെള്ളിച്ചു കൊണ്ട് നടക്കാൻ വെമ്പൽ കൊള്ളുന്ന വികല വ്യക്തിത്വങ്ങൾ മതത്തിന്റെയും ആത്മീയതയുടേയും വേഷമണിയുമ്പോൾ സത്തയായതിനെ പുറംതള്ളിയേ അവക്ക് മുന്നോട്ടു പോകാനാവൂ.

നവംബർ 25, 2023

ക്രിസ്തുരാജ

 സമാധാനത്തിന്റെ ദാനം സ്വീകാര്യമാവേണ്ടതിന്റെ ഒരുക്കത്തിനായാണ് ദൈവഹിതം നടപ്പിലാവാനായി ഹൃദയങ്ങളെ യോഗ്യമാക്കാൻ ക്രിസ്തുരാജ തിരുനാൾ ആചരിച്ചു തുടങ്ങിയത്. സമാധാന യത്നങ്ങളില്ലാതെയുള്ള തിരുനാളുകൾ ദൈവഹിതത്തിനെതിരാണ്. സമാധാനം ജീവന്റെ സമൃദ്ധിയിൽ നിന്ന് ഉയർന്നു വരേണ്ടതാണ്. ആ ജീവന്റെ കാരണമാണ് വചനമായ ക്രിസ്തു. സകലത്തിന്റെയും കാരണവും ലക്ഷ്യവും ഉത്ഭവവും അന്ത്യവും ആയതുകൊണ്ടാണ് സകലതിനും ജീവൻ നൽകാനും, സകലതിനെയും 'ഭരിക്കാനും' അവനു കഴിവുള്ളത്. ജീവൻ വളരാനും സമാധാനം സ്ഥാപിക്കാനും ആത്മാർത്ഥതയോടെ ആഗ്രഹിക്കാത്ത ഒരു ക്രിസ്തുരാജ പ്രദക്ഷിണവും ക്രിസ്തുവിനോടുള്ള ആദരവല്ല.


ദേശങ്ങൾ കീഴടക്കിയ ഒരു രാജാവിന്റെ ചിത്രം ക്രിസ്തുവിനുമേൽ നൽകപ്പെട്ട ഭാരമാണ്. രാജാവായവൻ മുൾക്കിരീടമണിഞ്ഞു എന്ന് പരിതപിച്ചാലും ആ ശാപത്തിൽ നിന്ന് അവൻ മോചിതനാവുന്നില്ല.                                                                                                                                                                                                                                                                                                                                                         

നവംബർ 16, 2023

യുദ്ധകാഹളങ്ങളിലെ ക്രിസ്തു

 'സഭ'ക്കുള്ളിൽ നിന്നും കേൾക്കുന്ന യുദ്ധകാഹളങ്ങളിലെ വിശ്വാസപരമായ യുക്തി, കുറെ വർഷങ്ങളായി അനുവദിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും വിശുദ്ധമാനമണിയിക്കപ്പെടുകയും ചെയ്ത അപരവത്കരണത്തിന്റെ വീര്യമാണ്. ശ്ലൈഹീക പാരമ്പര്യങ്ങൾ അഹങ്കാരമാക്കുകയും എന്നാൽ മക്കബായൻ സമരമുറ ആത്മീയതയാക്കുകയും ചെയ്യുന്ന ശൈലിയിൽ ക്രിസ്തു എവിടെയാണ്? ക്രിസ്തുവിന്റേതല്ലാത്ത ഭാഷ സഭയിൽ നിന്ന് ഉയരുകയും അത് പ്രബലമാവുകയും ചെയ്യുമ്പോൾ അത് സഭയുടെ തന്നെ ആന്തരികമായ തകർച്ചയെ എടുത്തുകാണിക്കുന്നു. ക്രിസ്തു ഒരു മൂല്യമാവാത്ത സഭ, ക്രിസ്തുവിനെ കാര്യമായെടുക്കേണ്ടതില്ലെന്നു കരുതുന്ന സഭ. 

സഭക്കങ്ങനെ ഒരു നിലപാടില്ലെന്ന് പറഞ്ഞേക്കാം. ആരാണ് സഭ? പ്രബലപ്പെടുന്ന സ്വരം സഭയിലുണ്ടെങ്കിൽ അത് സഭയുടേത് തന്നെയല്ലേ? അല്ല എങ്കിൽ, അങ്ങനെയാവരുത് എന്ന് സഭ പറയാത്തതെന്തേ? യുദ്ധകാഹളങ്ങളുടെ കാഴ്ചപ്പാടുകളെ ശരിവച്ച ഉറവിടങ്ങൾ ഇന്നും വിശുദ്ധ സുവിശേഷത്തിന്റെ പ്രഘോഷകരല്ലേ? സഭയുടെ സംരക്ഷകരായി വാഴ്ത്തപ്പെടുന്ന അവരിട്ട കനൽ വരും നാളുകളിൽ ഏതു അവസ്ഥ സ്വീകരിക്കുമെന്നും അത് സഭക്ക് ഏതു മുഖം നൽകുമെന്നും ഇന്നത്തെ പ്രതികരണങ്ങളിൽ നിന്നും നോക്കിക്കാണാവുന്നതേയുള്ളു. 

നവംബർ 05, 2023

നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു

ഒരു മതം അതിന്റെ ശൂന്യത വെളിപ്പെടുത്തുന്നത് നിരീശ്വരരുടെ വെല്ലുവിളികളിൽ നിന്നല്ല. കപടവിശ്വാസികളുടെ നിഗളിപ്പുകളിൽ നിന്നാണ്. ക്രിസ്തീയതയിൽ എല്ലാക്കാലത്തും അകറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് ക്രിസ്തു പഠിപ്പിച്ച മൂല്യങ്ങളെത്തന്നെയാണ്. കാരണം, അത് സ്വന്തമെന്നു കരുതാവുന്ന, നിഗളിക്കാവുന്ന എല്ലാത്തിനും വെല്ലുവിളിയാണ്. ഈ 'സ്വന്തങ്ങളെ' വിഗ്രഹവൽക്കരിക്കാൻ അവയെ ക്രിസ്തീയമായി അലങ്കരിക്കാനുള്ള ഉദ്യമങ്ങളാണ് നടത്തിപ്പോരുന്നത്. കൂടുതൽ വിശുദ്ധരും, കൂടുതൽ അറിവുള്ളവരും, കൂടുതൽ സംസ്കാരമുള്ളവരും, കൂടുതൽ പരമ്പരാഗതരും ആയിക്കൊണ്ട് മറ്റുള്ളവരെ, പാപികളും അപകടകാരികളും അറിവില്ലാത്തവരും ആയി പ്രഖ്യാപിക്കുന്നിടത്താണ് സ്വന്തം ക്രിസ്തീയ തനിമ കണ്ടെത്തപ്പെടുന്നത്. ക്രിസ്തുവിന്റെ സമീപനരീതിക്ക്‌ ഏറ്റവും വിരുദ്ധമാണത്. ആവശ്യാനുസരണം വളച്ചും തിരിച്ചും ക്രിസ്തുവിനെ വികലമാക്കുന്ന 'സത്യവിശ്വാസികൾ' പഴയ ഫരിസേയരുടെ പിൻഗാമികളാണ്.  'വിശുദ്ധരും സത്യരും ശുദ്ധരും' നിർമ്മിച്ചെടുക്കുന്ന സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് 'ലൗകിക' ജോലികൾ ഉപേക്ഷിച്ച്  സ്ത്രീകളുടേതായി ബൈബിൾ അനുശാസിക്കുന്ന 'നിശ്ചിത'കർത്തവ്യങ്ങൾ പാലിക്കുവാൻ തീരുമാനിക്കുന്ന സ്ത്രീകളുണ്ട്. 

അനേകം വിദഗ്ദരും സഭാസംരക്ഷകരും വിശ്വാസ വിശദീകരണ ചാനലുകളും നിറഞ്ഞാടുന്ന ഇന്ന്,  "നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു, കർത്താവായ ക്രിസ്തു" എന്ന് സുവിശേഷം പറഞ്ഞുവെച്ചത് കാര്യമായെടുക്കേണ്ടതാണ്. എല്ലാവരും ജീവൻ പ്രാപിക്കുക എന്നതാണ് പിതാവിന്റെ ഇഷ്ടം എന്ന് ക്രിസ്തു പഠിപ്പിച്ചു. എന്നാൽ, സമരിയാക്കാരും, ചുങ്കക്കാരും, പാപികളും പ്രവേശിക്കുന്ന സ്വർഗം വിശുദ്ധരായ സദുക്കായർക്കും ഫരിസേയർക്കും അസ്വീകാര്യമായിരുന്നു. വേദശാസ്ത്രികൾക്ക് വിശദീകരിക്കാനാവാത്തതായിരുന്നു. എന്റെ നീതിശാസ്ത്രങ്ങൾക്കനുസരിച്ചു ശുദ്ധിയുടെ സമ്മതപത്രം നേടിയെങ്കിലേ അവർ ശുദ്ധരാക്കപ്പെടൂ എന്ന് കരുതുന്നവർ ദൈവത്തിന്റെ കരുണയെക്കുറിച്ചു പറയുന്നത് കപടതയാണ്. നീതിയോ, സത്യമോ, കരുണയോ അല്ല അവരെ നയിക്കുന്നത്. ദൈവത്തിനെ പരിശുദ്ധിയെ സംരക്ഷിക്കുന്ന അവർ ക്രൂരമായ അതിരുകൾ വഴി 'മറ്റുള്ളവരെ' പാപികളെന്നു വിധിക്കുന്നു.

താന്താങ്ങളുടെ പകയും, വെറുപ്പും, രാഷ്ട്രീയവും വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് വേര് നൽകും വിധം ഹൃദയം മലിനമാക്കുന്ന ക്രിസ്തുരൂപങ്ങൾ ആവർത്തിച്ച് നിർമ്മിക്കപ്പെടുന്നുണ്ട്. ദൈവരാജ്യത്തിലേക്കു തുറന്ന ക്രിസ്തുസന്ദേശങ്ങളെ,  കണിശതയും ശുദ്ധതയും  വിശുദ്ധിഹുങ്കുകളും നിറഞ്ഞ ഫരിസേയ അളവുകോലുകളിലേക്കു കെട്ടിയിടാനാണ് വിശുദ്ധരും സത്യരും ശുദ്ധരും ശ്രമിക്കുന്നത്. അതല്ല ക്രിസ്തുവിൽ നിന്ന് നമ്മൾ പഠിച്ചത്.