Gentle Dew Drop

മാർച്ച് 23, 2024

മതത്തിന്റെ കാപട്യം

 ഞാൻ കല്പിക്കുന്നത് എന്തോ അത് ദൈവകല്പനയാവുകയും അതിന്റെ പാലനം സ്വർഗ്ഗരാജ്യം നൽകുകയും ചെയ്യുന്നിടത്താണ് മതത്തിന്റെ കാപട്യം പരിശിപ്പിക്കപ്പെട്ടു തുടങ്ങുന്നത്. സ്വകാര്യ അഹങ്കാരങ്ങളും അധികാരചിന്തയും അതിനു പിന്നിലുള്ളതിനാൽ അത് മറനീക്കി പുറത്തു വരും. അതുകൊണ്ടാണ് മതപ്രസ്താവനകളിൽ ഈ അടുത്ത് സ്ഥിരത നഷ്ടപ്പെടുന്നത്. 

ത്യാഗമൊരു പുണ്യമാണെങ്കിൽ അതിനെക്കുറിച്ചു വായ്ത്താരിയുടെ ആവശ്യമില്ല. ഭീരുത്വത്തെ ക്ഷമയായി കരുതി പരിശീലിക്കരുതെന്ന് ഉപദേശിക്കുന്നവർ വാലാട്ടി ഓച്ഛാനിച്ചു നില്കുന്നത് അനുസരണയോ എളിമയോ അല്ലെന്നു ഒരിക്കലും പറയാറില്ല. അസുഖങ്ങളിലും പരീക്ഷകളിലും, മനുഷ്യനിലാശ്രയിക്കാതെ 'ദൈവത്തിൽ മാത്രം' ആശ്രയിച്ചു അത്ഭുതം കാണിക്കുന്ന ദൈവം, പക്ഷേ, ചിലസമയത്ത് ശക്തിശാലിയല്ല. "നമ്മൾ സമുദായികവിഭാഗീയ ശൈലി സ്വന്തമാക്കണം, സംഘടിക്കണം ...." 

എത്ര മനോഹരമായ പ്രസംഗങ്ങളാകും സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും സേവനത്തെക്കുറിച്ചുമൊക്കെ  ഈ ആഴ്ചയിൽ അവതരിപ്പിക്കപ്പെടുക. പീഢാനുഭവത്തിന്റെ ശോകമൂകതയിൽ  ആ പ്രസംഗങ്ങളെല്ലാം സാധൂകരിക്കപ്പെടും. വർഷത്തിന്റെ മറ്റവസരങ്ങളിൽ ആ ആശയങ്ങളും അവയുടെ പാലനവും  എവിടെയാണ്? സഭാവിശ്വാസികൾ പൊതുവായും നേതൃത്വം പ്രത്യേകിച്ചും. കപടത നീക്കിക്കളയാൻ മനസ്സാകുന്നില്ലെങ്കിൽ ഒരു വിശുദ്ധവാര ചൈതന്യവും സഭയെ നവീകരിക്കില്ല.

മാർച്ച് 19, 2024

ആ ഭവനം യേശുവായിരുന്നു

"... ആ താതൻ ദൈവമായിരുന്നു,
ആ ഭവനം യേശുവായിരുന്നു ..." ഒക്കെ പഴങ്കഥയാണ്.

യേശു വഴിയും ഭവനുമായ ക്രിസ്തീയചൈതന്യത്തെ, മതിൽക്കെട്ടുകൾ തീർത്ത് ഇല്ലായ്മ ചെയ്യുകയാണ് ഇന്ന്. മരണശേഷം ഒരു യാത്രക്കാരനായി/ക്കാരിയായി ഒരാൾ എത്തിച്ചേരുന്ന ഭാവനമല്ല യേശു. സകലരും പിതാവിന്റെ സ്നേഹത്തിൽ ഒന്നിച്ചു വസിക്കുന്ന ഭവനമാണ് ക്രിസ്തു. ആ സഭാശാസ്ത്രം, വേർതിരിവുകളുടെയും വെറുപ്പിന്റെയും അധികാരത്തിന്റെയും ലാഭങ്ങളുടെ ലഹരിക്ക് തടസം നില്കുന്നതായതുകൊണ്ട്‌ സ്വയം അടക്കുന്ന സംഘടനാത്മകതയെ സഭാചൈതന്യമായി ഉയർത്തിപ്പിടിക്കുകയാണ്.

കേരളസഭയിലെ ചാനലുകൾ താരശോഭനല്കി ദൈവപുരുഷരും പ്രവാചകരുമാക്കിയവർ ഒരു രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതല്ലേ ഉചിതം. ആ രാഷ്ട്രീയ അജണ്ടകൾക്ക് പിന്തുണ നൽകുന്നവർ കൂടെ നിൽക്കട്ടെ. എന്തിനാണ് സഭയാണെന്നും വിശ്വാസമാണെന്നും പറഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്നത്.

മാർച്ച് 18, 2024

പുണ്യങ്ങൾ

 ജനപ്രിയതയുടെ മാദകലഹരിയിൽ പുണ്യങ്ങളും ദുർഗുണങ്ങളുമൊക്കെ എങ്ങനെയാണ് പുനഃനിർവ്വചനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്! 

വിവേകത്താൽ നയിക്കപ്പെടുന്നതും സമാധാനത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നതുമാണ് പുണ്യങ്ങൾ. ഒരു പുണ്യവും സങ്കുചിതത്വങ്ങളിൽ പരിപോഷിപ്പിക്കപ്പെടുകയില്ല. കെട്ടിയടച്ചു തീർക്കുന്ന സങ്കുചിതത്വങ്ങളെ ധാർമ്മികമായ ഉത്തരവാദിത്തങ്ങളായും സാമൂഹിക പ്രബലതയായും വാഴ്ത്തുന്നവർ സമൂഹത്തെ വഞ്ചിക്കുകയാണ്. 

ധീരത, അതിൽത്തന്നെ ഒരു പുണ്യമാണ്. ധീരത മറ്റു പുണ്യങ്ങളിൽ വളരാനുള്ള ധൈര്യം കൂടിയാണ്. നീതി ഉറപ്പാക്കപ്പെടുമ്പോൾ മാത്രം വെളിപ്പെടുന്ന സത്യം അന്വേഷിക്കുക എന്നത് ധീരതയുടെ അടയാളമാണ്. സത്യം അന്വേഷിക്കാത്ത, സ്വയം അടക്കുന്ന ആക്രോശങ്ങളും എടുത്തുചാട്ടങ്ങളും ധീരതയല്ല. സത്യനിർമ്മാണങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കുവാൻ എടുക്കുന്ന ഓരോ പ്രയത്നവും ഇന്ന് ധീരതയാണ്. 

ഉദാരത പുണ്യമാണെങ്കിലും, അതിരുകൾ വയ്ക്കുന്ന ഉദാരത നന്മയുള്ളതല്ല. സ്വയത്തെക്കുറിച്ചുള്ള കൃതജ്ഞതയാണ് എളിമ. എങ്കിലേ എളിമ നന്മയുണ്ടാക്കൂ. ഭക്തി പുണ്യമാണ്. എന്നാൽ അത് സത്യം പരിശോധിക്കുന്നില്ലെങ്കിൽ, വാണിജ്യവത്കരിക്കപ്പെടുകയും അന്ധവിശ്വാസമാക്കപ്പെടുകയും ചെയ്യും.

മാർച്ച് 14, 2024

സഭ ചെയ്യേണ്ടത്

അഭിവന്ദ്യ പൊരുന്നേടം പിതാവിന്റെ അഭിമുഖത്തിൽ സീറോമലബാർ സഭയിലെ അസ്വസ്ഥതകൾ പാരമ്പര്യസംബന്ധിയെന്നതിനേക്കാൾ ചരിത്രപരമാണെന്ന രീതിയിൽ പിതാവ് സമീപിക്കുന്നു. ദൈവികമായ ഒരു കടന്നുപോകലിന്റെ സമയം അനുവദിക്കേണ്ടത് സൗഖ്യത്തിന്റെ ജീവിതാവസ്ഥക്കു ആവശ്യമാണെന്ന് പിതാവ് ഊന്നിപ്പറയുന്നു. കാർക്കശ്യങ്ങൾ വിഗ്രഹമായതും, പ്രാർത്ഥനയുടെ അഭാവവും പിതാവ് എടുത്തുകാണിക്കുന്നു.

സഭാപരമായി, ആത്മാർത്ഥ മനഃസാക്ഷിയുടെ അഭാവമാണ് അസ്വസ്ഥതകളെ നിലനിർത്തുന്നതെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിമുഖത്തിൽ പിതാവ് സൂചിപ്പിക്കുന്ന പ്രാദേശിക വിശ്വാസങ്ങളും കാഴ്ചപ്പാടുകളും പിറവിയെടുത്തതും ഇന്നും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? വിശ്വാസം ഒരു ഭാഷ മാത്രമാവുകയും, എന്നാൽ മേനിപറച്ചിലും സ്വകാര്യ അഹങ്കാരങ്ങളും പരസ്പരമുള്ള ഇകഴ്ചകളും പുച്ഛവും മുൻവിധികളും, ആചാരങ്ങളുടെയും സംഘടനാശൈലികളിലും ആത്മീയതകളിലും ദൃഢമാക്കപ്പെടുകയും ചെയ്തുപോന്നു എന്നതാവും ശരി. മനഃസാക്ഷിയിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ഈ വൈകല്യങ്ങളിലേക്കു തിരിഞ്ഞു നോക്കി പശ്ചാത്തപിക്കുവാൻ സഭ മനസ്സാകുമായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിലുണ്ടായ സംഘർഷങ്ങളിലെ ആശയവിനിമയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഇതേ  വൈകല്യങ്ങളാണ്. ശുശ്രൂഷാചൈതന്യം അപ്രത്യക്ഷമാവുകയും അധികാരശക്തിയുടെ പ്രകടമായ ഭാഷ പ്രബലമാവുകയും ചെയ്തു എന്നത് മുറിവിനു മേൽ വന്നു പതിച്ച ആഘാതമാണ്.

പ്രാദേശികമായി വ്യത്യസ്തമായവയെ ഒരുമിച്ചു മുന്നോട്ടു നയിക്കേണ്ടത് കത്തോലിക്കാസഭയുടെ വിശ്വാസപ്രബോധനമാണ്. അവയെ വിലവയ്കാത്ത ജനപ്രിയപ്രസംഗകരുടെ സ്വാധീനം ലോകമെമ്പാടും വിശ്വാസത്തെയും ധാര്മികതയെയും സമ്പന്ധിച്ചു വലിയ ആശയക്കുഴപ്പങ്ങളും  സംഘര്ഷങ്ങളും സൃഷ്ടിക്കുന്നുണ്ട്. അവയെ തിരിച്ചറിയാനോ തിരുത്താനോ പോലും കഴിയാത്ത അവസ്ഥയിൽ, വേര് പിടിച്ചു വളർന്ന പ്രാദേശിക വാദങ്ങളെ നേരിടാൻ ബുദ്ധിമുട്ടാകും. വിശ്വാസപ്രബോധനത്തോടൊപ്പം കൂട്ടായ വിശ്വാസദര്ശനത്തിലേക്കു സഭയെ നയിക്കേണ്ടത് കാലത്തെയും അതിന്റെ സങ്കീർണ്ണതകളെയും, അവയുടെ കാലിക പരിണാമങ്ങളിലെ ആത്മീയ പ്രേരണകളെയും തിരിച്ചറിയാൻ ഉള്ള കഴിവാണ്. ശാന്തവും സന്തുലിതവുമായ  ഒരു ഇന്നിനെ നാളേക്ക് വേണ്ടി സ്ഥിരമായ ഒരു കൂടാരമായി ഉറപ്പിക്കാനാവില്ല. വിശ്വാസരാഹിത്യവും, ബഹുവിശ്വാസ-സാംസ്‌കാരിക മൂല്യങ്ങൾ സമൂഹത്തിൽ മാത്രമല്ല, ഒരേ കുടുംബത്തിൽത്തന്നെ ഒരുമിച്ചുണ്ടായിരിക്കുന്നതുമായ പരിസ്ഥിതിയും പ്രതീക്ഷിക്കേണ്ടതാണ്. രാഷ്ട്രീയസംഘർഷങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഉലച്ചിൽ ഉണ്ടാക്കുമ്പോൾ ധാർമികവും  വിശ്വാസപരവുമായ പുനർചിന്തകൾ അനിവാര്യമാകും. അതിനൊത്ത വെളിച്ചം ഇന്ന് തേടുകയാണ് സഭ ചെയ്യേണ്ടത്.    

മാർച്ച് 10, 2024

മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ

രൂപരഹിതവും ഇരുണ്ടതുമായിരുന്നു എല്ലാം. അതിൽ പ്രകാശം നിറഞ്ഞപ്പോൾ അത് ക്രമമുള്ള പ്രപഞ്ചമായി. ദൈവത്തിന്റെ സൗന്ദര്യത്തിന്റെ(മഹിമ)യും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമായി. അതേ പ്രകാശം നമ്മിലും,നമ്മുടെമേലും പ്രകാശിക്കുന്നു.

ഏശയ്യായുടെ പ്രവചനങ്ങളിൽ പ്രത്യാശാനിർഭരമായി നിൽക്കുന്ന ഒന്നാണ്, 'അന്ധകാരത്തിലായിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു' എന്നത്. അതിക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദാസ്യതയുടെയും ജീവിതമായി അന്യദേശത്തു കഴിഞ്ഞവരെക്കുറിച്ചുള്ളതാണത്. ആ ഇരുൾ തങ്ങളുടെ പാപങ്ങളുടെ ഫലമാണെന്ന വ്യാഖ്യാനം അന്ധകാരത്തിനു പാപത്തിന്റെ പ്രതിഫലനം കൂടി നൽകുന്നു. 

ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത, ക്രിസ്തുവിലല്ലാത്ത പ്രകാശരാഹിത്യത്തിലുള്ള ജീവിതത്തെ വി. പൗലോസ് കാണിക്കുന്നത് മൃതമായ (ജീവരഹിതമായ) അവസ്ഥയായാണ്. ക്രിസ്തുവിൽ ആയിരിക്കുന്നതിലാണ്, നമുക്ക് ജീവനുള്ളത്, കൃപയുള്ളത്.  ഈ പ്രകാശരാഹിത്യത്തെ വി. യോഹന്നാൻ കാണുന്നത് അജ്ഞതയുടെ/ അബദ്ധചിന്തയുടെ ഇരുളായാണ്. ക്രിസ്തുവാണ് സത്യം. ക്രിസ്തുവിനെ അറിയുന്നതിലാണ് അറിവും പ്രകാശവും ജീവനും. 

ഈ പ്രകാശവും ജീവനും എന്താണ്?

ഈ പ്രകാശവും ജീവനും സുവിശേഷം തന്നെയാണ്. സുവിശേഷം, 'തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' എന്നതാണ്. അന്ധകാരത്തിലായിരുന്നവർ കണ്ട വലിയ പ്രകാശം മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ തങ്ങളുടെമേൽ പ്രകാശിക്കുന്ന സ്നേഹകിരണങ്ങളാണ്. ഏറ്റവും ഹീനമായ അനീതി സഹിച്ചപ്പോഴും സൃഷ്ടികൾക്കു മേൽ ക്രിസ്തു സ്നേഹമൊഴുക്കി. ആ സ്നേഹത്തെയാണ് കുരിശിൽ കാണേണ്ടത്. ക്രിസ്തു നമ്മുടെ അനുകമ്പ തേടുന്നില്ല, അനുകമ്പയെ അടിസ്ഥാനപ്പെടുത്തി പരിഹാരങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ഭക്തികൾ സൃഷ്ടിക്കാനും അവൻ ആവശ്യപ്പെടുന്നില്ല.  തന്നിൽ പ്രകാശിക്കുന്ന സ്നേഹമാണ്, ക്രമരഹിതവും കൃപാശൂന്യവും, ഭാരമുള്ളതും ദാസ്യതയുടേതുമായ ജീവിതങ്ങളിലേക്കു ക്രിസ്തു പകരുന്നത്. ആ സ്നേഹം വേദനകളെ ആശ്വസിപ്പിക്കുന്നു, ജീവരഹിതമായ അവസ്ഥകളെ കൃപയുടെ ജീവൻ കൊണ്ട് നിറക്കുന്നു, പുണ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അവൻ ശൂന്യവത്കരിക്കപ്പെട്ട് ഉയർത്തപ്പെടുമ്പോൾ, ദൈവസ്നേഹത്തിന്റെ അനസ്യൂതമായ പ്രകാശം നമ്മുടെ മേലും നമ്മുടെ സമൂഹങ്ങളുടെ മേലും പടരുന്നു. യോഹന്നാൻ എഴുതിയതുപോലെ, അപ്പോൾ നമ്മൾ പ്രകാശത്തിൽ  ജീവിക്കുന്നവരാകുന്നു, നമ്മളുടെ പ്രവൃത്തികൾ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു അനേകർ അറിയുകയും ചെയ്യുന്നു. 

ജീവിതത്തിന്റെ ക്രമരാഹിത്യങ്ങളിൽ ഇരുളിൽ ശൂന്യതയിൽ ദൈവസ്വരം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതങ്ങളും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമാകും. ക്രിസ്തുവിൽ തെളിഞ്ഞ ദൈവസ്നേഹാനുഭവത്തിൽ നിന്നാണ് ഈ ദൈവസ്വരം കേൾക്കേണ്ടത്. ആയിരം ബൈബിൾ വാക്യങ്ങൾ ഉരുവിട്ടുകൊണ്ട് മാന്ത്രികമായി വന്നു ഭവിക്കുന്നതല്ല ഈ അടയാളം. വ്യത്യസ്തമായ ഓരോ ജീവിതത്തിനും ശൂന്യതയും സൗന്ദര്യവും പോലും വ്യത്യസ്തമാകും. അവിടെത്തന്നെയാണ് അനേകർക്ക്‌ സ്നേഹത്തിന്റെ അടയാളമായി മനുഷ്യപുത്രൻ ഉയർത്തപ്പെടുന്നത്.

സാന്ത്വനപ്പെടുത്തുവാനും മുന്നോട്ടു നയിക്കാനും ദൈവം തന്റെ സ്നേഹത്തിന്റെ പ്രകാശം നമുക്ക് നൽകുന്നു എന്നതാണ് വിചിന്തനീയം. ദൈവം ജീവൻ നൽകുന്നു. കുറ്റവിചാരണയുടെ 'ആത്മീയതയാണ്' പലരും തിരഞ്ഞെടുക്കുന്നത്. ആ സമീപനത്തെ, വിനയമായും, പശ്ചാത്താപമായും, പരിഹാരമായും മനഃസാക്ഷിയുടെ നീതിബോധമായൊക്കെ അവതരിപ്പിക്കപ്പെട്ടേക്കാം. ദൈവത്തിന്റെ ക്രോധവും, ശാപവും, ശിക്ഷയുമാണ് കേന്ദ്രസ്‌ഥാനം സ്വന്തമാക്കുന്നത്. യോഹന്നാൻ എഴുതിയതുപോലെ, "പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, അവർ പ്രക്ഷത്തേക്കാൾ അധികമായി അന്ധകാരത്തെ ഇഷ്ടപ്പെട്ടു." "അവർ വിധിക്കപ്പെട്ടു കഴിഞ്ഞു," ദൈവത്താലല്ല, പ്രകാശവും ജീവനും സ്വീകരിക്കാനുള്ള അവരുടെ തന്നെ വൈമുഖ്യം കൊണ്ട് തന്നെ.

മാർച്ച് 06, 2024

കിരീടത്തിനു വിലയുള്ളത്

ഹൃദയത്തിൽ നിന്നർപ്പിക്കുന്ന എന്തും നിഷ്കളങ്കമായ ഭക്തിയുടെ രൂപത്തിൽ അർച്ചനയാകാം. എന്നാൽ, ഉപഭോഗസംസ്കാരത്തിന്റെ രുചിയും മണവും ചേർത്തു കൊത്തിയെടുത്ത ഉപകാരമാതാവ്, നിയോഗമാതാവ് തുടങ്ങിയ മാതാവ്-രൂപങ്ങൾക്ക് മുമ്പിലാണ് രത്നവും വൈഡൂര്യം പതിച്ച ലക്ഷങ്ങളുടെ കിരീടത്തിനു വിലയുള്ളത്. അത്തരം മാതാവുരൂപങ്ങളെ ഭക്തിയുടെ ഹേതുവായവർക്കു ആ കിരീടം വലിയ കാഴ്ചയാകും. കേരളത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ട ശിഥിലമായ ഭക്തിരൂപങ്ങൾക്ക് വൈകാരികവും സാമ്പത്തികവുമായ മാനങ്ങൾ കടന്ന് രാഷ്ട്രീയ മാനം ലഭിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. 

ശക്തി, ഉപകാരം, സമൃദ്ധി തുടങ്ങിയ പദങ്ങൾ വി. കുർബാനയുടെ വാഴ്വിന്റെയും മരിയഭക്തിയുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങളാകും വിധം രൂപീകരിക്കപ്പെട്ട ഭാഷ സ്വയം നശിപ്പിക്കുന്ന ആത്മീയതയുടെ കമനീയഭാഷയാണ്.