Gentle Dew Drop

മാർച്ച് 10, 2024

മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ

രൂപരഹിതവും ഇരുണ്ടതുമായിരുന്നു എല്ലാം. അതിൽ പ്രകാശം നിറഞ്ഞപ്പോൾ അത് ക്രമമുള്ള പ്രപഞ്ചമായി. ദൈവത്തിന്റെ സൗന്ദര്യത്തിന്റെ(മഹിമ)യും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമായി. അതേ പ്രകാശം നമ്മിലും,നമ്മുടെമേലും പ്രകാശിക്കുന്നു.

ഏശയ്യായുടെ പ്രവചനങ്ങളിൽ പ്രത്യാശാനിർഭരമായി നിൽക്കുന്ന ഒന്നാണ്, 'അന്ധകാരത്തിലായിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു' എന്നത്. അതിക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദാസ്യതയുടെയും ജീവിതമായി അന്യദേശത്തു കഴിഞ്ഞവരെക്കുറിച്ചുള്ളതാണത്. ആ ഇരുൾ തങ്ങളുടെ പാപങ്ങളുടെ ഫലമാണെന്ന വ്യാഖ്യാനം അന്ധകാരത്തിനു പാപത്തിന്റെ പ്രതിഫലനം കൂടി നൽകുന്നു. 

ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത, ക്രിസ്തുവിലല്ലാത്ത പ്രകാശരാഹിത്യത്തിലുള്ള ജീവിതത്തെ വി. പൗലോസ് കാണിക്കുന്നത് മൃതമായ (ജീവരഹിതമായ) അവസ്ഥയായാണ്. ക്രിസ്തുവിൽ ആയിരിക്കുന്നതിലാണ്, നമുക്ക് ജീവനുള്ളത്, കൃപയുള്ളത്.  ഈ പ്രകാശരാഹിത്യത്തെ വി. യോഹന്നാൻ കാണുന്നത് അജ്ഞതയുടെ/ അബദ്ധചിന്തയുടെ ഇരുളായാണ്. ക്രിസ്തുവാണ് സത്യം. ക്രിസ്തുവിനെ അറിയുന്നതിലാണ് അറിവും പ്രകാശവും ജീവനും. 

ഈ പ്രകാശവും ജീവനും എന്താണ്?

ഈ പ്രകാശവും ജീവനും സുവിശേഷം തന്നെയാണ്. സുവിശേഷം, 'തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു' എന്നതാണ്. അന്ധകാരത്തിലായിരുന്നവർ കണ്ട വലിയ പ്രകാശം മനുഷ്യപുത്രൻ ഉയർത്തപ്പെടുമ്പോൾ തങ്ങളുടെമേൽ പ്രകാശിക്കുന്ന സ്നേഹകിരണങ്ങളാണ്. ഏറ്റവും ഹീനമായ അനീതി സഹിച്ചപ്പോഴും സൃഷ്ടികൾക്കു മേൽ ക്രിസ്തു സ്നേഹമൊഴുക്കി. ആ സ്നേഹത്തെയാണ് കുരിശിൽ കാണേണ്ടത്. ക്രിസ്തു നമ്മുടെ അനുകമ്പ തേടുന്നില്ല, അനുകമ്പയെ അടിസ്ഥാനപ്പെടുത്തി പരിഹാരങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ഭക്തികൾ സൃഷ്ടിക്കാനും അവൻ ആവശ്യപ്പെടുന്നില്ല.  തന്നിൽ പ്രകാശിക്കുന്ന സ്നേഹമാണ്, ക്രമരഹിതവും കൃപാശൂന്യവും, ഭാരമുള്ളതും ദാസ്യതയുടേതുമായ ജീവിതങ്ങളിലേക്കു ക്രിസ്തു പകരുന്നത്. ആ സ്നേഹം വേദനകളെ ആശ്വസിപ്പിക്കുന്നു, ജീവരഹിതമായ അവസ്ഥകളെ കൃപയുടെ ജീവൻ കൊണ്ട് നിറക്കുന്നു, പുണ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അവൻ ശൂന്യവത്കരിക്കപ്പെട്ട് ഉയർത്തപ്പെടുമ്പോൾ, ദൈവസ്നേഹത്തിന്റെ അനസ്യൂതമായ പ്രകാശം നമ്മുടെ മേലും നമ്മുടെ സമൂഹങ്ങളുടെ മേലും പടരുന്നു. യോഹന്നാൻ എഴുതിയതുപോലെ, അപ്പോൾ നമ്മൾ പ്രകാശത്തിൽ  ജീവിക്കുന്നവരാകുന്നു, നമ്മളുടെ പ്രവൃത്തികൾ ദൈവത്തിന്റെ പ്രവൃത്തികളാണെന്നു അനേകർ അറിയുകയും ചെയ്യുന്നു. 

ജീവിതത്തിന്റെ ക്രമരാഹിത്യങ്ങളിൽ ഇരുളിൽ ശൂന്യതയിൽ ദൈവസ്വരം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതങ്ങളും ദൈവത്തിന്റെ സൗന്ദര്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും അടയാളമാകും. ക്രിസ്തുവിൽ തെളിഞ്ഞ ദൈവസ്നേഹാനുഭവത്തിൽ നിന്നാണ് ഈ ദൈവസ്വരം കേൾക്കേണ്ടത്. ആയിരം ബൈബിൾ വാക്യങ്ങൾ ഉരുവിട്ടുകൊണ്ട് മാന്ത്രികമായി വന്നു ഭവിക്കുന്നതല്ല ഈ അടയാളം. വ്യത്യസ്തമായ ഓരോ ജീവിതത്തിനും ശൂന്യതയും സൗന്ദര്യവും പോലും വ്യത്യസ്തമാകും. അവിടെത്തന്നെയാണ് അനേകർക്ക്‌ സ്നേഹത്തിന്റെ അടയാളമായി മനുഷ്യപുത്രൻ ഉയർത്തപ്പെടുന്നത്.

സാന്ത്വനപ്പെടുത്തുവാനും മുന്നോട്ടു നയിക്കാനും ദൈവം തന്റെ സ്നേഹത്തിന്റെ പ്രകാശം നമുക്ക് നൽകുന്നു എന്നതാണ് വിചിന്തനീയം. ദൈവം ജീവൻ നൽകുന്നു. കുറ്റവിചാരണയുടെ 'ആത്മീയതയാണ്' പലരും തിരഞ്ഞെടുക്കുന്നത്. ആ സമീപനത്തെ, വിനയമായും, പശ്ചാത്താപമായും, പരിഹാരമായും മനഃസാക്ഷിയുടെ നീതിബോധമായൊക്കെ അവതരിപ്പിക്കപ്പെട്ടേക്കാം. ദൈവത്തിന്റെ ക്രോധവും, ശാപവും, ശിക്ഷയുമാണ് കേന്ദ്രസ്‌ഥാനം സ്വന്തമാക്കുന്നത്. യോഹന്നാൻ എഴുതിയതുപോലെ, "പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, അവർ പ്രക്ഷത്തേക്കാൾ അധികമായി അന്ധകാരത്തെ ഇഷ്ടപ്പെട്ടു." "അവർ വിധിക്കപ്പെട്ടു കഴിഞ്ഞു," ദൈവത്താലല്ല, പ്രകാശവും ജീവനും സ്വീകരിക്കാനുള്ള അവരുടെ തന്നെ വൈമുഖ്യം കൊണ്ട് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ