Gentle Dew Drop

ജനുവരി 31, 2023

ഉണർന്നുയരേണ്ട ക്രിസ്തുരൂപം

ഒരു കലാകാരനിൽ കല ഒരു ഗുണം മാത്രമാകാതെ ഒരു ധ്യാനമാകാറുണ്ട്. അടയാളങ്ങളിൽ അതിന്റെ അർത്ഥം അതിനു ജീവൻ പകരുന്നതാണ്. ഒരു അനുഷ്ഠാനം വെറുതെ ക്രിയകളാവാതെ ജീവന്റെ ഫലം പുറപ്പെടുവിക്കുന്നതും അതിന്റെ അർത്ഥങ്ങൾ നൽകുന്ന ധ്യാനാത്മകതയിൽ നിന്നാണ്. എന്നാൽ ആന്തരികമായ ഈ സത്തയുടെ പരിമളം നഷ്ടപ്പെടുമ്പോൾ അവയെല്ലാം ജീവനറ്റവയാണ്, ജീർണ്ണിച്ചവയാണ്. ജീവൻ പകരാൻ അതിനു കഴിയാതാവുന്നു. തിരുഗ്രന്ഥത്തെ മാന്ത്രിക ശക്തിയുള്ള വാക്കുകളുടെ സംഗ്രഹമെന്ന വണ്ണം ഉപയോഗിച്ച് ബൈബിൾപൂജകരും, വാക്യം പൂജകരും ആയിക്കഴിഞ്ഞു അനേകർ.  അത്ഭുതസിദ്ധികളുള്ള പ്രാർത്ഥനകൾ ശക്തി  തെളിയിച്ചു കൊണ്ടിരിക്കുന്നു. അവക്കിടയിലേക്ക് കുർബാനയും  ഒരു  അനുഷ്ടാനവും ആചാരവുമായി തീർക്കപ്പെട്ടിരിക്കുന്നു. എന്ത് നിവർത്തിക്കപ്പെടേണ്ടതുണ്ടോ അതില്ലാതാവുമ്പോൾ ജീവൻ നഷ്ടപ്പെട്ട അടയാളമോ അനുഷ്ടാനമായ ആയിത്തീരുന്നതുപോലെ ക്രിസ്തുവിന്റെ പേര് ഇടയ്ക്കിടെ ആവർത്തിക്കുമ്പോഴും ക്രിസ്തുവില്ലാത്ത ബലികളായി കുർബാനയെ മാറ്റിക്കളഞ്ഞു. 

ക്രിസ്തു നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥകളുണ്ട്. എന്നാൽ അവന്റെ രണ്ടാം വരവുകൾക്കായുള്ള ആത്മാർത്ഥ ദാഹമാണ് ഒരാളെ യഥാർത്ഥ ക്രിസ്തുശിഷ്യനാക്കുന്നത്. നഷ്ടപ്പെട്ടതിലും പതിന്മടങ്ങായി ജീവന്റെ സകല തന്തുക്കളിലും ക്രിസ്തു നിറയുന്ന ആ യാഥാർത്ഥ്യം തികഞ്ഞ ഒരു ക്രിസ്തുദർശനത്തിൽ നിന്നേ സാധ്യമാകൂ. ക്രിസ്തുവിൽ നിന്നും ജീവൻ പ്രാപിച്ച ഓരോരുത്തരും അവനിൽ എന്താണോ കണ്ടത്, ആ കരുണ സ്വീകാര്യത, സഹാനുഭൂതി, ആർദ്രത ഇവയൊക്കെ നിറഞ്ഞ ക്രിസ്തുരൂപം. സാമ്രാട്ടുകൾ രൂപപ്പെടുത്തിയ ക്രിസ്തുരാജനിൽ നിന്നും വ്യത്യസ്തമാണ് ആ മുഖം. 

വന്നു നിറയേണ്ട, എല്ലാവരിൽ നിന്നുമായി ഉണർന്നുയരേണ്ട ക്രിസ്തുരൂപം സുവിശേഷ ഭാഗ്യങ്ങളിലെന്നപോലെ ഒരേ സമയം ക്ഷതങ്ങളും നൊമ്പരങ്ങളും എന്നാൽ അതോടൊപ്പം തന്നെ ആശ്വാസവും ജീവനും പകരുന്നതാണ്. ദുഃഖിക്കുന്നവന് ആശ്വാസം, ദരിദ്രന് സംതൃപ്തി, കരുണ ലഭിക്കാത്തവർക്കു കരുണ, നീതി ലഭിക്കാത്തവന് നീതി തുടങ്ങിയവ നമ്മിൽ നിന്നും ഉണർന്നുയരുന്ന ക്രിസ്തു ഉറപ്പാക്കുന്നതാണ്. അതിലേക്കാണ് രണ്ടാം വരവിനായുള്ള ആ ആത്മാർത്ഥ ദാഹം. 

ഈ ദാഹവും ദർശനവും സ്വപ്നവും അക്ഷമമാവുന്നതും ആശ്വസിപ്പിക്കപ്പെടുന്നതുമായ സംഭാഷണങ്ങളാവണം ഒരു ക്രിസ്തീയന് പ്രാർത്ഥന. സുവിശേഷം തനിയാവർത്തനമാകുന്നതാണ് ഒരാൾക്ക് ക്രിസ്തീയജീവിതം. അവിടെ മഹനീയമായ അത്ഭുതങ്ങളല്ല മുന്നിട്ടു നിൽക്കുന്നത്, മറിച്ച്, ക്രിസ്തുവിന്റെ സമീപനങ്ങൾ യാഥാർത്ഥ്യമാകുന്നോ എന്നതാണ് പ്രധാനം. കുർബാനയർപ്പണത്തിൽ അർപ്പിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ ഹൃദയമൂല്യവും അതുതന്നെ. അനുഗ്രഹലബ്ധിക്കായുള്ള ഒരു കാഴ്ചയായി, ജയഭേരിയുടെ ഒരു അടയാളമായി കുർബാന മാറിയിട്ടുണ്ടെങ്കിൽ, ആ ബലികളിൽ ക്രിസ്തു അറിയപ്പെട്ടിട്ടില്ല. അവൻ അനുസ്മരിക്കപ്പെട്ടിട്ടുമില്ല.

പ്രാർത്ഥിക്കുന്ന ഒരാൾ, ബലിയർപ്പിക്കുന്ന ഒരാൾ എപ്രകാരമാണ് സുവിശേഷത്തിന്റെ യാഥാർത്ഥ്യവത്കരണം തന്നിലേക്കുതന്നെ നോക്കിക്കാണുന്നതും ആഗ്രഹിക്കുന്നതും അതിന്റെ വെല്ലുവിളികളെ കണ്ട് ദൈവകൃപ ആഗ്രഹിക്കുകയും അപ്പം മുറിക്കലിലും സ്വീകരണത്തിലും സ്പർശ്യമാക്കുകയും ചെയ്യുന്നത്? ഇതല്ലേ ക്രിസ്തീയത ആഗ്രഹിക്കേണ്ടത്? ഇതില്ലാതെ എങ്ങനെ 'ഈശോയെ കൊടുക്കാം' എന്ന തീക്ഷ്ണത സത്യമാകും?

പ്രഘോഷണവേദികളിലെ ഈശോ ഇതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല, എങ്കിലും സുവിശേഷങ്ങളിലെ ഈശോ ആഗ്രഹിക്കുന്നുണ്ട്.


ജനുവരി 30, 2023

കാൽവരി - സത്യാനന്തര യുഗത്തിൽ

മതം ഒരു സംവിധാനമെന്ന നിലയിൽ മാത്രമല്ല, വിശ്വാസത്തെത്തന്നെ വാണിജ്യവത്കരണത്തിന്റെ വിവരണരീതികളിലേക്ക് വളച്ചെടുക്കുവാൻ ഉത്തരാധുനികയുഗത്തിനു കഴിഞ്ഞു. യഥാർത്ഥം തീക്ഷ്ണം അതിവിശ്വസ്‌തം എന്നൊക്കെ അവകാശവാദങ്ങളുപയോഗിക്കുന്ന 'ഒറിജിനൽ' വിശ്വാസങ്ങളിൽ പ്രത്യേകിച്ചും വിശ്വാസത്തെ ആകർഷണീയമായ വില്പനവസ്തുവാക്കിക്കഴിഞ്ഞു. കുർബാന എന്ന ലേബൽ ഉപയോഗിക്കപ്പെടുന്നതും കച്ചവടലാഭങ്ങളുടെ പ്രതിരോധങ്ങളിലേക്കുള്ള പുതിയ ഭാഷ്യങ്ങളായിട്ടാകുമ്പോൾ അതിന്റെ സത്തയെക്കുറിച്ചാണ് ധ്യാനിക്കേണ്ടത്. 

കാൽവരി ഒരു അനുസ്മരണമാകുമ്പോൾ ഓരോരുത്തർക്കും അവരവരുടേതായ അനുസ്മരണം ആകാം. അനീതിക്കിരയാക്കപ്പെട്ട ഒരു വധത്തെ സ്നേഹത്തോടെ ജീവന്റെ ഉറവിടമാക്കിത്തീർത്ത ക്രിസ്തുവിനെ ജീവിതത്തിലും സമീപനങ്ങളിലും പ്രാർത്ഥനയിലും ആരാധനയിലും അനുസ്മരണമാക്കാം. മറുവശത്ത്, നന്മയും സത്യവും വെളിവാക്കിയ ക്രിസ്തുവിനെ സ്ഥാനവും ആധിപത്യവും വഴി ഇല്ലായ്മ ചെയ്ത അധികാരവാഴ്ചയുടെ ജയത്തിന്റെ അനുസ്മരണമാകാം. കുർബാന അർപ്പണം ഇന്ന് ഏത് അനുസ്മരണമാകുന്നു എന്നത് ധ്യാനിക്കേണ്ടതാണ്. ഇത് വരെ അത് ഒന്നും ഓർമ്മിപ്പിച്ചില്ലെങ്കിൽക്കൂടി, ഇനിമുതൽ അത് തീർച്ചയായും അനുസ്മരിപ്പിക്കും. ഒന്ന് അനുസ്മരണമാകുമ്പോൾ, മറുഭാഗത്തുള്ളതിനെ അസ്വസ്ഥത തെല്ലുമില്ലാതെ സ്വയം ചേർക്കാൻ കഴിയുന്നു എന്നതാണ് പരിമാണവത്കരിക്കപ്പെടുന്ന വിശ്വാസത്തിന്റെ ശക്തി.

ജനുവരി 28, 2023

അങ്ങയെ മാത്രം

 "എന്റെ പഠനത്തിലും ഉപവാസങ്ങളിലും ജാഗരണത്തിലും അങ്ങയെ മാത്രമാണ് ഞാൻ തേടിയത്, അങ്ങയെ മാത്രം," വി. അക്വീനാസിന്റെ മനോഭാവം ഏതൊരാൾക്കും ഉദാഹരണമാണ്. ശാസ്ത്രമാവട്ടെ, മതമാവട്ടെ, വിശ്വാസമാവട്ടെ, ചരിത്രമാവട്ടെ എത്ര ഗഹനമായ അറിവും, സത്യത്തിന്റെ പൂർണ്ണതയുടെ അവകാശ വാദമുന്നയിക്കുന്നെങ്കിൽ അത് ദൈവത്തിനെതിരെ സ്വയം അടക്കുന്നതാണ്. അറിഞ്ഞതും എഴുതിയതുമെല്ലാം ഒന്നുമല്ല എന്ന എളിമയാണ് ദൈവമെന്ന ഹൃദയത്തിലേക്കുള്ള പാരമ്യമായ ചുവടുവയ്പ്. എത്രയോ അജ്ഞാതവും അപരിചിതവും, വ്യത്യസ്തവുമാവട്ടെ, സ്വാർത്ഥതയും അഹന്തയും പകയും കാർക്കശ്യവും നയിക്കാത്ത അവബോധങ്ങളിലെല്ലാം ക്രിസ്തുവിന്റെ വെളിച്ചമുണ്ട്. അടുക്കും തോറും കൂടുതൽ വെളിച്ചം കാണുകയും ചെയ്യാം.

ജനുവരി 27, 2023

... ക്രിസ്തുവിന്റെ നീതിബോധത്തെ ഇല്ലായ്മ ചെയ്യുന്നതാണെങ്കിൽ?

സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന നീതിബോധത്തിനു കീഴ്‌പ്പെടുന്നതാവരുത് സഭയുടെ പ്രബോധനവും സാന്മാര്ഗികതയും എന്ന എളിയ അഭിപ്രായമുണ്ട്. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു പകരം വിശ്വാസവും ഭക്തിയും വിഭാഗീയമായ ആദര്ശവത്കരണത്തിനു വിധേയമാക്കപ്പെടുമ്പോൾ ഏറ്റവും അനുയോജ്യമായ ഉപകരണമായി സമൂഹമാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ആ സങ്കുചിത-വിഭാഗീയ രാഷ്ട്രീയത്തെ വിശ്വാസമായും മതസംവിധാനമായും സ്വീകരിക്കുന്ന അവസ്ഥയാണ് പരിതാപകരം.

ശരികളെയും ധാർമ്മികതയെയും കാനൻ നിയമങ്ങളെയും അതിന്റെ വ്യാഖ്യാനങ്ങളേയും ആ വ്യാഖ്യാനങ്ങളുടെ വിവിധ തലങ്ങളിലെ വിവക്ഷകളും പാകം ചെയ്യുന്നതും സ്ഥാപിതമാക്കുന്നതും സമൂഹമാധ്യമങ്ങളാണ്. ഔദ്യോകികത, സാധുത, നൈയാമികത തുടങ്ങിയവയൊക്കെ 'വ്യക്തമാക്കി'യതും അതിലൂടെ പുതിയ ഒരു നീതിബോധം നിർമ്മിച്ചെടുത്തതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ആ നീതിബോധത്തിൽ ഉൾക്കൊണ്ടിട്ടുള്ള നീതിസാരമാണ് ക്രിസ്തീയ മനഃസാക്ഷി ആത്മാർത്ഥതയോടെ ആത്മശോധന ചെയ്യേണ്ടത്.

ബലിയർപ്പണ രീതിയെക്കുറിച്ചുള്ള അതേ നീതിബോധ തീക്ഷ്‌ണത ആശുപത്രികളിലും  സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ഔദ്യോഗികമോ അസാധുവോ നിയമവിരുദ്ധമോ ആയതൊന്നും ഒരിക്കലും ഉണ്ടാവില്ല എന്നുറപ്പാക്കാൻ  കൂടി ഉണ്ടായിരുന്നെങ്കിൽ. 

ആചാരശുദ്ധിയിലെ ഔദ്യോകികത, സാധുത, നൈയാമികത എന്നിവയൊക്കെ ക്രിസ്തുവിന്റെ നീതിബോധത്തെ ഇല്ലായ്മ ചെയ്യുന്നതാണെങ്കിൽ? 

ജനുവരി 26, 2023

ഔദ്യോകികത

ഔദ്യോകികമായതിലെല്ലാം പരിശുദ്ധി ഉണ്ടാവണമെന്നില്ല. നാബോത്തിനെ വധിച്ചതും, ക്രിസ്തുവിനെ കുരിശിലേറ്റിയതും ഔദ്യോഗിക തീരുമാനങ്ങളായിരുന്നു. ദൈവത്തോടൊത്തു നടക്കുന്നെങ്കിലേ ഔദ്യോകികതയിൽ വിശുദ്ധിയും ജീവനുമുണ്ടാകൂ. അല്ലെങ്കിൽ കുതന്ത്രങ്ങൾ സ്ഥാപനവത്കരിക്കപ്പെടും, കയ്യപ്പാസ് ക്രിസ്തുവാകുകയും ചെയ്യും.

അപ്രാപ്യവും ശക്തവും രഹസ്യാത്മകവും ശക്തവുമായ ശുദ്ധി മതത്തിന്റെ വിശുദ്ധിയാണ്. ദൈവത്തിന്റെ വിശുദ്ധി, അത് തന്നിലേക്ക് സകലതിനെയും സ്നേഹത്തിൽ ആകൃഷ്ടരാക്കുന്നു എന്നതാണ്. 

ഔദ്യോകികതകളിലെ വിശുദ്ധി എന്നത് ആ സ്നേഹത്തിൽ സകലരെയും ഒരുമിച്ചു ചേർക്കാൻ അത് വഴിതുറക്കുന്നോ എന്നതിലാണ്. ഔദ്യോകികതകളിലെ ജീവൻ എന്നത് ഒരു സമൂഹത്തിന്റെ സമഗ്രമായ വളർച്ചയെ സംബന്ധിച്ചാണ്. ദൈവസ്വരം കേൾക്കാനുള്ള ഹൃദയമുണ്ടെങ്കിലേ ഇവ ആഗ്രഹിക്കാനാകൂ.

നഗണ്യമായവയെക്കുറിച്ച് അതിഗൗരവം സൂക്ഷിക്കുകയും, എന്നാൽ യഥാർത്ഥത്തിൽ മൂല്യമുള്ളവ നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോൾ അതിൽ വിശുദ്ധിയോ ജീവനോ ഇല്ല. നിലനിർത്തപ്പെടേണ്ടത് അധികാരമോ ആധിപത്യമോ അല്ല, സുവിശേഷത്തിന്റെ ലാവണ്യമാണ്‌.

ആരാധന

ഓരോരുത്തരും അവരവരുടേതായ മോക്ഷസായൂജ്യം കണ്ടെത്തുന്ന ആത്മീയതയല്ല ക്രിസ്തു പഠിപ്പിച്ചത്. അതുകൊണ്ടാണ് സമൂഹമായി ഒരുമിച്ചു ചേരുന്ന പരസ്പര സാന്നിധ്യം ആരാധനയിൽ ഒരു അടയാളമാകുന്നതും. പരസ്പര സാന്നിധ്യമെന്നത് വെറുതെ ഒരു ദേവാലയത്തിൽ ഒരുമിച്ചു നിൽക്കുന്നതല്ല. ഓരോരുത്തരുടെയും ജീവിതങ്ങളെ അറിയുന്നതാണ്. ലാസറിന്റെ കബറിടത്തിങ്കൽ പ്രാർത്ഥന കേൾക്കുന്നവനും, പാദം കഴുകി തുടച്ച സ്ത്രീക്ക് പാപമോചനം നൽകുകയും കുഷ്ഠരോഗിയെ ആലിംഗനം ചെയുകയും ചെയ്യുന്ന ദൈവസാന്നിധ്യം അറിയുകയും അത് പകർന്നു നൽകുകയും ചെയ്തതായിരുന്നു ആരാധന. പ്രവാചകർ തുറന്നു വച്ച നീതിയുടെ വലിയ ആത്മദർശനം ക്രിസ്തു സത്യമായും ആരാധനയാക്കി. ദേവാലയത്തിലോ പ്രതിഷ്ഠയിലോ ചുരുക്കാമായിരുന്നതല്ല ക്രിസ്തുവിന്റെ ദൈവം. ക്രിസ്തുവിന്റെ ദൈവത്തെ കണ്ടെത്തിയിട്ടുള്ള ക്രിസ്ത്യാനികൾ ചുരുക്കം.

പ്രതിഷ്ഠ

അൾത്താരയോ പരി സക്രാരിയോ ക്രൂശിതരൂപമോ മാർതോമാസ്ലീവായോ, ദൈവശക്തി ആവാഹിക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിഷ്ഠയല്ല. 

ഓരോ സൗകര്യങ്ങളെപ്രതി അടിസ്ഥാന വിശ്വാസങ്ങളെ വികലമാക്കുന്നത് ഉചിതമാണോ എന്നത് ആത്മാർത്ഥമായി വിലയിരുത്തണമെങ്കിൽ, സഭ നിലനിൽക്കുന്നത് ക്രിസ്തുവിലാണെന്നും തങ്ങളുടെമേലല്ലെന്നും ഓരോരുത്തരും മനസ്സിലാക്കണം.

ജനുവരി 16, 2023

പാരമ്പര്യങ്ങളും പൈതൃകവും

 പാരമ്പര്യങ്ങളും പൈതൃകവും വളർച്ചയും വികാസവും ഇല്ലാത്തതാണെങ്കിൽ അതിൽ പരിശുദ്ധാത്മാവ് നൽകുന്ന നവീനതക്ക് സ്ഥാനമൊന്നുമില്ല. നവീകരിക്കപ്പെടാത്ത പാരമ്പര്യങ്ങൾക്കു തുടർച്ചയില്ല. പഴമയിൽ ഭ്രമിക്കുന്ന പാരമ്പര്യം ശിഥിലമാവുകയോ കഠിനമാവുകയോ ചെയ്യും. മൂർത്തീഭവിക്കപ്പെടുന്ന പാരമ്പര്യങ്ങൾക്കു ജീവനില്ല. ജീവസാന്നിധ്യം ഉള്ളവ ഫലദായകത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ വളർന്നു. അതിന്റെ വികാസമെന്നത് പല മരണങ്ങളും ഉത്ഥാനങ്ങളും ഉൾക്കൊള്ളുന്നു. 

ദൈവജനത്തിന്റെ ദൈവാനുഭവങ്ങളിൽ നിന്നാണ് യഥാർത്ഥ പാരമ്പര്യങ്ങൾ രൂപപ്പെടുന്നത്. ഒരു കാലഘട്ടത്തിൽ രൂപപ്പെടുകയും, കൈമാറപ്പെടേണ്ടതിനായി സാന്ദ്രീകരിക്കപ്പെട്ട് എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തതല്ല അത്. ദൈവാനുഭവം ഹൃദ്യമാക്കിയ പരിശുദ്ധാത്മാവ് പ്രവർത്തനനിരതനായിരിക്കുന്നതിനാൽ ആ ആത്മാവിനെ ഇന്നും ശ്രവിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്ന ദൈവജനത്തിന്റെ നവീനമായ അനുഭവങ്ങളിലൂടെ പാരമ്പര്യങ്ങൾ രൂപപ്പെടുന്നുണ്ട്. 

മതാധിപത്യത്തിന്റെയും പുരോഹിതമേൽക്കോയ്മയുടെയും കാലം കഴിഞ്ഞെന്നു തിരിച്ചറിയുന്നത്, മതേതരമോ ദൈവരഹിതമോ ആയ സാമൂഹികമാറ്റം മാത്രമായി കാണാനാവില്ല. ദൈവജനത്തിന്റെ ഹൃദയവികാസത്തിന്റെ അടയാളംകൂടിയാണത്. പുരോഹിതനും പ്രവാചകനും, ഒരിക്കൽക്കൂടി പിറകോട്ടു നടക്കാനല്ല  പദ്ധതികളും ഭാഷ്യങ്ങളും  ആലോചിക്കേണ്ടത്, മറിച്ച്, ആത്മാവ് നൽകുന്ന അടയാളങ്ങളെ ദൈവജനത്തിനിടയിൽ തിരിച്ചറിയുകയും ഉയർത്തിപ്പിടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആ അടയാളങ്ങൾ തിരിച്ചറിയപ്പെടുന്നത് അവ, ജീവന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വാഹകരാകുന്നുണ്ടോ എന്നതിൽ നിന്നാണ്. പകരം വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങൾ നിയന്ത്രിക്കുന്ന മതാത്മകത ജനപ്രിയത ആകർഷിക്കുമ്പോൾ അപരതയും വെറുപ്പും സംശയവും ജനിപ്പിക്കുന്ന മതാഭാഷ്യങ്ങളാണ് രൂപപ്പെടുന്നത്. ലാഭമുള്ള ഭക്തികളും ദൈവരൂപങ്ങളും ഇന്ന് വളരെയാണ്. പ്രവാചകരും പുരോഹിതരും അവരുടെ പ്രചാരകരാകുമ്പോൾ ആത്മചൈതന്യമില്ലാത്ത വിശ്വാസമാണ് രൂപപ്പെടുന്നത്. 

വിശ്വാസം സ്വീകരിക്കുകയും അതിൽ വളരുകയും ചെയ്യുന്ന ഒരു സമൂഹം മാത്രമല്ല ദൈവജനം. ദൈവം കൂടെ വസിക്കുന്ന, ദൈവത്തിൽ സംയോജിക്കപ്പെട്ട, ക്രിസ്തുശരീരത്തിൽ പല അവയവങ്ങളായി ഒന്നായിരിക്കുന്ന കൂട്ടായ്മയാണ് ദൈവജനം. അതിൽ ക്രിസ്തുവിനെ തിരിച്ചറിയലും ക്രിസ്ത്വാനുഭവവും, വിശ്വാസത്തിന്റെ പങ്കുവയ്ക്കലും സംഭവ്യമാകുന്നുണ്ട്. ഉദാത്തമായ ഉദാഹരണങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ സമ്മർദ്ദങ്ങളിലും സംഘർഷങ്ങളിലും പോലും ക്രിസ്തു സന്നിഹിതനായിരിക്കുന്നതും സംസാരിക്കുന്നതും സത്യമാണെന്നറിയാം (പാരമ്പര്യങ്ങൾ പഴമയിലാക്കപ്പെടുമ്പോൾ ഈ തിരിച്ചറിയലും പ്രഘോഷണവും തടയപ്പെടുന്നു). ഒരു കാല്പനിക സങ്കല്പമല്ല അത്, ക്രിസ്തുവിൽ ആയിരിക്കുന്നവരുടെ സത്യമാണത്. സുവിശേഷമൂല്യങ്ങളുടെ ലാവണ്യം കണ്ടെത്താനാവുന്നത് അവിടെയാണ്. ഈ ഒരു ബോധ്യത്തിൽ നിന്ന് കാണപ്പെടുന്ന ലോകം, പ്രേഷിതത്വം, ആരാധന, ഭക്തി, പൗരോഹിത്യം, ബലിയർപ്പണം, സാക്ഷ്യം എന്നിവ ക്രിസ്‍തുവിനെ അടുത്ത് സ്പര്ശിക്കാനും കാണാനും കേൾക്കാനും നമ്മെ പ്രാപ്തിയുള്ളവരാക്കും.

സാബത്തിന്റെ ദൂഷ്യത

വിശ്രമിക്കാത്ത ദൈവത്തിന്റെ വിശ്രമത്തെക്കുറിച്ചുണ്ടാക്കിയ ഒരു ആചാരമൂല്യമല്ല ക്രിസ്തു സാബത്തിൽ കണ്ടത്. വിമോചനത്തിന്റെ ആനന്ദം ആഘോഷിക്കപ്പെടേണ്ട ദിവസമായാണ് ക്രിസ്തു സാബത്തിനെ സമീപിച്ചത്. മണവാളൻ ഉള്ളപ്പോൾ ഉപവാസമടക്കം മതപരമായ എല്ലാ നിഷ്ഠകളും ഒഴിവാക്കപ്പെട്ടിരുന്നതുപോലെ, ക്രിസ്തുസാന്നിധ്യം ഉള്ളിലറിയുന്നവർക്ക് ഉപവസിച്ചു വിശ്രമിക്കാനല്ല, ഉണർന്ന് പ്രവർത്തിക്കാനാണ് ക്രിസ്തുവിന്റെ വിളി.  ക്രിസ്തുവിൽ തൊട്ടറിയപ്പെടുന്ന ദൈവഹൃദയം നമ്മിലോരോരുത്തരിലും വരാൻ ആ സാബത്ത് കാരണമാകും. പ്രതിഫലം നേടാനായിട്ടല്ല, മറിച്ച്, ദൈവരാജ്യത്തിലെ ഉത്തരവാദിത്തങ്ങളുടെ നിവർത്തിക്കലായി. അതുകൊണ്ടാണ്, ക്രിസ്തീയദർശനത്തിൽ ഉപവാസത്തിന്, പ്രീതിപ്പെടുത്തുന്ന ഭക്തിമാനത്തേക്കാൾ, സഹതപിക്കുകയും ഐക്യദാർഢ്യവും നൽകുന്ന നീതിയുടെ മാനമുള്ളത്.

വിമോചനമെന്നത് വിപ്ലവവും വെല്ലുവിളിയുമായി കണ്ട് കുറ്റം വിധിക്കുന്നവരുണ്ട്, എന്നാൽ വിമോചനം, രക്ഷയുടെ സമഗ്രതയുടെ ഭാഗമാണ്. ദൈവരാജ്യം പടുത്തുയർത്തപ്പെടുന്നത് ഈ വിമോചനം മനുഷ്യനിൽ തുറന്നിടുന്ന സുവിശേഷമൂല്യങ്ങളിൽനിന്നാണ്. അനീതിയുടെ കെട്ടുകൾ പൊട്ടിക്കാതെ, മർദ്ദിതർക്കു മോചനമുണ്ടാകാതെ, അനാഥർക്കും സംരക്ഷണം ഉറപ്പാക്കാതെ ദൈവരാജ്യം വിദൂരതയിൽ കാണുന്നത് മായക്കാഴ്ചയാണ്. വിമോചനം അലോസരപ്പെടുത്തുന്നത്, നിയമങ്ങളെ സ്വന്തം കാൽച്ചുവട്ടിൽ കൊണ്ടുവന്നിട്ടുള്ളവരാണ്. മനുഷ്യന്റെ അന്തസിനോട് ചേർത്ത് നിർത്തി, അധ്വാനത്തിനുള്ള തോട്ടം എന്ന നിലയിൽ സ്വകാര്യസ്വത്തുസമ്പാദിക്കുന്നത് ന്യായമായി കാണുന്നത്. എന്നാൽ അതുകൊണ്ട്, ജനത്തെ ചൂഷണം ചെയ്യാനും, ആട്ടിയോടിക്കാനും ഭൂമി സ്വന്തമാക്കാനും ശ്രമിക്കുന്നവർ തോട്ടത്തിൽ ചെയ്യുന്നത് അധ്വാനമല്ല കൊലപാതകമാണ്. 

ദൈവരാജ്യം വിമോചനത്തിന്റെ അനുഭവം ആ ചൂഷിതർക്കു നൽകുന്നതാണ് സുവിശേഷവും ക്രിസ്തുവിന്റെ സാബത്തും. സുവിശേഷം, ചൂഷണം ചെയ്യുന്നവരുടെ കുത്തകയാകുമ്പോൾ ദുഷിക്കുന്ന വിശ്വാസസംവിധാനങ്ങളുമുണ്ടാകും. പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന നിയമത്തിനു മുമ്പിൽ മൗനം അവലംബിച്ചു സമരസപ്പെടുമ്പോൾ നീതിക്കുവേണ്ടിയുള്ള ആബേലിന്റെ നിലവിളി കേൾക്കാതെയാവുന്നില്ല, കേട്ട് കൊണ്ടും പരിഹസിക്കപ്പെടുകയാണ്. നാബോത്തിന്റെ രക്തത്തെപ്രതി ഏലിയാ പ്രതികരിച്ചപ്പോൾ അത് രാജാധികാരത്തെയും, ആ ദുഷിച്ച അധികാരം നടപ്പിലാക്കിയ മതസംവിധാനങ്ങളെയും കൂടി വെല്ലു വിളിച്ചു. രക്ഷയുടെ മാനം വിമോചനത്തിന്റെ സ്വാതന്ത്ര്യാനുഭവമാകുമ്പോൾ അതിനെതിരായി നിന്നത് മതം തന്നെയായിരുന്നു എന്നതാണ് വിശ്രമത്തിന്റെ സാബത്തിന്റെ ദൂഷ്യത. 

ജനുവരി 15, 2023

പാപം വഹിക്കുന്നവർ

 പാപം എന്നത്, പ്രകാശം ലോകത്തിലേക്ക് വന്നിട്ടും, പ്രകാശത്തേക്കാൾ കൂടുതലായി അവർ അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ്. ആ അജ്ഞതയെ പല രീതികളിൽ യോഹന്നാൻ അവതരിപ്പിക്കുന്നുമുണ്ട്. സകലചരാചരങ്ങളിലും സന്നിഹിതമായ വചനത്തെ ലോകം ഗ്രഹിച്ചില്ല, അവൻ അവരുടെ അടുത്തേക്ക് വന്നു, അവർ അവനെ തിരിച്ചറിഞ്ഞില്ല, അവൻ അവർക്കിടയിൽ നിന്നപ്പോഴും അവർക്ക് അവനെ മനസ്സിലായില്ല. സ്നാപക യോഹന്നാന് പോലും അവനെക്കുറിച്ചുള്ള ഉറപ്പിനായി പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളം അവനു മീതെ കാണേണ്ടതുണ്ടായിരുന്നു.

തിരിച്ചറിവും ആത്മസാക്ഷാത്കാരവും ബൗദ്ധികമായ പ്രദീപ്തതയിൽ  ലഭ്യമാകുമെന്നല്ല യോഹന്നാൻ പറഞ്ഞത്. ക്രിസ്തുവിനെ കാണുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് വിമോചനവും രക്ഷയും പൂർണ്ണതയും. രാത്രിയിൽ പ്രകാശം തേടിയെത്തുന്ന നിക്കോദേമോസും, കണ്ണുകൾ തുറക്കപ്പെട്ട ബെർത്തിമേയൂസും പ്രകാശം കാണുന്നവരാണ്. ഈ കാഴ്ച ദൈവപുത്രന്റെ അനുഭവമാണ്. ദൈവത്തിന്റെ പ്രകാശത്തിലേക്ക് ഹൃദയങ്ങളെ തുറക്കുന്നവനാണ് ദൈവത്തിന്റെ കുഞ്ഞാട്. അന്ധകാരത്തിൽ നടക്കുന്നവനും, അന്ധനും വെളിച്ചം പകരുന്നതാണ് പാപം നീക്കുന്ന പ്രവൃത്തി.

ക്രിസ്തുവിൽ കാണപ്പെടുന്ന വെളിച്ചം, മനുഷ്യന് ആശ്വാസവും ശക്തിയും, സൗഖ്യവും ജീവനുമാണ്. അത് സ്വീകരിച്ചവർക്കേ ദേശങ്ങൾക്കു പ്രകാശമാകുവാൻ കഴിയൂ. ആ വെളിച്ചം കാഴ്ചയോ അറിവോ മാത്രമല്ല. ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവത്തിൽ തൊട്ടറിയപ്പെടുന്ന ദൈവചൈതന്യത്തെ സ്വന്തമാക്കുകയും ജീവിക്കുകയും ചെയ്യുന്നതാണത്. ക്രിസ്തുവിനെ സ്വഭാവം ജീവിക്കുന്നവരിൽ നിന്നേ ക്രിസ്തുവിന്റെ ശരീരാംഗങ്ങളുടെ പ്രവൃത്തികളായി ജനതയ്ക്കു പ്രകാശമായി മാറപ്പെടൂ. പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്, 'പാപം' ഏറ്റെടുക്കുന്നത് എന്തെങ്കിലും ഒരു വസ്തു താങ്ങിയെടുക്കുന്നതുപോലെയല്ല. പാപമെന്നത്, കൃപയുടെ രാഹിത്യമായതുകൊണ്ട്, പാപം ഏറ്റെടുക്കുന്നത് ജീവൻ ചൊരിഞ്ഞുകൊണ്ടാണ്. 

രക്ഷ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും അനുഭവമാകുന്നത് അത് ജീവന്റെ അനുഭവമാകുമ്പോഴാണ്. രക്ഷയെ ആചാരമാകുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഈ ജീവനാണ്. ക്രിസ്തു നമുക്കായി ദൈവഹൃദയം വെളിപ്പെടുത്തിയത് തന്റെ മനുഷ്യാവസ്ഥയുടെ തന്നെയാണ്. ആ സ്വഭാവങ്ങളെ സ്വന്തമാക്കാതെ സൗകര്യപൂർവ്വം രൂപപ്പെടുത്തുന്ന ആചാരങ്ങളും ചട്ടങ്ങളും ക്രിസ്തുവിലെ കരുണയും ക്ഷമയും സ്വീകാര്യതയും സഹാനുഭൂതിയും സ്നേഹവും സമാധാനവുമായി ഒരു ബന്ധവുമില്ലാത്തതാകുമ്പോൾ അവ വിഗ്രഹങ്ങൾ കൂടിയാണ്. ആ ഗുണങ്ങളില്ലാതെ ഏതൊക്കെ വിധേയത്വങ്ങൾ ഉണ്ടായാലും എങ്ങനെ നമ്മൾ ദേശങ്ങൾക്കു പ്രകാശമാകും! പാപം വഹിക്കുന്നവർ, അനീതിക്ക് പരിഹാരവും നൊമ്പരങ്ങൾക്കു ആശ്വാസവും, ജീവനില്ലാത്തിടത്തു ജീവനും, പാപം ഭാരപ്പെടുത്തുന്നവർക്കു കൃപയുമാകേണ്ടതുണ്ട്. ഇല്ലെങ്കിൽ, ഇത്തരം പ്രകാശമില്ലാത്ത ഉപവാസങ്ങളും ത്യാഗപ്രവൃത്തികളും യജ്ഞങ്ങളായി ഒടുങ്ങും. പാപം വഹിക്കുന്നവർ, ജീവൻ ചൊരിഞ്ഞു കൊണ്ട് പ്രകാശ വാഹകരായിക്കൊണ്ടാണ് അത് നിവർത്തിക്കേണ്ടത്. 

ജനുവരി 04, 2023

വിശ്വാസം നൽകുന്ന ഉറപ്പ്

വിശ്വാസത്തിൽ നിന്ന് ലഭ്യമാകുന്ന ഉറപ്പ് ക്രിസ്തുവിലുള്ള ജീവിതത്തെക്കുറിച്ചുള്ള ഉറപ്പാണ്. ജീവിതം അന്വേഷിക്കുന്ന സത്യവും, സർഗ്ഗസൗന്ദര്യവും നന്മയും, സേവനത്തിലും ഭക്തിയിലുമുള്ള ശൂന്യവത്കരണ ലാവണ്യവും ക്രിസ്തുവിൽ സജീവത കണ്ടെത്തുന്നു എന്ന ഉറപ്പ്. രക്ഷയുടെ സമഗ്രതയും ക്രിസ്തുവിലുള്ള കൂട്ടായ്മയും അതിന്റെ ഭാഗമാണ്. ശാസ്ത്രനിരീക്ഷണങ്ങളോ ചരിത്ര ഗവേഷണങ്ങളോ ഈ ഉറപ്പു മൂലം നിരാകരിക്കപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്യുന്നില്ല. വിശ്വാസമായാലും ശാസ്ത്രമായാലും absolutism അവകാശപ്പെടുന്നിടത്ത് അവ സ്വയം അടയ്ക്കുകയാണ്.


വിശ്വാസം നൽകുന്ന ഉറപ്പ്, ആറ്റോമിക സിദ്ധാന്തത്തെക്കുറിച്ചോ പ്രപഞ്ചത്തിന്റെ പരിണാമത്തെക്കുറിച്ചോ അവസാനവാക്കാവേണ്ടവയല്ല. ശാസ്ത്രം അതിന്റെ രീതിശാസ്ത്രത്തെ സൂക്ഷ്മതയോടെ പാലിക്കുമ്പോഴാണ് അത് വിശ്വസനീയമാകുന്നത്. ആറ്റോമിക ഘടനയെക്കുറിച്ചും പ്രപഞ്ചത്തിന്റെ ഘടനയെയും വികാസത്തെയും സംബന്ധിച്ചും മനുഷ്യനുള്ള അറിവുകൾ വളരുകയും കൂടുതൽ വ്യാപ്തിയുള്ളതാവുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ പ്രകൃത്യാ ഉള്ള സ്വഭാവത്തെക്കുറിച്ചും, മനസിനെക്കുറിച്ചും അത്തരത്തിൽ വ്യക്തമായ അറിവുകൾ ലഭ്യമാക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഉള്ളതുകൊണ്ട്, തൂണുകളാൽ താങ്ങി നിർത്തപ്പെട്ടിരിക്കുന്ന പരന്ന പ്രതലമായ ഭൂമിയെ പ്രപഞ്ച സത്യമായി സ്വീകരിക്കണമെന്ന് വിശ്വാസം നൽകുന്ന 'ഉറപ്പ്' പ്രേരിപ്പിക്കുന്നില്ല. സർവ്വജ്ഞാനിയും സത്ഗുണസമ്പന്നനുമായ ആദം വർഷങ്ങൾക്കു മുമ്പ് ജീവിച്ചു എന്ന് കരുതാനും വിശ്വാസം നൽകുന്ന 'ഉറപ്പ്' പ്രേരിപ്പിക്കുന്നില്ല.

പുതുതായി ലഭ്യമാകുന്ന അറിവുകളെ സ്വീകരിക്കുക എന്നത് ബലഹീനതയല്ല, പക്വതയും വളർച്ചയുമാണ്. ഈ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കാൻ കഴിയാതാവുന്നത് ഒരുപക്ഷേ ബൗദ്ധികമായ ഒരു സുരക്ഷിതബോധത്തിനുവേണ്ടിയാകാം. ആ സുരക്ഷക്ക് വേണ്ടി അരിസ്റോട്ടിലിന്റെയും, പ്ലേറ്റോയുടെയും, ബൈബിൾ ലോകവീക്ഷണങ്ങളുടെയും കാഴ്ചപ്പാടുകളിലേക്കുള്ള പിൻവാങ്ങൽ വിശ്വാസത്തിന്റെ ഉറപ്പിനെ തളർത്തുകയാണ്. വിശ്വാസത്തിന്റെ ഉറപ്പ് ബൗദ്ധികവും സാമൂഹികവും ശാസ്ത്രീയവുമായ അനിശ്ചിതത്വങ്ങളോട് സംവദിക്കാൻ കഴിവുള്ളതാവണം. ഒരാളുടെ ബുദ്ധിക്കു ലഭിക്കുന്ന വ്യക്തതയിലെ ഉറപ്പല്ല വിശ്വാസത്തിന്റെ ഉറപ്പ്. വിശ്വാസത്തിന്റെ ഉറപ്പ് ക്രിസ്തുവിനെ ജീവിതത്തിലേക്ക് പങ്കു ചേർക്കലാണ്, മാത്രവുമല്ല അത് വ്യക്തിപരമായി ചുരുക്കാനാവാത്തതും സമൂഹം മുഴുവന്റെയും കൂട്ടുത്തരവാദിത്തവുമാണ്.

വിശ്വാസത്തിന്റെ ഉറപ്പ് ക്രിസ്തുവിലുള്ള ഉറപ്പാണ്. നമ്മുടെ മാനുഷികതയെ സ്വന്തം ശരീരമാക്കി നമ്മിൽ സന്നിഹിതനായിരിക്കുന്ന, ക്രിസ്തുവിലുള്ള ഉറപ്പ്. വിശ്വാസം എന്നത് മതാചാരങ്ങളായി ചുരുക്കപ്പെടുന്നതിലെ അപാകത വിസ്മരിക്കാവുന്നതല്ല. ക്രിസ്തു നമ്മിലായിരിക്കുന്നത് രക്ഷ ജീവിക്കുന്ന അനുഭവമാക്കിക്കൊണ്ടാണ്. ആ ഉറപ്പിന്മേലെ ദൈവരാജ്യത്തിന്റെ ആസ്വാദനവും ദൈവം സ്നേഹമാണെന്ന അറിവും ഉറപ്പിക്കാനാകൂ.

ജനുവരി 03, 2023

സിനഡിന്റെ വീക്ഷണം Jan 2023

സിനഡിന്റെ വീക്ഷണം കുറേക്കൂടി വിസ്തൃതമായതും യാഥാർത്ഥ്യബോധമുള്ളതുമാകുമെന്നു പ്രതീക്ഷിക്കുന്നു.

ക്രിസ്തീയം, മാനവീയം, വിശ്വസനീയം, ആധികാരികം എന്നീ തലങ്ങൾ സഭക്ക് നഷ്ടപ്പെട്ടത് വീണ്ടടുക്കാൻ ആത്മാർത്ഥമായ വിചിന്തനത്തിനു തയ്യാറായേ മതിയാകൂ. സംഘടിതസംവിധാനങ്ങൾക്കപ്പുറം ക്രിസ്തുചൈതന്യത്തെ ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ലെങ്കിൽ സ്വയം കാലഹരണപ്പെടുത്തുന്ന ഒരു സമ്മേളനം മാത്രമായി സിനഡ് ചുരുങ്ങും.
മാനുഷികമായ ഉത്തരവാദിത്തങ്ങളും കടമകളും നിവർത്തിയാക്കിക്കൊണ്ടാണ് ദൈവിക കൃപ പ്രവർത്തിക്കാൻ ആഗ്രഹിക്കേണ്ടത്. കൃപ പ്രവർത്തിക്കുന്നതും, അത്തരം ആത്മാർത്ഥമായ കൃത്യനിർവഹണങ്ങളിലൂടെ മാത്രമാണ്. കഠിനഹൃദയരായിരുന്നു കൊണ്ട് ദൈവകൃപ ശക്തമായി ഇടപെടുന്നതിനായി പ്രതിച്ചതു കൊണ്ട് ദൈവത്തെക്കൂടി പരിഹസിക്കുകയാണ് ചെയ്യുന്നത്. ഐക്യം എന്നത് ഒരു 'ശക്തി' ആയി വന്നു ചേരുന്ന ആത്മാവല്ല. ഐക്യം, അനുസരണം, തുറവി എന്നിവ സുതാര്യതയിലേ ജനിക്കൂ എന്നത് സാമാന്യബോധമാണ്. 'കുരിശു വരക്കാൻ പഠിപ്പിക്കുന്ന അപ്പന്റെ ശിക്ഷണമല്ല' ഉചിതമായിട്ടുള്ള രൂപകം. അപ്പനെയും സഹോദരരേയും പരസ്പരം അറിയാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന അവസ്ഥയാണ് യാഥാർത്ഥത്തിലുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. എന്തുകൊണ്ട് നമ്മൾ സുതാര്യതയെ ഭയക്കുന്നു എന്നത് സഭക്കു മൊത്തമായുള്ള ആശങ്കയാണ്.
മാത്രമല്ല, നിർണ്ണായക വിഷയങ്ങളിൽ സിനഡുകൾ പറഞ്ഞവയെക്കാൾ, മൗനമായിരിക്കുന്ന തലങ്ങൾ സഭാംഗങ്ങളും പൊതുസമൂഹവും കാര്യമായി നിർവചിക്കാൻ ശ്രമിക്കുന്നു എന്നത് സൂക്ഷ്മതയോടെ കാണുകയും വിവേകത്തോടെ പ്രതികരിക്കേണ്ടതുമാണ്. കോവിഡനന്തര സമൂഹം, പ്രത്യേകിച്ച് യുവതലമുറ കടന്നു പോകുന്ന അവസ്ഥകൾ (ബൗദ്ധികവും അസ്ത്വിത്വപരവുമായ) സഭാശരീരം കടന്നു പോകുന്ന യാഥാർത്ഥ്യമാണ്. അവയെ പഠിക്കാനും സംഘര്ഷങ്ങളെയും സമ്മർദ്ദങ്ങളെയും തിരിച്ചറിയാനും സഭക്ക് കഴിയണം. ഉടമ്പടികൾക്ക് പരിഹരിക്കാവുന്നതല്ല അവ, എന്നാൽ സഭക്ക് ഒരുമിച്ച് കൈപിടിച്ച് കടന്നു പോകാൻ മാർഗ്ഗങ്ങൾ വിവേചിച്ചറിയാൻ കഴിയും. പീഢിപ്പിക്കപ്പെടുന്ന ഒരു സമൂഹമായി ക്രിസ്തീയ സമൂഹം പലയിടത്തും മാറുമ്പോൾ സഭാശരീരമെന്ന നിലയിൽ അവരുടെ ജീവിതാവസ്ഥകൾ കാണുന്നതിനും, സേവാശുശ്രൂഷകളിലെ സാക്ഷ്യവും പ്രവാചക ധീരതയും വളർത്തുവാനും എന്ത് ചെയ്യേണ്ടിയിരിക്കുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സഹാനുഭൂതി, ഐക്യം, എന്നിവയൊക്കെ അർത്ഥം സ്വീകരിക്കുന്ന തലങ്ങൾ ഇവയൊക്കെ ഉൾക്കൊള്ളുന്ന കർമ്മപഥങ്ങളിലാണ്.

ജനുവരി 01, 2023

നീതി - സ്നേഹത്തിന്റെ ഉത്തരവാദിത്തബോധവും സത്യത്തിന്റെ സ്വാതന്ത്ര്യവും

 നീതിമാന്മാരായ ഞങ്ങളൊക്കെ ദൈവത്തിനടുത്ത് നിൽക്കുമ്പോൾ, ദൈവനിഷേധികളായ 'അവരിൽ' ജീവൻ ഉണ്ടാകാൻ ഞങ്ങളുടെ നീതിയിൽ ഇടമുണ്ടോ? ഞങ്ങൾക്കു മുൻപിൽ മുട്ട് മടക്കിയാൽ മാത്രമേ അവർ ജീവൻ പ്രാപിക്കുകയുള്ളോ? അതോ അവരുടെ നാശമാണോ 'എന്റെ' നീതിയും സാന്മാര്ഗികതയും നിയമവും ആഗ്രഹിക്കുന്നത്?


ദൈവസ്നേഹം മാത്രമാണ് വിശ്വാസത്തിന്റെ കേന്ദ്രവും അവതരണവുമെങ്കിൽ ആളുകൾ തോന്നിയതു പോലെ ജീവിക്കാൻ തുടങ്ങും എന്ന ഒരു കാഴ്ചപ്പാടുണ്ട്. തികച്ചും കർശനമായ ഒരു നിയമവ്യവസ്ഥയാണ് ദൈവികമായി പകരം മുന്നോട്ടു വയ്ക്കപ്പെടുന്നത്. ദൈവനീതി സമഗ്രമാണ്, അതിന്റെ ഉദ്ദേശ്യം ജീവന്റെ സമൃദ്ധിയാണ്. നന്മകളെ വളർത്തുന്നതോടൊപ്പം തിന്മകളെ പരിഹരിയ്ക്കാനും, തിന്മ ചെയ്യുന്നവരിൽക്കൂടി ജീവൻ പകർന്നു നൽകാൻ ഉതകുന്നതുമാണ് ആ നീതി. എല്ലാവരിലും നന്മയും ജീവനും ഉറപ്പാക്കാനാണ് ദൈവത്തിന്റെ ഇച്ഛ (ഇഷ്ടപ്പെടുന്നവരിലെ തിന്മകൾക്ക് നേരെ കണ്ണടക്കുന്നതും ദൈവിക നീതിയുടെ ഭാഗമല്ല; അവിടെ ജീവന്റെ സമൃദ്ധി തുറക്കപ്പെടില്ല).

യഥാർത്ഥ സ്നേഹം ഒരിക്കലും തോന്നിയതു പോലെ നടക്കാൻ പ്രേരിപ്പിക്കുന്നില്ല. സ്നേഹം എത്രമാത്രം ഉത്തരവാദിത്തങ്ങളെ അതോടു ചേർത്ത് നിർത്തുന്നു എന്ന് നമുക്കറിയാം, അത് എത്രമാത്രം സ്വാതന്ത്യ്രം ഉൾക്കൊള്ളുന്നെന്നും സ്വാതന്ത്ര്യത്തിലേക്കു തുറക്കുന്നെന്നും നമുക്കറിയാം. സ്നേഹത്തിന്റെ പൊയ്മുഖങ്ങളണിയപ്പെടുന്നിടത്താണ് അത് ഭാരമേൽപ്പിക്കുന്ന ബന്ധനങ്ങളാകുന്നത്. അപ്പോൾ സ്നേഹമെന്നാൽ (പ്രേയസിയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും സഭയെക്കുറിക്കും ദൈവത്തെകുറിക്കും ആദര്ശങ്ങളെക്കുറിച്ചും) പ്രീണനം, വൈകാരികമായ വിധേയത്വവും ചായ്‌വും, സമരസപ്പെടൽ എന്നിവയൊക്കെയായി മാറിയേക്കാം.

സ്നേഹവും നീതിയും സത്യമുൾക്കൊള്ളുമ്പോഴാണ് അവ യാഥാർത്ഥ്യമാകുന്നത്. ജീവന്റെ സമൃദ്ധി ഈ സത്യം നൽകുന്ന സ്വാതന്ത്ര്യത്തിൽ നിന്നാണ്. നിയമവ്യവസ്ഥ നിർദ്ദേശിക്കുന്ന അച്ചടക്കം ശിക്ഷാനടപടികൾ തുടങ്ങിയവ സ്നേഹം, സത്യം, ജീവൻ, സ്വാതന്ത്ര്യം എന്നിവയുടെ സമഗ്രതയെ ആഗ്രഹിക്കുന്നില്ല. ഐക്യം ക്രമം, സമാധാനം എന്നിവ മുന്പിലുള്ളപ്പോഴും പലപ്പോഴും അവ ഭാഗികമായതോ പ്രതികാരമോ ആയിത്തീരുന്നു. 'വഴിതെറ്റിയവരും' 'നിയമവിരോധികളും' 'ദൈവനിഷേധികളും' 'അസന്മാര്ഗികളും' ആയിട്ടുള്ളവരെ നിയമം മൂലം തെറ്റുകാരാണെന്നു വിധിക്കാം. പക്ഷേ ദൈവനീതി ആഗ്രഹിക്കുന്നത് പോലെ അവരിൽ സ്നേഹം, സത്യം, ജീവൻ, സ്വാതന്ത്ര്യം എന്നിവ നിറയാൻ 'എന്റെ' ധാർമ്മികതയിൽ എന്ത് മാർഗ്ഗമാണുള്ളത്? എന്റെ ശരികളിലാണ് അപരരുടെ സ്വാതന്ത്രം എന്നത് ദൈവികമായ വഴിയല്ല.

അപ്രായോഗികതയാവും ഉടനെ മുമ്പോട്ട് വയ്ക്കാവുന്ന പ്രതികരണം. പക്ഷേ, പ്രായോഗികതക്ക് വേണ്ടി ദൈവികനീതിയെ വക്രവത്കരിക്കുന്നത് ശരിയല്ലല്ലോ. സ്നേഹത്തിന്റെ ഉത്തരവാദിത്തബോധത്തിനും സത്യത്തിന്റെ സ്വാതന്ത്ര്യത്തിനും നമ്മുടെ സാന്മാർഗിക പാഠത്തിലും പൊതുബോധത്തിലും ഇടം നല്കിത്തുടങ്ങണം. വിധിച്ച് വിധിച്ച് അലങ്കോലമാക്കപ്പെട്ട നന്മയും ശരികളും ജീവശ്വാസം നേടട്ടെ.