Gentle Dew Drop

ജനുവരി 16, 2023

പാരമ്പര്യങ്ങളും പൈതൃകവും

 പാരമ്പര്യങ്ങളും പൈതൃകവും വളർച്ചയും വികാസവും ഇല്ലാത്തതാണെങ്കിൽ അതിൽ പരിശുദ്ധാത്മാവ് നൽകുന്ന നവീനതക്ക് സ്ഥാനമൊന്നുമില്ല. നവീകരിക്കപ്പെടാത്ത പാരമ്പര്യങ്ങൾക്കു തുടർച്ചയില്ല. പഴമയിൽ ഭ്രമിക്കുന്ന പാരമ്പര്യം ശിഥിലമാവുകയോ കഠിനമാവുകയോ ചെയ്യും. മൂർത്തീഭവിക്കപ്പെടുന്ന പാരമ്പര്യങ്ങൾക്കു ജീവനില്ല. ജീവസാന്നിധ്യം ഉള്ളവ ഫലദായകത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ വളർന്നു. അതിന്റെ വികാസമെന്നത് പല മരണങ്ങളും ഉത്ഥാനങ്ങളും ഉൾക്കൊള്ളുന്നു. 

ദൈവജനത്തിന്റെ ദൈവാനുഭവങ്ങളിൽ നിന്നാണ് യഥാർത്ഥ പാരമ്പര്യങ്ങൾ രൂപപ്പെടുന്നത്. ഒരു കാലഘട്ടത്തിൽ രൂപപ്പെടുകയും, കൈമാറപ്പെടേണ്ടതിനായി സാന്ദ്രീകരിക്കപ്പെട്ട് എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തതല്ല അത്. ദൈവാനുഭവം ഹൃദ്യമാക്കിയ പരിശുദ്ധാത്മാവ് പ്രവർത്തനനിരതനായിരിക്കുന്നതിനാൽ ആ ആത്മാവിനെ ഇന്നും ശ്രവിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്ന ദൈവജനത്തിന്റെ നവീനമായ അനുഭവങ്ങളിലൂടെ പാരമ്പര്യങ്ങൾ രൂപപ്പെടുന്നുണ്ട്. 

മതാധിപത്യത്തിന്റെയും പുരോഹിതമേൽക്കോയ്മയുടെയും കാലം കഴിഞ്ഞെന്നു തിരിച്ചറിയുന്നത്, മതേതരമോ ദൈവരഹിതമോ ആയ സാമൂഹികമാറ്റം മാത്രമായി കാണാനാവില്ല. ദൈവജനത്തിന്റെ ഹൃദയവികാസത്തിന്റെ അടയാളംകൂടിയാണത്. പുരോഹിതനും പ്രവാചകനും, ഒരിക്കൽക്കൂടി പിറകോട്ടു നടക്കാനല്ല  പദ്ധതികളും ഭാഷ്യങ്ങളും  ആലോചിക്കേണ്ടത്, മറിച്ച്, ആത്മാവ് നൽകുന്ന അടയാളങ്ങളെ ദൈവജനത്തിനിടയിൽ തിരിച്ചറിയുകയും ഉയർത്തിപ്പിടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആ അടയാളങ്ങൾ തിരിച്ചറിയപ്പെടുന്നത് അവ, ജീവന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വാഹകരാകുന്നുണ്ടോ എന്നതിൽ നിന്നാണ്. പകരം വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങൾ നിയന്ത്രിക്കുന്ന മതാത്മകത ജനപ്രിയത ആകർഷിക്കുമ്പോൾ അപരതയും വെറുപ്പും സംശയവും ജനിപ്പിക്കുന്ന മതാഭാഷ്യങ്ങളാണ് രൂപപ്പെടുന്നത്. ലാഭമുള്ള ഭക്തികളും ദൈവരൂപങ്ങളും ഇന്ന് വളരെയാണ്. പ്രവാചകരും പുരോഹിതരും അവരുടെ പ്രചാരകരാകുമ്പോൾ ആത്മചൈതന്യമില്ലാത്ത വിശ്വാസമാണ് രൂപപ്പെടുന്നത്. 

വിശ്വാസം സ്വീകരിക്കുകയും അതിൽ വളരുകയും ചെയ്യുന്ന ഒരു സമൂഹം മാത്രമല്ല ദൈവജനം. ദൈവം കൂടെ വസിക്കുന്ന, ദൈവത്തിൽ സംയോജിക്കപ്പെട്ട, ക്രിസ്തുശരീരത്തിൽ പല അവയവങ്ങളായി ഒന്നായിരിക്കുന്ന കൂട്ടായ്മയാണ് ദൈവജനം. അതിൽ ക്രിസ്തുവിനെ തിരിച്ചറിയലും ക്രിസ്ത്വാനുഭവവും, വിശ്വാസത്തിന്റെ പങ്കുവയ്ക്കലും സംഭവ്യമാകുന്നുണ്ട്. ഉദാത്തമായ ഉദാഹരണങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ സമ്മർദ്ദങ്ങളിലും സംഘർഷങ്ങളിലും പോലും ക്രിസ്തു സന്നിഹിതനായിരിക്കുന്നതും സംസാരിക്കുന്നതും സത്യമാണെന്നറിയാം (പാരമ്പര്യങ്ങൾ പഴമയിലാക്കപ്പെടുമ്പോൾ ഈ തിരിച്ചറിയലും പ്രഘോഷണവും തടയപ്പെടുന്നു). ഒരു കാല്പനിക സങ്കല്പമല്ല അത്, ക്രിസ്തുവിൽ ആയിരിക്കുന്നവരുടെ സത്യമാണത്. സുവിശേഷമൂല്യങ്ങളുടെ ലാവണ്യം കണ്ടെത്താനാവുന്നത് അവിടെയാണ്. ഈ ഒരു ബോധ്യത്തിൽ നിന്ന് കാണപ്പെടുന്ന ലോകം, പ്രേഷിതത്വം, ആരാധന, ഭക്തി, പൗരോഹിത്യം, ബലിയർപ്പണം, സാക്ഷ്യം എന്നിവ ക്രിസ്‍തുവിനെ അടുത്ത് സ്പര്ശിക്കാനും കാണാനും കേൾക്കാനും നമ്മെ പ്രാപ്തിയുള്ളവരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ