നീതിമാന്മാരായ ഞങ്ങളൊക്കെ ദൈവത്തിനടുത്ത് നിൽക്കുമ്പോൾ, ദൈവനിഷേധികളായ 'അവരിൽ' ജീവൻ ഉണ്ടാകാൻ ഞങ്ങളുടെ നീതിയിൽ ഇടമുണ്ടോ? ഞങ്ങൾക്കു മുൻപിൽ മുട്ട് മടക്കിയാൽ മാത്രമേ അവർ ജീവൻ പ്രാപിക്കുകയുള്ളോ? അതോ അവരുടെ നാശമാണോ 'എന്റെ' നീതിയും സാന്മാര്ഗികതയും നിയമവും ആഗ്രഹിക്കുന്നത്?
ദൈവസ്നേഹം മാത്രമാണ് വിശ്വാസത്തിന്റെ കേന്ദ്രവും അവതരണവുമെങ്കിൽ ആളുകൾ തോന്നിയതു പോലെ ജീവിക്കാൻ തുടങ്ങും എന്ന ഒരു കാഴ്ചപ്പാടുണ്ട്. തികച്ചും കർശനമായ ഒരു നിയമവ്യവസ്ഥയാണ് ദൈവികമായി പകരം മുന്നോട്ടു വയ്ക്കപ്പെടുന്നത്. ദൈവനീതി സമഗ്രമാണ്, അതിന്റെ ഉദ്ദേശ്യം ജീവന്റെ സമൃദ്ധിയാണ്. നന്മകളെ വളർത്തുന്നതോടൊപ്പം തിന്മകളെ പരിഹരിയ്ക്കാനും, തിന്മ ചെയ്യുന്നവരിൽക്കൂടി ജീവൻ പകർന്നു നൽകാൻ ഉതകുന്നതുമാണ് ആ നീതി. എല്ലാവരിലും നന്മയും ജീവനും ഉറപ്പാക്കാനാണ് ദൈവത്തിന്റെ ഇച്ഛ (ഇഷ്ടപ്പെടുന്നവരിലെ തിന്മകൾക്ക് നേരെ കണ്ണടക്കുന്നതും ദൈവിക നീതിയുടെ ഭാഗമല്ല; അവിടെ ജീവന്റെ സമൃദ്ധി തുറക്കപ്പെടില്ല).
യഥാർത്ഥ സ്നേഹം ഒരിക്കലും തോന്നിയതു പോലെ നടക്കാൻ പ്രേരിപ്പിക്കുന്നില്ല. സ്നേഹം എത്രമാത്രം ഉത്തരവാദിത്തങ്ങളെ അതോടു ചേർത്ത് നിർത്തുന്നു എന്ന് നമുക്കറിയാം, അത് എത്രമാത്രം സ്വാതന്ത്യ്രം ഉൾക്കൊള്ളുന്നെന്നും സ്വാതന്ത്ര്യത്തിലേക്കു തുറക്കുന്നെന്നും നമുക്കറിയാം. സ്നേഹത്തിന്റെ പൊയ്മുഖങ്ങളണിയപ്പെടുന്നിടത്താണ് അത് ഭാരമേൽപ്പിക്കുന്ന ബന്ധനങ്ങളാകുന്നത്. അപ്പോൾ സ്നേഹമെന്നാൽ (പ്രേയസിയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും സഭയെക്കുറിക്കും ദൈവത്തെകുറിക്കും ആദര്ശങ്ങളെക്കുറിച്ചും) പ്രീണനം, വൈകാരികമായ വിധേയത്വവും ചായ്‌വും, സമരസപ്പെടൽ എന്നിവയൊക്കെയായി മാറിയേക്കാം.
സ്നേഹവും നീതിയും സത്യമുൾക്കൊള്ളുമ്പോഴാണ് അവ യാഥാർത്ഥ്യമാകുന്നത്. ജീവന്റെ സമൃദ്ധി ഈ സത്യം നൽകുന്ന സ്വാതന്ത്ര്യത്തിൽ നിന്നാണ്. നിയമവ്യവസ്ഥ നിർദ്ദേശിക്കുന്ന അച്ചടക്കം ശിക്ഷാനടപടികൾ തുടങ്ങിയവ സ്നേഹം, സത്യം, ജീവൻ, സ്വാതന്ത്ര്യം എന്നിവയുടെ സമഗ്രതയെ ആഗ്രഹിക്കുന്നില്ല. ഐക്യം ക്രമം, സമാധാനം എന്നിവ മുന്പിലുള്ളപ്പോഴും പലപ്പോഴും അവ ഭാഗികമായതോ പ്രതികാരമോ ആയിത്തീരുന്നു. 'വഴിതെറ്റിയവരും' 'നിയമവിരോധികളും' 'ദൈവനിഷേധികളും' 'അസന്മാര്ഗികളും' ആയിട്ടുള്ളവരെ നിയമം മൂലം തെറ്റുകാരാണെന്നു വിധിക്കാം. പക്ഷേ ദൈവനീതി ആഗ്രഹിക്കുന്നത് പോലെ അവരിൽ സ്നേഹം, സത്യം, ജീവൻ, സ്വാതന്ത്ര്യം എന്നിവ നിറയാൻ 'എന്റെ' ധാർമ്മികതയിൽ എന്ത് മാർഗ്ഗമാണുള്ളത്? എന്റെ ശരികളിലാണ് അപരരുടെ സ്വാതന്ത്രം എന്നത് ദൈവികമായ വഴിയല്ല.
അപ്രായോഗികതയാവും ഉടനെ മുമ്പോട്ട് വയ്ക്കാവുന്ന പ്രതികരണം. പക്ഷേ, പ്രായോഗികതക്ക് വേണ്ടി ദൈവികനീതിയെ വക്രവത്കരിക്കുന്നത് ശരിയല്ലല്ലോ. സ്നേഹത്തിന്റെ ഉത്തരവാദിത്തബോധത്തിനും സത്യത്തിന്റെ സ്വാതന്ത്ര്യത്തിനും നമ്മുടെ സാന്മാർഗിക പാഠത്തിലും പൊതുബോധത്തിലും ഇടം നല്കിത്തുടങ്ങണം. വിധിച്ച് വിധിച്ച് അലങ്കോലമാക്കപ്പെട്ട നന്മയും ശരികളും ജീവശ്വാസം നേടട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ