Gentle Dew Drop

ഡിസംബർ 30, 2022

കൂട്ടായ്മയില്ലാത്ത ബലി

ദേവാലയത്തിലോ ബലിപീഠത്തിലോ കേന്ദ്രീകൃതമായതല്ല ക്രിസ്തീയജീവിതം. ക്രിസ്തുവിൽ ഒന്നായിരുന്ന സമൂഹമാണ് ക്രിസ്തീയ ജീവിതത്തിന്റെ സത്തയും ആസ്വാദനവും. ക്രിസ്തുവാണ് അതിന്റെ രൂപവും ആത്മാവും ആകാരവും. പ്രാർത്ഥനകളും കൂദാശകളും ദേവാലയവും ബലിപീഠവും അർത്ഥം സ്വീകരിക്കുന്നത് ഈ ക്രിസ്‌തുശരീരത്തിൽ നിന്നാണ്. യഹൂദരുടെ ദൈവചിന്തയിൽ നിന്നും ആരാധനയിൽ നിന്നും ക്രിസ്തീയതയെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. ബലി കണ്ട് സംപ്രീതനാകുന്ന ദൈവമല്ല ക്രിസ്തുവിലൂടെ നമ്മൾ ആരാധിക്കുന്ന ദൈവം. അനുഗ്രഹം ചൊരിയാനും പാപം ക്ഷമിക്കാനും കരുണ വർഷിക്കാനും ബലികൾ ആവശ്യപ്പെടുന്നവനുമല്ല ദൈവം. പഴയനിയമത്തിൽ ബലി-കാഴ്ചകൾ ദൈവബന്ധത്തിലെ ഒരു കടമയായിരുന്നെങ്കിൽ, ക്രിസ്തുശരീരത്തിൽ, പരസ്പരം ചേർത്തു നിർത്തുന്ന സ്നേഹമഭ്യസിക്കുക എന്നതാണ് കടമ. പ്രാർത്ഥനയിലും മറ്റും സമ്പുഷ്ടമാക്കപ്പെടുന്നതും വളർത്തപ്പെടുന്നതും പൂർണ്ണമാക്കപ്പെടുന്നതും ഈ ശരീരത്തിലേക്കുള്ള ഒരുമയുടെ ആഴമാണ്. ഒരുമിച്ചു ചേരുമ്പോൾ ഇടയിൽ സന്നിഹിതനായി അനുഭവവേദ്യനാകുന്ന ദൈവമാണ്, ദേവാലയത്തിലെ ഒരുമിച്ചു ചേരലിനെ പവിത്രമാക്കുന്നത്. ക്രിസ്തുശരീരത്തിന്റെ വേദനകളും പവിത്രതയും ത്യാഗവും പുണ്യങ്ങളും ക്രിസ്തു കുരിശിലർപ്പിച്ച ബലിയോട് ചേർക്കപ്പെടുമ്പോൾ ബലികൾക്കും സത്യമുണ്ടാകും.  "എന്റെ നാമത്തിൽ ഒരുമിച്ചു ചേരുമ്പോൾ" നിങ്ങൾ അർപ്പിക്കുവിൻ എന്ന് പറഞ്ഞതിന് വലിയ ആഴമുണ്ട്. "വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കരുത്" എന്ന പൗലോശ്ലീഹായുടെ വാക്കുകളിലും, കലഹിക്കുകയും അന്യായം കാണിക്കുകയും ദുരാഗ്രഹം വെച്ചുപുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിനു ക്രിസ്‌തുശാരീരമാണെന്നു അവകാശപ്പെടാനാവില്ലെന്നും, അതിലുള്ള അപ്പം മുറിക്കലുകൾ ക്രിസ്തുവിന്റെ ശരീരത്തിന്റെ ബലിയർപ്പണവും വിരുന്നുമല്ല എന്നത് ഓർമ്മിപ്പിക്കുന്നു.

സഭയുടെ ഐക്യമെന്നു പറയുന്നത് ക്രിസ്തുവിന്റെ മനസ്സോടെ ക്രിസ്തുശരീരത്തിൽ ഒന്നാവുന്നതാണ്. അതില്ലാത്ത ദേവാലയ ചട്ടക്രമങ്ങളോ ആരാധനാശൈലികളോ ക്രിസ്തുവിനെ ഉൾക്കൊള്ളുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ല. അതിവിശുദ്ധസ്ഥലമെന്ന യാഥാർത്ഥ്യം നമ്മുടെ ഹൃദയത്തിന്റെ തുറന്നിടലാണ്. 

സഭയുടെ വ്യക്തിത്വം എന്നത് ക്രിസ്തുചൈതന്യമാണ്‌. ആ ചൈതന്യത്തിലേക്കു രൂപപ്പെടാന് വളരാനും ശ്രമിക്കാത്ത സമൂഹം ക്രിസ്തുവിന്റെ സഭയല്ല. ആരാധന മാത്രമല്ല ക്രിസ്തീയ ജീവിതം. ജീവിതത്തിന്റെ സമസ്തമേഖലകളും ക്രിസ്തുസമാനമാക്കാനുള്ള ആത്മാർത്ഥ പരിശ്രമമാണ് ക്രിസ്തീയ ജീവിതം. ദൈവാരാധന ഒരു മനോഭാവമായി എല്ലാ നിമിഷത്തിലും നടക്കുന്നതായാണ് കാണുന്നതെങ്കിൽ, ആയ ആരാധനയെ ഏതെങ്കിലും ഒരു ആരാധനാക്രമത്തിലേക്കു ചുരുക്കാനുമാകില്ല. ആ ആരാധന, മനോഭാവങ്ങളിലും നിലപാടുകളിലും വാക്കുകളിലും പ്രവൃത്തിയിലും ദൈവസ്വഭാവമുണ്ടായിരിക്കുക എന്നതാണ്. സത്യത്തിന്റെ വെളിപാടിന് തുറവി കാണിക്കുകയും അങ്ങനെ യാഥാർത്ഥ്യങ്ങളെ മനസിലാക്കി അരൂപിയുടെ പ്രചോദനങ്ങൾക്കനുസരിച്ച് സമീപിക്കുകയും ചെയ്യുന്നതാണ് ആ സ്വഭാവം. നമ്മുടെ ആരാധനാക്രമങ്ങൾ എത്രമാത്രം ഈ സമ്പർക്കത്തെ സുഗമമാക്കുന്നു എന്ന് സംശയമാണ്. ആരാധനാക്രമങ്ങൾ വിശ്വാസത്തെയും ജീവിതത്തെയും സ്വാതന്ത്രമാക്കുന്നെങ്കിലേ ഹൃദയത്തിൽ നിന്നുള്ള ആരാധനയുണ്ടാകൂ. അതില്ലാതെ ആരാധനാക്രമമാണ് വ്യക്തിത്വമെന്നും അതാണ് ഐക്യം പകരുന്നതെന്നുമുള്ളവ വെറും അവകാശവാദങ്ങൾ മാത്രമാവും.

ആരാധനക്രമം ആരാധനായോഗ്യമാകുമ്പോൾ ആരാധിക്കപ്പെടുന്നത് ദൈവമല്ല. മതത്തെയും, സമ്പ്രദായങ്ങളെയും നിലനിർത്തുകയും എന്നാൽ സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുന്ന സമീപനങ്ങളിൽ ദൈവാത്മാവിന് സ്ഥാനം നൽകിയിട്ടില്ല. ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിന് മതഘടനകൾ തടസ്സമാകുന്നെങ്കിൽ ആ ഘടനകൾ ക്രിസ്തു പറഞ്ഞ സ്വയം പരിത്യാഗത്തിൽ ഉൾപ്പെടെണ്ടവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ