ഉണ്ണിയേശുവിനെയും മാതാവിനെയും മനോഹരമായി ചിത്രീകരിച്ച അനേകം ചിത്രങ്ങൾ ഉണ്ട്. അമ്മയും കുഞ്ഞും പല ഭാവങ്ങളിൽ അവതരിപ്പിക്കപ്പെട്ടു കാണാം. സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു അവസ്ഥ ആ ചിത്രത്തെ ആകർഷകമാക്കുന്നു. യുദ്ധവും, കലാപവും, വംശഹത്യകളും വിരൂപമാക്കുന്ന അമ്മകുഞ്ഞു ചിത്രങ്ങൾ ചരിത്രത്തിലുടനീളം ആവർത്തിക്കുന്നു. പ്രകമ്പനം കൊള്ളിക്കുന്ന ബോംബറുകളും, കൊലവിളി നടത്തുന്ന ജനവും അമ്മയെയും കുഞ്ഞിനേയും നടുക്കുന്നു. അതുകൊണ്ടുതന്നെ ശാന്തമായിരിക്കുന്ന ഒരു അമ്മ-കുഞ്ഞു ചിത്രം പ്രത്യാശയുടെ അടയാളമാണ്.
ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു ലോകം മുഴുവൻ ആ കുഞ്ഞിന് വേണ്ടി അമ്മയാകേണ്ടതുണ്ട്. എത്രമാത്രം കരുതൽ നൽകിയാലാണ് ഒരു കുഞ്ഞിന് പിറക്കാനും ജീവിക്കാനും വളരാനും കഴിയുന്ന സുരക്ഷിതമായിരിക്കുന്ന ലോകം നമുക്ക് ഒരുക്കാൻ കഴിയുക! അതു കൊണ്ട് അമ്മയും കുഞ്ഞും പ്രത്യാശയുടെ അടയാളം മാത്രമല്ല, ഒരു വെല്ലുവിളികൂടിയാണ്. യൗസേപ്പിന്റെ നീതിയുടെ ആഴവും അതിലാണ്. 'നീതിമാനാകയാൽ' യൗസേപ്പ് മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ മറിയം കല്ലെറിയപ്പെടുമായിരുന്നു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കാൻ മറിയത്തെ നിയമത്തിനു വിട്ടു കൊടുക്കുകയായിരുന്നു വേണ്ടത്. നിയമ വിരുദ്ധമായാണ് യൗസേപ്പിന്റെ പ്രവൃത്തി. അപ്പോൾ യൗസേപ്പിന്റെ നീതി ബോധം നിയമത്തെക്കാൾ ജീവന്റെ ഫലങ്ങളെ തുറക്കുന്ന സജീവതയാണ്. വിശ്വാസിയും പാപിയും വിശ്വസ്തരും വിമതരും സ്വാഭാവികവും പ്രകൃതിവിരുദ്ധവും എന്നൊക്കെയുള്ള വിധികളിലെ നീതിബോധം ഏതു തരത്തിലാണ് ജീവന്റെ ഫലങ്ങളെ തുറന്നു നൽകുന്ന സജീവതയായി പ്രവർത്തിക്കുന്നത്?
ഒരു അമ്മയ്ക്കും കുഞ്ഞിനും ആശങ്കപ്പെടാതെ ആയിരിക്കാൻ കഴിയുന്ന അവസ്ഥ വന്നു ചേർന്നെങ്കിൽ പലായനത്തിന്റെ നടുവിൽ പോലും പ്രത്യാശയുണ്ട്. അത് ഉറപ്പാക്കുക എന്നത് കൃപ മനുഷ്യനിൽ ഏല്പിക്കുന്ന ഉത്തരവാദിത്തമാണ്.
അങ്ങനെയല്ല ലോകം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മനുഷ്യപുത്രൻ ജനിച്ചപ്പോൾ തിരസ്കരണവും ഭീഷണിയും ഭയവും അവന്റെയും ഭാഗമായി. തെരുവിലലഞ്ഞു നടന്നു ചെറുമറക്കു പിറകിൽ പിറവിയെടുക്കുന്ന അമ്മയും കുഞ്ഞും, രക്ഷയും ദൈവരാജ്യവും പ്രത്യേക അവകാശമായവർക്കു വെല്ലുവിളിയാകേണ്ടതാണ്.
ദൈവരാജ്യം ഒരു മനോഹരസങ്കല്പം മാത്രമല്ല, സ്വീകരിച്ചിട്ടുള്ള ദൈവിക ജീവനോട് കാണിക്കുന്ന ഉത്തരവാദിത്തപൂര്ണമായ പ്രതികരണം കൂടിയാണത്. അതുകൊണ്ട് പ്രത്യാശയുടെ അടയാളം നമ്മിൽ തന്നെയാണ് പൊട്ടിമുളക്കേണ്ടത്. പാതാളം പോലെ ആഴത്തിലോ ആകാശം പോലെ ഉയരത്തിലോ എന്നതല്ല ഓരോരുത്തരും താനായിരിക്കുന്ന മാംസരക്തങ്ങളിൽ പ്രത്യാശയുടെ അടയാളമാവുക എന്നത് പ്രധാനമാണ്.
ചിതറിക്കപ്പെട്ടു പോയ ഒരു കുഞ്ഞ് നമ്മിലോരോരുത്തരിലും സഭയിലും നമ്മുടെ സമൂഹങ്ങളിലുമുണ്ട്. കരുതലിന്റെ പൂർണമായ ഒരു അമ്മ ഭാവം നമ്മിൽ വളരാത്തതിന്റെ കാരണം അതാവാം. എങ്കിലും പരിശുദ്ധാത്മാവ് നൽകുന്ന പുതുജനനം ഒരിക്കൽക്കൂടി ഒരു കുഞ്ഞായി നമ്മിൽ നാമായി പിറക്കാനുള്ള സ്വാതന്ത്ര്യം തുറന്നു തരും. ആ ജീവന്റെ ഉറപ്പിലാണ് നമ്മുടെ പ്രത്യാശ വളരേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ