Gentle Dew Drop

ഡിസംബർ 10, 2022

കൂട്ടായ്മയില്ലാതെ ക്രിസ്തുവിന്റെ ബലിയില്ല

ബലിയും വിരുന്നുമായ കുർബാന ഓർമ്മിക്കുന്നത് (“എന്റെ ഓർമ്മക്കായി ചെയ്യുവിൻ”) കുരിശു മരണത്തിന്റെയോ അന്ത്യത്താഴത്തിന്റെയോ ഒരു ഓർമ്മച്ചിത്രം ആയിട്ടല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുള്ള സഭയെന്ന ശരീരത്തിൽ ആവർത്തിക്കപ്പെടേണ്ട ബലിക്കും പരസ്പരമുള്ള പങ്കുവയ്പ്പിന്റെ വിരുന്നിനുമുള്ള മാതൃകയും ഉറവിടവുമായാണ്. ആ അർപ്പണത്തിന്റെ കൗദാശിക പരികർമ്മങ്ങളിലെ ശുശ്രൂഷകൻ മാത്രമാണ് പുരോഹിതൻ. സമൂഹമാണ് (അങ്ങനെ ക്രിസ്‌തുതന്നെയാണ്) ബലിയർപ്പിക്കുന്നത്. അത് വിദൂരതയിലെങ്ങോ അപ്രാപ്യമായ ഒരു ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ബലിയുമല്ല. തന്റെ ജനത്തിനിടയിൽ വസിക്കുന്ന ദൈവത്തിനു സമൂഹം ക്രിസ്തുഹൃദയത്തിലൂടെ നൽകുന്ന ആരാധനയാണത് (കിഴക്കോ പടിഞ്ഞാറോ ഗിരിശൃംഗങ്ങളിലോ അല്ല ദൈവം). അവിടെ ഉയർത്തപ്പെടുന്ന/മുറിക്കപ്പെടുന്ന/ പങ്കുവയ്ക്കപ്പെടുന്ന അപ്പത്തിന് ദേവാലയത്തിന്റെയോ ബലിപീഠത്തിന്റെയോ പോലും ആവശ്യമില്ല എന്നതാണ് സത്യം. "ക്രിസ്തു തന്നെയും കൂടാരത്തിനു പുറത്തു വെച്ച് സഹിച്ചു."

സകലർക്കും ജീവനുണ്ടാവുക എന്ന ദൈവഹിതം ദൈവരാജ്യ അനുഭവമാക്കി പകർന്നു നൽകിയ ക്രിസ്തു ജീവിച്ച സുവിശേഷത്തിനു നൽകിയ വില കൂടിയായിരുന്നു കുരിശുമരണം. അനുഷ്‌ഠാനപരമായ ബലിയായിട്ടല്ല പിതാവുമായുള്ള ഹൃദയൈക്യത്തിന്റെ അടയാളമായും ത്യാഗമെന്ന മൂല്യമായും ആ മരണം ക്രിസ്തു സ്വീകരിച്ചു. പിതാവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മളോരോരുത്തരെയും ചേർത്തുവയ്ക്കുകകൂടി ചെയ്തു. ഈ കൂട്ടായ്മ (communion) അൾത്താരക്ക് ചുറ്റും ഒരുമിച്ചു കൂടൽ മാത്രമല്ല, പരസ്പര ബന്ധത്തിലും, ക്രിസ്തുവിലുള്ള ഒന്നിച്ചു ചേരലിലും, അങ്ങനെ പിതാവുമായുള്ള ഐക്യത്തിലും അനുദിന ജീവിതക്രമങ്ങളിൽ ഉണ്ടാവേണ്ടതാണ്. തീർച്ചയായും അത് സ്വയം മുറിയലും ശൂന്യവൽക്കരണവും ഉൾക്കൊള്ളുന്നു. അതില്ലാത്ത അപ്പം മുറിക്കൽ ക്രിസ്തുവിനെ വഞ്ചിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. അവന്റെ പേരിൽ ഒരുമിച്ചു ചേർന്നിട്ട് അവന് ഇടം നൽകാതെ അപ്പം മുറിക്കുന്നവരായി മാറുകയാണ് നമ്മൾ. വി കുർബാനയെ അതിൻ്റെ അർത്ഥവ്യാപ്തിക്കപ്പുറം ഉദാത്തവൽക്കരിക്കുകയും ഭക്തിവൽക്കരിക്കുകയും ചെയ്തുകൊണ്ട് അതിനെ വിഗ്രഹവൽക്കരിക്കുകയും കപടതകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ.

വി കുർബാനയിൽ അനുസ്മരണവും ജീവിതവുമാകേണ്ടത് കൂട്ടായ്മയാണ് (communion). കൂട്ടായ്മ മുൻകാണുന്ന കാര്യങ്ങളാണ്, ഹൃദയൈക്യം, സ്നേഹം സമാധാനം, അനുരഞ്ജനം, ക്ഷമ, തുറവി, കേൾവി, ത്യാഗം തുടങ്ങിയവ. ക്രിസ്തുവിന്റെ ശരീരമെന്ന യാഥാർത്ഥ്യം അർത്ഥവത്താകണമെങ്കിൽ ഇവ അത്യാവശ്യമാണ്. ഈ കൂട്ടായ്മ തന്നെയാണ് കാത്തലിക്ക്/സാർവ്വത്രികത എന്നത് യാഥാർത്ഥ്യമാക്കുന്ന ചൈതന്യവും; ‘പരസ്പരം ഓരോരുത്തരോടും ദൈവസ്നേഹത്തോടും കാണിക്കുന്ന സുതാര്യത’യാണത്. കുറേപ്പേർ ഒരുമിച്ചു കൂടുന്നത് കൂട്ടായ്മയല്ല അത് സമ്മേളനം മാത്രമാണ്. ഏകശരീരമായിക്കൊണ്ട്, ഏതു ദൈവാരാധനയും അർപ്പിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തു അർപ്പിക്കുന്ന ബലി ക്രിസ്തുശരീരത്തിന്റെ സത്യത്തിലുള്ള ആരാധനയാകുന്നതും കൂട്ടായ്മയുള്ളപ്പോളാണ്. കൂട്ടായ്മയില്ലാത്ത ബലി ക്രിസ്തുവിനു കൂടുതൽ ആഴമുള്ള മുറിവുകൾ നൽകുന്നു.

അനുദിന ജീവിതത്തിൽ സംഭവ്യമാകേണ്ട അനുരഞ്ജനം, സമാധാനം, ത്യാഗം എന്നിവ സൗകര്യപൂർവം മാറ്റിനിർത്തപ്പെടുന്നു. ദൈവത്തിന്റെയും ഭക്തിയുടെയും പേരിൽ വി കുർബാനയെക്കുറിച്ച് നടത്തുന്ന ഏറ്റവും വലിയ കപടതയാണത്. അതുകൊണ്ടാണ് ആരാധനകളിൽ അത്ഭുതം വിളയിക്കുന്ന വി കുർബാനക്ക് കൂട്ടായ്മയായും സൗഖ്യമായും നീതിബോധമായും നമ്മുടെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഇടം ലഭിക്കാത്തത്. അപ്പത്തിൽ കാണാൻ കഴിയുന്ന ക്രിസ്തുരൂപം ഭക്തിയായി പ്രകീർത്തിക്കപ്പെടുമ്പോൾ, അത് സൃഷ്ടിക്കേണ്ട നീതിബോധവും സാമൂഹികമായ തുറവിയും വിശ്വാസ്യതയും 'ക്രിസ്തുശരീരമായ സമൂഹത്തിൽ' ദൃശ്യമാവേണ്ടതിന്റെ അനിവാര്യതയെ അവഗണിച്ചു കളയുന്ന നമ്മൾ ഏതു ക്രിസ്തുവിനെക്കുറിച്ചാണ് സ്തുതിഗീതമുണർത്തുന്നത്?

ക്രിസ്തു വഴിയായി ദൈവം ലോകത്തെ തന്നോട് അനുരഞ്ജനപ്പെടുത്തി. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ സകലതും അവൻ്റെ ശരീരത്തിൻ്റെ ഭാഗമാണ്. ഭാഷയുടെയും സാംസ്കാരിക അടയാളങ്ങളുടെയും പേരിൽ വിഭാഗീയത സൃഷ്ടിച്ച് ആ മുറിവുകളെ സ്വന്തം തനിമകളാക്കിത്തീർത്തത് നമ്മിലെ സങ്കുചിത മനോഭവങ്ങളാണ്. അപ്പോൾ സ്വയം എന്നതിലപ്പുറം സഭയോ ക്രിസ്തുവോ ദൈവമോ ഇല്ല. അതുകൊണ്ടാണ് ബലിപീഠം തകർക്കപ്പെടുന്നതിനായും ബലിക്കല്ലുകൾക്കു ചങ്ങലകളിടുവിക്കാനുമായി ബലിയർപ്പണത്തിനു തുനിഞ്ഞിറങ്ങാൻ പോലും നമുക്ക് കഴിയുന്നത്.

അധികാരരാഷ്ട്രീയ സംഘർഷങ്ങളല്ലേ പലപ്പോഴും വിഭജനങ്ങൾക്ക് വഴി വെച്ചത്? വിയോജിപ്പുകളിലും എതിർസ്വരങ്ങളിലും സത്യങ്ങളുണ്ടായിരുന്നില്ലെ? യഥാർത്ഥമായും ഉണ്ടായിരുന്ന ജീർണ്ണതകളെക്കുറിച്ച് അവ താക്കീത് നൽകിയിരുന്നില്ലേ ? ഓരോരുത്തരുടെയും അകൽച്ചകളെ പ്രതിരോധിക്കേണ്ടതിനായി പതിയെപ്പതിയെ രൂപപ്പെടുത്തിയ ദൈവശാസ്ത്രങ്ങളും വചനവ്യാഖ്യാനങ്ങളും തന്നെയല്ലേ ഇന്നും കൂട്ടായ്മയ്ക്ക് തടസമാകുന്നത്? രക്ഷയുടെ സമഗ്രമായ മാനത്തെ ജീവിത പശ്ചാത്തലങ്ങളിൽ സുവിശേഷമായി നൽകുന്ന, മനുഷ്യന്റെ അന്തസ്സിനെ വികലമാക്കി ചൂഷണവിധേയമാക്കാത്ത കാഴ്ചപ്പാടുകൾ വിശ്വാസസത്യങ്ങളുടെ അടിസ്ഥാന ധാരണയാണ്. പ്രതിരോധിച്ചു പ്രതിരോധിച്ചു അകൽച്ച സൃഷ്ടിക്കുന്നവ സത്യങ്ങളിൽ നിന്നകലുകയാണ്. ലോകത്തെ ദൈവവുമായി രമ്യതപ്പെടുതുന്ന ക്രിസ്തുശരീരത്തിലെ ജീവദായകമായ മുറിവുകൾക്കു പകരം ജീർണതയേറ്റുന്ന മുറിവുകളാണ് നമ്മൾ സൃഷ്ടിക്കുന്നത്.

അധികാര ദുരാഗ്രഹങ്ങളെ സംബന്ധിച്ച ആദർശങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും പ്രബലമായിരുന്നിടത്ത് സമ്പത്തികമാനം കൂടി പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. ആരാധനയോ വിശ്വാസരാഹിത്യമോ അല്ല കാര്യം. സാമ്പത്തിക രാഷ്ട്രീയ സ്ഥിതികളിലെ ജീർണ്ണതയാണ് കാര്യം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഗൂഢോദ്ദേശ്യത്തോടെ ആടുന്ന ഈ നാടകത്തിന്റെ ഓരോ രംഗത്തിനും വിശ്വാസപ്പട്ടം അണിയിക്കുന്ന നേതൃത്വവും അതേറ്റെടുക്കുന്ന വിശ്വാസികളും ഉണ്ടായിട്ടുണ്ട്. ഈ നാടകം വഴി വഞ്ചന ചെയ്യുന്നവരുടെ ഉത്തരവാദിത്തം എന്താണ്? എന്താണ് ഇവർ നില നിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്?

ഏകാധിപത്യസ്വഭാവമുള്ള രാജവാഴ്ചകൾ ഇല്ലാതാവുകയും മതേതര ജനാധിപത്യ പ്രക്രിയ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിൽ സഭ തന്നെത്തന്നേയും ആധുനിക ലോകത്ത്‌ തന്റെ ദൗത്യത്തെയും എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് വത്തിക്കാൻ II ധ്യാനിക്കാൻ ശ്രമിച്ചത്. പരമ്പരാഗതവും യാഥാർത്ഥവുമായ വ്യവസ്ഥിതികൾ അതേപോലെ നിലനിർത്തിപ്പോരേണ്ടതാണെന്ന നിലപാടിനോടൊപ്പം, ആധുനിക ശാസ്ത്രത്തിലെയും സാമൂഹിക പരിണാമങ്ങളിലെയും, മനഃശാസ്ത്രത്തിലെയും മറ്റും അടയാളങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം ആധുനിക കാലത്തെ മനുഷ്യന് അർത്ഥപൂര്ണമാകും വിധം നല്കപ്പെടണമെന്ന പ്രബലമായ നിലപാടും ഉണ്ടായിരുന്നു. ഈ രണ്ടു നിലപാടുകളിൽ കാണാവുന്ന മൂല്യങ്ങൾ, ഒരു വശത്ത് മൂലതത്വങ്ങളെ അവയുടെ സമഗ്രതയിൽ നിലനിർത്തുകയെന്നതും, മറുവശത്ത് നവീനമായവയെ തിന്മയെന്നു ശപിച്ചു മാറ്റിനിർത്താതെ സജീവമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു എന്നതുമാണ്. സത്താപരമായവയെ അവഗണിച്ചു കളയുന്നതും, ആശയങ്ങളും വിശ്വാസങ്ങളും പുതിയ സാമൂഹികക്രമങ്ങളുമായുള്ള സമ്പർക്ക സാധ്യതകളെ തൃണവൽക്കരിക്കുകയും ചെയ്യുന്നത് ഉചിതമല്ല. ഇവ രണ്ടും സഭാദർശനത്തിലും പ്രാർത്ഥനാരീതികളിലും ആത്മീയതയിലും കൂദാശയുടെ പരികർമ്മത്തിലും നേതൃത്വത്തെക്കുറിച്ചുള്ള നിർവചനങ്ങളിലും പ്രകടമായിരിക്കുകയും വേണം. അതിനെ ഭയക്കുന്നവർ സ്വയം അടക്കുകയും വിശ്വാസത്തെ മ്യൂസിയമാക്കുകയുമാണ്.

Ecumenism, collegiality, religious liberty എന്നിവ രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപപ്പെടുത്തിയ മൂന്ന് അബദ്ധപ്രബോധനങ്ങളാണെന്നത് ഈ അടുത്ത കാലത്ത് പല അവസരങ്ങളിലായി ആവർത്തിച്ചുകേട്ട ആരോപണമാണ്. എന്നാൽ, ആധുനികലോകത്തെ സഭയുടെ തുറവിയുടെയും കൂട്ടായ്മക്കായുള്ള ആഗ്രഹത്തിന്റെയും പ്രയത്നങ്ങളുടെയും ഭാഗമായി അവയെ കാണാൻ പരാജയപ്പെടുന്നത് അജപാലനപരമായും പ്രബോധനപരമായും വരുന്ന വലിയ വീഴ്ചയാണ്. മനസ്സിലാക്കിയോ അല്ലാതെയോ Vatican II അബദ്ധമായിരുന്നെന്നു ഏറ്റുചൊല്ലുന്ന അനേകർ നമുക്കിടയിലും കൂടി വരുന്നു. Tridentine mass (Old Latin Mass) ആണ് യഥാർത്ഥ കുർബാനയെന്നും Vatican II നവീകരിച്ച കുർബാന കാരണമാണ് യൂറോപ്പിൽ വിശ്വാസം നശിക്കുന്നതെന്നും, കുടുംബങ്ങൾ ശിഥിലമാകുന്നതെന്നും അനേകൾ സഭ വിട്ടകലുന്നതെന്നും യുവാക്കൾ കുർബാന ഉപേക്ഷിക്കുന്നതെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് Vatican II നു വിരുദ്ധരായ പാരമ്പര്യ വാദികൾ ആദർശപരമായും രാഷ്ട്രീയപരമായും തീർത്തും വിഭാഗീയമായ തരത്തിൽ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു (ഒരു സമൂഹത്തെയോ സംസ്കാരത്തെയോ നേടേണ്ടതിന് അതിൽ പ്രബലമായിരിക്കുന്ന ബൗദ്ധിക-ആദർശ സംഘർഷങ്ങളെ വേണ്ടവിധം കാണാനും പരിഹരിക്കുവാനും കഴിയണമെന്ന യാഥാർത്ഥ്യം സൗകര്യപൂർവ്വം മറച്ചു വയ്ക്കുകയും ചെയ്യുന്നു). കുർബാനയെ സംബന്ധിച്ച നമുക്കിടയിലെ സംഘർഷങ്ങൾ ആഭ്യന്തരമായ ഒരു ആരാധനാക്രമ പ്രശ്നമെന്നതിനേക്കാൾ യാഥാസ്ഥിതിക പാരമ്പര്യവാദ രാഷ്ട്രീയത്തിന്റെ പ്രവണതയാണ് ശക്തമായി കാണിക്കുന്നത്.

ക്രിസ്തുവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ക്രിസ്തുശരീരമായ സഭയിലാണ്. സഭയും വിശ്വാസികളുമെന്ന വേർതിരിച്ച വ്യാഖ്യാനങ്ങളും അനുസരണം മാത്രം കൽപിച്ചിട്ടുള്ള വിശ്വാസികളും ജീവിക്കാൻ ശ്രമിക്കുന്നത് കൂട്ടായ്മയുടെ ചൈതന്യമോ ക്രിസ്തുശരീരമോ അല്ല. ക്രിസ്തു ശിരസാകുന്നത് ക്രിസ്തുവിൻ്റെ ചൈതന്യം സഭ മുഴുവന്റെയും ഹൃദയമാകുമ്പോഴാണ്. നേതൃനിരയിലേക്ക് സഭയെ ചുരുക്കാൻ ശ്രമിക്കുമ്പോൾ ക്രിസ്തുവിൻ്റെ മനസ്സിൻ്റെ കുത്തക ഏതാനം പേരിലേക്ക് ചുരുങ്ങുകയാണ്. അത് ക്രിസ്തുശരീരത്തിൻ്റെ അപൂർണതയാണ്. ബലിയിലെ ശൂന്യതയും.

ക്രിസ്തുശരീരത്തിൻ്റെ ഏകതയും, അതിലെ വിവിധ അവയവങ്ങളിൽ നിന്നുള്ള ബഹുസ്വരങ്ങളിൽ നിന്ന് തിരിച്ചറിയപ്പെടുന്ന ദൈവസ്വരം നൽകുന്ന ദിശ പ്രധാനമാണ്. അതിൽ എല്ലാ സ്വരങ്ങളുടെയും അംശമുണ്ടാവും എന്നതാണ് ദൈവം ഓരോരുത്തരിലും പ്രചോദനങ്ങൾ നൽകുന്നു എന്നതിന്റെ അടയാളം. ഒരു സ്വരം ഒരേയൊരു സ്വരമാകുന്നതും, ഭൂരിപക്ഷ സ്വരം ശരീരത്തിന്റെ മുഴുവൻ സ്വരമാകുന്നതും ദൈവികമല്ല. അതുകൊണ്ടാണ് സിനഡൽ കൂട്ടായ്മയിലെ സംസാരിക്കുക, കേൾക്കുക, ദൈവസ്വരം വിവേചിച്ചറിയുക എന്ന പ്രക്രിയ വളരെ പ്രാധാന്യമുള്ളതാകുന്നത്. ചക്രവർത്തി ദൈവത്തിൻ്റെ അവതാരമോ ദൈവത്തിൻ്റെ മകനോ ആയി കാണപ്പെടുമ്പോൾ ദൈവഹിതം അയാളുടെ ഹിതം മാത്രമാണ്. അത്തരം ദൈവഹിതപ്രഖ്യാപനം സഭയിൽ സ്വയം രാജാക്കന്മാർ ആകാൻ തുനിഞ്ഞവരിൽ നിന്നും ഉണ്ടായിട്ടുണ്ട്, പ്രബോധനങ്ങൾ സൃഷ്ടിച്ച് ന്യായീകരിച്ചിട്ടുണ്ട്. വിശ്വാസിക്ക് വേണ്ടി ദൈവഹിതം തീരുമാനിക്കുന്ന സമ്പ്രദായത്തിൻ്റെ കാരണവും പശ്ചാത്തലവും അതാണ്. collegiality ഇത്തരം ദൈവഹിത തീരുമാന കുത്തക നൽകുന്ന പ്രത്യേക നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്നതു കൊണ്ടാണ് collegiality അബദ്ധ പ്രബോധനമാക്കപ്പെടുന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളോടും മതങ്ങളോടും സഭ കാണിക്കുന്ന തുറവിയെ മാത്രമല്ല, കൂടുതൽ കാറ്റും വെളിച്ചവും കടക്കേണ്ടത്തിനായി സഭയിലോരോരുത്തരുടെയും ആന്തരിക വാതായനങ്ങൾ തുറക്കുന്നതിനായി ആരംഭിച്ച സിനഡൽ പ്രക്രിയക്ക് (Synod on synodality) യാഥാസ്ഥിതികർ നൽകിയ എതിർപ്പിൻ്റെ അതേ പതിപ്പ് നമുക്കിടയിലെ പ്രഘോഷണങ്ങളിലും തണുപ്പൻ മനോഭാവങ്ങളിലും വളരെ പ്രകടമാണ്.

സഭ സ്വയം എങ്ങനെ കാണുന്നെന്നതും, സഭയിലെ അംഗങ്ങൾ ഓരോരുത്തരും പരസ്പരവും സഭയെയും എങ്ങനെ കാണുന്നെന്നതും സഭയിലെ കൂട്ടായ്മയെയും തുറവിയെയും അതിന്റെ വിശ്വാസത്തെയും കാലത്തോടും സംസ്കാരത്തോടുമുള്ള ബന്ധത്തെയും, അങ്ങനെ ഇതെല്ലാം ഉൾക്കൊള്ളുള്ള വി കുർബാനയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നു. പങ്കുവയ്ക്കലും ബലിയും അപ്പത്തിന്റേത്‌ മാത്രമാവുകയും, കൂട്ടായ്മയുള്ള ജനത്തിൻ്റെ പരസ്പരം നൽകലിലും സ്വീകരിക്കുന്നതിലുമാവാതിരിക്കുകയും ചെയ്യുമ്പോൾ ബലിയോ വിരുന്നോ സത്യമാകുന്നില്ല. വേദനകളും ജീവിതവും പരസ്പരം അറിയുന്നതു പോലെതന്നെ ആശയങ്ങളും വിചിന്തനങ്ങളുടെ ധ്യാനങ്ങളും പങ്കുവയ്ക്കപ്പെടുകയും കേൾക്കപ്പെടുകയും വേണം. പരസ്പരം എല്ലാവരെയും ഒരുമിച്ചു പരിശുദ്ധാത്മാവിനെയും കേൾക്കാം എന്നതാണ് സിനഡൽ കേൾവിയുടെ ശൈലിയായി സ്വീകരിക്കുന്നത്. വിവിധങ്ങളായ അഭിപ്രായങ്ങൾ സ്വരൂപിക്കുകയല്ല, സഭയുടെ ജീവനായുള്ള പരിശുദ്ധാത്മാവിൻ്റെ സ്വരം കേൾക്കുവാൻ ശ്രമിക്കുകയാണ് സിനഡൽ പാത.

ക്രിസ്‌തുശരീരമായി സഭയെ മനസിലാക്കാതെ വി കുർബാനയെ ആഘോഷമായോ അനുസ്മരണമായോ മനസിലാക്കാനാവില്ല. ഈ കൂട്ടായ്മയെ കാര്യമായെടുക്കാതെ, വി കുർബാനയാണ് ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും പാരമ്യവും എന്ന് പറയുന്നതിലും അർത്ഥമില്ല. കാരണം വി കുർബാന അപ്പത്തിൽ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ചല്ല, ക്രിസ്തുവഴിയായി നമുക്ക് ദൈവവുമായും പരസ്പരവും സത്യമായിത്തീർന്ന കൂട്ടായ്മയെക്കുറിച്ചാണ്. ഒരുമിച്ചു ചേരുമ്പോഴെല്ലാം അവന്റെ മരണം ഏറ്റു പറയുന്നത് അവനെപ്പോലെയുള്ള ഒരു ശൂന്യവൽക്കരണം ഈ കൂട്ടായ്മയിൽ സത്യമായി പങ്കു ചേരാൻ അത്യാവശ്യമായതുകൊണ്ടാണ്.

ബലിയുടെ നന്മയും അർത്ഥവും ഗ്രഹിക്കേണ്ടതിന്, അതിനെ കാഴ്ചയർപ്പണമായി കാണുന്നതിന് പകരം ക്രിസ്തുവിന്റെ ആരാധനയിലുള്ള പങ്കുചേരലായി കണ്ടു പരിശീലിക്കേണ്ടിയിരിക്കുന്നു. നമ്മൾ തുടങ്ങി വച്ചിരിക്കുന്ന സിനഡൽ പ്രക്രിയ ആ പരിശീലനത്തിന്റെ ഭാഗമാണ്. ഇത് മാനസാന്തരത്തിന്റെയും, ബന്ധങ്ങളുടെയും  (കുടുംബങ്ങളിലും, സമൂഹങ്ങളിലും, ക്രിസ്തീയവിഭാഗങ്ങൾക്കിടയിലെയും, വിവിധ മതങ്ങൾക്കിടയിലെയും) സമ്പർക്കപ്രക്രിയകളുടെയും നവീകരണത്തിന്റെയും പ്രക്രിയയാണ്. അതുകൊണ്ട്, സിനഡൽ പ്രക്രിയയിലെ സംസാരിക്കുക, കേൾക്കുക, വിവേചിച്ചറിയുക തുടങ്ങിയ ഘടകങ്ങൾക്ക് സാമൂഹികമായ ഒരു അഴിച്ചുപണിയുടെ മാനം മാത്രമല്ല, ആത്മീയതയുടെയും ആരാധനയുടെയും ധാർമികതയുടെയും മാനങ്ങളുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനക്രമം നവീകരണം മനസ്സിലാക്കാൻ ആദ്യമേ, ഈ ചൈതന്യം സഭയുടെ യഥാർത്ഥ ചൈതന്യമാവേണ്ടതുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്. ശുശ്രൂഷകനായ വൈദികന്റെ പൗരോഹിത്യം സത്യമായും ഒരു കൂദാശയാകുന്നതും അപ്പോഴാണ്.

Read in Sathyadeepam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ