Gentle Dew Drop

ഡിസംബർ 21, 2022

ഈ തിരുപ്പിറവി നഷ്ടമാക്കരുത്

 ക്രിസ്മസിനു മുമ്പ് ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹൃദയത്തിൽ സമാധാനമുള്ള, നിഷ്കളങ്ക മനസിന്റേതായുള്ള ഒരുക്കമാകാൻ നമുക്ക് കൃപയുണ്ടാകട്ടെ. ആവർത്തിച്ചു പോന്ന ചീത്തവിളികളും പിടിവാശികളും ധാർഷ്ട്യവും ദൈവപുത്രന്റെ ജനനത്തിനായി നമ്മെയോ സഭയെയോ സമൂഹത്തെയോ ഒരുക്കിയിട്ടില്ല. പരസ്പരം പടുത്തുയർത്താതെ നമുക്ക് അരമനകളും കൊട്ടാരങ്ങളും സിംഹാസനങ്ങളും കെട്ടിയുയർത്താനാകും. പരസ്പരം പടുത്തുയർത്താത്തതൊന്നും ഒരു പുൽക്കൂടൊരുക്കില്ലല്ലോ.


അരുമയായ ഒരു ഉണ്ണി, അമ്മയുടെ വാത്സല്യം, ആശ്വാസത്തിന്റെ താരാട്ട്, നിഷ്കളങ്കമായ പുഞ്ചിരി, ഹൃദ്യമായ പകൽരാത്രികൾ ഒക്കെ ഒരു രണ്ടാം ജനനമല്ലേ? ഒരു പക്ഷേ ഈ തിരുപ്പിറവിയിൽ അറിഞ്ഞുകൊണ്ട് അതിന് ഒരുങ്ങിയില്ലെങ്കിൽ നീറുന്ന ഇരുളിലേക്ക് അരുമക്കുഞ്ഞുങ്ങളെ എറിഞ്ഞുകളയുന്ന ഹേറോദേസുമാരായിരിക്കും കുറേക്കാലത്തേക്ക് വാഴുക.

ഈ തിരുപ്പിറവി നഷ്ടമാക്കരുത്.

ഉഗ്രകോപിയായ ആ ചക്രവർത്തി ദൈവം എന്നേ മരിച്ചു കഴിഞ്ഞു. എങ്കിലും ആ ദൈവത്തിന്റെ അധികാരശീലങ്ങൾ പകർത്തുന്ന നാട്ടുരാജാക്കന്മാർ ക്രിസ്തുവെന്ന ഇടയന്റെ ശിഷ്യരാകുമോ. ദൈവജനത്തിലൂടെ ദൈവം സംസാരിക്കുന്നെന്ന ധ്യാനങ്ങൾ അവർക്ക് പൈശാചികമാണ്, സഭാപാരമ്പര്യങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പരസ്പര സംഭാഷണങ്ങൾ അവർക്കു മ്ലേച്ഛതയാണ്. ദൈവസ്വരം അവർക്കു മാത്രമേ കേൾക്കാൻ കഴിയൂ. ഉഗ്രകോപി ദൈവം അടുത്തിടെ അധികാരതേക്കുറിച്ചു മാത്രമല്ല ശിക്ഷ നടത്താനിരിക്കുന്ന പദ്ധതികളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നുണ്ട്. കരുണയുടെ മുഖമുള്ള ദൈവം അവർക്കു തെറ്റായ പ്രബോധനമാണ്. ഈ ചക്രവർത്തിദൈവത്തിന്റെ കീഴിൽ വളരെ സംതൃപ്തരായി നിസ്സംഗത സൂക്ഷിക്കാൻ നമുക്ക് കഴിയുന്നു എന്നതാണ് ഈ ദൈവം നമ്മിൽ നൽകിയ മരണത്തെ മനസിലാക്കാൻ നമ്മെ വെല്ലുവിളിക്കേണ്ടത്. യഥാർത്ഥ പ്രബോധനങ്ങളും ദൈവനീതി ഉൾകൊള്ളുന്ന നിലപാടുകളും പ്രകടമാക്കാൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങണമെന്ന് അപേക്ഷയായും വിലാപമായും അരമന വാതിലുകളിൽ ചെന്ന് വീണ ശബ്ദങ്ങൾ വൃഥാവിലായി. അന്ന് കൽച്ചീളുകൾ പരസ്പരം എറിഞ്ഞു കളിച്ചു മുറിപ്പെടുത്തിയപ്പോൾ കണ്ടു നിന്നവർ ഇന്ന് വിശുദ്ധവസ്തുക്കൾ വലിച്ചെറിയപ്പെടുമ്പോഴും മൗനമാകുന്നത് ശരിയല്ല. തീർത്തും അസ്വസ്ഥമായ സംഭവങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് ഏതോ ഒരിടത്തെ സംഭവമാണോ? എത്ര അസ്പര്ശനീയമാം വിധമാണ് നമ്മൾ ക്രിസ്മസ് ആഘോഷിക്കുകയും, സന്ദേശം നൽകുകയും ബലിയർപ്പിക്കുകയും ചെയ്യുന്നത്. എങ്ങനെ ഇതിനു കഴിയുന്നു? നിസ്സംഗത കപടതയല്ലേ? ഈ നിസ്സംഗത സ്വന്തം മനഃസാക്ഷിയെ ചോദ്യം ചെയ്യേണ്ടതല്ലേ? സംസാരിച്ചിട്ടും കേൾക്കപ്പെടാത്തതാണോ? മരുഭൂവിൽ മുഴങ്ങുന്ന ശബ്ദമാവേണ്ട സമയമാണിത്. അല്ലെങ്കിൽ ക്രിസ്തുവിനെ തലമുറകളിലേക്കായി നമുക്ക് നഷ്ടപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ