Gentle Dew Drop

ഡിസംബർ 25, 2022

ഐക്യം എന്നത്

സഭയിൽ പിശാചുണ്ടോ എന്ന ആശങ്കയല്ല നമ്മെ നയിക്കേണ്ടത്, മറിച്ച് സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി  ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ്. 

......................................

ഐക്യം എന്നത് പ്രതീക്ഷിക്കുന്ന ഒരു ഫലമാണ്. ഐക്യം എന്നതിനെ ഏകാധിപത്യത്തിനോടുള്ള മൗനവിധേയത്വമാക്കി മാറ്റുമ്പോൾ അതിൽ പുണ്യമോ സ്വാതന്ത്ര്യമോ ഇല്ല. പണ്ട്, രാജാവിന്റെ ദൈവം ദേശത്തിന്റെ ദൈവമാകേണ്ടിയിരുന്നു. അങ്ങനെ തന്നെ, ഒരേ മതവും സംസ്കാരവും  ഭാഷയും വരെ ഒന്നാവണമെന്ന് കല്പിച്ചവർ നിവർത്തിക്കാൻ ഉദ്ദേശിച്ചത് തങ്ങളുടെ അധികാരവും ദേശം മുഴുവനുമുള്ള ആധിപത്യവുമാണ്. മാത്രമല്ല, വ്യത്യസ്തമായ ഒന്നിനെ ഗ്രഹിക്കാനോ സ്വീകരിക്കാനോ ഉള്ള കഴിവില്ലായ്‍മയും മനസില്ലായ്മയും അതിലുണ്ട്. 

ഒരു സമൂഹത്തിന്റെ ഐക്യം എന്നത് ചക്രവർത്തിയുടെ കര്ശനനിയമങ്ങളുടെ പാലനം മൂലം കൈവരിക്കാവുന്നതല്ല. ഓരോരുത്തർക്കും സമൂഹത്തിൽ സ്വതന്ത്രമായി ഉൾപ്പെടാൻ കഴിയുന്ന ഒരു പങ്കെടുക്കൽ പ്രക്രിയ ഐക്യത്തിനായുള്ള ഒരു പ്രധാന ഘടകമാണ്. ഈ പ്രക്രിയ ഒരാൾ തന്നിഷ്ടം നോക്കുന്നത് അല്ലാത്തതുപോലെ, സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതുമാവരുത്. മാത്രമല്ല, അത് മറ്റുള്ളവരുടെയും സമൂഹത്തിന്റെ മുഴുവന്റെയും നന്മ ആഗ്രഹിക്കുന്നതുമാകണം. ഒരു ഏകാധിപതിയുടെ ചട്ടങ്ങൾക്ക് എല്ലാവരും ഒരേപോലെ വിധേയമാകുന്നത് കൊണ്ട് ഉണ്ടാകുന്നത് ഐക്യമല്ല. അത് ഒരു പെരുമാറ്റ ചട്ടത്തിന്റെ പാലനം മാത്രമാണ്.

സഭയിൽ ഇന്നുള്ള പ്രശ്നങ്ങളിൽ ആത്മാർത്ഥമായ ഒരു വിചിന്തനം ആവശ്യമായിരിക്കുന്നതും ഇതേ മേഖലകളിലാണ്. വിശ്വാസികളായ ഓരോരുത്തർക്കും സഭാസമൂഹത്തിലുള്ള പങ്കെടുക്കൽ പ്രക്രിയ എത്രമാത്രം സ്വതന്ത്രമായി നടക്കുന്നുണ്ട്? തന്നിഷ്ടം നടപ്പിലാക്കാൻ വാശി പിടിക്കുന്നത് ആരാണ്? സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുവാൻ അധികാര ധാർഷ്ട്യവും പ്രതികാരചിന്തയും പ്രേരകങ്ങളാക്കുന്നതു ആരാണ്?  ഐക്യം എന്ന പേരിൽ മുന്നോട്ടു വയ്ക്കുന്നവയിൽ പൊതുവായ നന്മ ഉരിത്തിരിയേണ്ടതിനായി സ്വീകരിക്കേണ്ട മനോഭാവങ്ങൾ എന്തൊക്കെയാണ്, അതോടൊപ്പം വേണ്ട പ്രവൃത്തികളുടെ രൂപം എങ്ങനെയാണ്? 

ഇതോടൊപ്പം ഇന്ന് ഓരോ വിശ്വാസിയും സ്വയവും പരസ്പരവും, തങ്ങളുടെ മതാധ്യാപകരോടും സന്യസ്തരോടും വൈദികരോടും മെത്രാന്മാരോടും നേരിട്ട് ചോദിച്ചു ധ്യാനമാക്കേണ്ട കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങളുണ്ട്. അവ ആവർത്തിച്ചാവർത്തിച്ചു ചോദിക്കണം, കൂടുതൽ പേരെ കണ്ട് ചോദിക്കണം. ന്യായീകരണങ്ങൾക്കും സ്ഥിരീകരണങ്ങൾക്കുമായല്ല, വിചിന്തനവും, ആത്മനിരൂപണവും ധ്യാനവുമാകാൻ, കഠിനതകൾ പ്രഹരിക്കപ്പെടാൻ, മുറിവുകൾക്കു ആശ്വാസം ലഭിക്കാൻ. വ്യക്തവും ശക്തവും ആത്മാർത്ഥവുമായ മുഖാഭിമുഖങ്ങൾ സംഭാഷണങ്ങൾ ഉണ്ടാവണം.

സ്വതന്ത്ര സഭയെന്നും തനതായ പാരമ്പര്യമെന്നുമൊക്കെ പറയുമ്പോൾ എന്താണ് സീറോമലബാർ സഭ അർത്ഥമാക്കേണ്ടത്? തികച്ചും വ്യത്യസ്തമായ ആരാധനാക്രമവും സമൂഹവുമായി മറ്റാരോടും ചേരാത്ത ഒരു കൂട്ടമായി കാണപ്പെടുവാനോ? ഒരു സഭയായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? തനിമയായി കാണപ്പെടുന്ന, ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പാരമ്പര്യങ്ങളുടെ അർത്ഥസത്തയെ കണ്ടെത്താൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടാണോ സ്വയം  വ്യത്യസ്തമാക്കാനുള്ള അടയാളങ്ങളായി അവയെ ഉറപ്പിക്കുന്നത്? സഭയിൽ അസ്വസ്ഥതകൾ കാണപ്പെടുന്നെങ്കിൽ അവയുടെ യഥാർത്ഥ കാരണങ്ങൾ എന്താണ്? സമൂഹവുമായി അർത്ഥപൂര്ണവും യാഥാർത്ഥ്യബോധമുള്ളതുമായ സംഭാഷണങ്ങൾ നടത്താൻ അവരെ കേൾക്കാൻ നേതൃത്വത്തിന് കഴിയുന്നുണ്ടോ? ആരാധനാക്രമം-ഐക്യം-അനുസരണം എന്നിവയിലേക്ക് ചുരുങ്ങി നില്കുന്നതാണോ സീറോമലബാർ സഭയിലെ പ്രശ്നങ്ങൾ?  സ്വയം ഒരു വരേണ്യ വർഗ്ഗവും മറ്റുള്ളവരെ  (ഉള്ളിൽത്തന്നെയും പുറത്തുള്ളവരോടും) രണ്ടാം തരക്കാരുമായി കാണുന്ന പ്രവണത ക്രിസ്തീയമല്ലല്ലോ. പ്രാദേശിക തലത്തിലും, ഭാഷയുടെ പേരിലും സംസ്കാരത്തിന്റെ പേരിലും ഈ ഹുങ്കും തരം താഴ്ത്തലും നമ്മുടെ ഒരു സ്വഭാവ ശൈലി ആയിരുന്നിട്ടും തീർത്തും അക്രിസ്തീയവും മനുഷ്യത്വരഹിതവുമായ ഈ തിന്മക്കെതിരെ ഏതെങ്കിലും ധ്യാനഗുരു താക്കീത് നൽകുന്നത് കേട്ടിട്ടുണ്ടോ? ആരാധനക്കുള്ള ക്രമത്തെക്കുറിച്ചു ഐക്യം ആഗ്രഹിക്കുന്നതിനു മുമ്പേ ഉണ്ടാവേണ്ടത് എല്ലാവരെയും മനുഷ്യരായി കാണാൻ  കഴിയുക എന്നതാണ്. 

തുറവി കാണിക്കാതെ, പിശാചിന്റെ മേൽ കലഹങ്ങളുടെ കാരണം ആരോപിക്കുന്നത് നമ്മളുടെ ഉത്തരവാദിത്തങ്ങളെ ലഘൂകരിക്കുകയേയുള്ളു എന്ന് മാത്രമല്ല നമ്മുടെ കപടതയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. നമ്മിലെ മാത്സര്യം, മർക്കടമുഷ്ടി അധികാരധാർഷ്ട്യം എന്നിവയൊക്കെയാണ് യഥാർത്ഥ കാരണം. സഭയെ തകർക്കുവാൻ ആരൊക്കെയോ പൂജ ചെയ്യുന്നു എന്ന് പ്രഘോഷിച്ച പ്രവാചകനുണ്ട്, ഇല്ലുമിനാന്റി, ഫ്രീ മേസൺറി, സാത്താൻ ആരാധകർ, നിരീശ്വരവാദികൾ തുടങ്ങിയവരെക്കുറിച്ചു നിർത്താതെ ലേഖനങ്ങളും വീഡിയോകളും പുറത്തിറക്കുന്നവരുണ്ട്. അവർ പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത് വിടുതലിനായിട്ടല്ല, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല. 

മേല്പറഞ്ഞവ കൂടാതെ അനേകം കാര്യങ്ങൾ പരസ്പര സംഭാഷണങ്ങൾക്ക് വിധേയമാകണം. അധികാരം ഒരു ആധിപത്യമല്ല, അത് ഒരു ഉത്തരവാദിത്തമാണ്. ആത്മാർത്ഥമായി ദൈവസ്വരം കേൾക്കാനും, സ്വന്തം തനിമക്കും സ്വാർത്ഥതാല്പര്യങ്ങൾക്കും പ്രീണനലാഭങ്ങൾക്കും മീതേ ദൈവേഷ്ടത്തിനായി നിലകൊള്ളുവാനുമുള്ള ഉത്തരവാദിത്തം.  സഭയെന്നത് ഒരു മെത്രാൻ സംഘമോ, ഒരു സമ്മേളനവേദിയോ അല്ല, ദൈവജനത്തിന്റെ കൂട്ടായ്മയാണ് സഭ. 'വിശ്വാസികൾ' എന്ന് വിളിക്കപ്പെടുന്നവർ വിധേയപ്പെടാൻ മാത്രം ഉള്ളവരല്ല,  അവർ സംസാരിക്കേണ്ടവരും കേൾക്കപ്പെടേണ്ടവരുമാണ്. പരിശുദ്ധാത്മാവ് സംസാരിക്കുന്നത് സഭയിലാണ്. അപ്പോൾ, ഇന്ന് സംഭവിച്ചിട്ടുള്ള ആഘാതങ്ങൾ അടക്കം കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ സാന്ത്വനവും സൗഖ്യവും നേടാൻ ആവശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ