Gentle Dew Drop

ഡിസംബർ 27, 2022

മാനസാന്തരം അകലെയാണ്

അച്ചടക്കനടപടികൾ വരാൻപോകുന്നെന്നു കേൾക്കുന്നു. എന്ത് അച്ചടക്ക നടപടികളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്? അടിച്ചേൽപ്പിക്കുന്ന മനോഭാവങ്ങൾ ഏതു ക്രിസ്തീയതയുടെ ഭാഗമാണ്, ഏതു വിശ്വാസത്തിന്റെ സമീപനമാണ്? അധികാരരാഷ്ട്രീയത്തിന്റെ ലഹരിയിൽ എന്ത് ക്രമങ്ങളാണ് കൊണ്ട് വരുന്നത്?

ഇന്നലെതുടങ്ങിയ മാർപാപ്പ സ്നേഹത്തിനു മുമ്പ് നാളേറെയായി മാർപാപ്പയെ പറങ്കിതൊപ്പിയെന്നു വിളിച്ചു പോന്നവർക്ക്‌ അച്ചടക്ക നടപടികൾക്ക് വിധേയമാകേണ്ടതുണ്ടോ? സ്വയം സഭാവക്താക്കളായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും, സമൂഹത്തെ വിഭാഗീയതയിലേക്കു നയിക്കുകയും ചെയ്തവർ അച്ചടക്ക നടപടികൾക്കു വിധേയരായിട്ടില്ല. ധ്യാനങ്ങളെന്ന പേരിൽ തോന്നിയതെല്ലാം പഠിപ്പിച്ച പ്രഘോഷകർക്ക് അച്ചടക്കത്തിന്റെ ആവശ്യമില്ലാതിരുന്നത് എന്തുകൊണ്ടാണ്? ഒരു കൂട്ടരെ താണജാതിക്കാരെന്നും മറ്റും വിളിച്ചു അപമാനിച്ചു പോന്നവർക്ക് തിരുത്തൽ ആവശ്യമായിരുന്നില്ലേ.

സഭയിൽ ആവശ്യമായിരിക്കുന്നത് അച്ചടക്കമല്ല, മാനസാന്തരമാണ്. രാഷ്ട്രീയ അധികാരത്തിന്റെ ശക്തിയെ മുൻനിർത്തി പീലാത്തോസ് ചോദിച്ച ചോദ്യമാവാം അധികാരമുള്ള ഓരോരുത്തരും ധ്യാനിക്കേണ്ടത്. " നീ ഒരു രാജാവാണോ?" അല്ല എന്ന ഉത്തരമുള്ളപ്പോൾ, പിന്നെയെങ്ങനെ ഞാൻ ഒരു രാജാവിനെപ്പോലെ പെരുമാറുന്നു എന്ന മറുചോദ്യമുണ്ട്. ആണ് എന്ന ഉത്തരമുള്ളപ്പോൾ ഏതു തരത്തിലുള്ള രാജാവാണെന്ന മറുചോദ്യമുണ്ട്. പീലാത്തോസിനെയും ഹേറോദേസിനെയും പോലെ ഒരു അധികാരിയോ അതോ പടുത്തുയർത്താനും, ജീവൻ നൽകാനും നല്കപ്പെട്ടിട്ടുള്ള അധികാരമോ? അധികാരം ഉപയോഗിക്കപ്പെട്ടത്, കൈമാറ്റം ചെയ്യപ്പെട്ടത്, നിരസിക്കപ്പെട്ടത്, നീക്കം ചെയ്യപ്പെട്ടത്, അപമാനിക്കപ്പെട്ടത്, എല്ലാം കൂടിയ ചരിത്രത്തോട് കൂടിയാണ് സംഭാഷണങ്ങളിലൂടെ മനസാന്തരത്തിനു വഴി തുറക്കേണ്ടത്. അത് പ്രധാനമല്ലെങ്കിൽ, മൗനാനുവാദം നൽകപ്പെട്ടു വിശ്വാസത്തിന്റെ ഭാഗമാക്കി തീർത്ത പൂര്വികപാപങ്ങളും ശാപങ്ങളും വെച്ചെങ്കിലും മനസിലാക്കാൻ ശ്രമിക്കൂ. ഹൃദയകാഠിന്യത്തിന്റെയും പകയുടെയും മാത്സര്യത്തിന്റെയും കയ്പ്പ് പേറുന്നത് തലമുറകളാണ്. എന്തിനും പോന്ന വീര്യത്തിൽ നിൽക്കുന്ന ഇളം തലമുറയുടെ പിൻബലം കൊണ്ട് സന്തോഷിക്കരുത്. അവന്റെ രക്തം ഞങ്ങളുടെ മക്കളുടെ മേൽ പതിക്കട്ടെ എന്ന് ഏറ്റെടുക്കാൻ കയ്യപ്പാസിന് എളുപ്പമായിരുന്നു.

അധികാരവും, തീരുമാനങ്ങളും, നിലപാടുകളും ക്രിസ്തുവിനും മീതെ ഇടം പിടിക്കുമ്പോൾ ക്രിസ്തുവോ സുവിശേഷ മൂല്യങ്ങളോ കാര്യമായെടുക്കപ്പെടേണ്ടതില്ല. ക്രിസ്തു സഭക്ക് പ്രധാനമാകും വരെ മാനസാന്തരം അകലെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ