ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്.
നിത്യത, അനന്തത, തുടങ്ങിയ metaphysical പദങ്ങളുടെ പ്രയോഗം സമയത്തെയോ മാറ്റങ്ങളെയോ എതിർഭാഗത്തു നിർത്തിക്കൊണ്ടാണ്. എങ്കിലും നിത്യജീവൻ എന്ന് പറയുമ്പോൾ അനന്തമായി തിരശ്ചീനമായി നീണ്ടുകിടക്കുന്ന സമയത്തെക്കുറിച്ചാണ് സങ്കല്പിച്ചു വിവരിക്കാൻ ശ്രമിക്കുന്നത്. വിദൂരതയിലേക്കെത്തി നിൽക്കുന്ന ഒരു ഭാവികാലം ബൈബിൾ ചിന്തകളിൽ പോലും കാണപ്പെടുന്നത് messianism പ്രബലമായതിനു ശേഷമാണ്. പഴയനിയമ യഹൂദ കാലഘട്ടത്തിന് ഭാവി അവ്യക്തമാം വിധം പിറകിലാണ്. മുന്നിലുള്ളത് ഭൂതകാലമാണ്. അതിലെ ദൈവാനുഭവങ്ങളാണ് 'ഇന്നി'നെ നയിച്ചുകൊണ്ടിരിക്കുന്നത്.
ദൈവകൃപ നമ്മിലും നമ്മുടെ ജീവിത പശ്ചാത്തലങ്ങളിലും പ്രവർത്തിക്കുന്നത് 'ഇന്ന്' കളിലാണെന്ന് സുവിശേഷം വ്യക്തമാക്കുന്നു.രക്ഷയെയും, ദൈവകൃപയുടെയും പരിശുദ്ധാത്മാവിന്റെയും പ്രവൃത്തിയെയും സൂചിപ്പിച്ചു കൊണ്ട് പൗലോശ്ലീഹായുടെ ലേഖനങ്ങളും ഹെബ്രായലേഖനവും സഭാപ്രബോധനങ്ങളും ഇന്ന് എന്നതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. രക്ഷയുടെ 'അനുഭവത്തിൽ' മാത്രമല്ല, ഉത്തരവാദിത്തങ്ങളിലേക്കും അത് ചൂണ്ടിക്കാണിക്കുന്നു. ദൈവരാജ്യം വിദൂരതയിൽ അനുഭവിക്കേണ്ടതല്ല, ഇന്ന് 'തുടങ്ങേണ്ടതാണ്.' അത് ദൈവം സൃഷ്ടിച്ചു മനുഷ്യനെ അകത്തേക്ക് 'പ്രവേശിപ്പിക്കുന്ന' സ്ഥലമല്ല, ദൈവകൃപയിലും പരിശുദ്ധാത്മ പ്രവൃത്തികളിലും ഓരോ മനുഷ്യനും ഏറ്റെടുത്തു പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം കൂടിയാണ്. അത് കൊണ്ട്, ദൈവരാജ്യം എന്നത്, സാമൂഹിക സാമ്പത്തിക രംഗങ്ങളും രാഷ്ട്രീയ നിലപാടുകളൂം സാമൂഹികവും മതപരവുമായ പലവിധത്തിലുള്ള പരസ്പര സമ്പർക്കങ്ങളിലും തീർച്ചയായും ഉൾപ്പെടുന്നതാണ്. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവും യാഥാർത്ഥ്യമാകുന്നതും അങ്ങനെയാണ്.
ദൈവരാജ്യത്തെ അതിഭൗതികവും അതിന്ദ്രീയവുമായ ഒരു സങ്കല്പമാക്കി അതിന്റെ പാരമ്യതയിലേക്കുയർത്തുമ്പോൾ, മനുഷ്യാവതാരത്തെപ്പോലും വെല്ലുവിളിച്ച 'ആത്മീയതയുടെ' ചരിത്രം ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ ആവർത്തിക്കപ്പെടുകയാണ്. ചികിത്സ ആവശ്യമില്ലെന്നും ആശുപത്രികൾ ദൈവരാജ്യത്തിന്റെ ഭാഗമല്ലെന്നും, വിദ്യാഭ്യാസം ലൗകികമാണെന്നും വീടുകളിൽ അവർക്കു അറിവ് കൊടുത്താൽ മതിയെന്നും, ശാസ്ത്രം ദൈവവിരുദ്ധമാണെന്നും ഒക്കെ പഠിപ്പിക്കുന്നവർ കൂടെ പഠിപ്പിക്കുന്ന അനന്തത, നിത്യജീവിതത്തിലേക്കു മാത്രം നോക്കി ജീവിക്കുക എന്നൊക്കെയുള്ളത് നിത്യജീവിതത്തെ ദൈവികജീവനിൽ നിന്നും ഒരു പാട് അകറ്റിയിട്ടുണ്ട്.
കൂടെ, വളരെ പ്രാധാന്യത്തോടെ പഠിക്കേണ്ട, ധ്യാനിക്കേണ്ട ചില വിശ്വാസസത്യങ്ങളുണ്ട്: ദൈവപ്രവൃത്തികളും ഇടപെടലുകളും എപ്രകാരമാണ്? പുറമെനിന്നുള്ള ഒരു പ്രവൃത്തിയല്ല അത്, സ്വാഭാവികതയിൽ പൂർണതയിലേക്ക് നയിക്കുകയാണ് ദൈവപ്രവൃത്തി. അത് തന്നെയാണ് കൃപയുടെ പ്രവൃത്തിയും. സ്തുതികൾ പ്രകമ്പനം കൊള്ളുന്ന ഒരിടത്തു ആവിർഭവിച്ചു ചുറ്റിക്കറങ്ങുന്ന ഒരു ശക്തിയല്ല പരിശുദ്ധാത്മാവ്, ദൈവികജീവനാണ് പരിശുദ്ധാത്മാവ്. ആത്മാർത്ഥതയും തുറവിയുമുള്ള ഏതൊരുവന്റെ ഉള്ളിലും പ്രവർത്തിക്കുന്ന ദൈവികജീവൻ. അതിന്റെ ആഴപ്പെടലിൽ പ്രത്യേക വരദാനങ്ങളിൽ പുഷ്ടിപ്പെടാൻ കഴിയും. അതും മാസ്മരികതയിലല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവന്റെ നിറവാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളം. ദൈവവചനത്തിന്റെ ഫലദായകത്വം എപ്രകാരമാണ്? ഒരാളുടെ ജീവിതത്തിലും മനോഭാവങ്ങളിലും ഉത്തരവാദിത്തബോധത്തിലും സാമൂഹികസമ്പർക്കങ്ങളിലും വചനം എങ്ങനെ ഒരാളെ സുവിശേഷ മൂല്യങ്ങൾക്കൊത്ത വിധം രൂപപ്പെടുത്തുന്നു എന്നതാണ് അത്. അത് ബൈബിളിലെ വാക്കുകൾ ആവർത്തിച്ചു വായിക്കുകയോ എഴുതുകയോ മൈക്കുകളിലൂടെ വായുവിൽ പടർത്തുകയോ ചെയ്തത് കൊണ്ട് ഉണ്ടാവില്ല. വായനയും എഴുത്തും മേല്പറഞ്ഞ രൂപീകരണത്തിന് സഹായിക്കുന്നെങ്കിൽ അത് നല്ലതാണ്. വചനം മാന്ത്രികമല്ല.
കൂടെചേർത്തു പറയാവുന്ന മറ്റൊന്നാണ് വ്യക്തിപരമായ ആത്മീയ അനുഭവങ്ങളും ബോധ്യങ്ങളും. തീർച്ചയായും ഒരാൾക്ക് ആത്മാവിന്റെ പ്രേരണകളും മാർഗ്ഗദര്ശനങ്ങളും ലഭിക്കാം. എന്നാൽ സ്വയം ലയിച്ചു പോകാൻ താൽപര്യപ്പെടുന്ന ഒരു വൈകാരിക അനുഭൂതിയെ സാധൂകരിക്കുന്ന ഒരു ആന്തരികനിർദ്ദേശവുമാകാം അത്. ഇവയെ വേർതിരിക്കുന്നതിൽ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ഈ കാഴ്ചപ്പാടുകളും പ്രചോദനങ്ങളും മാനുഷിക അന്തസ്സിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്. ഏതെങ്കിലും തരത്തിൽ അത് സ്വന്തമോ മറ്റുള്ളവരുടെയോ മനുഷ്യാന്തസ്സിനെ തമസ്കരിക്കുകയോ ദുഷിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നെങ്കിൽ അത് ക്രൈസ്തവികമല്ല, ദൈവികവുമല്ല. ദൈവത്തിനു വേണ്ടി പട്ടിണി കിടക്കുന്ന ഒരാൾ ആത്മാവിനെ പരിപോഷിപ്പിക്കുന്നെന്നു പറയുന്നത് ആത്മപ്രേരിതമല്ല. ഉപവാസം, നീതിയും കാരുണ്യപ്രവൃത്തികളും മുൻകാണുന്നു. സുവിശേഷം അതിഭൗതികമായ നിത്യജീവിതത്തെക്കുറിച്ചല്ല, ദൈവരാജ്യത്തിന്റെ ഗുണങ്ങളെ സ്വജീവിതത്തിൽ പകർത്തിയും സുവിശേഷം തുറന്നു തരുന്ന പാതയിൽ നിത്യേന നടക്കാനും പ്രേരണ നൽകുന്ന ആന്തരിക ജീവനെക്കുറിച്ചാണ്. അത് തെളിമ നൽകുന്ന സാമൂഹിക യാഥാർഥ്യങ്ങളിൽ സുവിശേഷം നൽകുന്ന നീതി ബോധത്തോടെ ഇടപെടുന്നതാണ് സുവിശേഷമനുസരിച്ചുള്ള ആത്മീയ ജീവിതം. അശരീരികവും അലൗകികവുമായ 'ആത്മീയത' ദൈവരാജ്യത്തിന്റെ കർത്തവ്യങ്ങളിൽ നിന്നും ഓടിയൊളിക്കലാണ്.
ദുഷ്ടനായ ഭൃത്യാ, ഞാൻ നിനക്ക് ദൈവരാജ്യം സ്വന്തമായി നൽകി. പ്രവേശിക്കുക പോലും ചെയ്യാതെ ഭയപ്പെട്ടു നീ അത് കുഴിച്ചിട്ടു. എന്നിട്ട് അതിനെക്കുറിച്ചു അതിനെ അസ്പർശ്യമാക്കും വിധം കൂടുതൽ പരലോക പ്രയോഗങ്ങളുള്ള വിവരണങ്ങളുണ്ടാക്കി. 'ആത്മീയത'യിൽ രമിച്ച് കൊട്ടിപ്പാടി, സ്വയം വേദനിപ്പിച്ചു സുഖിപ്പിക്കേണ്ട ഒരു വഷളനാക്കി ദൈവത്തെ; ശരീരത്തിനും സൃഷ്ടലോകത്തിനും അയിത്തം കല്പിക്കുന്ന ദൈവം.
സന്മനസുള്ളവർക്കു സമാധാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ