Gentle Dew Drop

മേയ് 03, 2023

സാത്താനുള്ള ആരാധന

 പകയും വിദ്വേഷവും പുച്ഛവും കാർക്കശ്യവും മർക്കടമുഷ്ടിയും പുണ്യങ്ങളായി അനുവദിക്കുന്ന മതബോധം തന്നെയല്ലേ സാത്താനുള്ള ആരാധന? 

അത് പ്രോത്സാഹിപ്പിക്കുന്നവരെ, കണ്ടില്ലെന്നു നടിക്കുന്നവരെ, ശരിവെക്കുന്നവരെ സ്തോത്രഗാനങ്ങൾ പാടി പുകഴ്‌ത്തീടുന്ന ഭക്തസംഘടനകൾ തന്നെ സാത്താനെതിരെ പട പൊരുതുന്നത്രേ! 

അവരുടെ ഭക്തി തങ്ങളുടെ കീർത്തനങ്ങളോട് തന്നെയാണ്. 

മേയ് 01, 2023

വെളിപാടാവേണ്ട പ്രബോധനം

പ്രബോധനം ഒരു വരദാനമായാണ് കണക്കാക്കപ്പെടുന്നത്. മനസിന്റെ സ്വച്ഛതയും ഹൃദയവിശുദ്ധിയും ആത്മാർത്ഥമായ പ്രയത്നവും ചേർത്തുവെച്ചെങ്കിലേ ഈ ദാനം ഏതൊരു പുണ്യത്തെയും പോലെ  മനുഷ്യരുടെ സ്വാഭാവികപ്രകൃതിയിൽ കൃപയുടെ പ്രവൃത്തികളാകൂ.  പ്രബോധനത്തിന്റെ ഉത്തരവാദിത്വം നമ്മിൽ ആദ്യം ഏല്പിച്ചുതരുന്നത് സത്യത്തിനായുള്ള അന്വേഷണമാണ്. ആ അന്വേഷണം സുതാര്യവും വസ്തുനിഷ്ഠവുമായ പഠനവും  മുൻവിധികൾ മാറ്റിനിർത്താനുള്ള ജാഗ്രതയും ഉൾക്കൊള്ളുന്നു. 

സഭാംഗങ്ങൾക്ക് വിശ്വാസസംഗ്രഹങ്ങളുടെ അറിവും വളർച്ചയും നൽകാനും ഉറപ്പിച്ചു നിർത്താനും മാത്രമായുള്ളതല്ല പ്രബോധനത്തിനായുള്ള കടമ. കാലവും അതിന്റെ വെല്ലുവിളികളും, അതിന്റെ സമ്മർദ്ദങ്ങളും സംഘർഷങ്ങളും സുവിശേഷത്തിന്റെ കണ്ണുകളിലൂടെ സമീപിക്കാൻ പരിശീലിപ്പിക്കുകയാണ് പ്രബോധനത്തിന്റെ ലക്ഷ്യം. നീതി, സത്യം, സ്നേഹം, മൈത്രി, സമാധാനം എന്നിവ ഓരോ ഇടപെടലിലും തെളിഞ്ഞു നില്കേണ്ടതിന് പ്രബോധനം കാലത്തിനായുള്ള വെളിപാടാകേണ്ടതാണ്. സഭയുടെ പ്രബോധനാധികാരം ഒരു ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അത് വിശ്വാസഗതികളെ  നിരീക്ഷിക്കുവാനും ജാഗ്രത പുലർത്തുവാനും ഏൽപ്പിക്കപ്പെട്ട വിശ്വാസപ്രബോധനങ്ങളുടെ കമ്മീഷന്റെ മാത്രം ഉത്തരവാദിത്തമല്ല. സഭ പ്രബോധകയാകുന്നത് സഭാംഗങ്ങൾ എല്ലാവരുടെയും, പ്രത്യേകിച്ച് നേതൃത്വത്തിലും അധ്യാപനത്തിലുമുള്ള എല്ലാവരുടെയും, കടമയാണ്.  മലമുകളിൽ തെളിയുന്ന ദീപം ആവണമെങ്കിൽ സഭക്ക് സത്യത്തിന്റെ വെളിച്ചത്തോടുള്ള അടിപതറാത്ത പ്രതിബദ്ധതയുണ്ടാകണം. എന്നാൽ അത്തരം പ്രബോധനകർത്തവ്യം സ്വായത്തമാക്കുവാൻ സഭാംഗങ്ങൾക്കു കഴിയുന്നുണ്ടോ എന്നത് സംശയമാണ്. ഒരു കാര്യത്തെക്കുറിച്ച് ബൗദ്ധികവും പക്വവുമായ ഒരു സംഭാഷണം സാധിച്ചെടുക്കാൻ വേണ്ടത്ര ഒരുക്കമുള്ളവർ നമ്മുടെ ഇടയിൽ എത്രപേരുണ്ടാകും? ഏകപക്ഷീയമായി, ധ്രുവീകരണ ലക്ഷ്യങ്ങൾ ഇല്ലാതെ ഒരു വിഷയത്തെ സമീപിക്കാനും വിശകലനം ചെയ്യുവാനും നമുക്ക് സാധിക്കുന്നില്ലെങ്കിൽ, സഭയുടെ പ്രബോധന-ഉത്തരവാദിത്തം പരാജയമാവുകയാണ്. 

സത്യം പഠിപ്പിക്കുക മാത്രമല്ല അത് ഗ്രഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതും പ്രബോധനത്തിന്റെ ഭാഗമാണ്. പ്രബോധനമാഗ്രഹിക്കുന്നവരുടെ ആഴങ്ങളെ സ്പർശിക്കാൻ അതിനു കഴിയണം. ഓരോരുത്തരും കടന്നുപോകുന്ന ഒരു കാലഘട്ടത്തിന്റെ സമ്മർദ്ദങ്ങളെ ഹൃദയപൂർവ്വം കാണാൻ കഴിയുന്നതാവണം വിശ്വാസപ്രബോധനം. വിശ്വാസവും പ്രബോധനവും, അടുത്തുകാണാൻ കഴിയേണ്ടതും സ്പർശ്യവും ഗ്രാഹ്യവുമാകേണ്ടതുമാണ്. അതുകൊണ്ടുതന്നെ അത് കുടുംബം, ഇടവക എന്നിങ്ങനെ സമൂഹം മുഴുവന്റെയും കൂട്ടുത്തരവാദിത്തവുമാണ്. അവിടെ  വിശ്വാസം അറിവായി പകരുന്നതാവാതെ ജീവിതത്തിൽ പരിശീലിക്കുന്നതായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അല്ലെങ്കിൽ, വിശ്വാസം ഓരോരുത്തരും സ്വന്തം നിർമ്മിതികൾക്കുള്ളിൽ രൂപപ്പെടുത്തുന്ന സങ്കല്പങ്ങളാകും. മാത്രമല്ല, ആ നിർമ്മിതികൾ തേടുന്ന സ്വത്വബോധവും ദൃഢതയും തീക്ഷ്ണതയും ചൂഷണം ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ വിശ്വാസത്തെ ഉപയോഗിക്കുമ്പോൾ, ഒറ്റയ്ക്ക് നടക്കുന്ന അവരാണ് ഏറ്റവും എളുപ്പം വിധേയരായിപ്പോകുന്നതും. തീവ്രതീക്ഷ്ണത അത്തരക്കാരെ 'വിശ്വാസം സംരക്ഷിക്കുന്നെന്നു' കരുതുന്ന അടഞ്ഞ സംഘങ്ങളാക്കി തീർത്തേക്കാം. തീവ്രതയും തീക്ഷ്ണതയും അവയുടെ ഉത്തമമായ ഭാവം നഷ്ടപ്പെടുത്തുന്നെങ്കിൽ അവ അവയിൽത്തന്നെ തിന്മയാകും. എന്നാൽ തിന്മയായിത്തീരുന്ന തീവ്ര അഭിനിവേശവും തീക്ഷ്ണതയും ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരും, മതത്തെ രാഷ്ട്രീയമാക്കുന്ന മത നേതാക്കന്മാരുമുണ്ട്. വിശ്വാസം ഒരാളെ ഇന്ന് ആദ്യം രക്ഷിക്കേണ്ടത് ഈ കപടതയിൽ നിന്നാണ്. തീവ്രചിന്ത കലർത്തി വെറുപ്പ് ആഘോഷമാക്കുന്ന 'പരിശുദ്ധ ക്രിസ്ത്യാനി' സംഘടനകൾക്ക് കീഴ്പ്പെട്ടു പോകുന്നവരെക്കുറിച്ച് കരുതലുള്ളവരും അജപാലനമെന്നത് ഗൗരവമുള്ള ശുശ്രൂഷയാണെന്നു കരുതുന്നവരും പരിഗണിക്കേണ്ട ഏതാനം കാര്യങ്ങളുണ്ട്. സ്വന്തം സുരക്ഷയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും, ഭൂമിയെക്കുറിച്ചും ഭാവിയെക്കുറിച്ചും സ്വർഗജീവിതത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ അവയിൽ ഏതു തരം ചിന്തകളാണ് മൗലികചിന്തകളിലേക്കു അവരെ നയിച്ചിട്ടുള്ളത്? ഇല്ലാതാകുന്ന വിശ്വാസങ്ങളെന്നും പാരമ്പര്യങ്ങളെന്നും പറഞ്ഞു കൊണ്ട് എന്തൊക്കെ തെറ്റിദ്ധാരണകളാണ് അവരെ സ്വാധീനിച്ചിട്ടുള്ളത്?   സാധാരണത്വത്തിലേക്കും സത്യത്തിലേക്കും അവരെ കൈപിടിച്ച് നടത്താൻ എന്താണ് ചെയ്യാനുള്ളത്? ആ തീക്ഷ്ണതകളെ ചൂഷണം ചെയ്യുക വഴി ലഭിക്കാവുന്ന ലാഭങ്ങളെ മാറ്റി നിർത്തുവാൻ മതസംവിധാനം തയ്യാറാകുമോ? 

താരശോഭയിലേക്കുയർന്ന പ്രഭാഷകർ വിശ്വാസം പഠിപ്പിച്ചില്ലെന്നു മാത്രമല്ല, അവരുടെ താരശോഭയിൽ നിന്നുകൊണ്ട് ഇന്റർനെറ്റ് ലുള്ള വിവരങ്ങളെക്കാൾ കൂടിയ ഒന്നും തന്നെ വിശ്വാസത്തെക്കുറിച്ചു നൽകാൻ  അവർക്കു കഴിയില്ല. അവരിൽ നിന്ന് വികേന്ദ്രീയമാകുന്ന ഒരു വിശ്വാസപ്രക്രിയ അവർ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഭക്തിയും ആരാധനാക്രമവുമൊക്കെ അതിന്റെ ലക്ഷ്യവും സ്വഭാവവും വിട്ട് അമിതമായ ആസക്തിയായി മാറുമ്പോൾ അവയുടെ വൈകാരിക ധ്രുവീകരണത്തിന്റെ ലാഭം കണ്ടുകൊണ്ട് നിശ്ശബ്ദരാകുന്ന നേതൃത്വം പ്രബോധനം അടച്ചുകളഞ്ഞവരാണ്. ജനപ്രിയതക്കും ജനബഹുലതക്കും  വശംവദരായിപ്പോകുന്ന അവർ സത്യമായതിനെ മാറ്റി നിർത്താൻ കാരണമാവുകയാണ്. സഭയുടെ കാഴ്ചപ്പാടില്ലാത്ത ഭൂതോച്ചാടനങ്ങളും, മരിയഭക്തിയും, അന്ത്യകാല പ്രവചനങ്ങളും അതിശക്തമായി ജനത്തെ കീഴ്‌പ്പെടുത്തുമ്പോഴും അവയെ ശരിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

നമുക്ക് ചുറ്റും സംഭവിക്കുന്ന രാഷ്ട്രീയ-സാംസ്കാരികപ്രതിഭാസങ്ങൾ വേണ്ടവിധം ഗ്രഹിക്കണമെങ്കിൽ അവ അതാതിന്റെ തോതുകളിലൂടെ വിലയിരുത്തപ്പെടണം. അതും സത്യാന്വേഷണത്തിന്റെയും  ഹൃദയശുദ്ധിയുടെയും ഭാഗമാണ്. മൂല്യസംഘർഷങ്ങൾ, വൈരുദ്ധ്യങ്ങൾ വന്നിട്ടുള്ള കുറവുകൾ, ഉചിതമായ പരിഹാരങ്ങൾ, അവയുൾക്കൊള്ളുന്ന വെല്ലുവിളികൾ ഇങ്ങനെ ഒരുപാടു കാര്യങ്ങൾ പരിഗണിച്ചെങ്കിലേ സത്യസന്ധമായ ഒരു വിലയിരുത്തലിന് സാധിക്കൂ. അങ്ങനെയേ പ്രചോദനാത്മകത അതിനുള്ളിൽ കണ്ടെത്താനാകൂ, യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹാരം തേടാനും കഴിയൂ. പകരം, സാമ്പത്തികരാഷ്ട്രീയലാഭങ്ങളെ മുൻനിർത്തി ഉയർത്തുന്ന ഏകപക്ഷീയമായ പ്രസ്താവനകൾ പ്രബോധനത്തിന്റെ കടമയുള്ളവർ വിശ്വാസികളോട് ചെയ്യുന്ന വഞ്ചനയാണ്. വൈകാരികമോ, സാമുദായികമോ, വിശ്വാസപരമോ ആയ ധ്രുവീകരണശ്രമങ്ങളിൽ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്. നന്മ രൂപപ്പെടുത്തുകയോ, തിന്മയെ ചെറുക്കുകയോ അവിടെ അസാധ്യമാണ്, കാരണം അത് സ്വകാര്യലാഭമല്ലാതെ സത്യത്തെ തേടുന്നില്ല. സഭയെയോ വിശ്വാസത്തെയോ സംരക്ഷിക്കുന്നെന്നും പ്രതിരോധിക്കുന്നെന്നുമുള്ള തെറ്റിദ്ധാരണയുണ്ടാക്കാൻ അതിനു കഴിഞ്ഞേക്കാം, എന്നാൽ യഥാർത്ഥത്തിൽ അതുണ്ടാക്കുന്നത് തകർച്ചയാണ്.

വിശ്വാസസംബന്ധിയല്ലാത്ത പല കാര്യങ്ങളെയും വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയവത്കരിക്കുകയോ, യഥാർത്ഥ പ്രശ്നങ്ങളെ തമസ്കരിക്കുകയോ, കുറവുകളെക്കുറിച്ചുള്ള വിമർശനങ്ങളെ നിഷേധിക്കുകയോ ചെയ്യുന്ന എത്രയോ സന്ദർഭങ്ങൾ നമ്മൾ കണ്ടു. ഒന്നും പോരെങ്കിൽ പിശാചിന്റെ പ്രവൃത്തികളെന്ന സാമാന്യവത്കരണവും! സഭയുടെ തകർച്ചയുടെ സമയങ്ങളിൽ ഭൂതോച്ചാടനത്തോടുള്ള ആകർഷണീയതയും വർദ്ധിച്ചിരുന്നതായി ചരിത്രത്തിൽ നിന്ന് നിരീക്ഷിക്കാം. കാല്പനികവും നാടകീയവുമായി അരങ്ങേറുന്ന ഭൂതോച്ചാടനങ്ങൾ സഭാസമൂഹത്തിന്റെ പോരായ്മകൾക്ക് പരിഹാരമാവില്ല. ആത്മാർത്ഥമായ ഹൃദയവിചിന്തനവും, പശ്ചാത്താപവും, ചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചുള്ള യാഥാർത്ഥ്യബോധവും സഭാസമൂഹത്തിനുണ്ടാവണം. അതുകൊണ്ടുകൂടിയാണ് പ്രബോധനത്തിന്റെ അനിവാര്യത.

നമ്മുടെ ഭവനങ്ങളിൽത്തന്നെ  പല കാര്യങ്ങളും ചർച്ചയാകുമ്പോൾ അതിൽ ഉൾക്കൊള്ളുന്ന അല്ലെങ്കിൽ ഉൾക്കൊള്ളാത്ത ക്രിസ്തീയമനോഭാവത്തെ തിരിച്ചറിയാൻ നമുക്ക് കഴിയാതായിട്ടുണ്ട്. രാഷ്ട്രീയവത്കരിക്കപ്പെട്ട, തികച്ചും മുൻവിധിയോടെയുള്ള അഭിപ്രായപ്രകടനങ്ങൾ മാത്രമാണ്  നമുക്കിടയിൽ നിർഭാഗ്യവശാൽ രൂപപ്പെടുന്നത്. വിശ്വാസത്തിന്റെ കെടാവിളക്കുകൾ എന്നൊക്കെ അവകാശപ്പെടുന്ന ചാനലുകൾ പകർന്നു നൽകുന്ന കാഴ്ചപ്പാടുകളും അത്തരത്തിലാകുന്നത് ക്രിസ്തീയസമൂഹത്തിനു സംഭവിച്ചിട്ടുള്ള മൂല്യശോഷണത്തിന്റെ തെളിവാണ്. തത്‌ഫലമായി, നമ്മുടെ കുടുംബങ്ങളിലും സംഘടനകളിലും ഇടവകകളിലും അസ്വസ്ഥതകളും കലഹങ്ങളും ഉണ്ടായിട്ടുണ്ട്.

വിശ്വാസസംബന്ധിയായ സംശയങ്ങളും അന്വേഷണങ്ങളും വെല്ലുവിളികളും, അത് ധാർമ്മിക തലമാവട്ടെ, ശാസ്ത്രത്തോടുള്ള ബന്ധത്തെക്കുറിച്ചാവട്ടെ, മറ്റു സംസ്കാരങ്ങളും മതങ്ങളും തുറന്നിടുന്ന മൂല്യവ്യവസ്ഥികളെക്കുറിച്ചാവട്ടെ, കാണാനും അപഗ്രഥിക്കാനും മറുപടി നൽകാനും നേതൃത്വമോ സമൂഹമോ പ്രാപ്തമല്ല എന്നതാണ് സത്യം. അത്  വിശ്വാസത്തിന്റെ പ്രബോധനപരമായ വളർച്ചയിൽ മുരടിപ്പുണ്ടാക്കുന്നതാണ്. വിശ്വാസത്തിന്റെയും സഭയുടെയുമൊക്കെ വക്താക്കളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നവരിൽ ഈ മുരടിപ്പും ശൂന്യവും വളരെ പ്രകടവുമാണ്. വിശ്വാസികളെ സത്യത്തിലേക്ക് നയിക്കേണ്ട സഭ, പ്രബോധകയാകേണ്ടത് വിശ്വാസികൾക്ക് മാത്രമല്ല. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ  സഭ ലോകം മുഴുവനും മുമ്പിൽ സത്യം വിവേചിച്ചറിയുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടവളാണ്.  നമ്മുടെ നിലപാടുകളും മൂല്യങ്ങളും പ്രസ്താവനകളും വായിച്ചെടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമൂഹം  നമ്മിൽ ഇന്ന് കാണുന്ന പ്രബോധനത്തിന്റെ ആധികാരികത എന്താണ്?   അത്തരം ശോഷണം ബൗദ്ധികവും സാമൂഹികവുമായ തലങ്ങളിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ, പരിഹാരം ഒന്നേയുള്ളു; ആത്മാർത്ഥമായി സത്യത്തെ തേടുക, പഠിക്കാനുള്ള തുറവിയുണ്ടാവുക. അതുകൊണ്ടുകൂടിയാണ് സാംസ്‌കാരിക സാമൂഹിക പ്രവണതകളെയും മതങ്ങൾക്കുള്ളിലെ ആധുനിക പ്രവണതകളെയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ആവശ്യമായ വായനകളും ചർച്ചകളും ഉണ്ടാവേണ്ടത്. സാമ്പത്തികമായ ഉയർച്ചതാഴ്ചകൾ ഉണ്ടാക്കുന്ന സാമൂഹിക അസമത്വങ്ങളും പ്രതിരോധ സംഘർഷങ്ങളും മതസമൂഹങ്ങൾക്കുള്ളിൽ വാർത്തെടുക്കുന്ന ആഖ്യാനങ്ങളെയും  അവയ്ക്കുള്ളിലെ താല്പര്യങ്ങളെയും കാണുവാനും, ആരോഗ്യപരവും ക്രിയാത്മകവുമായ പുനർവ്യാഖ്യാനപ്രക്രിയയിലൂടെ സത്യത്തിന്റെ സമഗ്രതയിലേക്കു സമൂഹത്തെ നയിക്കാനും പ്രബോധനങ്ങൾക്കു കഴിയണം. എന്നാൽ, 'അപരന്' നേരെ കാർക്കിച്ചു തുപ്പാവുന്ന ഏതു പ്രവൃത്തിയും നന്മയായും തിന്മക്കെതിരെയായുമുള്ള പ്രവൃത്തിയായും കരുതും വിധം പ്രബലമായ ആഖ്യാനങ്ങൾ ക്രിസ്തീയ മനഃസാക്ഷിയെ രൂപപ്പെടുത്തിക്കഴിഞ്ഞു. സത്യാന്വേഷണം മാറ്റിനിർത്തി, ആരൊക്കെയോ പ്രേരിപ്പിക്കുന്ന 'കാപ്സ്യൂൾ' അംശങ്ങൾ പ്രബോധനങ്ങളാകുന്നത് സ്വയം മുറിപ്പെടുത്തലാണ്. തിന്മയെ എങ്ങനെ നിർവചിക്കുന്നോ ആ  നിർവചനമനുസരിച്ചു രാഷ്ട്രീയപരമായ ചായ്‌വോ സാമൂഹികമായ എതിർപ്പോ, വിശ്വാസപരമായ പുനർവ്യാഖ്യാനമോ കൊണ്ടുവരാൻ അനുവദനീയമാകും വിധം നിർമ്മിച്ചെടുക്കുന്ന ധാർമ്മികത ക്രിസ്തീയമനഃസാക്ഷിക്ക് പുതിയ സത്ത നല്കിക്കൊണ്ടിരിക്കുകയാണ്. ആവശ്യം പോലെ ചെന്നായയെ ആട്ടിൻതോലണിയിച്ചു പ്രകീർത്തിച്ചു കൂടെനടക്കാനുള്ള പ്രയത്നങ്ങളാണവ. ആരെയൊക്കെ ചെന്നായയാണെന്ന് ആരോപിക്കണമോ അതും ചെന്നായ പറഞ്ഞു തരും. 

എത്ര സങ്കീർണ്ണമായ സംവിധാനവും സുഗമമായി പ്രവർത്തിക്കുന്നതിന് അതിന്റെ ഭാഗങ്ങൾ ഒന്നൊന്നിനോട് ചേർന്ന് നില്കേണ്ടതായുണ്ട്. മതങ്ങളും, സമൂഹങ്ങളും ഉൾകൊള്ളുന്ന സാംസ്‌കാരിക സംവിധാനങ്ങൾ സങ്കീർണ്ണമാണെങ്കിലും മത-സാംസ്‌കാരിക സാക്ഷരത പ്രാപ്തമാക്കേണ്ടത് പരസ്പരമായ പുച്ഛവും അധിക്ഷേപവും ഒഴിവാക്കാൻ അനിവാര്യമാണ്. സ്വയം അടക്കുന്ന ഒരു പരിശുദ്ധ സുരക്ഷയിലും വചനത്തിന്റെ വെളിപാടില്ല. എന്നാൽ പുരോഗതികളിലും പരാജയങ്ങളിലും മനുഷ്യസമൂഹം ഉൾക്കൊണ്ട പാഠങ്ങളിലെ ദൈവശബ്ദം തിരിച്ചറിയാനോ അംഗീകരിക്കാനോ ഇന്നും അനേകർക്ക്‌ കഴിയുന്നില്ല. തീർത്തും യുക്തിസഹമായ അത്തരം സംശയങ്ങളും പ്രശ്നങ്ങളും കൂടുതൽ പഠനങ്ങളും വിചിന്തനങ്ങളും ആവശ്യപ്പെടുന്നു. കൂടുതൽ തുറവി ആവശ്യപ്പെടുന്നു, പല സുരക്ഷാകവചങ്ങളും തകർക്കാൻ ആവശ്യപ്പെടുന്നു. അതിനു തയ്യാറല്ലാത്തതു  കൊണ്ടാവാം ഈ പ്രശ്നങ്ങളെ പൈശാചികമാക്കി അധിക്ഷേപിക്കലും  കുറ്റപ്പെടുത്തലും  മാത്രം പരിഹാരമായി കാണുന്നു. സമൂഹത്തിന്റെ സങ്കീർണ്ണതകളെ ആക്ഷേപമോ അധിക്ഷേപമോ വഴി സ്വയം വെള്ളപൂശുന്നതിലൂടെ പരിഹരിക്കാവുന്നതല്ല. സഭ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ പരിണാമവും വികസനതലങ്ങളും വിലയിരുത്തുവാൻ ഇന്ന് സാമൂഹിക-മത-സാംസ്‌കാരിക രംഗങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്ന വഴികൾ ലഭ്യമാണ്. വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് കൊണ്ടുതന്നെ അത്തരം അളവുകോലുകളെ ആത്മാർത്ഥമായി സ്വീകരിക്കുവാൻ നമുക്കാവണം. അപ്പോഴേ പ്രബോധനം സഭക്കും സമൂഹത്തിനും മുന്നോട്ടു നടക്കാനുള്ള വെളിപാടായി മാറൂ. സാമൂഹിക സാംസ്‌കാരിക പരിണാമങ്ങളെ അവയുടെ വിവിധതലങ്ങളിൽ അടുത്തറിയാൻ പരാജയപ്പെടുമ്പോൾ അവയെ പരസ്പരവിരുദ്ധതയാക്കുന്ന, രാഷ്ട്രീയപോരാക്കുന്ന വിവേകശൂന്യതയിൽ പ്രബോധനത്തിന്റെ ഒരു മാത്ര പോലുമില്ല. 

ബൈബിളിനെ വളച്ചൊടിച്ചു പരിഹസിച്ചവരെ കേൾക്കുമ്പോൾ നമ്മുടെ വിശ്വാസത്തെ സത്യത്തിൽ മനസിലാക്കിയെടുക്കേണ്ടതെങ്ങനെയെന്നത് അറിയാതെ പോയത് വേദപാഠ ക്ലാസുകളുടെ കുറവ് കൊണ്ടല്ല. ബൈബിളിൽ എഴുതപ്പെട്ടതും അല്ലാത്തതുമായ, രചനയുടെ കാലഘട്ടത്തെ തുടർന്നുള്ള പ്രബോധനങ്ങളിലുള്ള  പ്രചോദനാത്മകതയെ വേണ്ടവിധം ഗ്രഹിക്കാനും എങ്ങനെ ഓരോ കാലഘട്ടത്തിലും വിശ്വാസം വളർന്നെന്ന് പരിശോധിക്കുവാനും നമ്മെ സഹായിക്കുന്ന അനേകം പ്രബോധനങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. പകരം, അമേരിക്കൻ വൈറ്റ് ക്രിസ്ത്യാനിറ്റിയുടെ പ്രത്യയ ശാസ്ത്രങ്ങളെ വളരെ തന്ത്രപരമായി പ്രചരിപ്പിക്കുന്ന പ്രവണതകളാണ് പാരമ്പര്യ-യാഥാസ്ഥിതിക വിശ്വാസമെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. സ്വന്തം മേൽക്കോയ്മാമനോഭാവങ്ങളിൽ വിശ്വാസത്തെ ചുരുക്കി  നിർത്തുന്ന അത്തരം സമീപനരീതികളിൽ മേല്പറഞ്ഞ സാമൂഹികസാംസ്കാരിക പ്രതിഭാസങ്ങളിലെ പ്രചോദനാത്മകതയെ കണ്ടുകൊണ്ടു സമീപിക്കാനും, തുടർന്നും ലഭിക്കുന്ന വചനം കേൾക്കാനും, കാലഘട്ടത്തിനായുള്ള പ്രബോധനമാക്കുവാനും കഴിയില്ല. അപ്പോൾ, നേരിട്ട വെല്ലുവിളികൾ അപമാനപ്പെടുത്തുന്ന പരാജയങ്ങളാവുകയും, വിശ്വാസം അർത്ഥ ശൂന്യമാണെന്നും അടിസ്ഥാനരഹിതമാണെന്നും തോന്നിത്തുടങ്ങുകയും ചെയ്യും. 

വിശ്വാസപ്രബോധനങ്ങളെ തറപ്പിച്ചു പറഞ്ഞു പ്രമാണീകരിക്കേണ്ട നിർവചനങ്ങളായി മാറ്റേണ്ടത് ജീവിതലക്ഷ്യമാക്കി എടുത്ത് ആത്മാവിന്റെ പ്രേരണകൾ നിഷേധിക്കുന്നവരുണ്ട്. വിശ്വാസം സ്വന്തം ജീവിതത്തിലെ പശ്ചാത്തലങ്ങളിലേക്കു സ്വംശീകരിച്ചെടുക്കുന്നവരുമുണ്ട്. സമ്മർദ്ദങ്ങളും  സംഘർഷങ്ങളും തിരസ്കരണങ്ങളൂം ഒറ്റപ്പെടലുകളും ഉപയോഗിക്കപ്പെടലും അർത്ഥശൂന്യതയും എല്ലാം വിശ്വാസം ലാവണ്യം പകരാനായി ഒരാൾ ഉയർത്തിയെടുക്കുന്ന ആഴങ്ങളാണ്. ആ വഴികളെയാണ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത്. ആ വഴിയെയാണ് മാതാവും പ്രബോധകയും ഇടയനുമായ സഭ ഈ കാലഘട്ടത്തെയും തലമുറയെയും തേടിയിറങ്ങേണ്ടത്. അവർക്കായുള്ള സത്യവും വിശ്വാസവും പ്രബോധനവും അവരുടെ സമ്മർദ്ദങ്ങളിലും സംഘർഷങ്ങളിലും എവിടെയോ വെളിപ്പെടുന്നുണ്ട്. 

ആത്മാർത്ഥമായ അന്വേഷണമില്ലാതെ പ്രബോധനം സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രബോധനം നീതി ഉറപ്പാക്കുന്നതുകൂടിയാവണം. പക്ഷപാതപരമായ ധ്രുവീകരണങ്ങളിൽ നീതിയല്ല ആഗ്രഹിക്കപ്പെടുന്നത്. സാമൂഹികയാഥാർത്ഥ്യങ്ങളുടെ, സാംസ്കാരികമാറ്റങ്ങളുടെ സത്യാവസ്ഥകളിൽ വിശ്വാസം തെളിമ നല്കുന്നില്ലെങ്കിൽ അത് സത്യം അന്വേഷിക്കാൻ തയ്യാറായിട്ടില്ല എന്നാണ് അർത്ഥം. പ്രബോധനം എന്നത്, ഒരാൾക്ക് വിവരങ്ങൾ പകർന്നു നൽകുന്നതല്ല.  മറിച്ച് ജീവിക്കാനുള്ള വെളിച്ചമാണത്. അതുകൊണ്ടുതന്നെ, മുൻവിധികളും, രാഷ്ട്രീയതാല്പര്യങ്ങളും, വൈകാരികാസക്തിയും ഒക്കെ സമൂഹത്തെ സ്വാധീനിക്കുമ്പോൾ അവയെ തിരിച്ചറിയാനും, അവയുടെ ലാഭങ്ങൾക്കു വശംവദരാവാതെ സത്യം ഗ്രഹിക്കാനും കാലികമായ ചുവടുവയ്പ്പ് നടത്താനും പ്രബോധനത്തിന് കഴിയണം. അധികാരം നിർവചിക്കുന്ന വിശ്വാസസത്യങ്ങളിൽ നിന്നും, സ്നേഹം വെളിപ്പെടുത്തുന്ന ക്രിസ്ത്വാനുഭവമായി പ്രബോധനം വളരുന്നുണ്ട്. അപ്പോൾ, സ്നേഹത്താൽ പ്രചോദിതമാകുന്ന അന്വേഷണങ്ങൾക്ക് വേണ്ട പക്വത ഉറപ്പാക്കേണ്ടത് വിശ്വാസിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അസഹിഷ്ണുവാകേണ്ട നിര്വചനങ്ങളാകുന്നതിനു പകരം, സമാധാനവും അനുരഞ്ജനവും സാധ്യമാക്കുന്ന തുറവിയായി വിശ്വാസപ്രബോധനങ്ങൾ മാറും. അപ്പോഴേ സത്യത്തെ കേൾക്കാനും, അപരതയോടും വ്യത്യസ്തതകളോടും ആദരവ് പുലർത്തിക്കൊണ്ട് തന്നെ സത്യാന്വേഷണം സംഭാഷണങ്ങളാക്കുവാനും കഴിയൂ.