Gentle Dew Drop

നവംബർ 25, 2019

'എന്റെ ദൈവം' ദൈവമല്ല

എന്റെ ദൈവം, നമ്മുടെ ദൈവം, അവരുടെ ദൈവം എന്ന പ്രയോഗങ്ങളാണ് ദൈവത്തെക്കുറിച്ചു പറയാൻ ഒട്ടും യോജിക്കാത്തത്. 'എന്റെ ദൈവം' എന്നത് ബഹുദൈവചിന്തയുടെ മറ്റൊരു രൂപം തന്നെയാണ്. നന്മ എന്നതാണ് ദൈവസത്ത, കരുണയാണ് ദൈവമുഖം. ഇവ കാണിക്കാത്ത ഏതു 'ദൈവവും' പാഴ്‍ദൈവമാണ്.

സമ്പർക്കമില്ലാതെ അകന്നുകഴിയുവാനും, സംശയിക്കാനും, വെറുക്കാനും തിരുവെഴുത്തുകൾ പറയുന്നുണ്ടെങ്കിൽ, എഴുതിയവരുടെ രാഷ്ട്രീയതാല്പര്യങ്ങൾ കലർന്നതാണെന്നേ കരുതേണ്ടതുള്ളൂ. യാഥാർത്ഥ ദൈവപ്രചോദിതവചനങ്ങൾ സാഹോദര്യവും നന്മയും തുറവിയും പകർന്നു നൽകും. ഹൃദയത്തിൽ നിന്നാണ് അധരം സംസാരിക്കുന്നതെങ്കിൽ ദൈവഹൃദയമുള്ളതാണ് ശരിയായ ദൈവവചനം. 

കൊച്ചുകാശിന്റെ ഹൃദയം

കൂടുതൽ മുതൽമുടക്ക് കൊണ്ട് കൂടുതൽ ലാഭം ഉണ്ടായേക്കാം.
കൂടുതൽ പണം മുടക്കുന്നതുകൊണ്ട് കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാകുമോ?
കൊടുക്കാനില്ലാത്ത ഒരുവൻ എപ്പോഴും കുറഞ്ഞ അനുഗ്രഹങ്ങളിൽ കഴിയേണ്ടിവരില്ലേ?

കൂടുതൽ നിക്ഷേപം കൂടുതൽ പലിശ നൽകും,
എന്നാൽ ദൈവം ഒരു പലിശക്കാരനല്ലല്ലോ!

ഭക്തി രൂപങ്ങൾ ഭക്തിക്കപ്പുറം അനുഗ്രഹങ്ങൾക്ക് വ്യവസ്ഥയാകുമ്പോഴും ഇതേ 'പണമിടപാട്' നടക്കുന്നുണ്ട്.
അവിടെയും, പണമില്ലാത്തവന് അധികം ചിലവഴിക്കാനാവാത്തതുകൊണ്ട് കുറച്ചു മാത്രം ബലികളും കാഴ്ചകളും അർപ്പിക്കാനായേക്കും.
പ്രാർത്ഥനകളുടെയും ഭക്തിയുടെയും എണ്ണമനുസരിച്ച് അനുഗ്രഹിക്കുന്ന ദൈവവും വിശ്വാസത്തിന്റെ ഇത്തരം സംഖ്യാവത്കരണവും ഭൗതികവത്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതിന്റെ ഡിജിറ്റൽ രൂപങ്ങളാണ് online മെഴുതിരികളും, likes and shares ഉം നോക്കി അനുഗ്രഹിക്കുന്ന ദൈവം.

വാണിജ്യസാധ്യത ഏറ്റം നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന മേഖലയാണ് 'എന്റെ ദൈവവും, എന്റെ ആളുകളും' തീവ്രതയിൽ അവതരിപ്പിക്കുന്നത്. 'സാംസ്‌കാരിക, പെരുമാറ്റ, പാരമ്പര്യ വിശുദ്ധിക്കുവേണ്ടി സ്വയം മാറ്റിനിർത്തപ്പെടുന്ന ഞാനും എന്റെ സമൂഹവും കൂടുതൽ വിശുദ്ധരാകുന്നതുകൊണ്ടു കൂടുതൽ അനുഗ്രഹിക്കപ്പെടും.'

മേല്പറഞ്ഞ രീതികളിൽ നീതിമാന്മാരാകുന്നവരും, ദൈവപ്രീതി ആഘോഷിക്കുന്നവരും അനേകരുണ്ട്.

ഇവയ്‌ക്കൊന്നിനും ശേഷിയില്ലാതിരുന്നവളാണ് സുവിശേഷത്തിലെ വിധവ. ഭണ്ഡാരപ്പെട്ടിയിലിടാനോ, മേളക്കൊഴുപ്പുകളുള്ള നേർച്ചകാഴ്ചകൾ അർപ്പിക്കാനോ അവളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. പൂർണ്ണമായ പാരമ്പര്യ വിശ്വാസശുദ്ധി അവൾക്ക് താങ്ങാനാവുന്നതായിരുന്നില്ല.

അവൾ നൽകിയതിനെ പ്രശംസിച്ചു പറഞ്ഞതിലെ വിഡ്ഢിത്തമാണ് ദൈവരാജ്യരഹസ്യം.  

നവംബർ 17, 2019

ഇതാണ് ദേവാലയം!

കാലിത്തൊഴുത്തിന്റെ മുഖവാരമില്ലാത്ത, കുരിശെന്ന പ്രവേശനകവാടമില്ലാത്ത സകല ദേവാലയങ്ങളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ വീണടിയും.

അഹങ്കാരത്തിന്റെ അടയാളങ്ങളായി മാറുന്ന ദേവാലയങ്ങൾക്ക് മേനി പിടിപ്പിക്കുവാൻ നസ്രത്തിലെ തച്ചന്റെ അധ്വാനം ആവശ്യമില്ല. അതിവിശുദ്ധസ്ഥലത്ത് ക്രിസ്തു ഒരിക്കലും പ്രവേശിച്ചുമില്ല. നൈഷ്ഠികശുദ്ധി പാലിച്ചിരുന്നെങ്കിൽ ക്രിസ്തുവിനു കാലിത്തൊഴുത്തിൽ ഇടം ലഭിക്കില്ലായിരുന്നു. ക്രിസ്തുവിന് അതിവിശുദ്ധസ്ഥലത്ത് പിറക്കേണ്ടി വരുമായിരുന്നു.

"ഇതാ, ഇതാണ് ദേവാലയം!

കുഞ്ഞുങ്ങളെ തടയേണ്ട, അവർ വരട്ടെ.

പാപിനിയെന്നു നിങ്ങൾ പറയുന്നവൾ,
അവൾ അടുത്ത് വരട്ടെ അവളുടെ ഉള്ളിൽ കൂടുതൽ സ്നേഹമുണ്ട്.

അശുദ്ധി കല്പിക്കപ്പെട്ടവൻ, അവനെ ഞാൻ ആലിംഗനം ചെയ്യട്ടെ,
അവനു കൂടുതൽ ഹൃദയപരമാർത്ഥതയുണ്ട്.

ഭാരം വഹിക്കുന്ന നിങ്ങളെല്ലാവരും വരിക,
ഞാൻ ആശ്വാസം നൽകാം.

ദേവാലയം എന്റെ ശരീരമാണ്. ചുറ്റുമതിലും, കവാടവും ഇല്ലാത്ത,
ആരെയും മാറ്റി നിർത്താത്ത വിശുദ്ധസ്ഥലം

അങ്ങനെ ഒരു ദേവാലയം ആകുവാൻ ആഗ്രഹിക്കുന്നുണ്ടോ?

വരണം, പ്രവേശിക്കണം,
ഞാൻ രോഗിയായിരുന്നു, പരദേശിയായിരുന്നു,
ബന്ധിയായിരുന്നു, പാപിയായിരുന്നു,
അന്യമതക്കാരനും, അഭയാർത്ഥിയുമായിരുന്നു ...

ഹൃദയശ്രീകോവിലിൽ അപ്പം മുറിക്കപ്പെടുമ്പോൾ കണ്ണ് തുറക്കേണ്ടതിന്
എന്നെ മാറ്റിനിർത്താനാകുന്ന ന്യായങ്ങൾ തകർത്ത് അകത്ത് പ്രവേശിക്കുക.

നമ്മുടെ അത്താഴങ്ങൾ

എന്ന് മുതലാണ് നമ്മുടെ അത്താഴങ്ങൾ കൃതജ്ഞതാനിർഭരമാവുകയും ദൈവകീർത്തനങ്ങളാൽ വാഴ്ത്തപ്പെടുകയും ചെയ്യുന്നത്?


വിളമ്പിനല്കപ്പെടുന്നത് സ്വന്തം ശരീരവും രക്തവുമാണെന്ന് പറയാൻ കഴിയുന്നത്?
ഭക്തിയുടെ കപടതകളിൽ നിന്ന് വ്യത്യസ്തമായി മനോഭാവങ്ങളുടെ ശുദ്ധികർമ്മങ്ങളിലേക്കുള്ള ഉൾവിളിയാണത്.


ഭവനങ്ങളിലെ അത്താഴങ്ങളിൽ കാണപ്പെടാത്ത ബലിഭാവം ദേവാലയങ്ങളിൽ തേടേണ്ടതില്ല

നവംബർ 03, 2019

ക്രിസ്തു സ്വർഗ്ഗീയഭവനം

നമ്മൾ എത്തിച്ചേരേണ്ട, പ്രവേശിക്കേണ്ട, ആയിത്തീരേണ്ട സ്വർഗ്ഗീയഭവനം എവിടെയാണ്?
വഴിയായ ക്രിസ്തു തന്നെയാണ് ആ ഭവനവും.
ക്രിസ്തുവിൽ ഒന്നായിരിക്കുക എന്നതാണ് ആ ഭവനം.
അവനിൽ ആയിരുന്നുകൊണ്ട് നമ്മൾ പരസ്പരം അറിയും, സകല സൃഷ്ടജാലങ്ങളും.
മുമ്പേ പോയവർ അന്ത്യം കണ്ടവരല്ല, രൂപാന്തരപ്പെട്ടവരാണ്; മണ്ണും പൂവും കായ്‌കളും, മനുഷ്യരും മറ്റെല്ലാവരും
ക്രിസ്തുവിൽ ഒന്നാണ്, ഒരേ ഭവനത്തിലാണ്.
എല്ലാവരും യാത്രയിലാണ്; അവനിൽ നിന്ന്, അവനിലേക്ക്‌, അവനിലൂടെ, അവന്റെ കൂടെ.