Gentle Dew Drop

ജനുവരി 30, 2022

ക്രിസ്തുവിന്റെ ഭക്ഷണമേശ

ആ ദൈവം ഈ ദൈവം, അവരുടെ ദൈവം ഇവരുടെ ദൈവം എന്ന് വേർതിരിക്കുമ്പോൾ, 'സർവശക്തനും പിതാവുമായ ഏകദൈവം' എന്നതിൽ നിന്നുള്ള ഒരു അകൽച്ച അതിലുണ്ട്. ഏകദൈവവിശ്വാസമാണ് നമ്മുടേത് എന്ന് പറയുമ്പോഴും henotheism എന്ന മറ്റൊരു വിശ്വാസധാരയിലേക്കു അറിയാതെയാണെങ്കിലും വീണുപോകുന്നുണ്ട്. ഭൂമിയെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്നും നിങ്ങൾക്ക്  മുമ്പിൽ വിളമ്പുന്നതെന്തും ഭക്ഷിക്കാമെന്നുമാണ് പൊതുവായ സമീപനം. 

അസഹിഷ്ണുവാകുന്ന രാജാധികാരം ജനങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഏകദൈവത്വമുണ്ട്. അത് മറ്റേതു സംസ്കാരത്തെയും, സമ്പ്രദായങ്ങളെയും, അവയിലുള്ള ദൈവസങ്കല്പങ്ങളെയും demonize ചെയ്യുക സാധാരണമാണ്. ഈ പ്രവണതയെ ആവർത്തിക്കുന്ന സമീപനങ്ങൾ elitism ആഗ്രഹിക്കുന്ന ചിലർ ഇന്നും സ്വീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യം, ഇവയിൽ നിന്ന് വ്യത്യസ്തമായി കാണാനാണ് ഞാൻ താൽപര്യപ്പെടുന്നത്. നിലവിൽ 'അന്യ ദൈവങ്ങൾ' എന്നി വിളിക്കപ്പെടുന്നവ ദൈവങ്ങളായോ 'നമ്മുടെ' ദൈവം ശപിച്ച demons ആയോ കാണപ്പെടുന്നു എന്നതാണ് പ്രശ്നം. ഖുംറാൻ സമൂഹങ്ങൾ പിന്തുടർന്ന വിശ്വാസങ്ങൾക്കനുസരിച്ച് അവരുടെ 'ആത്മീയലോകം' വിവിധ spirits ന്റെ ലോകം കൂടി ആയിരുന്നു. വിഗ്രഹങ്ങളോടു അവർ ചേർത്ത് വെച്ച demons / Beliyaar ഉം അവിടെ സ്വാധീനിച്ചിട്ടുണ്ടാകാം.

നീതിയോ അശുദ്ധിയോ മനസിലാക്കേണ്ടത് 'പങ്കുചേരൽ' എന്നതിനെക്കുറിച്ചാണ്. പാവപ്പെട്ടവർ വിശന്നിരിക്കുകയും സമ്പന്നർ സുഭിക്ഷമായി ഭക്ഷിച്ചതിനു ശേഷം കർത്താവിന്റെ ഭക്ഷണമേശയിൽ കൈകടത്തുകയും ചെയ്യുന്നതിനെ 'വിവേചനമില്ലാതെ, അയോഗ്യമായ' പങ്കുചേരൽ എന്നാണ് കണക്കാക്കിയത്. ഹൃദയൈക്യമില്ലാതെ ഭക്ഷണമേശയിൽ പങ്കുചേരുന്നതും മരണം ഏറ്റെടുക്കുന്നതായി കാണപ്പെടുന്നു. കാരണം, ഹൃദയത്തിൽ ഐക്യമില്ലാതെ ഏകശരീരമായ അപ്പത്തിന്റെ ഭോജനം ആത്മാർത്ഥതയില്ലാത്തതാണ്. ഈ അപ്പത്തിൽ പങ്കു ചേരുന്നവർ, അഭിവൃദ്ധിക്കും പരീക്ഷ ജയിക്കാനും പലയിടങ്ങളിൽ ഓടി നടക്കുന്നതും പങ്കുചേരലിലെ കുറവ് കാണിക്കുന്നു. ക്രിസ്തുവിന് അവരെ സ്വീകരിക്കാൻ കഴിയാത്തതു കൊണ്ടല്ല, അവരുടെ വ്യഗ്രചിത്തത തന്നെ കൃപയിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതുകൊണ്ടാണ്. വിഗ്രഹത്തിനു മുമ്പിൽ  കത്തിയെരിയുന്ന ബലിമൃഗത്തിൽനിന്നുള്ള പുക ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആ ബലിവസ്തുവിൽ പങ്കുചേരുന്നത് ദൈവവുമായുള്ള ഐക്യമാണെന്നും കരുതപ്പെട്ടിരുന്നു. ആ പങ്കുചേരൽ വിശ്വാസത്തിന്റെ കുറവ് കാണിക്കുന്നത് കൊണ്ടും, അത്തരം ഭക്ഷണം അസാന്മാര്ഗികമായ പ്രവൃത്തികൾക്കൂടി  ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടും അവ നിരുത്സാഹപ്പെടുത്തപ്പെട്ടു. വെളിപാടിന്റെ ആദ്യ അധ്യായങ്ങളിലും, അനുവദനീയം എന്ന പേരിൽ ഭോജനത്തോടൊപ്പം കയറിക്കൂടിയ ചില അസാന്മാര്ഗികതകളെ തിരുത്തുന്നുണ്ട്. 

കോറിന്തിലെ സാഹചര്യവും നമ്മുടെ സാഹചര്യവും, നമ്മൾ എന്ത് ചെയ്യുന്നെന്നും വസ്തുനിഷ്ഠമായി ആലോചിച്ചു വേർതിരിച്ചറിയാവുന്നതേയുള്ളു. ഉത്സവാഘോഷ അവസരങ്ങളിൽ വിതരണം ചെയ്യപ്പെടുന്ന പായസവും ലഡുവും കേക്കും പത്തിരിയും സാമൂഹികസൗഹൃദത്തിന്റെ അടയാളമായി കാണാനും സ്വീകരിക്കാനും കഴിയാത്തത് ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടല്ല, ക്രിസ്തുവിനെ മനസ്സിലാക്കാനോ, ക്രിസ്തു ഒരു സമൂഹത്തിൽ നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നെന്നോ മനസിലാക്കാൻ കഴിയാത്തതു കൊണ്ടാണ്. ബലഹീനനായ ഒരുവന്റെ മനഃസാക്ഷിയെ അസ്വസ്ഥപ്പെടുത്താൻ സാധ്യതയുള്ള ഒരു കാര്യമായാണ് ചന്തയിൽ വിൽക്കപ്പെടുന്ന ഭക്ഷണത്തെക്കുറിച്ചു എഴുതിയിരിക്കുന്നത്. ചന്തയിൽ വിൽക്കപ്പെടുന്ന എന്തും വാങ്ങി ഭക്ഷിച്ചുകൊള്ളുവിൻ എന്നാണു പൊതുവായി നൽകപ്പെട്ട നിർദ്ദേശം. മതനിഷ്ഠയുള്ള ഒരു സമൂഹത്തിൽ, കച്ചവടത്തെ മുൻനിർത്തിയാണ് വിൽക്കപ്പെടുന്നവ അർച്ചനചെയ്യപ്പെടുന്നത്. അത് സംശയം കൂടാതെ ഭക്ഷിക്കാവുന്നതാണ്. സംശയമല്ല, കൃതജ്ഞതയാണ് ഭക്ഷണമേശയിൽ നമുക്കാവശ്യം.

ഭക്ഷണത്തെ സാമൂഹികവും സാംസ്കാരികവുമായ taboo വച്ച് അശുദ്ധമോ ശുദ്ധമോ ആക്കുമ്പോൾ, അസ്വസ്ഥപ്പെടുന്ന ബലഹീന മനഃസാക്ഷിയുള്ളവർ അനേകമാണ്. ആ അസ്വസ്ഥതയിൽ നിന്ന് ലാഭമുണ്ടാക്കുന്നവരാണ് ക്രിസ്തുവിന്റെ ഭക്ഷണമേശയുമായി യാതൊരു ബന്ധവുമില്ലാത്തവർ. അതുകൊണ്ടുതന്നെയാണ് തളർന്ന മനഃസാക്ഷിയെ ബലപ്പെടുത്തേണ്ടതിന് ഉത്തരവാദപ്പെട്ടവർ സമയോചിതമായ വ്യക്തത നൽകേണ്ടത്. ക്രിസ്തുവിലുള്ള പങ്കുചേരൽ അസഹിഷ്ണുതയിൽനിന്നോ, അവിവേകപൂർണ്ണമായ തീക്ഷ്ണതയിൽനിന്നോ അല്ല, അത് ക്രിസ്തുവിൽ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന അനുരഞ്ജനത്തിലും സമാധാനത്തിലുമാണ്. നമ്മുടെ സുരക്ഷയും വളർച്ചയും ശത്രു നിഗ്രഹിക്കപ്പെടുമ്പോഴല്ല, ശത്രുവെന്നു കരുതപ്പെടുന്നവർക്കും നന്മ ആഗ്രഹിച്ചും ക്രിസ്തുവിന്റെ കൃപയിൽ അനുരഞ്ജനപ്പെട്ടുമാണ്. ആ പങ്കുചേരലിലേ ക്രിസ്തുവിന്റെ ഭക്ഷണമേശയിലെ നീതിയും സമാധാനവുമുണ്ടാകൂ.  

ജനുവരി 29, 2022

അശുദ്ധി

വിശക്കുന്നവരെ പരിഗണിക്കാതെ സുഭിക്ഷതയിൽ ഭക്ഷിക്കുന്നതാണ് ഭക്ഷണത്തെ സംബന്ധിച്ച് ക്രിസ്തു പാപമായി കണ്ടത്. 

ശുദ്ധത അശുദ്ധത എന്ന വേർതിരിവുകളിൽ എന്താണ് അർത്ഥമാക്കുന്നത്? അങ്ങനെ കല്പിക്കുന്നതിലെ സാമൂഹികമായ മാനം എന്താണ്? ഒരു വ്യക്തിയോ സ്ഥലമോ വസ്തുവോ ശുദ്ധമായോ അശുദ്ധമായോ മാറ്റി നിർത്തപ്പെടുമ്പോൾ അതെന്താണ് സൂചിപ്പിക്കുന്നത്? വിജാതീയരും അവർ വസിക്കുന്ന സ്ഥലങ്ങളും  അശുദ്ധമാകുന്നതും, ആർത്തവമുള്ള സ്ത്രീയും അംഗഹീനരായ ആളുകളും രോഗികളും അശുദ്ധരാകുന്നതും എങ്ങനെ? 

അശുദ്ധമോ ശുദ്ധമോ ആയി ലേബൽ ചെയ്യുന്നത് ആരാണോ അവർ ഒരു ലോകത്തെ സങ്കല്പിച്ചെടുക്കുന്നതിലെ പ്രതീകാത്മകമായ വേർതിരിവുകളാണ് ശുദ്ധിയും അശുദ്ധിയും. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള സാമൂഹികവും സാംസ്കാരികവുമായ അവതരണങ്ങളാണവ.  ഈ സാങ്കല്പിക ലോകത്തിന്റെ സാംസ്‌കാരിക-സാമൂഹിക സംവിധാനങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലെ അശുദ്ധിയുടെ അർത്ഥങ്ങളെയും പൊള്ളത്തരങ്ങളെയും കപടതയെയും ക്രൂരതയെയും മനസിലാക്കാൻ കഴിയൂ. ഇത്തരത്തിൽ നിർമിതമായ ലോകത്തിനുള്ളിലെ സാമൂഹ്യനിർമ്മിതി ഏതൊക്കെ തരത്തിലുള്ള അർത്ഥങ്ങളെ സൃഷ്ടിക്കുന്നെന്ന് വേണ്ടവിധം വിശകലനം ചെയ്യേണ്ടതാണ്.  

പഴകിയ ഭക്ഷണമോ അണുബാധയുള്ള ഭക്ഷണപാനീയങ്ങളോ ആളുകളോ സ്ഥലങ്ങളോ എത്തരത്തിൽ മുൻകരുതൽ എടുത്തുകൊണ്ട് സമീപിക്കണം എന്ന് നിർദ്ദേശിക്കാനാകുന്നത് ആരോഗ്യവിഭാഗത്തിലുള്ള ആളുകൾക്കാണ്. എന്നാൽ, മേല്പറഞ്ഞവിധമുള്ള ശുദ്ധതയും മലിനതയും വസ്തുവോ വ്യക്തിയോ മലിനമോ ശുദ്ധമോ ആയതുകൊണ്ടല്ല, ഓരോ സമൂഹത്തിന്റെയും സാംസ്കാരികധാരണകളാണവ, അവ സാമൂഹികമായ നിലപാടുകളെയോ കാഴ്ചപ്പാടുകളെയോ ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഒരു ഭാഷയാണ്. അർച്ചനദ്രവ്യങ്ങളെക്കുറിച്ചാകുമ്പോൾ അത് രാഷ്ട്രീയവത്കരിക്കപ്പെടുന്ന മതാദർശങ്ങൾക്കൂടി പ്രതിഫലിപ്പിക്കുന്നു. അമേരിക്കൻ ക്രിസ്ത്യാനികളിൽ ചില വിഭാഗങ്ങൾ ആഫ്രിക്ക-ലാറ്റിൻ അമേരിക്ക-ഏഷ്യൻ മതങ്ങളോടും സംസ്കാരങ്ങളോടും നിലനിർത്തിപ്പോരുന്ന അസഹിഷ്ണുതയും സവർണ്ണ മേല്കോയ്മയും ഒന്നാം പ്രമാണത്തിന്റെ പേരിൽ വിശുദ്ധീകരിച്ചു പ്രചരിപ്പിക്കപ്പെടുന്ന അന്യമതദ്വേഷം ക്രിസ്തുസ്നേഹത്തെപ്രതി പരിലാളിക്കുന്ന വിശ്വാസം വിശ്വാസമല്ല രാഷ്ട്രീയമാണ്.  

അമ്പലങ്ങളിലെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതും പ്രസാദം പായസം തുടങ്ങിയവ സ്വീകരിക്കുന്നതും പാപമാണെന്നും, ദൈവകോപവും ശാപവും വരുത്തിവയ്ക്കുമെന്നുമുള്ള പ്രസംഗങ്ങൾ തികച്ചും സാധാരണമായിരുന്നു. വിശ്വാസപരമായതോ,സാമൂഹികമായതോ സാംസ്കാരികമായതോ ആയ ഘടകങ്ങളെ അതാതിന്റേതായ മേഖലകളിൽ കാണാൻ കഴിയാതെ സങ്കുചിതമായ ബൈബിൾ വ്യാഖ്യാനരീതി സ്വീകരിച്ചത് വലിയ വീഴ്ചയായിരുന്നു. മേല്പറഞ്ഞ ക്രിസ്ത്യൻ വിഭാഗങ്ങൾ നിലനിർത്തിപ്പോരുന്ന സങ്കുചിതമായ താല്പര്യങ്ങളെ സഭയുടെ ഔദ്യോഗിക പ്രബോധനമാണെന്നും അവയെ പിഞ്ചെല്ലുന്നതാണ് വിശ്വാസത്തോടുള്ള വിശ്വസ്തതയെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗങ്ങളും എഴുത്തുകളും നിരവധിയുണ്ട്.  ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചും മതാന്തരസംവാദത്തെക്കുറിച്ചും വ്യക്തമായ രേഖകൾ ഉണ്ടായിരുന്നിട്ടും അവ ഇത്തരക്കാരുടെ പ്രസംഗങ്ങളുടെ ഉള്ളടക്കങ്ങളായില്ല. പകരം, മുൻവിധികളും വ്യക്തിപരമായ അഭിപ്രായങ്ങളും 'സഭാപ്രബോധനങ്ങളായും' വെളിപാടുകളായും അവതരിപ്പിക്കപ്പെട്ടു. സ്വന്തം സങ്കുചിതത്വങ്ങളിലേക്ക് അടയ്ക്കപ്പെടുന്ന സാമൂഹികകുമിളകളാക്കിത്തീർക്കപ്പെടുകയും അവ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളെയും അനിശ്ചിതത്വങ്ങളെയും ദുരന്തവ്യാഖ്യാനത്തിനു വിധേയമാക്കുകയും കാരണമായി മറ്റു സമൂഹങ്ങളെയോ ദൈവങ്ങളെയോ ആഭിചാരപ്രവൃത്തികളെയോ പഴിചാരുകയും ചെയ്യുന്ന ദുരവസ്ഥയാണ് അതിന്റെ ഫലം. 

സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടി, സഭയുടെ വക്താക്കളായി സംസാരിക്കുന്നവരിൽ സഭാപ്രബോധനങ്ങളെക്കാൾ അവരവരുടേതായ മുൻവിധികളാണ് കൂടുതൽ പ്രചരിപ്പിക്കപ്പെടുന്നത്. ഈ അവസരത്തിൽ പ്രബോധനപരവും അജപാലനപരവുമായ ഉത്തരവാദിത്തമുള്ളവരുടെ നിശബ്ദത പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, വിശ്വാസത്തിന്റെ പേരിലുള്ള വാക്‌പോരുകൾ സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നെന്നു കണ്ടിട്ട് കൂടി. എന്താണ് ചർച്ചാവിഷയമാകുന്നത്, എന്താണ് അവയിലെ വിശ്വാസപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ആശങ്കകളും ഉത്കണ്ഠകളും, ഈ വിവിധ തലങ്ങൾ കൂട്ടിക്കലർത്തുന്നത് കൊണ്ടുള്ള ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ എന്തൊക്കെയാണ്, ചർച്ചയാവുന്ന കാര്യങ്ങൾ വിശ്വാസത്തിന്റെ ആത്‌മീയമൂല്യം നിലനിർത്തുന്ന വിധം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചകൾ എന്തൊക്കെയാണ്, ക്രിസ്തീയ മനോഭാവമോ സഭയുടെ ചൈതന്യമോ ഇല്ലാതെ സഭക്കുവേണ്ടി എന്ന വിധം സംസാരിക്കുന്നവർ പറയുന്നത് സഭയുടെ സമീപനമല്ല എന്ന് പറയുവാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്താണ്? 

മലിനതയെ സംബന്ധിച്ച ആശയങ്ങൾക്ക് കടപ്പാട്: Jerome H. Neyrey, S.J., Clean/Unclean, Pure/Polluted, and Holy/Profane: The Idea and System of Purity 

ജനുവരി 28, 2022

ശിരസാണ് ക്രിസ്തു

സഭയുടെ ശിരസാണ് ക്രിസ്തു എന്നതിനെ സഭയുടെ മനസ് ക്രിസ്തുവാണ്, അവിടുത്തെ മനോഭാവങ്ങളാണ് സഭയെ നയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ 'തലപ്പത്തു നിന്ന് നിയന്ത്രിക്കുന്നവനാണ്' ക്രിസ്തു എന്ന് ധരിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു സഭാദര്ശനമാണ് ലഭിക്കുക. സഭ എന്തായിത്തീരാൻ ആഗ്രഹിച്ചു പ്രയത്നിക്കുന്നെന്നും, ഓരോ അംഗത്തിലും പ്രകടമാക്കുന്ന വ്യത്യസ്തമായ വരദാനങ്ങളിലൂടെ ദൈവജനമധ്യേ വെളിപ്പെടുന്ന ക്രിസ്തുവിനെ ഒന്ന് ചേർന്ന് ആരാധിക്കുന്നെന്നും ഇത് പറഞ്ഞു തരുന്നു.

സഭയെ നയിക്കാൻ ക്രിസ്തുവിനു കഴിവ് പോരെന്നും ക്രിസ്തുവിന്റെ കാഴ്ചപ്പാടുകൾക്ക് ശക്തിയും സൗന്ദര്യവും കുറവാണെന്നും കരുതാൻ തുടങ്ങിക്കഴിഞ്ഞ നമുക്ക് അക്രിസ്തീയമായ മൂല്യങ്ങളും സമീപനരീതികളും 'സഭയുടെ നന്മക്കായി' ചേർത്തുവയ്ക്കാൻ കഴിയുന്നത് ആശ്ചര്യമല്ല. ക്രിസ്തുവിനെ ഉപേക്ഷിച്ചു കളഞ്ഞ സഭക്ക് ക്രിസ്തുവല്ല ശിരസ് എന്നത് ധ്യാനിക്കേണ്ടതാണ്. എങ്കിലും അവ ക്രിസ്തുവിന്റെ പേരിലാണെന്നതാണ് ക്രിസ്തുവിനും സഭക്കും യഥാർത്ഥ വേദന.

ജനുവരി 25, 2022

മതത്തെ കാലഹരണപ്പെടുത്തുന്നത്

ഒരു വിശ്വാസത്തെയോ മതത്തെയോ കാലഹരണപ്പെടുത്തുന്നത് പുറമെ നിന്നുള്ള ശക്തികളോ പ്രവൃത്തികളോ അല്ല. ഒരു കാലഘട്ടത്തിൽ മതത്തിന്റേതായ സ്വത്വം തിരിച്ചറിയുകയും അതിനു പുതിയ മാനങ്ങൾ നൽകുകയും ചെയ്യാൻ പരാജയപ്പെടുകയും, വിശ്വാസത്തിന്റെ സമകാലിക പ്രസക്തിയെ തിരിച്ചറിഞ്ഞ് കാലത്തിന്റെ സംഘർഷങ്ങൾക്ക് അർത്ഥം നല്കുമാറ് അവതരിപ്പിക്കാൻ കഴിയാതാവുകയും ചെയ്യുമ്പോഴാണ് സ്വത്വനഷ്ടം ഉണ്ടാകുന്നത്. അതിൽനിന്ന് കരകയറാൻ സങ്കുചിതമായ ആചാരക്രമങ്ങളിലേക്കോ ദുരന്ത/ ഇരവാദത്തിലേക്കോ സമൂഹത്തെ കൊണ്ടുചെന്നെത്തിച്ചേക്കാം.

ഒരു സംസ്കാരത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ പ്രബലമായതെന്താണോ അതിനനുസരിച്ചു സാമൂഹികഘടനയിലും അതിന്റെ ക്രമങ്ങളിലും മാറ്റങ്ങളുണ്ടായേക്കാം. ചിലപ്പോൾ രാഷ്ട്രീയ അധികാരമോ ചിലപ്പോൾ സാമ്പത്തികശക്തിയോ ആവാം സംസ്കാരത്തെ നിയന്ത്രിക്കുന്നത്. ഒരു പക്ഷേ, മതാചാരങ്ങളിലും രൂപപ്പെടുന്ന പുതിയ സമ്പ്രദായങ്ങളിലും പാരമ്പര്യങ്ങളിലും അവ സ്ഥാനം നേടുകയും ചെയ്തേക്കാം. എന്നിരുന്നാലും കാലഘട്ടത്തിലൂടെ നടക്കുവാൻ സ്വയം കണ്ടെത്തിയ സ്വത്വത്തിൽ നിന്ന് മനുഷ്യർക്കായി ഒരു ദർശനം നൽകാൻ മതത്തിനു കഴിയുന്നോ എന്നതാണ് മതത്തെ മാറ്റുരച്ചു നോക്കുന്ന യാഥാർത്ഥ്യം.

മതത്തിനു അഭിമുഖീകരിക്കാൻ കഴിയാത്ത സാംസ്കാരിക പ്രവണതകളെ തിന്മയെന്നോ തിന്മയുടെ സ്വാധീനമെന്നോ വിധിച്ചു തള്ളാൻ എളുപ്പമാണ്. മറ്റാരിലെങ്കിലും പഴിചാരാനും എളുപ്പമാണ്. എന്നാൽ ഈ ഘടകങ്ങളെയോ അവ നമുക്കിടയിൽ എന്ത് സ്വാധീനം ചെലുത്തുന്നെന്നോ പരിശോധിക്കാൻ ശ്രമിക്കുന്ന മതനേതാക്കൾ ചുരുക്കമാണ്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് ലഭ്യമായ പഠനങ്ങളെ കാര്യമായെടുക്കാൻ പോലും ശ്രമിക്കാത്ത മതനേതൃത്വവും മതപണ്ഡിതരും മതത്തെ കാലഹരണപ്പെടുത്തുന്നു. പകരം, മേല്പറഞ്ഞ തരത്തിലുള്ള പ്രബലമായ ഘടകങ്ങളുടെ നിയന്ത്രണത്തിലേക്ക് മതത്തെ തള്ളി വിടുകയും ചെയ്യുന്നു. രാജവാഴ്ചയുടെ പ്രമാദങ്ങളിൽ മതാചാരങ്ങളും ദൈവരൂപങ്ങളും അതിനു സ്തുതി പാടുന്നവരായിത്തീർന്നതു കാണാം. മതത്തിന്റെ ഉത്ഭവപ്രചോദനങ്ങളെ മാറ്റിനിർത്തിക്കൊണ്ടായിരുന്നു ഇവയെന്നത് മതത്തിന്റെ കാലികമായ വളർച്ചക്ക് വലിയ വിഘാതവുമാക്കി. അക്കാലത്തു തന്നെ ഉയർന്നിട്ടുള്ള നവീകരണ ശ്രമങ്ങളും വ്യത്യസ്തമായ ശബ്ദങ്ങളും ചിലപ്പോഴെങ്കിലും മതത്തെ തകർക്കാനുള്ള ശ്രമങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്.

മനുഷ്യാവസ്ഥയെ മനസിലാക്കാൻ കഴിയാത്ത മതവും മതനേതൃത്വവും മനുഷ്യന് ഈശ്വരദര്ശനം നൽകാൻ കഴിയുമെന്ന് പറയുന്നത് ന്യായമല്ല. എന്നാൽ ഇന്ന് പ്രബലമായ സാംസ്‌കാരിക ഘടകം വാണിജ്യവും, സ്വത്വാവബോധം നഷ്ടപ്പെടുകയും മൃദുലവികാരങ്ങൾക്കു കീഴ്‌പ്പെടുന്ന മനുഷ്യൻ സാമ്പത്തികചൂഷണത്തിനുള്ള അവസരവുമാകുമ്പോൾ മതത്തെ അത്തരത്തിൽ വിറ്റെടുക്കാൻ ശ്രമിക്കുകയാണ് സ്വത്വനഷ്ടം നേരിടുന്ന മതസംവിധാനങ്ങൾ. അളവിലേക്കും തൂക്കത്തിലേക്കും നിക്ഷേപങ്ങളിലേക്കും ചേർത്തുവയ്ക്കാനാവും വിധമുള്ള പുതിയ മത-ആത്മീയ ഭാഷ അറിയാതെ നമ്മൾ പരിശീലിച്ചു കഴിഞ്ഞു. അവയുടെ അനുഷ്ഠാനങ്ങളെ ദൈവത്തോടുള്ള വിശ്വസ്തതയായും കടമയായും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് നമ്മൾ. എവിടെയാണ് ദൈവവും ക്രിസ്തുഹൃദയവും പ്രഥമപ്രധാന്യം സ്വീകരിക്കപ്പെടുന്നത്? അമേരിക്കൻ ക്രിസ്ത്യാനികളിൽ ചില വിഭാഗങ്ങൾ ആഫ്രിക്ക-ലാറ്റിൻ അമേരിക്ക-ഏഷ്യൻ മതങ്ങളോടും സംസ്കാരങ്ങളോടും നിലനിർത്തിപ്പോരുന്ന അസഹിഷ്ണുതയും സവർണ്ണ മേല്കോയ്മയും ഒന്നാം പ്രമാണത്തിന്റെ പേരിൽ വിശുദ്ധീകരിച്ചു പ്രചരിപ്പിക്കപ്പെടുന്ന അന്യമതദ്വേഷം ക്രിസ്തുസ്നേഹത്തെപ്രതി പരിലാളിക്കുന്ന വിശ്വാസം വിശ്വാസമല്ല രാഷ്ട്രീയമാണ്.

സാംസ്കാരികമായ തലത്തിൽ ഉണ്ടായിരുന്ന ഈ വെല്ലുവിളിയെ കോവിഡ് കൂടുതൽ ആഴത്തിലുള്ളതാക്കിയിരിക്കുന്നു. ദേവാലയത്തിലെത്തുന്ന ആളുകളുടെ എണ്ണം കൊണ്ട് മനസിലാക്കേണ്ടതല്ല വിശ്വാസത്തിന്റെ പ്രസക്തി. ഈ കാലഘട്ടത്തിലൂടെ നടക്കാൻ വിശ്വാസം എപ്രകാരം വെളിച്ചം കാണിക്കുന്നു എന്നതാണ് പ്രധാനം. മാസ്മരികമായ പ്രകടനങ്ങളിൽ, പരിചിതമായ ഭക്തിരൂപങ്ങളിലുള്ള പങ്കുചേരലുകളിൽ മാത്രം വിശ്വാസത്തെ കാണുന്നെങ്കിൽ അത് തെറ്റായ വിശകലനമാണ്‌. ഭക്തിയും വിശ്വാസവും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അല്ലെന്നും സേവനത്തിലും പ്രതിബദ്ധതയിലുമാണെന്നും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. നീതിമാനായ ഒരു വക്കീലോ മാതൃകാജീവിതം നയിക്കുന്ന ഒരു അധ്യാപകനോ അധ്യാപികയോ പത്രപ്രവർത്തകരോ അവർ ചെയ്തിരുന്ന ആ ജോലിയും ആത്മാർത്ഥതയും വിലമതിച്ചുകൊണ്ട് അവരിലെ വിശുദ്ധജീവിതത്തെ കാണാൻ ഇന്നും നമുക്ക് മടിയാണ്. അവർ എത്രതവണ പള്ളിയിൽ പോയി, എത്ര മണിക്കൂർ ആരാധനയിൽ ഇരുന്നു എന്നതാണ് അളവുകോൽ. പുരോഹിതന്റെ പരിമള തൈലത്തിനും ഡോക്ടറിന്റെയും നേഴ്സിന്റെയും ദേഹത്തുള്ള മരുന്നിന്റെ മണത്തിനും കർഷകന്റെ വിയർപ്പിനും ഒരേ വിശുദ്ധിയാണെന്നറിഞ്ഞെങ്കിലേ തിരുവോസ്തിയിലെ മാംസരക്തത്തിന്റെ സത്യം ഗ്രഹിക്കാനാകൂ. അല്ലായെങ്കിൽ അത് 'മാലാഖമാരുടെ അപ്പമായിരിക്കും' (മാലാഖാമാർക്കു അപ്പത്തിന്റെ ആവശ്യമില്ലെന്നും സ്വർഗ്ഗത്തിൽ കൂദാശയുടെ ആവശ്യമില്ലെന്നും മറ്റൊരു സത്യം). ദൈവസാന്നിധ്യത്തിനും അതിന്റെ പുതിയ കൂദാശാമാനങ്ങൾക്കും ഈ കാലയളവിൽ പുതിയ ശൈലികളും അർത്ഥങ്ങളും ലഭിച്ചിട്ടുണ്ടെകിൽ അവയെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് സ്വത്വത്തെ ഈ കാലഘട്ടത്തിൽ തിരിച്ചറിയുന്നത്. എന്നാൽ അവക്കുള്ളിലും പ്രശസ്തിയും ജനപ്രിയതയും സാമ്പത്തികനേട്ടവും കണ്ടുകൊണ്ടു സത്യത്തെ അവഗണിച്ചുകളയുന്നവയെ തിരിച്ചറിയുകയും വേണം.

മതതീവ്രത വിശ്വാസമല്ല. വിശ്വാസത്തിന്റെ ആന്തരികദർശനമാണ് മതത്തെ നയിക്കേണ്ടത്. അകത്തേക്കടച്ചു കൂടുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ അഭിമുഖീകരിക്കപ്പെടേണ്ടത് നിയമിതമായ നൂലാമാലകളിൽ ജനത്തെ കെട്ടിവരിഞ്ഞുകൊണ്ടാവരുത്. ഒരു ദുരന്ത കാലത്തുകൂടി നടന്നു നീങ്ങാനുള്ള സ്വാതന്ത്ര്യം പകർന്നു നൽകിക്കൊണ്ടാണ്. മനുഷ്യമനസ്സിൽ നന്മ അവശേഷിക്കുവോളം, മാതങ് ലഭിച്ച ഉത്ഭവ/ആന്തരിക പ്രചോദനം ഓരോരുത്തരുടെയും കാലഘട്ടത്തിൽ തിരിച്ചറിയുവാൻ മാനവരാശിക്ക് കഴിഞ്ഞേക്കും. ഈയിടെ കേട്ട ഒരു നാടൻ പാട്ടിലെ ചില വാക്കുകൾ വളരെ പ്രസക്തമാണെന്ന് തോന്നുന്നു: "മണ്ണും കല്ലും തെളിഞ്ഞു വരട്ടെ, ദേശം തെളിഞ്ഞു വരട്ടെ, കാലം തെളിഞ്ഞു വരട്ടെ, ദൈവം തെളിഞ്ഞു വരട്ടെ." ചവിട്ടി നിൽക്കുന്ന മണ്ണിന്റെയും, ദേശത്തിന്റെയും, കാലത്തിന്റെയും തെളിമ തേടിയെങ്കിലേ ഒരു കാലഘട്ടത്തിൽ ദൈവം എങ്ങനെ വെളിപ്പെടുന്നു എന്ന് തിരിച്ചറിയാൻ കഴിയൂ. 

ജനുവരി 21, 2022

ദൈവസാന്നിധ്യം എവിടെ

ദൈവജനം ഒന്നുചേർന്ന് ആരാധിക്കുന്ന ദൈവം അവർക്ക് പുറത്ത് എവിടെയെങ്കിലും അല്ല. അവർക്ക് മധ്യേയും, അവർക്കിടയിലുമാണ്. ആ ദൈവസാന്നിധ്യം ഓരോരുത്തരിലും പ്രകടമാക്കുന്ന വിവിധങ്ങളായ വരദാനങ്ങൾ പരസ്പരം പരിപോഷിപ്പിക്കുന്നതിലൂടെയേ ഈ സാന്നിധ്യം മനസ്സിലാക്കുവാനും, കൂട്ടായ്മയിലുള്ള യഥാർത്ഥ ദൈവാരാധന സാധ്യമാക്കാനുമാകൂ. ആത്മാവ് സഭയെ നയിക്കുമോ, അതോ നമ്മിലെ നേതാക്കൾ സഭയെ നയിക്കുമോ എന്ന സങ്കീർണത ഇതിനെ ഒരേ സമയം കൃപയും വെല്ലുവിളിയുമാക്കുന്നു.

ജനുവരി 18, 2022

ബലിയേക്കാൾ ശ്രേഷ്ഠം

ദൈവത്തെ സിംഹാസനത്തിലിരുത്തിയെങ്കിലേ എനിക്കും ഒരു രാജാവാകാനാകൂ. പക്ഷെ ആ ദൈവം രാജാവിന്റെ സേവകനായിരിക്കും എന്നതാണ് സത്യം. ദൈവജനത്തിൽ വസിക്കുകയും കൃപ പകർന്ന് ജീവൻ നൽകുകയും ചെയ്യുന്ന ദൈവം അത്ര കാമ്യമല്ല. ആ ദൈവത്തെ ആരാധിക്കാൻ, ദൈവഹിതം നിറവേറ്റാൻ പരസ്പര സ്നേഹവും തുറവിയും ശുശ്രൂഷാമനോഭാവവും കൂടിയേ തീരൂ. അവിടെ ഉച്ചനീചത്വങ്ങളില്ല, ദൈവിക വരദാനങ്ങളിൽ പരസ്പരം പരിപോഷിപ്പിക്കപ്പെടുന്ന ഒരു ശരീരമാണത്. ആ ജീവിതം ക്രിസ്തുവിന്റെ ബലി തന്നെയാണ്.

ദൈവത്തെ പ്രീതിപ്പെടുത്താനെന്നവണ്ണമുള്ള അനുഷ്ഠാനങ്ങൾക്കും അർച്ചനകൾക്കും ഉപരിയായി ദൈവഹിതം തേടുകയും അത് അനുസരിക്കുന്നതുമാണ് ശ്രേഷ്ഠം. അവിടെയേ അനുസരണത്തിനു ദൈവോന്മുഖതയുള്ളു, അവിടെയെ ദൈവമഹത്വമുണ്ടാകൂ. മാത്സര്യം മന്ത്രവാദം പോലെയെന്നും, കാർക്കശ്യം വിഗ്രഹാരാധനയാണെന്നും കൂടെ പറഞ്ഞു വയ്ക്കപ്പെട്ടിരിക്കുന്നു. ന്യായമായ ചെറുത്തുനില്പിനെ മറുതലിപ്പെന്ന് വിധിക്കുന്ന മതാധിപത്യം അതേ സംവിധാനത്തിന്റെ തൂണുകളെ ഇളക്കുകയാണ്. അതിൽ അനുസരണക്കേടിനെ വിശദീകരിക്കുന്ന മനഃശാസ്ത്രവ്യാഖ്യാനങ്ങൾ വികലവും പൊള്ളയുമാണ്.

വധിക്കപ്പെട്ട കുഞ്ഞാടിന് പ്രതാപവും മഹത്വവും അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. എങ്കിലും അഹങ്കരിച്ചു ദൈവദൂഷണം വിളിച്ചുപറയുന്ന, അനുഷ്ഠാനങ്ങൾ ദൈവതുല്യമാക്കുന്ന മുട്ടാടുകൊറ്റനെയാണ് വഹിക്കാൻ എളുപ്പം.
1 Samuel 15: 22, 23

ജനുവരി 17, 2022

പാരമ്പര്യങ്ങൾ

പാരമ്പര്യം എന്നത് ഒരു പ്രത്യേക കാലഘട്ടത്തിലും ആ കാലത്തിലെ പ്രബലമായ പ്രതീകങ്ങളിലും ചേർത്തു കെട്ടപ്പെട്ടിരിക്കുന്ന ഒന്നല്ല. പാരമ്പര്യം എന്നത് മാറ്റമില്ലാത്തതല്ല. ഭൂതകാലത്തെങ്ങോ ഭദ്രമാക്കിയ നിക്ഷേപമായി കരുതപ്പെടുന്ന പാരമ്പര്യങ്ങൾ, വ്യക്തമായ ഉദ്ദേശ്യങ്ങളോട് കൂടെ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങൾ മാത്രമാണ്. പഴയകാലത്ത് ഉടക്കി നിൽക്കുന്ന പാരമ്പര്യങ്ങൾ, വളരാത്ത, മരണം സംഭവിച്ച ഒരു ഘടനയെയാണ് മഹത്വവത്കരിക്കുന്നത്. പാരമ്പര്യങ്ങളിൽ പ്രചോദനാത്മകതയുണ്ട്. അത് വളരുകയും ഇന്നിന്റെ മനുഷ്യാവസ്ഥകളിലേക്കു നമ്മെ അർത്ഥപൂര്ണമായി നടത്തുകയും ചെയ്യേണ്ടതാണ്. ഒരു കാലഘട്ടത്തിന്റെ സംഘർഷങ്ങളിലേക്കും ആശങ്കകളിലേക്കും സുരക്ഷിതത്വങ്ങളിലേക്കും പ്രത്യാശയും ഉറപ്പും സാന്ത്വനവും പകരുന്നതാണ് വിശ്വാസം നൽകുന്ന പ്രചോദനങ്ങൾ. പ്രചോദനങ്ങൾ പാരമ്പര്യങ്ങളിലെ അർത്ഥസത്തയെ നിലനിർത്തുകയും വളർത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. തുടർച്ചയും നവീനതയും ഒരുമിച്ചു രൂപപ്പെടുത്തുന്നത് പ്രചോദനം തന്നെ. പ്രചോദനങ്ങളെ നഷ്ടപ്പെടുത്തി പ്രതീകങ്ങളെ ചേർത്തുപിടിക്കുമ്പോൾ വിശ്വാസത്തെ നിർജ്ജീവമാക്കുകയാണ് നമ്മൾ ചെയ്യുന്നത്.

ജനുവരി 16, 2022

കാനായിലെ വീഞ്ഞ്

ദൈവം പ്രപഞ്ചത്തെ സ്നേഹിക്കുകയും തന്റെ സ്നേഹത്തിൽ വിവാഹം ചെയ്യുകയും ചെയ്തിരിക്കുന്നു.

സൃഷ്ടിയെ പൂർണ്ണമായി ആലിംഗനം ചെയ്യുമാറ് ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു. വചനം മാംസമായി. സൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചുള്ള വർണ്ണനകളെല്ലാം തന്നെ ഒരു ബലിയുടെയോ വിവാഹത്തിന്റെയോ രൂപകങ്ങളിൽ മനുഷ്യമനസ്സ് വരച്ചെടുക്കുന്നത് ധ്യാനിക്കേണ്ട സുന്ദരമായ ഒരു സങ്കല്പമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു, സൗന്ദര്യവും നന്മയും കൊണ്ട് അതിനെ അലങ്കരിച്ചു. ത്യാഗം, നന്മ, കൃതജ്ഞത, ഉദാരത, സമാധാനം, നീതി, മൈത്രി എന്നിവ പരസ്പരം നിലനിർത്തുകയും വളർത്തുകയും ചെയ്യുന്ന പ്രപഞ്ച ഗുണങ്ങളാണ്. ബലിയിലും വിവാഹത്തിലും, പൗരോഹിത്യത്തിലും പരിണയത്തിലും ലാവണ്യം പകരുന്നത് ഇവതന്നെ. ഓരോ സൃഷ്ടവസ്തുവും പ്രകടമാക്കുന്നത് ഒട്ടനേകം കണ്ണികളുള്ള ഒരു വലിയ ബന്ധത്തിന്റെ സൗന്ദര്യമാണ്. ആലിംഗനത്തിൽ സ്വയം മറക്കുന്ന മണവാളനും മണവാട്ടിയും പോലെ ദൈവ-പ്രപഞ്ചബന്ധം ആനന്ദത്തിൽ പുഷ്പിക്കുന്നു.

നമ്മെ രൂപപ്പെടുത്തിയ പലവിധ ഊർജ്ജസ്രോതസുകളും ജൈവവഴികളുമുണ്ട്. സൗന്ദര്യവും ജീവനും നന്മയുമാണ് അവ മുഴുവനിലും. വികലമാക്കപ്പെട്ട ബലഹീനമായ, തകർക്കപ്പെട്ട നൂലിഴകളും നമ്മിലേക്കെത്തിച്ചേരുന്ന ബന്ധങ്ങളുടെ ആ വലിയ കരവേലയിലുണ്ട്. നമ്മിലേക്ക്‌ ജീവൻ ഒഴുക്കിത്തരുന്ന കൃപാചാലകങ്ങൾ ആവേണ്ടിയിരുന്നവയാണ് അവയൊക്കെയും.  മനുഷ്യനിൽ സ്വായാവബോധത്തിന്റെ രൂപീകരണം കൂടി നടക്കുന്നതിനാൽ ഇവ നമ്മിൽ നിക്ഷേപിക്കുന്ന ഭയങ്ങളും, മുൻവിധികളും, അരക്ഷിതത്വങ്ങളും പ്രപഞ്ചവീക്ഷണങ്ങളും, ദുഃഖങ്ങളും കൂടി വഹിക്കുന്നവരാണ് നമ്മൾ. ഓരോരുത്തർക്കും പ്രത്യേക സ്വഭാവം നൽകുന്ന ഇവ ഒരേ സമയം സൗന്ദര്യവും വേദനയുമാണ്. ദൈവത്തിന്റെ ആലിംഗനത്തിലുള്ള ആനന്ദത്തിന്റെ പൂർണതയിൽ ജീവിക്കുവാൻ കഴിയാതാവുന്നത് ഈ വേദനയുടെ ആഴമനുസരിച്ചാണ്. ആദം പാപം ചെയ്തോ എന്നതല്ല പ്രശ്നം, ഒരുവനു പോലും കൃപയുടെ വളർച്ചയിൽ തളിരിട്ടു പുഷ്പിക്കുവാനും തങ്ങളിലെ മാനവികതയുടെ പരിപക്വതയിൽ തിളങ്ങേണ്ട ദൈവമഹത്വത്തെ ആഘോഷമാക്കുവാനും സാധിക്കുന്നില്ല എന്നതാണ് കാര്യം.

ക്രിസ്തുവിൽ നമ്മളോരോരുത്തരും പുതുസൃഷ്ടിയാക്കപ്പെടുന്നുണ്ട്. ഭൂമിയെ ശപിക്കുകയോ പിശാചിനെ പഴിക്കുകയോ അല്ല വേണ്ടത്. ദൈവത്താൽ സ്വീകരിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ദൃഢമായ ആലിംഗനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, സൃഷ്ടിയിൽ ആനന്ദിക്കുന്ന ദൈവം നമുക്ക് ഒരു വ്യക്തിപരമായ അനുഭവമാകും. ദുഖങ്ങളും ഭയങ്ങളും, അപമാനങ്ങളും ആനന്ദത്തിനു വഴിമാറും. വെള്ളം വീഞ്ഞായി മാറും. സൃഷ്ടാവിന്റെ സ്വരൂപം പ്രതിഫലിക്കുമ്പോഴുള്ള സൃഷ്ടിയുടെ ആനന്ദമാണത്. ഓരോരുത്തരുടെയും ക്രിസ്തുരൂപീകരണത്തിലെ സായൂജ്യം. കൃപയിൽ രൂപപ്പെടുന്ന പുതിയമനുഷ്യനാണ് കാനായിലെ വീഞ്ഞ്. നമ്മൾ എന്താണോ, നമുക്ക് എന്തൊക്കെയുണ്ടോ അതൊക്കെയും ദൈവത്തിൽ ഒരുമിച്ചു ചേർക്കപ്പെടുന്നു, ക്രിസ്തുവിൽ ഒന്നാകുന്നു. 

മനുഷ്യർ മാത്രമല്ല, സൃഷ്ടി മുഴുവനും ഈ ആഘോഷത്തിൽ മൈത്രിയിൽ പങ്കു ചേരുന്നു. വിവിധങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുകയും പങ്കു വയ്ക്കുകയും കൃതജ്ഞതയിൽ സ്വീകരിക്കുകയും ചെയ്യുന്ന പ്രപഞ്ച ദാനങ്ങൾ തന്നെയാണ് കാനായിലെ ഭവനം. പൂഴിമണ്ണിന്റെ ഒരംശം മുതൽ ജീവനുള്ളതും ഇല്ലാത്തതുമായ സകലതും സൃഷ്ടാവിന്റെ മുഖം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വെളിപ്പെടുത്തുകയാണ്. ഈ തുറുമുഖ ദർശനങ്ങളിലെ വചനരൂപം  നഷ്ടപ്പെട്ടു പോകരുത്. മനുഷ്യനെന്താവണം എന്ന് അവ സൗമ്യമായി പറഞ്ഞുതരുന്നു.

ക്രിസ്തു എന്താണോ അതിൽ/അവനിൽ നമ്മെത്തന്നെ കണ്ടെത്തുന്നതാണ് നമുക്കുള്ള പൂർണ്ണസൗഖ്യം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഒരു പുതിയ മനുഷ്യനാവുക എന്നാൽ പ്രതീതികളുണ്ടാക്കാൻ കഴിവുള്ള ഒരു അതിമാനുഷനാവുക എന്നതല്ല; ഒരു ഹെർക്കുലീസോ ബാഹുബലിയോ ആവുക എന്നതല്ല. എന്നാൽ, നമ്മൾ അല്പം കൂടി പൂർണമായ തലത്തിൽ ഒരു മനുഷ്യനാവും, അഭിഷേകം സ്വീകരിച്ചിട്ടുള്ള ഒരു ജീവിതമാകും, ചുറ്റുമുള്ളവരുടെ കൃപാരാഹിത്യവും ജീവരാഹിത്യവും വഹിക്കുന്ന 'ദൈവത്തിന്റെ കുഞ്ഞാട്' ആയിത്തീരും. ഈ ആനന്ദത്തിന്റെ അടയാളങ്ങളായി നമ്മൾ ഓരോരുത്തരുടെയും സ്വഭാവപ്രകൃതിയനുസരിച്ചു വളർന്നു പുഷ്പിച്ചു വലിയ ഫലങ്ങൾ പുറപ്പെടുവിച്ചു തുടങ്ങും. വീഞ്ഞിന്റെ രുചിയാണത്, ക്രിസ്തുവിന്റെ ജീവനിൽ ആയിരിക്കുന്നതിലെ ആഘോഷമാണത്. 

ക്രിസ്തുവിലുള്ള ഐക്യത്തിൽ സുവിശേഷവാഗ്ദാനങ്ങളെ ആഘോഷമാക്കുവാനും കാനായിലെ വിവാഹത്തിന്റെ ആനന്ദം നമ്മെ ക്ഷണിക്കുന്നു. സുവിശേഷഭാഗ്യങ്ങൾ നമ്മിൽഓരോരുത്തരിലും പ്രവർത്തിക്കുന്ന കൃപ വഴി നമ്മൾ പരസ്പരം ഉറപ്പാക്കുകയാണ്. വിവിധങ്ങളായ ദാനങ്ങൾ പങ്കുവയ്ക്കപ്പെടുന്നതുവഴി വിവിധങ്ങളായ ക്ഷതങ്ങൾ സൗഖ്യപ്പെടുന്നു, തളർന്നവർ ബലപ്പെടുകയും ത്രാണിയില്ലാത്തവർക്കു ദൈവരാജ്യം ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു. വിശക്കുന്നവനു ആഹാരവും, കരുണയും, വിനീതർക്ക് ഭൂമിയും നീതിക്കുവേണ്ടി വിലപിക്കുന്നവർക്ക് ന്യായമായ വിധിയും, സാമൂഹ്യപ്രവർത്തകർക്കും സമാധാനസ്ഥാപകർക്കും കേൾവിയും സ്വീകാര്യതയും ഉറപ്പാക്കാനാകുന്നു. ഇവയോരോന്നിലും ബലിയും പരിണയവുമുണ്ട്, ക്രിസ്തുവിന്റെ ആഴത്തിലൊന്നിൽ നമ്മെത്തന്നെ കണ്ടെത്തുന്ന ഈ ഓരോ സുവിശേഷഭാഗ്യത്തിലും ദൈവം നവീനമായി വെളിപ്പെടുത്തുന്നുമുണ്ട്.

ദൈവത്തിന്റെ മഹത്വം ദൃശ്യമായിരിക്കും, ക്രിസ്തു ജീവിക്കുന്നെന്നു ലോകം അറിയുകയും ചെയ്യും.

Isaiah 62:1-5 1 Corinthians 12:4-11 John 2:1-11