വിശക്കുന്നവരെ പരിഗണിക്കാതെ സുഭിക്ഷതയിൽ ഭക്ഷിക്കുന്നതാണ് ഭക്ഷണത്തെ സംബന്ധിച്ച് ക്രിസ്തു പാപമായി കണ്ടത്.
ശുദ്ധത അശുദ്ധത എന്ന വേർതിരിവുകളിൽ എന്താണ് അർത്ഥമാക്കുന്നത്? അങ്ങനെ കല്പിക്കുന്നതിലെ സാമൂഹികമായ മാനം എന്താണ്? ഒരു വ്യക്തിയോ സ്ഥലമോ വസ്തുവോ ശുദ്ധമായോ അശുദ്ധമായോ മാറ്റി നിർത്തപ്പെടുമ്പോൾ അതെന്താണ് സൂചിപ്പിക്കുന്നത്? വിജാതീയരും അവർ വസിക്കുന്ന സ്ഥലങ്ങളും അശുദ്ധമാകുന്നതും, ആർത്തവമുള്ള സ്ത്രീയും അംഗഹീനരായ ആളുകളും രോഗികളും അശുദ്ധരാകുന്നതും എങ്ങനെ?
അശുദ്ധമോ ശുദ്ധമോ ആയി ലേബൽ ചെയ്യുന്നത് ആരാണോ അവർ ഒരു ലോകത്തെ സങ്കല്പിച്ചെടുക്കുന്നതിലെ പ്രതീകാത്മകമായ വേർതിരിവുകളാണ് ശുദ്ധിയും അശുദ്ധിയും. രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള സാമൂഹികവും സാംസ്കാരികവുമായ അവതരണങ്ങളാണവ. ഈ സാങ്കല്പിക ലോകത്തിന്റെ സാംസ്‌കാരിക-സാമൂഹിക സംവിധാനങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലെ അശുദ്ധിയുടെ അർത്ഥങ്ങളെയും പൊള്ളത്തരങ്ങളെയും കപടതയെയും ക്രൂരതയെയും മനസിലാക്കാൻ കഴിയൂ. ഇത്തരത്തിൽ നിർമിതമായ ലോകത്തിനുള്ളിലെ സാമൂഹ്യനിർമ്മിതി ഏതൊക്കെ തരത്തിലുള്ള അർത്ഥങ്ങളെ സൃഷ്ടിക്കുന്നെന്ന് വേണ്ടവിധം വിശകലനം ചെയ്യേണ്ടതാണ്.
പഴകിയ ഭക്ഷണമോ അണുബാധയുള്ള ഭക്ഷണപാനീയങ്ങളോ ആളുകളോ സ്ഥലങ്ങളോ എത്തരത്തിൽ മുൻകരുതൽ എടുത്തുകൊണ്ട് സമീപിക്കണം എന്ന് നിർദ്ദേശിക്കാനാകുന്നത് ആരോഗ്യവിഭാഗത്തിലുള്ള ആളുകൾക്കാണ്. എന്നാൽ, മേല്പറഞ്ഞവിധമുള്ള ശുദ്ധതയും മലിനതയും വസ്തുവോ വ്യക്തിയോ മലിനമോ ശുദ്ധമോ ആയതുകൊണ്ടല്ല, ഓരോ സമൂഹത്തിന്റെയും സാംസ്കാരികധാരണകളാണവ, അവ സാമൂഹികമായ നിലപാടുകളെയോ കാഴ്ചപ്പാടുകളെയോ ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഒരു ഭാഷയാണ്. അർച്ചനദ്രവ്യങ്ങളെക്കുറിച്ചാകുമ്പോൾ അത് രാഷ്ട്രീയവത്കരിക്കപ്പെടുന്ന മതാദർശങ്ങൾക്കൂടി പ്രതിഫലിപ്പിക്കുന്നു. അമേരിക്കൻ ക്രിസ്ത്യാനികളിൽ ചില വിഭാഗങ്ങൾ ആഫ്രിക്ക-ലാറ്റിൻ അമേരിക്ക-ഏഷ്യൻ മതങ്ങളോടും സംസ്കാരങ്ങളോടും നിലനിർത്തിപ്പോരുന്ന അസഹിഷ്ണുതയും സവർണ്ണ മേല്കോയ്മയും ഒന്നാം പ്രമാണത്തിന്റെ പേരിൽ വിശുദ്ധീകരിച്ചു പ്രചരിപ്പിക്കപ്പെടുന്ന അന്യമതദ്വേഷം ക്രിസ്തുസ്നേഹത്തെപ്രതി പരിലാളിക്കുന്ന വിശ്വാസം വിശ്വാസമല്ല രാഷ്ട്രീയമാണ്.
അമ്പലങ്ങളിലെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതും പ്രസാദം പായസം തുടങ്ങിയവ സ്വീകരിക്കുന്നതും പാപമാണെന്നും, ദൈവകോപവും ശാപവും വരുത്തിവയ്ക്കുമെന്നുമുള്ള പ്രസംഗങ്ങൾ തികച്ചും സാധാരണമായിരുന്നു. വിശ്വാസപരമായതോ,സാമൂഹികമായതോ സാംസ്കാരികമായതോ ആയ ഘടകങ്ങളെ അതാതിന്റേതായ മേഖലകളിൽ കാണാൻ കഴിയാതെ സങ്കുചിതമായ ബൈബിൾ വ്യാഖ്യാനരീതി സ്വീകരിച്ചത് വലിയ വീഴ്ചയായിരുന്നു. മേല്പറഞ്ഞ ക്രിസ്ത്യൻ വിഭാഗങ്ങൾ നിലനിർത്തിപ്പോരുന്ന സങ്കുചിതമായ താല്പര്യങ്ങളെ സഭയുടെ ഔദ്യോഗിക പ്രബോധനമാണെന്നും അവയെ പിഞ്ചെല്ലുന്നതാണ് വിശ്വാസത്തോടുള്ള വിശ്വസ്തതയെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗങ്ങളും എഴുത്തുകളും നിരവധിയുണ്ട്. ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ചും മതാന്തരസംവാദത്തെക്കുറിച്ചും വ്യക്തമായ രേഖകൾ ഉണ്ടായിരുന്നിട്ടും അവ ഇത്തരക്കാരുടെ പ്രസംഗങ്ങളുടെ ഉള്ളടക്കങ്ങളായില്ല. പകരം, മുൻവിധികളും വ്യക്തിപരമായ അഭിപ്രായങ്ങളും 'സഭാപ്രബോധനങ്ങളായും' വെളിപാടുകളായും അവതരിപ്പിക്കപ്പെട്ടു. സ്വന്തം സങ്കുചിതത്വങ്ങളിലേക്ക് അടയ്ക്കപ്പെടുന്ന സാമൂഹികകുമിളകളാക്കിത്തീർക്കപ്പെടുകയും അവ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളെയും അനിശ്ചിതത്വങ്ങളെയും ദുരന്തവ്യാഖ്യാനത്തിനു വിധേയമാക്കുകയും കാരണമായി മറ്റു സമൂഹങ്ങളെയോ ദൈവങ്ങളെയോ ആഭിചാരപ്രവൃത്തികളെയോ പഴിചാരുകയും ചെയ്യുന്ന ദുരവസ്ഥയാണ് അതിന്റെ ഫലം.
സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടി, സഭയുടെ വക്താക്കളായി സംസാരിക്കുന്നവരിൽ സഭാപ്രബോധനങ്ങളെക്കാൾ അവരവരുടേതായ മുൻവിധികളാണ് കൂടുതൽ പ്രചരിപ്പിക്കപ്പെടുന്നത്. ഈ അവസരത്തിൽ പ്രബോധനപരവും അജപാലനപരവുമായ ഉത്തരവാദിത്തമുള്ളവരുടെ നിശബ്ദത പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, വിശ്വാസത്തിന്റെ പേരിലുള്ള വാക്‌പോരുകൾ സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നെന്നു കണ്ടിട്ട് കൂടി. എന്താണ് ചർച്ചാവിഷയമാകുന്നത്, എന്താണ് അവയിലെ വിശ്വാസപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ആശങ്കകളും ഉത്കണ്ഠകളും, ഈ വിവിധ തലങ്ങൾ കൂട്ടിക്കലർത്തുന്നത് കൊണ്ടുള്ള ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ എന്തൊക്കെയാണ്, ചർച്ചയാവുന്ന കാര്യങ്ങൾ വിശ്വാസത്തിന്റെ ആത്‌മീയമൂല്യം നിലനിർത്തുന്ന വിധം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചകൾ എന്തൊക്കെയാണ്, ക്രിസ്തീയ മനോഭാവമോ സഭയുടെ ചൈതന്യമോ ഇല്ലാതെ സഭക്കുവേണ്ടി എന്ന വിധം സംസാരിക്കുന്നവർ പറയുന്നത് സഭയുടെ സമീപനമല്ല എന്ന് പറയുവാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്താണ്?
മലിനതയെ സംബന്ധിച്ച ആശയങ്ങൾക്ക് കടപ്പാട്: Jerome H. Neyrey, S.J., Clean/Unclean, Pure/Polluted, and Holy/Profane: The Idea and System of Purity
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ