Gentle Dew Drop

ജനുവരി 25, 2022

മതത്തെ കാലഹരണപ്പെടുത്തുന്നത്

ഒരു വിശ്വാസത്തെയോ മതത്തെയോ കാലഹരണപ്പെടുത്തുന്നത് പുറമെ നിന്നുള്ള ശക്തികളോ പ്രവൃത്തികളോ അല്ല. ഒരു കാലഘട്ടത്തിൽ മതത്തിന്റേതായ സ്വത്വം തിരിച്ചറിയുകയും അതിനു പുതിയ മാനങ്ങൾ നൽകുകയും ചെയ്യാൻ പരാജയപ്പെടുകയും, വിശ്വാസത്തിന്റെ സമകാലിക പ്രസക്തിയെ തിരിച്ചറിഞ്ഞ് കാലത്തിന്റെ സംഘർഷങ്ങൾക്ക് അർത്ഥം നല്കുമാറ് അവതരിപ്പിക്കാൻ കഴിയാതാവുകയും ചെയ്യുമ്പോഴാണ് സ്വത്വനഷ്ടം ഉണ്ടാകുന്നത്. അതിൽനിന്ന് കരകയറാൻ സങ്കുചിതമായ ആചാരക്രമങ്ങളിലേക്കോ ദുരന്ത/ ഇരവാദത്തിലേക്കോ സമൂഹത്തെ കൊണ്ടുചെന്നെത്തിച്ചേക്കാം.

ഒരു സംസ്കാരത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ പ്രബലമായതെന്താണോ അതിനനുസരിച്ചു സാമൂഹികഘടനയിലും അതിന്റെ ക്രമങ്ങളിലും മാറ്റങ്ങളുണ്ടായേക്കാം. ചിലപ്പോൾ രാഷ്ട്രീയ അധികാരമോ ചിലപ്പോൾ സാമ്പത്തികശക്തിയോ ആവാം സംസ്കാരത്തെ നിയന്ത്രിക്കുന്നത്. ഒരു പക്ഷേ, മതാചാരങ്ങളിലും രൂപപ്പെടുന്ന പുതിയ സമ്പ്രദായങ്ങളിലും പാരമ്പര്യങ്ങളിലും അവ സ്ഥാനം നേടുകയും ചെയ്തേക്കാം. എന്നിരുന്നാലും കാലഘട്ടത്തിലൂടെ നടക്കുവാൻ സ്വയം കണ്ടെത്തിയ സ്വത്വത്തിൽ നിന്ന് മനുഷ്യർക്കായി ഒരു ദർശനം നൽകാൻ മതത്തിനു കഴിയുന്നോ എന്നതാണ് മതത്തെ മാറ്റുരച്ചു നോക്കുന്ന യാഥാർത്ഥ്യം.

മതത്തിനു അഭിമുഖീകരിക്കാൻ കഴിയാത്ത സാംസ്കാരിക പ്രവണതകളെ തിന്മയെന്നോ തിന്മയുടെ സ്വാധീനമെന്നോ വിധിച്ചു തള്ളാൻ എളുപ്പമാണ്. മറ്റാരിലെങ്കിലും പഴിചാരാനും എളുപ്പമാണ്. എന്നാൽ ഈ ഘടകങ്ങളെയോ അവ നമുക്കിടയിൽ എന്ത് സ്വാധീനം ചെലുത്തുന്നെന്നോ പരിശോധിക്കാൻ ശ്രമിക്കുന്ന മതനേതാക്കൾ ചുരുക്കമാണ്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് ലഭ്യമായ പഠനങ്ങളെ കാര്യമായെടുക്കാൻ പോലും ശ്രമിക്കാത്ത മതനേതൃത്വവും മതപണ്ഡിതരും മതത്തെ കാലഹരണപ്പെടുത്തുന്നു. പകരം, മേല്പറഞ്ഞ തരത്തിലുള്ള പ്രബലമായ ഘടകങ്ങളുടെ നിയന്ത്രണത്തിലേക്ക് മതത്തെ തള്ളി വിടുകയും ചെയ്യുന്നു. രാജവാഴ്ചയുടെ പ്രമാദങ്ങളിൽ മതാചാരങ്ങളും ദൈവരൂപങ്ങളും അതിനു സ്തുതി പാടുന്നവരായിത്തീർന്നതു കാണാം. മതത്തിന്റെ ഉത്ഭവപ്രചോദനങ്ങളെ മാറ്റിനിർത്തിക്കൊണ്ടായിരുന്നു ഇവയെന്നത് മതത്തിന്റെ കാലികമായ വളർച്ചക്ക് വലിയ വിഘാതവുമാക്കി. അക്കാലത്തു തന്നെ ഉയർന്നിട്ടുള്ള നവീകരണ ശ്രമങ്ങളും വ്യത്യസ്തമായ ശബ്ദങ്ങളും ചിലപ്പോഴെങ്കിലും മതത്തെ തകർക്കാനുള്ള ശ്രമങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്.

മനുഷ്യാവസ്ഥയെ മനസിലാക്കാൻ കഴിയാത്ത മതവും മതനേതൃത്വവും മനുഷ്യന് ഈശ്വരദര്ശനം നൽകാൻ കഴിയുമെന്ന് പറയുന്നത് ന്യായമല്ല. എന്നാൽ ഇന്ന് പ്രബലമായ സാംസ്‌കാരിക ഘടകം വാണിജ്യവും, സ്വത്വാവബോധം നഷ്ടപ്പെടുകയും മൃദുലവികാരങ്ങൾക്കു കീഴ്‌പ്പെടുന്ന മനുഷ്യൻ സാമ്പത്തികചൂഷണത്തിനുള്ള അവസരവുമാകുമ്പോൾ മതത്തെ അത്തരത്തിൽ വിറ്റെടുക്കാൻ ശ്രമിക്കുകയാണ് സ്വത്വനഷ്ടം നേരിടുന്ന മതസംവിധാനങ്ങൾ. അളവിലേക്കും തൂക്കത്തിലേക്കും നിക്ഷേപങ്ങളിലേക്കും ചേർത്തുവയ്ക്കാനാവും വിധമുള്ള പുതിയ മത-ആത്മീയ ഭാഷ അറിയാതെ നമ്മൾ പരിശീലിച്ചു കഴിഞ്ഞു. അവയുടെ അനുഷ്ഠാനങ്ങളെ ദൈവത്തോടുള്ള വിശ്വസ്തതയായും കടമയായും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ് നമ്മൾ. എവിടെയാണ് ദൈവവും ക്രിസ്തുഹൃദയവും പ്രഥമപ്രധാന്യം സ്വീകരിക്കപ്പെടുന്നത്? അമേരിക്കൻ ക്രിസ്ത്യാനികളിൽ ചില വിഭാഗങ്ങൾ ആഫ്രിക്ക-ലാറ്റിൻ അമേരിക്ക-ഏഷ്യൻ മതങ്ങളോടും സംസ്കാരങ്ങളോടും നിലനിർത്തിപ്പോരുന്ന അസഹിഷ്ണുതയും സവർണ്ണ മേല്കോയ്മയും ഒന്നാം പ്രമാണത്തിന്റെ പേരിൽ വിശുദ്ധീകരിച്ചു പ്രചരിപ്പിക്കപ്പെടുന്ന അന്യമതദ്വേഷം ക്രിസ്തുസ്നേഹത്തെപ്രതി പരിലാളിക്കുന്ന വിശ്വാസം വിശ്വാസമല്ല രാഷ്ട്രീയമാണ്.

സാംസ്കാരികമായ തലത്തിൽ ഉണ്ടായിരുന്ന ഈ വെല്ലുവിളിയെ കോവിഡ് കൂടുതൽ ആഴത്തിലുള്ളതാക്കിയിരിക്കുന്നു. ദേവാലയത്തിലെത്തുന്ന ആളുകളുടെ എണ്ണം കൊണ്ട് മനസിലാക്കേണ്ടതല്ല വിശ്വാസത്തിന്റെ പ്രസക്തി. ഈ കാലഘട്ടത്തിലൂടെ നടക്കാൻ വിശ്വാസം എപ്രകാരം വെളിച്ചം കാണിക്കുന്നു എന്നതാണ് പ്രധാനം. മാസ്മരികമായ പ്രകടനങ്ങളിൽ, പരിചിതമായ ഭക്തിരൂപങ്ങളിലുള്ള പങ്കുചേരലുകളിൽ മാത്രം വിശ്വാസത്തെ കാണുന്നെങ്കിൽ അത് തെറ്റായ വിശകലനമാണ്‌. ഭക്തിയും വിശ്വാസവും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അല്ലെന്നും സേവനത്തിലും പ്രതിബദ്ധതയിലുമാണെന്നും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. നീതിമാനായ ഒരു വക്കീലോ മാതൃകാജീവിതം നയിക്കുന്ന ഒരു അധ്യാപകനോ അധ്യാപികയോ പത്രപ്രവർത്തകരോ അവർ ചെയ്തിരുന്ന ആ ജോലിയും ആത്മാർത്ഥതയും വിലമതിച്ചുകൊണ്ട് അവരിലെ വിശുദ്ധജീവിതത്തെ കാണാൻ ഇന്നും നമുക്ക് മടിയാണ്. അവർ എത്രതവണ പള്ളിയിൽ പോയി, എത്ര മണിക്കൂർ ആരാധനയിൽ ഇരുന്നു എന്നതാണ് അളവുകോൽ. പുരോഹിതന്റെ പരിമള തൈലത്തിനും ഡോക്ടറിന്റെയും നേഴ്സിന്റെയും ദേഹത്തുള്ള മരുന്നിന്റെ മണത്തിനും കർഷകന്റെ വിയർപ്പിനും ഒരേ വിശുദ്ധിയാണെന്നറിഞ്ഞെങ്കിലേ തിരുവോസ്തിയിലെ മാംസരക്തത്തിന്റെ സത്യം ഗ്രഹിക്കാനാകൂ. അല്ലായെങ്കിൽ അത് 'മാലാഖമാരുടെ അപ്പമായിരിക്കും' (മാലാഖാമാർക്കു അപ്പത്തിന്റെ ആവശ്യമില്ലെന്നും സ്വർഗ്ഗത്തിൽ കൂദാശയുടെ ആവശ്യമില്ലെന്നും മറ്റൊരു സത്യം). ദൈവസാന്നിധ്യത്തിനും അതിന്റെ പുതിയ കൂദാശാമാനങ്ങൾക്കും ഈ കാലയളവിൽ പുതിയ ശൈലികളും അർത്ഥങ്ങളും ലഭിച്ചിട്ടുണ്ടെകിൽ അവയെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് സ്വത്വത്തെ ഈ കാലഘട്ടത്തിൽ തിരിച്ചറിയുന്നത്. എന്നാൽ അവക്കുള്ളിലും പ്രശസ്തിയും ജനപ്രിയതയും സാമ്പത്തികനേട്ടവും കണ്ടുകൊണ്ടു സത്യത്തെ അവഗണിച്ചുകളയുന്നവയെ തിരിച്ചറിയുകയും വേണം.

മതതീവ്രത വിശ്വാസമല്ല. വിശ്വാസത്തിന്റെ ആന്തരികദർശനമാണ് മതത്തെ നയിക്കേണ്ടത്. അകത്തേക്കടച്ചു കൂടുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ അഭിമുഖീകരിക്കപ്പെടേണ്ടത് നിയമിതമായ നൂലാമാലകളിൽ ജനത്തെ കെട്ടിവരിഞ്ഞുകൊണ്ടാവരുത്. ഒരു ദുരന്ത കാലത്തുകൂടി നടന്നു നീങ്ങാനുള്ള സ്വാതന്ത്ര്യം പകർന്നു നൽകിക്കൊണ്ടാണ്. മനുഷ്യമനസ്സിൽ നന്മ അവശേഷിക്കുവോളം, മാതങ് ലഭിച്ച ഉത്ഭവ/ആന്തരിക പ്രചോദനം ഓരോരുത്തരുടെയും കാലഘട്ടത്തിൽ തിരിച്ചറിയുവാൻ മാനവരാശിക്ക് കഴിഞ്ഞേക്കും. ഈയിടെ കേട്ട ഒരു നാടൻ പാട്ടിലെ ചില വാക്കുകൾ വളരെ പ്രസക്തമാണെന്ന് തോന്നുന്നു: "മണ്ണും കല്ലും തെളിഞ്ഞു വരട്ടെ, ദേശം തെളിഞ്ഞു വരട്ടെ, കാലം തെളിഞ്ഞു വരട്ടെ, ദൈവം തെളിഞ്ഞു വരട്ടെ." ചവിട്ടി നിൽക്കുന്ന മണ്ണിന്റെയും, ദേശത്തിന്റെയും, കാലത്തിന്റെയും തെളിമ തേടിയെങ്കിലേ ഒരു കാലഘട്ടത്തിൽ ദൈവം എങ്ങനെ വെളിപ്പെടുന്നു എന്ന് തിരിച്ചറിയാൻ കഴിയൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ