Gentle Dew Drop

സെപ്റ്റംബർ 30, 2019

സംരക്ഷണം തേടുമ്പോൾ

ദുഷ്ടതയും ദുഷ്ടരും തകർക്കപ്പെട്ട് 'നമുക്ക്' ലഭിക്കേണ്ട സംരക്ഷണമാണ് സുരക്ഷിത പ്രാർത്ഥനകളിൽ നമ്മൾ തേടിയത്. ക്ഷതമേല്പിച്ചവരെ മനസ്സിൽകണ്ട് ഇങ്ങനെ പ്രാർത്ഥിച്ചാലോ?

"കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ,
അവിടുത്തെ മുഖം നിങ്ങളുടെമേൽ പ്രകാശിക്കുകയും, നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യട്ടെ,
കർത്താവു നിങ്ങളെ കടാക്ഷിക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ."

അവരിൽ നന്മ നിറയുമ്പോൾ, നമ്മെ അപകടപ്പെടുത്തില്ലല്ലോ,
മാത്രമല്ല, നമ്മിലെ മുറിവിന്റെ വേദനയും, ക്ഷോഭത്തിന്റെ അഗ്നിയും ആശ്വസിപ്പിക്കപ്പെടുകയും ചെയ്യും.
_______________
സംഖ്യ 6:24-26  

സെപ്റ്റംബർ 29, 2019

ജ്ഞാനത്തിന്റെ വഴി

അതിതീവ്രവികാരം ഭക്തിയോടും ജ്ഞാനത്തോടും ഒത്തുപോകാത്തതാണ്. ദൈവത്തെ തേടുന്ന ദാഹം പഠനത്തിലും പാരായണത്തിലും സ്വയം ശിക്ഷണവിധേയമാകും, യാഥാർത്ഥജ്ഞാനം അഭ്യസിക്കുകയും ചെയ്യും. ആത്മനിയന്ത്രണമെന്ന പരിശുദ്ധാത്മ ഫലം, വിവേകത്തോടെ തീവ്രഭാവങ്ങളെ സൗമ്യതയിലേക്കും ശാന്തതയിലേക്കും നയിക്കും. അപ്പോഴേ ജ്ഞാനത്താൽ നയിക്കപ്പെടാനാകൂ. അങ്ങനെയേ ദൈവേഷ്ടം നിർവഹിക്കപ്പെടൂ. അല്ലെങ്കിൽ നമുക്ക് ഉചിതമെന്ന് തോന്നുന്നതാകും നടപ്പിലാവുക.

സെപ്റ്റംബർ 28, 2019

മാർഗദർശനം തേടേണ്ട രോഷം

രോഷം സ്വോഭാവികമാണ്.
അതിന് കാരണവും, അതുണ്ടാക്കുന്ന ഫലവുമുണ്ട്.
ലക്ഷ്യം നാശമാണെങ്കിൽ സ്വയം നാശവും വരുത്തിവച്ചേക്കാം.
അതുകൊണ്ട്
രോഷം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും വേണം.
അത് പ്രകടമാവണം എന്നാൽ നാശകാരണമാവരുത്.

രോഷം തീർത്തും ന്യായമാണ്
അതിന്റെ കാരണങ്ങളിൽ കാര്യലാഭം തേടിപ്പോയാൽ,
അത് വേണ്ടവിധം നയിക്കപ്പെടുകയില്ല.

ആത്യന്തികമായി സമാധാനം ആഗ്രഹിക്കുക എന്നതാവാം ആദ്യപടി.
സമാധാനത്തിൽ ഉറപ്പിക്കപ്പെട്ട മനസിന്
രോഷത്തെയും യഥാവിധി സര്‍ഗ്ഗശക്തിയുള്ളതാക്കാനാകും.
തിന്മയോടുള്ള രോഷത്തിന്റെ പ്രകടനമാർഗ്ഗങ്ങൾ നന്മ നിറഞ്ഞവയാവട്ടെ

[added on April 15, 2020 സമാധാനസ്ഥാപകർ ആരാണ്? സമാധാനം ജീവിതചര്യയായി പരിശീലിക്കുന്നവരാണവർ; സ്വന്തം ജീവൻ ദാനമായി നൽകാതെ അനുരഞ്ജനമുണ്ടാകില്ലെന്നും, എപ്പോഴും ഏതു വിഷയത്തിലും സാഹചര്യത്തിലും സമാധാനം ആഗ്രഹിച്ചു പ്രവർത്തിക്കണമെന്നും അവർക്കറിയാം. അവരാണ് ദൈവമക്കൾ, അവരാണ് യഥാർത്ഥ സന്തോഷത്തിലേക്കുള്ള വഴി കാട്ടുന്നവർ.സമൃദ്ധമായി വളരുന്ന ജീവന്റെ പ്രകാശമാണ് ക്രിസ്തു നൽകുന്ന സമാധാനം.
- from Pope Francis General Audience April 15, 2020]

സെപ്റ്റംബർ 26, 2019

Joseph Ratzinger ന്റെ 'പ്രവചനം'

രണ്ടാം വത്തിക്കാൻ കൗൺസിലിനോടും ഫ്രാൻസിസ് മാർപാപ്പയോടുമുള്ള വിരുദ്ധത ഒരു പ്രവണതയായി വളരുന്ന സാഹചര്യത്തിൽ, ബെനഡിക്ട് XVI ന്റെ 'പ്രവചനത്തിനു' നിഷേധാർത്ഥകമായ ഒരു ചായ്‌വ് നല്കപ്പെട്ടില്ലേ എന്ന് എനിക്ക് സംശയമുണ്ട്. ഏതൊരു അഭിമുഖവും, ദർശകരുടെ സന്ദേശങ്ങൾ പോലും അവയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വായിക്കേണ്ടതുണ്ട്. 1969 (അഭിമുഖം നല്കപ്പെട്ടെന്നു സൂചിപ്പിക്കപ്പെടുന്ന വർഷം) ഒക്കെ യൂറോപ്പിൽ 'സ്വാതന്ത്ര'ചിന്തയും, വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വത്വബോധത്തിന്റെ സാന്ദ്രീകരണവും, വിശ്വാസം ശാസ്ത്രീയരീതികളിൽ സാധൂകരിക്കപ്പെടാനുള്ള അതിതീവ്രപ്രയത്നങ്ങളും നടക്കുന്ന സമയമാണ്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ അർത്ഥം ഈ സാഹചര്യത്തിലെടുത്താൽ കുറെകൂടി വ്യക്തമാവും. രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെയും വിശ്വാസത്തെയും സാമൂഹികവും മനഃശാസ്ത്രപരവുമാക്കിക്കളഞ്ഞു എന്നൊക്കെ വായിച്ചെടുക്കുന്നവർ കൗൺസിലിനെ മനസിലാക്കാത്തവരാണെന്നു തോന്നുന്നു.
സൂചിപ്പിച്ചിട്ടുള്ള ക്രിസ്തുചൈതന്യം ഇന്ന് പടർന്നു പിടിക്കുന്ന മതാത്മകതയായി വായിച്ചെടുക്കുന്നത് ബെനഡിക്ട് XVI ന്റെ ഉദ്ദേശ്യശുദ്ധിയെ ലംഘിക്കുന്നതാണ്. അദ്ദേഹം വിഭാവനം ചെയ്യുന്ന ചെറുസമൂഹങ്ങളും അവയിൽ പ്രകടമാകുന്ന ശുശ്രൂഷാശൈലികളും, സഭയെന്നത് എല്ലാവർക്കുമുള്ള ഭവനമെന്ന സങ്കല്പവും തീർത്തും രണ്ടാം വത്തിക്കാൻ കൗൺസിലുമായി ഒത്തുപോകുന്നതാണ്. ആശങ്ക സൂചിപ്പിച്ചെങ്കിലും പ്രത്യാശയിലേക്ക് ചുവടുവയ്ക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഭീതിജനകവും നിഷേധാത്മകവുമായ സമീപനം നമ്മുടെ ക്രിസ്തീയതയുടെ സാംസ്കാരികഘടകമായി മാറിയിട്ടുണ്ടെങ്കിൽ എത്രയും വേഗം സൗഖ്യം ആവശ്യമാണ്.
--------
ഇംഗ്ലീഷ് ഭാഷ്യം ചുവടെ ചേർക്കുന്നു.

...in a 1969 German radio broadcast, Father Joseph Ratzinger ...

“The future of the Church can and will issue from those whose roots are deep and who live from the pure fullness of their faith. It will not issue from those who accommodate themselves merely to the passing moment or from those who merely criticize others and assume that they themselves are infallible measuring rods; nor will it issue from those who take the easier road, who sidestep the passion of faith, declaring false and obsolete, tyrannous and legalistic, all that makes demands upon men, that hurts them and compels them to sacrifice themselves. To put this more positively: The future of the Church, once again as always, will be reshaped by saints, by men, that is, whose minds probe deeper than the slogans of the day, who see more than others see, because their lives embrace a wider reality. Unselfishness, which makes men free, is attained only through the patience of small daily acts of self-denial. By this daily passion, which alone reveals to a man in how many ways he is enslaved by his own ego, by this daily passion and by it alone, a man’s eyes are slowly opened. He sees only to the extent that he has lived and suffered. If today we are scarcely able any longer to become aware of God, that is because we find it so easy to evade ourselves, to flee from the depths of our being by means of the narcotic of some pleasure or other. Thus our own interior depths remain closed to us. If it is true that a man can see only with his heart, then how blind we are!

“How does all this affect the problem we are examining? It means that the big talk of those who prophesy a Church without God and without faith is all empty chatter. We have no need of a Church that celebrates the cult of action in political prayers. It is utterly superfluous. Therefore, it will destroy itself. What will remain is the Church of Jesus Christ, the Church that believes in the God who has become man and promises us life beyond death. The kind of priest who is no more than a social worker can be replaced by the psychotherapist and other specialists; but the priest who is no specialist, who does not stand on the [sidelines], watching the game, giving official advice, but in the name of God places himself at the disposal of man, who is beside them in their sorrows, in their joys, in their hope and in their fear, such a priest will certainly be needed in the future.

“Let us go a step farther. From the crisis of today the Church of tomorrow will emerge — a Church that has lost much. She will become small and will have to start afresh more or less from the beginning. She will no longer be able to inhabit many of the edifices she built in prosperity. As the number of her adherents diminishes, so it will lose many of her social privileges. In contrast to an earlier age, it will be seen much more as a voluntary society, entered only by free decision. As a small society, it will make much bigger demands on the initiative of her individual members. Undoubtedly it will discover new forms of ministry and will ordain to the priesthood approved Christians who pursue some profession. In many smaller congregations or in self-contained social groups, pastoral care will normally be provided in this fashion. Along-side this, the full-time ministry of the priesthood will be indispensable as formerly. But in all of the changes at which one might guess, the Church will find her essence afresh and with full conviction in that which was always at her center: faith in the triune God, in Jesus Christ, the Son of God made man, in the presence of the Spirit until the end of the world. In faith and prayer she will again recognize the sacraments as the worship of God and not as a subject for liturgical scholarship.

“The Church will be a more spiritual Church, not presuming upon a political mandate, flirting as little with the Left as with the Right. It will be hard going for the Church, for the process of crystallization and clarification will cost her much valuable energy. It will make her poor and cause her to become the Church of the meek. The process will be all the more arduous, for sectarian narrow-mindedness as well as pompous self-will will have to be shed. One may predict that all of this will take time. The process will be long and wearisome as was the road from the false progressivism on the eve of the French Revolution — when a bishop might be thought smart if he made fun of dogmas and even insinuated that the existence of God was by no means certain — to the renewal of the nineteenth century. But when the trial of this sifting is past, a great power will flow from a more spiritualized and simplified Church. Men in a totally planned world will find themselves unspeakably lonely. If they have completely lost sight of God, they will feel the whole horror of their poverty. Then they will discover the little flock of believers as something wholly new. They will discover it as a hope that is meant for them, an answer for which they have always been searching in secret.

“And so it seems certain to me that the Church is facing very hard times. The real crisis has scarcely begun. We will have to count on terrific upheavals. But I am equally certain about what will remain at the end: not the Church of the political cult, which is dead already, but the Church of faith. It may well no longer be the dominant social power to the extent that she was until recently; but it will enjoy a fresh blossoming and be seen as man’s home, where he will find life and hope beyond death"

സെപ്റ്റംബർ 22, 2019

മുന്തിരിത്തോപ്പിലെ ജോലികൾ

കർത്താവിന്റെ മുന്തിരിത്തോപ്പിൽ സന്യസ്തരെയും പുരോഹിതരെയും മാത്രമല്ല അവിടുന്നാഗ്രഹിക്കുന്നത്. മണ്ണറിയുന്നവരും, മരുന്നറിയുന്നവരും, പന്തലിടുന്നവരും, വെട്ടിയൊരുക്കുന്നവരും, വളർച്ചയുടെ ഗതികൾ തിരിച്ചറിയുന്നവരും, വിളവിന്റെ പാകമറിയുന്നവരും, വിളവെടുക്കുന്നവരും അവിടെ വേണം.

ഒന്നുപേക്ഷിച്ച് സന്യാസമോ പൗരോഹിത്യമോ സ്വീകരിക്കുന്നത് കൊണ്ട് ഒരു പടി കൂടിയ വിശുദ്ധി അതിൽ ഉണ്ടെന്ന് കരുതുന്നത് ദൈവരാജ്യസങ്കല്പത്തിനു  ചേർന്നതല്ല. കർഷകനും, ഡോക്ടറും, എൻജിനീയറും, ഡ്രൈവറും, അധ്യാപകരും, ഗവേഷകരും, സന്യസ്തരും പുരോഹിതരും എല്ലാം ചെയ്യുന്നത് മഹനീയ ശുശ്രൂഷകൾ തന്നെ. വിശുദ്ധിയും സമർപ്പണവും ഇതിലെല്ലാമുണ്ട്. ഞാൻ നിന്നെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നു എന്ന് കേൾക്കാൻ എല്ലാവരും യോഗ്യരുമാണ്. എത്ര സമുന്നതം നീ ഇന്ന് ഭരമേറ്റ വിശിഷ്ടസ്ഥാനം എന്നു കേൾക്കാനും  .....

തൊഴിലുകളുടെ വേർതിരിവുകൾ നിലനില്കുന്നതുകൊണ്ട്  അവ സൂചിപ്പിച്ചെന്നേയുള്ളൂ. മുന്തിരിത്തോപ്പിലെ ജോലിക്ക് നമുക്ക് ഉടയാടകളുടെ ആവശ്യമില്ല. സ്പർശനമറിയാവുന്ന പച്ച മനുഷ്യരായാൽ മതി, അവിടെ എല്ലാവരിലും ദൈവകീർത്തനമുണ്ടാവും. സന്മനസുള്ളതുകൊണ്ടു എല്ലാവർക്കും സമാധാനവും, അതിലൂടെ ദൈവത്തിനു മഹത്വവും.

സെപ്റ്റംബർ 21, 2019

വിശ്വാസത്തിലെ കുറുക്കുവഴികൾ

കുറുക്കുവഴികളും എളുപ്പമാർഗ്ഗങ്ങളും വിശ്വാസത്തിൽ ഇടംപിടിക്കുമ്പോൾ ശ്രദ്ധിക്കപ്പെടേണ്ടതായ ചിലതൊക്കെയുണ്ട്. ഇന്നത്തെ കാലത്തെ മതാത്മകതയെ നാല് വിഭാഗങ്ങളായി കാണാനാകും: institutional, alternative, distanced, and secular. മേല്പറഞ്ഞ രീതികൾ alternative വിഭാഗത്തിൽ പെടുത്താവുന്നതാണ്. അതിനുള്ളിൽ മതസംവിധാനവും വിശ്വാസികളും തമ്മിലുള്ള ബന്ധം supplier-consumer പോലെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. പെട്ടെന്നുള്ള പരിഹാരം, എളുപ്പവഴി, പുതുമയുള്ള അനുഭൂതികൾ ഇവയൊക്കെയാണ് consumers' demands.

Consumers ന്റെ രുചിക്കനുസൃതം മരിയഭക്തി, മറ്റു ഭക്തിക്രിയകൾ, വൈകാരികത മുതലായവ ഉൾപ്പെടുത്താൻ ഒരു ബുദ്ധിമുട്ടും അവർക്കില്ല. suppliers അത് നല്ല പോലെ കൈകാര്യം ചെയ്യുന്നു. Demand ഇല്ലെങ്കിൽ need awareness ഉണ്ടാക്കിയെടുക്കുന്നു. consumer മറ്റെന്തിനെയെങ്കിലും ആശ്രയിക്കുന്നെങ്കിൽ അവയുടെ പ്രാധാന്യത്തെ തീർത്തും അവഗണിക്കുവാനുള്ള ആഹ്വാനം ആത്‌മീയഭാഷയിൽ നൽകപ്പെടും ചെയ്യും. പ്രാബല്യത്തിലുള്ള ശൈലികളെയും, പ്രസിദ്ധരായ ആത്മീയ നേതാക്കളുടെ സമീപനങ്ങളേയും ഈ പറഞ്ഞവയുമായി ഒത്തുനോക്കിയാൽ ഇവയെ തിരിച്ചറിയാവുന്നതേയുള്ളു.

Consumers ആയി സമീപിക്കുന്ന വിശ്വാസികൾ പങ്കെടുക്കുന്നവരാണ്, അംഗങ്ങളല്ല (they are participants, not members). താരപരിവേഷം നേടിയെടുക്കുന്ന ഇവർ അവർക്കുചുറ്റും ചെറുതും വലുതുമായ ആരാധകവൃന്ദത്തെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. അത്തരം വലയത്തിലായവർ ഒരു പ്രത്യേക supplier ഇൽ നിന്ന് മാത്രമുള്ള പുസ്തകങ്ങൾ, ആത്മീയ ഉത്പന്നങ്ങൾ, കോഴ്‌സുകൾ മുതലായവ വിശ്വസ്തതയോടെ സ്വീകരിക്കുമ്പോൾ, window shopping ശൈലിയിലുള്ളവർ പല സ്ഥലങ്ങളും ഉത്പന്നങ്ങളും സ്വീകരിക്കുകയും ഒരു മിശ്രിതരൂപം വ്യക്തിപരമായ രീതിയിൽ പാലിച്ചു പോരുന്നു.
_________________________
Ref: Jorg Stolz, et al. (Un)Believing in Modern Society: Religion, Spirituality, and Religious-Secular Competition. London:Routledge, 2016.

സെപ്റ്റംബർ 17, 2019

പേരില്ലാത്ത ക്രിസ്തു

നന്മ, കരുണ, ആർദ്രത, സാന്ത്വനം, കരുതൽ തുടങ്ങിയവ പേര് നല്കപ്പെടാത്ത ക്രിസ്തുചൈതന്യമാണ്. ചുറ്റിലും ഉള്ളിൽത്തന്നെയും ഇത്തരം വിത്തുകളെ തിരിച്ചറിയപ്പെടാതെ പോകരുത്. ദൈവരാജ്യം വളരുന്നത് ഇത്തരം വിത്തുകൾ മുളച്ചു വളരാൻ നമ്മൾ നൽകുന്ന അനുവാദത്തിലൂടെയാണ്. ഇവയോരോന്നും ക്രിസ്തുസമാനമായ സമീപനങ്ങളിലേക്ക് നമ്മെ ചേർത്ത് വയ്ക്കും. അതിനുള്ള കരുത്ത് ലഭിക്കുകയും ചെയ്യും.

ക്രിസ്തുസാന്നിധ്യത്തിന്റെ ഈ യാഥാർത്ഥ്യം, ബാഹ്യമായുള്ള ക്രിസ്തുസങ്കല്പങ്ങൾ ഉപയോഗിച്ച് നമ്മൾ അകറ്റി നിർത്താറുണ്ട്. ആദര്ശങ്ങളിലേക്കു ചുരുങ്ങുന്ന ക്രിസ്തു ആരാധിക്കപ്പെടുന്ന ബിംബമായിത്തീരുന്നു. ജീവിതത്തിലേക്ക് പകർത്തപ്പെടുവാനും ആരാധിക്കപ്പെടാനും യോഗ്യനായ ക്രിസ്തുവിനെ അറിയാൻ ഇപ്പോഴും തുറന്ന ഹൃദയം നമുക്ക് വേണം. ഏകമാർഗ്ഗം ആയിട്ടുള്ളത് ക്രിസ്തുവാണ്, ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളല്ല. നമ്മളുടെ നിർവ്വചനങ്ങൾക്കും എത്രയോ അതീതമാണ് ക്രിസ്തു എന്ന രഹസ്യം. ആ
വ്യക്തിബന്ധത്തിലേക്ക് വളരേണ്ടതിന് നല്കപ്പെട്ടിരിക്കുന്ന ക്രിസ്തുഗുണങ്ങളെ പാലിച്ചു തുടങ്ങുക എന്നതാണ് വഴി. 

പേര് നല്കപ്പെടാത്ത ക്രിസ്തുവിലേക്കുള്ളത് ഇടുങ്ങിയ വാതിലാണ്.
ആദശവൽക്കരിക്കപ്പെടുന്ന ക്രിസ്തുവിന് വലിയ ജനാവലിയുടെ പിൻബലമുണ്ട്.

സെപ്റ്റംബർ 11, 2019

വിളവുകൾ ഉത്സവമാക്കാൻ

ഓണം ഒരു വിളവെടുപ്പാഘോഷമാണ്. വിളവെടുപ്പിന്റെ ആനന്ദവും ആഘോഷവും, കൃതജ്ഞതയും, ഒത്തൊരുമയും ഉല്ലാസവും അതിൽ ഒത്തുചേരുന്നുണ്ട്. കഥകൾ പിന്നീട് വന്നവയാണെന്നു കരുതുന്നതാണ് ഉചിതം. വിളകളുടെ കനിവും പൂക്കളുടെ പുഞ്ചിരിയുമാണ് നന്ദിയോടെ കൈനീട്ടി നമ്മൾ സ്വീകരിക്കുന്നത്. നൽകപ്പെടുന്ന ഈ സമൃദ്ധി ആമോദത്തോടെ പങ്കുവയ്ക്കുന്നവരാകുവാനാണ് ഓണം ക്ഷണിക്കുന്നത്.

പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചും, അതിന്റെ ഗതിവിഗതികളെക്കുറിച്ചുമാണ് വാമനപുരാണം വർണ്ണിക്കുന്നത്. മൂന്ന് ലോകങ്ങളെയും നിയന്ത്രിക്കുന്നവൻ എന്ന അർത്ഥത്തിൽ ത്രിവിക്രമൻ എന്നാണ് വാമനൻ/വിഷ്ണു വിളിക്കപ്പെടുന്നത്. ബ്രഹ്മണപുരാണത്തിലാണ് മഹാബലിയുടെയും വാമനന്റെയും ഐതിഹ്യം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്നു ലോകങ്ങളുടെയും മേൽ ആധിപത്യം പ്രാപിച്ച മഹാബലി സകലതും വിട്ടുകൊടുക്കുവാൻ തയ്യാറാകുന്നതാണ് വലിയ പാഠം.  മനുഷ്യന്റെയും പ്രപഞ്ചം മുഴുവന്റെയും നിലനിൽപ്പ് जागृत (ഉണർന്നു പ്രകടമായിരിക്കുന്ന അവസ്ഥ), स्वप्न (ഭാഗികമായുള്ള ഉണർവ്), सुषुप्ति (ഉറങ്ങിക്കിടക്കുന്ന/അജ്ഞാതമായ അവസ്ഥ)  എന്നിവയിലൂടെ ആണെങ്കിലും मोक्ष (മോക്ഷം) എന്ന അവസ്ഥയിലേക്ക് വിലയം പ്രാപിക്കേണ്ടതാണ് സകലതും. അങ്ങനെ എല്ലാ അധികാരങ്ങളും പ്രപഞ്ചരൂപങ്ങളും ജനിമൃതികളിൽ പുനരാവിഷ്കരിക്കപ്പെടുന്നു എന്നത് മറ്റൊരു പാഠം.

നല്ല സമയവും ദുരിതങ്ങളും എല്ലാം കടന്നു പോയേ  തീരൂ. എങ്കിലും അനേകം പ്രതീക്ഷകൾ ചേർത്തുവയ്ക്കുന്ന ഒരു സങ്കല്പമാണ് സുവർണ്ണകാലം (Golden Age) എന്നത്. അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന ഗൃഹാതുരത്വത്തെ താലോലിച്ചുകൊണ്ടാണ് കുറവുകളിലും മുമ്പോട്ട് നടക്കുന്നത്. സഹോദരൻ അയ്യപ്പൻ എഴുതിയതെന്നു കരുതപ്പെടുന്ന "മാവേലി നാട് വാണീടും കാലം ..." അത്തരമൊരു സ്വപ്നമാണ്. ഓർമ്മിക്കപ്പെടുന്ന അല്ലെങ്കിൽ സങ്കല്പിക്കപ്പെടുന്ന നന്മ പോലും പ്രോത്സാഹിപ്പിക്കുന്ന ഒരു വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഒരു വിഭാഗത്തെ താഴ്ന്നജാതിക്കാരെന്നു വിളിച്ച് അയിത്തം കല്പിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയിൽ 'സഹോദരസംഘം' സ്ഥാപിച്ച് 'മിശ്രഭോജനം' സംഘടിപ്പിച്ച ആളായിരുന്നു അയ്യപ്പൻ. അപ്പോൾ, പാടിപ്പതിഞ്ഞ ആ പാട്ടിന് വിപ്ലവകരമായ ആഴങ്ങളുണ്ട്. ഓണസദ്യയ്ക്ക് ഇലയിടുമ്പോൾ, എല്ലാവരും ഒരുമിച്ച് നിലത്തിരുന്നുണ്ണേണ്ട സമത്വത്തിന്റെ ഭാവന മനസിൽ നിറയണം. വ്യത്യസ്തതകളിൽ സാഹോദര്യം പാലിക്കപ്പെടുകയും വേണം.

മറ്റു രണ്ടു തരത്തിലുള്ള സുവർണ്ണകാല സങ്കല്പങ്ങളുണ്ട്. പണ്ടുണ്ടായിരുന്ന സുവർണ്ണകാലം കാലക്രമേണ അധഃപതിച്ച് തിന്മയേറിവരുമ്പോൾ രക്ഷകൻ/ അവതാരം അതിനെ പുനഃസൃഷ്ടിക്കും എന്ന സങ്കൽപം ഒന്ന്. മനുഷ്യന്റെ ബുദ്ധിയും സാങ്കേതികവിദ്യകളും വഴി നമുക്ക് തന്നെ ഒരു സുവർണകാലം നിർമ്മിച്ചെടുക്കാം എന്ന് കരുതുന്ന പ്രവണത രണ്ട്. രണ്ടാമത്തേതിലുള്ള നമ്മുടെ അമിതാവേശത്തിൽ നമുക്ക് വലിയ തെറ്റ് പറ്റിയിട്ടുണ്ട്. ഏതാനം ചില സാമ്പത്തിക ശക്തികളുടെ പാദങ്ങൾക്ക് കീഴിലാക്കപ്പെട്ടു മനുഷ്യന്റെ ജീവിതാർത്ഥങ്ങൾ. മതങ്ങളും രാഷ്ട്രീയവുമൊക്കെ അവർക്കു സേവ ചെയ്യുന്നു. എള്ളോളം പൊളിവചനം ഇല്ലെന്നു സ്വപ്നം കണ്ട മാനവർ ചിലർ നെയ്യുന്ന പൊളിവചനത്തെ നിത്യസത്യങ്ങളായി വിശ്വസിച്ച്  തല്ലിത്തകരുന്നു.

താപസന്റെ നല്ല മുഖം അധിനിവേശം സാധ്യമാക്കിയ, എല്ലാം നൽകി ഒന്നുമില്ലാതായ ഒരു ഓർമ്മ കൂടി ഓണത്തിനുണ്ട്. അസുരനിഗ്രഹം ഇവിടെ തിന്മയുടെ നാശമല്ല, ശക്തിയുള്ളവന്റെ അസൂയയുടെ വക്രതയാണ് എടുത്തു പറയുന്നത്. എന്നിരുന്നാലും മാലോകരെല്ലാരും ഒന്ന് പോലെ കഴിയാനുള്ള ആഗ്രഹം ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഓണം പ്രേരണയാകുന്നു. ചവിട്ടിത്താഴ്ത്തൽ, 'ഇന്നിന്റെ' ഒരു യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ പിന്നീട് കൂട്ടി ചേർത്തതാവാം എങ്കിൽക്കൂടി, അത് ഒരു മിത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഓർമ്മിക്കപ്പെടുന്ന തിന്മ, അത് ആവർത്തിക്കരുതാത്തതാണെന്നു ഓര്മിപ്പിക്കാനാവണം.

ഒരു യഥാർത്ഥ വിളവെടുപ്പ് പശ്ചാത്തലം നമുക്ക് അന്യമായിരിക്കാം. പൂക്കളും കനികളും, എന്തിന്,
ഊണ് പോലും വാങ്ങേണ്ടതായി വരുന്നു. എന്നിരുന്നാലും വീട്ടുകാരോടൊത്തിരിക്കാനും, ചുറ്റുമുള്ളവരെ ഒന്ന് കാണാനുമൊക്കെ ഓണക്കാലം ഒരു പ്രചോദനമാണ്. നന്മകൾ ആഗ്രഹിക്കാനും ഉള്ളിൽ നന്മകൾ വിളയിക്കാനും  ഒരു വിളവെടുപ്പുകാലം.
നിലമൊരുക്കിയതിന്റെയും വിത്തെറിഞ്ഞതിന്റെയും ഓർമ്മകൾ വിളവെടുപ്പിൽ അന്തർലീനമായ യാഥാർത്ഥ്യമാണ്. അവയിൽ ത്യാഗങ്ങളുണ്ട്, വേദനയുണ്ട്, മരണവുമുണ്ട്. നിലമൊരുക്കിയതുമുതൽ വേദനകളിലൂടെ കടന്നുപോകുന്ന സമയത്തെല്ലാം കാത്ത പ്രത്യാശയുടെ പുഞ്ചിരിക്കുന്ന മുഖമാണ് വിളവെടുപ്പ്.
അപ്പമെടുക്കുമ്പോഴെല്ലാം അത് നമ്മിൽ കൃതജ്ഞത നിറയ്ക്കണം, വാഴ്ത്തപ്പെടുകയും വേണം.

-------------------------
} ഐതിഹ്യങ്ങളിലെ സന്ദേശങ്ങളാണ് പ്രധാനം. സന്ദേശം കാണപ്പെടാൻ കഴിയാതെ പോകുമ്പോഴാണ്, പ്രതീകങ്ങളാകേണ്ടവ വിഗ്രഹവൽക്കരിക്കപ്പെടുന്നത്, സ്വീകാര്യതയിലും തിരസ്കരണത്തിലും.

} യഹൂദരുടെ തിരുനാളുകൾ എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ട കാർഷിക ഉത്സവങ്ങളായിരുന്നു. ഭക്ഷിച്ചും കുടിച്ചും ആനന്ദിച്ചു നൃത്തം ചെയ്തും കൃതജ്ഞത അർപ്പിക്കുന്ന സമയം. യഹൂദർ യഹൂദരാകുന്നതിനും മുമ്പേ ആ ആഘോഷങ്ങളുണ്ടായിരുന്നു.

} യഹൂദ ക്രിസ്ത്യൻ പാരമ്പര്യങ്ങളിലുള്ള ദൈവം-പിശാച് ഘടന അല്ല ദേവ-അസുര സങ്കല്പത്തിലുള്ളത്. മധ്യപൂർവ്വേഷ്യയിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെ അതിന്റെ കാലക്രമത്തിൽ വായിച്ചെടുക്കാൻ പോലും പരിശ്രമിക്കാതെ അതിലെ പ്രതീകങ്ങൾക്ക് സ്വയം തീരുമാനിക്കുന്ന അർത്ഥങ്ങൾ മറ്റൊരിടത്തെ സമാനമെന്നു കരുതപ്പെടുന്ന പ്രതീകങ്ങൾക്കു ചാർത്തിക്കൊടുക്കുന്നത് അനുചിതമാണ്. പാതാളവും നരകവും ഒരേ സങ്കല്പങ്ങളല്ല. ഭാരതത്തിന്റെ പ്രപഞ്ചവീക്ഷണം തന്നെ വേറെയാണ്. 

} ദേവകളെ മാറ്റി നിർത്തിക്കൊണ്ട് അഹുര (the mighty one) യെ ഒരേയൊരു ദൈവമായി കണ്ടത് സൊരാഷ്ട്രർ ആണ്. അത് അംഗീകരിക്കാതിരുന്നവർ അഹുരയെ തിന്മ ആയി കാണുകയും, ഹ ഉച്ചാരണത്തിനു പകരം സ ശബ്ദം ഇടം പിടിക്കുകയും ചെയ്തെന്നു ഒരു അഭിപ്രായമുണ്ട്.

കറുത്തവും കുറിയവരും മലയരും രാക്ഷസർ, കാട്ടാളർ, ചണ്ഡാളർ എന്നിവരും അധഃകൃതരായി അസുരായി, തിന്മ പ്രവർത്തിക്കുന്നവരായി. 

സെപ്റ്റംബർ 06, 2019

കടന്നുപോകലും സന്യാസവും

കാലവുമായി സംവദിക്കുവാൻ കഴിയേണ്ടത് സന്യാസത്തിന്റെ വലിയൊരു വെല്ലുവിളിയാണ്. ഓരോ (സന്യസ്ത)സഭാസ്ഥാപകരും അത്തരത്തിൽ പ്രചോദിതരായതുകൊണ്ടാണ് ഓരോ സന്യാസസമൂഹത്തിനും പ്രത്യേക കാരിസം ഉള്ളത്. ആരംഭത്തിലുള്ള ആ പ്രചോദനം (സ്ഥാപകന്റെ സമീപന ശൈലി) പുതിയ സാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ കഴിയപ്പെടാതെ പോകുന്നതിന്റെ വലിയ പിരിമുറുക്കം എല്ലാ സന്യാസസഭകൾക്കും തന്നെയുണ്ട്. പരിശീലന കാലഘട്ടവും പിന്നീടുള്ള പ്രവർത്തന മേഖലകളും കാരിസവും സഭയും നിലനിർത്തേണ്ടതിനുള്ള പ്രയത്നങ്ങളായി മാറുമ്പോഴാണ് 'സിസ്റ്റങ്ങൾ' പിടിമുറുക്കുന്നത്. അവിടെ neo-traditionalism, convert neurosis തുടങ്ങിയ പ്രവണതകളും ഇടം പിടിച്ചേക്കാം.അവയെ പഴമയിലെ വിശുദ്ധപാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയായി തെറ്റിദ്ധരിക്കുവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ചില ആധുനിക സ്ഥാപകർ അവയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

'കടന്നുപോകൽ' സന്യാസസമൂഹത്തിന് നവീനത മാത്രമല്ല ലാവണ്യവും പകർന്നു നൽകും. കടന്നുപോകൽ പ്രക്രിയ അനുവദിക്കാൻ കൃപ ആവശ്യമാണ്. അപ്പോഴേ ഓരോ സന്യാസി/നിയിലും സന്യാസസമൂഹത്തിലും ക്രിസ്തുരൂപീകരണം ലക്ഷ്യമാവുകയുള്ളു. സന്യസ്തരുടെ ശുശ്രൂഷകളിൽ ചൈതന്യമില്ല എന്ന് സമൂഹത്തിനു തോന്നുന്നു എങ്കിൽ ഒരുപക്ഷെ ജീവിതങ്ങൾ സമർപ്പിക്കപ്പെട്ടത് കാരിസങ്ങൾക്കും സിസ്റ്റങ്ങൾക്കും വേണ്ടി ആയിരുന്നിരിക്കാം.

തിരിച്ചറിയപ്പെടാതിരുന്ന ക്രിസ്തുവിനെ ശിഷ്യർ പതിയെ തിരിച്ചറിയുന്നുണ്ട്. ഓരോ കാലത്തിനും ഈ തിരിച്ചറിവിന്റെ വിളിയുണ്ട്. ആധുനികകാലത്തിന്റെ സങ്കീർണതകളിൽ വ്യക്തമായ ഉത്തരങ്ങൾ ഇന്നില്ല.അവിടെയും ക്രിസ്തുവുണ്ട് എന്ന ബോധ്യം കടന്നുപോകലിന് നമുക്ക് കരുത്ത് നൽകും. കടന്നുപോകലും സന്യാസവും
----------------------------
സമർപ്പിതരായവരെ ദൃഢപ്പെടുത്തുവാനോ, ചൂണ്ടിക്കാണിക്കപ്പെടുന്ന കുറവുകളെക്കുറിച്ച് വേണ്ടവിധം വിശദീകരിക്കുവാനോ പ്രതിരോധശൈലി ഉപകാരപ്പെടുന്നില്ല. പകരം മുമ്പോട്ടുള്ള സഹോദര-സൗഹൃദ സംഭാഷണ സാധ്യതകൾക്ക് പ്രതിരോധവും ആക്രമണവും തടസ്സമാവുന്നുമുണ്ട്.

ജീവിതശൈലിയിലും പരിശീലനത്തിലും ഭരണസംവിധാനങ്ങളിലും ആത്മവിചിന്തനത്തിന്റെ ആവശ്യമുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. വിളിയെയും അതിന്റെ മൂല്യങ്ങളെയും സമർപ്പിത രംഗങ്ങളിൽ ആന്തരികമായും, സമൂഹത്തോടുള്ള ബന്ധങ്ങളിലും സമഗ്രതയോടെ വേണ്ടവിധം ഉൾച്ചേർക്കുന്നത് സംബന്ധിച്ച് ഇന്ന് നമുക്ക് വ്യക്തത കുറവാണ്. അത് ഒരു പ്രശ്നമല്ല വെല്ലുവിളിയാണ്. കാരണം സമൂഹത്തിലും സാംസ്കാരികപശ്ചാത്തലത്തിലും ഇന്ന് ഒരുപാട് സങ്കീർണ്ണത ഉൾച്ചേർന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ 'ശുശ്രൂഷകളിൽ' ഏറിവരുന്ന പിരിമുറുക്കങ്ങളും, ചിലപ്പോഴെങ്കിലും ആവശ്യമായ കാര്യക്ഷമതയില്ലാതിരിക്കുന്നതും, അത്തരം സംഘർഷങ്ങളെയും മടുപ്പിനെയും പരിഹരിക്കുവാൻ കഴിയുന്നവിധമുള്ള സന്യാസസമൂഹങ്ങളുടെ അപര്യാപ്തതയും വ്യക്തിപരവും ആത്മീയവുമായ ജീവിതസംതൃപ്തിയെ ശുഷ്കമാക്കുന്നുണ്ട്.

'ആൾ ഈസ് വെൽ' അല്ല സത്യാവസ്ഥ എങ്കിൽ എളിമയോടും വേണ്ട ധൈര്യത്തോടും കൂടെ ഉള്ളിലേക്ക് നോക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? അതിനു നല്കേണ്ടിവരുന്ന വിലയെ ഭയക്കുന്നതുകൊണ്ടാവാം. അധികാരം, ശീലിച്ചുപോന്ന ആചാരക്രമങ്ങൾ, സ്ഥാപനങ്ങളുടെയും സ്ഥാപിതസംവിധാനങ്ങളുടെയും ആനുകാലിക പ്രസക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ തുടങ്ങിയവ ആത്മാർത്ഥമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കിൽ വിലയേറിയ അർപ്പണം അതിനാവശ്യമാണ്. കാലത്തിനു അടയാളമായി സമർപ്പിതജീവിതം നല്കപ്പെടണമെങ്കിൽ ഈ കടന്നുപോകൽ അനിവാര്യമാണ്.

അതിതീവ്ര പാരമ്പര്യ പ്രവണത കുറേപ്പേരെ സമർപ്പിതജീവിതത്തിന്റെ സംവിധാനക്രമങ്ങളിലേക്കു ആകർഷിച്ചേക്കാം, നിലനിർത്തപ്പെടണമെന്ന് കരുതപ്പെടുന്ന ആചാരങ്ങളെയും പ്രതീകങ്ങളെയും കുറേക്കാലത്തേക്കുകൂടി നിലനിർത്താനുമായേക്കാം. ഇവ നിലനിർത്തപ്പെട്ടു പോകുവാനായിട്ടല്ല സമർപ്പിതജീവിതം. നിമിതമായ ചട്ടക്കൂടിനുള്ളിൽ സംവിധാനങ്ങൾ സംരക്ഷിക്കപ്പെട്ടേക്കാം. സമർപ്പിതജീവിതത്തിൽ കാണപ്പെടുന്ന വിശ്വാസജീവിതം മാതൃകയാക്കപ്പെടാവുന്ന ജീവിതക്രമമായി വിശ്വാസികൾക്ക് ലഭിക്കുന്നില്ലെങ്കിൽ, ധൈര്യം പകരുന്ന അടയാളമായി മാറുന്നില്ലെങ്കിൽ സമർപ്പിതജീവിതം പറയ്ക്കു കീഴിൽ വയ്ക്കപ്പെട്ട ദീപം പോലെയാണ്.

ഗൂഢോദ്ദേശ്യത്തോടെ, കുറവുകളെ പൊലിപ്പിച്ചുകാട്ടുന്നവരുണ്ടായേക്കാം. എന്നാലും എല്ലാ എതിർപ്പുകളും അപസ്വരങ്ങളും ശത്രുതയിൽ നിന്നല്ല. സമർപ്പിതജീവിതത്തിലെ, പ്രതീകങ്ങൾക്കും ആചാരങ്ങൾക്കുമുള്ള ലക്ഷ്യങ്ങൾക്ക് വൈരൂപ്യം വന്നുപോയിട്ടുണ്ടെങ്കിൽ അവയിലേക്കുള്ള സൂചകങ്ങളാണവ.അവ നിക്ഷിപ്തമായിരിക്കുന്ന അധികാരവും സ്ഥാനവുമാകാം, സമർപ്പിതജീവിതം നൽകുന്ന വിശുദ്ധസങ്കല്പത്തിന്റെ ആദരവാകാം, സന്യസ്തവസ്ത്രമാകാം, സ്ഥാപിതക്രമങ്ങളാകാം, ശുശ്രൂഷാശൈലികളാവാം.

കൃപാസ്പർശം ഉണ്ടാവേണ്ടിയിരുന്ന ഈ പ്രതീകങ്ങളിൽ, ഒരുപക്ഷേ, കാരുണ്യരഹിതമായ സമീപനങ്ങളാവാം സമൂഹം കണ്ടത്. കനിവ് കാട്ടിയ, മനുഷ്യത്വത്തോടെ സമീപിച്ച സമർപ്പിതരെ അവരുടെ ബലഹീനതകളിൽ പോലും ഹൃദയത്തിൽ സ്വീകരിക്കുവാൻ തയ്യാറാവുന്നവരാണവർ. കാർക്കശ്യവും ധാർഷ്ട്യവുമാണ് ഹൃദയരഹിതമായതുകൊണ്ട് അവരെ വേദനിപ്പിക്കുന്നത്. സമർപ്പിതരിലും സമർപ്പിതരുടെ സ്ഥാപനങ്ങളിലും ക്രിസ്തുവില്ല എന്ന് തോന്നിത്തുടങ്ങുന്നത് അപ്പോഴാണ്.

വിശുദ്ധസങ്കല്പത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഈ സമീപനങ്ങൾ ഉണ്ടാവുമ്പോൾ, ഈ കാലത്തിന്റെ സംഘർഷങ്ങൾക്കും സങ്കീർണ്ണതകളിലൂടെയും കടന്നുപോകുന്നവർക്ക് അത് വിരുദ്ധമായ അടയാളമാണ്. പരുഷമായ സമീപനങ്ങൾ കൂർത്തനഖങ്ങളായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രതിഷേധത്തിന്റെ പരിച ആ മുറിവുകൾക്ക് സാന്ത്വനം പകരില്ല. പൗരോഹിത്യവും സന്യാസവും, സ്വന്തം രക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളല്ല. അത് സഭയുടെ പരിപോഷണത്തിനു വേണ്ടിയുള്ള ജീവിതശൈലിയും അടയാളവുമാണ്.

സെപ്റ്റംബർ 02, 2019

തളരുന്നവർക്ക് സുവിശേഷം

തളർന്നു പോയവർക്ക് നല്ല വാർത്ത എന്താണ്?
എന്ത് സ്വാതന്ത്ര്യപ്രഖ്യാപനമാണ് അടിച്ചമർത്തപ്പെട്ടവരെ തുറന്നു വിടുന്നത്?

തളർന്നു പോയവരേയും, അടിച്ചമർത്തപ്പെട്ടവരേയും തഴഞ്ഞുകളയുക എന്നതാണ് സാമാന്യപ്രവണത
അല്ലെങ്കിൽ അവരെ ഉപയോഗിക്കുക എന്നതും.

അവരിൽ വലിയ നന്മ ഉണ്ടെന്നതാണ് നല്ല അറിവ്
ആ അറിവാണ് അവർക്കു നല്ല വാർത്തയാവേണ്ടത്.
മറ്റെന്താണ് സുവിശേഷം?

നന്മയറിഞ്ഞാൽ തളർന്നു പോയവർ ശപിക്കില്ല
അടിച്ചമർത്തപ്പെട്ടവർ പക തീർക്കാൻ തക്കം നോക്കുകയുമില്ല.


സെപ്റ്റംബർ 01, 2019

പ്രപഞ്ചവിരുന്നിലെ സമന്മാർ

മനുഷ്യർ മനുഷ്യരായിരുന്നെങ്കിൽ തുല്യരായിരുന്ന് പ്രപഞ്ചത്തിന്റെ കനിവുകളുടെ വിരുന്നുണ്ണാമായിരുന്നു. അവിടെ പിൻനിരക്കാരും മുൻനിരക്കാരും ഉണ്ടാകുമായിരുന്നില്ല.

മുപ്പത്തിമൂന്നു വർഷത്തേക്ക് ഒതുക്കി നിർത്താവുന്നതല്ല ക്രിസ്തുരഹസ്യം.
ആദിമുതലുള്ള രൂപാന്തരങ്ങളിൽ ആ വചനമുണ്ട്, ആ വചനം വിളമ്പുന്ന വിരുന്നും.
കണ്ണ് തുറന്നിരുന്നെങ്കിൽ, കാതു തുറന്നിരുന്നെങ്കിൽ നമുക്ക് മനുഷ്യരാകാമായിരുന്നു.

ആയിത്തീരാൻ ശ്രമിച്ചത് അതിമാനുഷരാകാനായിരുന്നു.

മനുഷ്യരാകാനുള്ള ആത്മാർത്ഥപീഢകളിൽ വചനരഹസ്യം നമ്മിലും അവതീർണ്ണമാകും.
ജീവവൃക്ഷത്തിന്റെ പൂർണതയിലേക്ക് ഓരോരുത്തരും വളരുകയും ചെയ്യും.