Gentle Dew Drop

സെപ്റ്റംബർ 11, 2019

വിളവുകൾ ഉത്സവമാക്കാൻ

ഓണം ഒരു വിളവെടുപ്പാഘോഷമാണ്. വിളവെടുപ്പിന്റെ ആനന്ദവും ആഘോഷവും, കൃതജ്ഞതയും, ഒത്തൊരുമയും ഉല്ലാസവും അതിൽ ഒത്തുചേരുന്നുണ്ട്. കഥകൾ പിന്നീട് വന്നവയാണെന്നു കരുതുന്നതാണ് ഉചിതം. വിളകളുടെ കനിവും പൂക്കളുടെ പുഞ്ചിരിയുമാണ് നന്ദിയോടെ കൈനീട്ടി നമ്മൾ സ്വീകരിക്കുന്നത്. നൽകപ്പെടുന്ന ഈ സമൃദ്ധി ആമോദത്തോടെ പങ്കുവയ്ക്കുന്നവരാകുവാനാണ് ഓണം ക്ഷണിക്കുന്നത്.

പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചും, അതിന്റെ ഗതിവിഗതികളെക്കുറിച്ചുമാണ് വാമനപുരാണം വർണ്ണിക്കുന്നത്. മൂന്ന് ലോകങ്ങളെയും നിയന്ത്രിക്കുന്നവൻ എന്ന അർത്ഥത്തിൽ ത്രിവിക്രമൻ എന്നാണ് വാമനൻ/വിഷ്ണു വിളിക്കപ്പെടുന്നത്. ബ്രഹ്മണപുരാണത്തിലാണ് മഹാബലിയുടെയും വാമനന്റെയും ഐതിഹ്യം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മൂന്നു ലോകങ്ങളുടെയും മേൽ ആധിപത്യം പ്രാപിച്ച മഹാബലി സകലതും വിട്ടുകൊടുക്കുവാൻ തയ്യാറാകുന്നതാണ് വലിയ പാഠം.  മനുഷ്യന്റെയും പ്രപഞ്ചം മുഴുവന്റെയും നിലനിൽപ്പ് जागृत (ഉണർന്നു പ്രകടമായിരിക്കുന്ന അവസ്ഥ), स्वप्न (ഭാഗികമായുള്ള ഉണർവ്), सुषुप्ति (ഉറങ്ങിക്കിടക്കുന്ന/അജ്ഞാതമായ അവസ്ഥ)  എന്നിവയിലൂടെ ആണെങ്കിലും मोक्ष (മോക്ഷം) എന്ന അവസ്ഥയിലേക്ക് വിലയം പ്രാപിക്കേണ്ടതാണ് സകലതും. അങ്ങനെ എല്ലാ അധികാരങ്ങളും പ്രപഞ്ചരൂപങ്ങളും ജനിമൃതികളിൽ പുനരാവിഷ്കരിക്കപ്പെടുന്നു എന്നത് മറ്റൊരു പാഠം.

നല്ല സമയവും ദുരിതങ്ങളും എല്ലാം കടന്നു പോയേ  തീരൂ. എങ്കിലും അനേകം പ്രതീക്ഷകൾ ചേർത്തുവയ്ക്കുന്ന ഒരു സങ്കല്പമാണ് സുവർണ്ണകാലം (Golden Age) എന്നത്. അങ്ങനെ ഒരു കാലമുണ്ടായിരുന്നു എന്ന ഗൃഹാതുരത്വത്തെ താലോലിച്ചുകൊണ്ടാണ് കുറവുകളിലും മുമ്പോട്ട് നടക്കുന്നത്. സഹോദരൻ അയ്യപ്പൻ എഴുതിയതെന്നു കരുതപ്പെടുന്ന "മാവേലി നാട് വാണീടും കാലം ..." അത്തരമൊരു സ്വപ്നമാണ്. ഓർമ്മിക്കപ്പെടുന്ന അല്ലെങ്കിൽ സങ്കല്പിക്കപ്പെടുന്ന നന്മ പോലും പ്രോത്സാഹിപ്പിക്കുന്ന ഒരു വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഒരു വിഭാഗത്തെ താഴ്ന്നജാതിക്കാരെന്നു വിളിച്ച് അയിത്തം കല്പിക്കപ്പെട്ട സാമൂഹ്യ വ്യവസ്ഥിതിയിൽ 'സഹോദരസംഘം' സ്ഥാപിച്ച് 'മിശ്രഭോജനം' സംഘടിപ്പിച്ച ആളായിരുന്നു അയ്യപ്പൻ. അപ്പോൾ, പാടിപ്പതിഞ്ഞ ആ പാട്ടിന് വിപ്ലവകരമായ ആഴങ്ങളുണ്ട്. ഓണസദ്യയ്ക്ക് ഇലയിടുമ്പോൾ, എല്ലാവരും ഒരുമിച്ച് നിലത്തിരുന്നുണ്ണേണ്ട സമത്വത്തിന്റെ ഭാവന മനസിൽ നിറയണം. വ്യത്യസ്തതകളിൽ സാഹോദര്യം പാലിക്കപ്പെടുകയും വേണം.

മറ്റു രണ്ടു തരത്തിലുള്ള സുവർണ്ണകാല സങ്കല്പങ്ങളുണ്ട്. പണ്ടുണ്ടായിരുന്ന സുവർണ്ണകാലം കാലക്രമേണ അധഃപതിച്ച് തിന്മയേറിവരുമ്പോൾ രക്ഷകൻ/ അവതാരം അതിനെ പുനഃസൃഷ്ടിക്കും എന്ന സങ്കൽപം ഒന്ന്. മനുഷ്യന്റെ ബുദ്ധിയും സാങ്കേതികവിദ്യകളും വഴി നമുക്ക് തന്നെ ഒരു സുവർണകാലം നിർമ്മിച്ചെടുക്കാം എന്ന് കരുതുന്ന പ്രവണത രണ്ട്. രണ്ടാമത്തേതിലുള്ള നമ്മുടെ അമിതാവേശത്തിൽ നമുക്ക് വലിയ തെറ്റ് പറ്റിയിട്ടുണ്ട്. ഏതാനം ചില സാമ്പത്തിക ശക്തികളുടെ പാദങ്ങൾക്ക് കീഴിലാക്കപ്പെട്ടു മനുഷ്യന്റെ ജീവിതാർത്ഥങ്ങൾ. മതങ്ങളും രാഷ്ട്രീയവുമൊക്കെ അവർക്കു സേവ ചെയ്യുന്നു. എള്ളോളം പൊളിവചനം ഇല്ലെന്നു സ്വപ്നം കണ്ട മാനവർ ചിലർ നെയ്യുന്ന പൊളിവചനത്തെ നിത്യസത്യങ്ങളായി വിശ്വസിച്ച്  തല്ലിത്തകരുന്നു.

താപസന്റെ നല്ല മുഖം അധിനിവേശം സാധ്യമാക്കിയ, എല്ലാം നൽകി ഒന്നുമില്ലാതായ ഒരു ഓർമ്മ കൂടി ഓണത്തിനുണ്ട്. അസുരനിഗ്രഹം ഇവിടെ തിന്മയുടെ നാശമല്ല, ശക്തിയുള്ളവന്റെ അസൂയയുടെ വക്രതയാണ് എടുത്തു പറയുന്നത്. എന്നിരുന്നാലും മാലോകരെല്ലാരും ഒന്ന് പോലെ കഴിയാനുള്ള ആഗ്രഹം ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഓണം പ്രേരണയാകുന്നു. ചവിട്ടിത്താഴ്ത്തൽ, 'ഇന്നിന്റെ' ഒരു യാഥാർത്ഥ്യത്തെ സൂചിപ്പിക്കാൻ പിന്നീട് കൂട്ടി ചേർത്തതാവാം എങ്കിൽക്കൂടി, അത് ഒരു മിത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഓർമ്മിക്കപ്പെടുന്ന തിന്മ, അത് ആവർത്തിക്കരുതാത്തതാണെന്നു ഓര്മിപ്പിക്കാനാവണം.

ഒരു യഥാർത്ഥ വിളവെടുപ്പ് പശ്ചാത്തലം നമുക്ക് അന്യമായിരിക്കാം. പൂക്കളും കനികളും, എന്തിന്,
ഊണ് പോലും വാങ്ങേണ്ടതായി വരുന്നു. എന്നിരുന്നാലും വീട്ടുകാരോടൊത്തിരിക്കാനും, ചുറ്റുമുള്ളവരെ ഒന്ന് കാണാനുമൊക്കെ ഓണക്കാലം ഒരു പ്രചോദനമാണ്. നന്മകൾ ആഗ്രഹിക്കാനും ഉള്ളിൽ നന്മകൾ വിളയിക്കാനും  ഒരു വിളവെടുപ്പുകാലം.
നിലമൊരുക്കിയതിന്റെയും വിത്തെറിഞ്ഞതിന്റെയും ഓർമ്മകൾ വിളവെടുപ്പിൽ അന്തർലീനമായ യാഥാർത്ഥ്യമാണ്. അവയിൽ ത്യാഗങ്ങളുണ്ട്, വേദനയുണ്ട്, മരണവുമുണ്ട്. നിലമൊരുക്കിയതുമുതൽ വേദനകളിലൂടെ കടന്നുപോകുന്ന സമയത്തെല്ലാം കാത്ത പ്രത്യാശയുടെ പുഞ്ചിരിക്കുന്ന മുഖമാണ് വിളവെടുപ്പ്.
അപ്പമെടുക്കുമ്പോഴെല്ലാം അത് നമ്മിൽ കൃതജ്ഞത നിറയ്ക്കണം, വാഴ്ത്തപ്പെടുകയും വേണം.

-------------------------
} ഐതിഹ്യങ്ങളിലെ സന്ദേശങ്ങളാണ് പ്രധാനം. സന്ദേശം കാണപ്പെടാൻ കഴിയാതെ പോകുമ്പോഴാണ്, പ്രതീകങ്ങളാകേണ്ടവ വിഗ്രഹവൽക്കരിക്കപ്പെടുന്നത്, സ്വീകാര്യതയിലും തിരസ്കരണത്തിലും.

} യഹൂദരുടെ തിരുനാളുകൾ എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ട കാർഷിക ഉത്സവങ്ങളായിരുന്നു. ഭക്ഷിച്ചും കുടിച്ചും ആനന്ദിച്ചു നൃത്തം ചെയ്തും കൃതജ്ഞത അർപ്പിക്കുന്ന സമയം. യഹൂദർ യഹൂദരാകുന്നതിനും മുമ്പേ ആ ആഘോഷങ്ങളുണ്ടായിരുന്നു.

} യഹൂദ ക്രിസ്ത്യൻ പാരമ്പര്യങ്ങളിലുള്ള ദൈവം-പിശാച് ഘടന അല്ല ദേവ-അസുര സങ്കല്പത്തിലുള്ളത്. മധ്യപൂർവ്വേഷ്യയിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെ അതിന്റെ കാലക്രമത്തിൽ വായിച്ചെടുക്കാൻ പോലും പരിശ്രമിക്കാതെ അതിലെ പ്രതീകങ്ങൾക്ക് സ്വയം തീരുമാനിക്കുന്ന അർത്ഥങ്ങൾ മറ്റൊരിടത്തെ സമാനമെന്നു കരുതപ്പെടുന്ന പ്രതീകങ്ങൾക്കു ചാർത്തിക്കൊടുക്കുന്നത് അനുചിതമാണ്. പാതാളവും നരകവും ഒരേ സങ്കല്പങ്ങളല്ല. ഭാരതത്തിന്റെ പ്രപഞ്ചവീക്ഷണം തന്നെ വേറെയാണ്. 

} ദേവകളെ മാറ്റി നിർത്തിക്കൊണ്ട് അഹുര (the mighty one) യെ ഒരേയൊരു ദൈവമായി കണ്ടത് സൊരാഷ്ട്രർ ആണ്. അത് അംഗീകരിക്കാതിരുന്നവർ അഹുരയെ തിന്മ ആയി കാണുകയും, ഹ ഉച്ചാരണത്തിനു പകരം സ ശബ്ദം ഇടം പിടിക്കുകയും ചെയ്തെന്നു ഒരു അഭിപ്രായമുണ്ട്.

കറുത്തവും കുറിയവരും മലയരും രാക്ഷസർ, കാട്ടാളർ, ചണ്ഡാളർ എന്നിവരും അധഃകൃതരായി അസുരായി, തിന്മ പ്രവർത്തിക്കുന്നവരായി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ