Gentle Dew Drop

ഏപ്രിൽ 28, 2020

കച്ചവടക്കാരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തു

അക്ഷരങ്ങളിൽ മന്ത്രശക്തിയൊളിപ്പിച്ച് വെച്ചിട്ടുള്ള ദൈവത്തെ ഞാൻ അറിഞ്ഞിട്ടില്ല, കണ്ടിട്ടില്ല, വിശ്വസിക്കുന്നുമില്ല.

'ഇന്ന കാര്യത്തിന് ഇന്ന വാക്യം ഇത്ര തവണ' എന്നത് വചനത്തിന്റെ പ്രക്രിയയേ അല്ല.
അവിടെ ദൈവത്തിന് പ്രഥമസ്ഥാനം നല്കപ്പെടുന്നുമില്ല.
"ഇത് ചൊല്ലി നോക്കൂ..." അങ്ങനെ കേൾക്കാറില്ലേ?
പ്രാർത്ഥനകൾ മന്ത്രങ്ങളാകുന്നു, 'ശക്തി' കൂടുന്നു'
ദൈവാശ്രയം കുറയുന്നു.
'പ്രാർത്ഥനകൾ' ആണ് ആശ്രയം
അങ്ങനെ പ്രാർത്ഥന ദൈവമാകുന്നു.വാക്കുകളുടെ ആവർത്തനങ്ങളിൽ ബന്ധമുണ്ടാവുന്നില്ല.
ദൈവം തേടുന്നത് സംഖ്യകളല്ല ഹൃദയപരമാർത്ഥതയാണ്.
ദൈവത്തിൽ ആശ്രയിക്കുക എന്നത്, ക്ഷമയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്നു,

വചനം ഹൃദയത്തിൽ വിത്തായി വീണു മുളച്ച് ജീവൻ പകരുന്നതാണ്.
വചനം ഉണർത്തുന്ന ആന്തരിക പ്രചോദനങ്ങളാണ് കൃപ തുറന്നുനല്കുന്നത്.
എന്നാൽ വചനം ഏതാനം വാക്കുകളാക്കി മന്ത്രധ്വനികളാക്കുമ്പോൾ വചനത്തെ ശുഷ്കമാക്കിക്കളയുകയാണ്.

മർദ്ദകരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തുവിനെ കുരിശിന്റെ വഴിയിൽ കാണുന്നവരാണ് നമ്മൾ;
കച്ചവടക്കാരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ട ക്രിസ്തുവും അവന്റെ വചനവും ഇന്ന് നമുക്ക് മുമ്പിൽ മുൾച്ചെടികൾക്കിടയിൽ വീണ വിത്തുപോലെ ഞെരുക്കപ്പെടുന്നു.
ലാഭം, കരാർ, ബ്രാൻഡ് വികസനം പ്രോഡക്ടസ്, പ്രോഗ്രാമുകൾ തുടങ്ങിയ ക്രമങ്ങളിലാണ് അവ മുൻപോട്ടു പോകുന്നത്. സത്യത്തിന്റെ പ്രത്യാശ മങ്ങിത്തുടങ്ങിയിരിക്കുന്നു.
ബ്രാൻഡഡ് ആത്മീയ അനുഭവങ്ങൾക്ക് പോകുന്നവർ കത്തോലിക്കാ പുറംകുപ്പായങ്ങളിട്ട ഇവന്ജലികൾ ഗ്രൂപ്പുകളായി ഇതിനകം മാറിക്കഴിഞ്ഞു. ഇനി പ്രകടമായ വിഭജനത്തിലേക്കു പോകുവാൻ അധിക നാൾ വേണ്ട.
കവർച്ചക്കാരുടെ കരങ്ങളിൽ ഏല്പിക്കപ്പെട്ടവനെപ്പോലെ പിന്നീട് അവൻ കാണപ്പെടും,
അന്ന് ഏതെങ്കിലും നല്ല സമരായക്കാരൻ ഉണ്ടാവട്ടെ.

ഏപ്രിൽ 27, 2020

വിശുദ്ധമായത് വിശുദ്ധിയോടെ

രോഗിയായ കുടുംബാംഗം മൂലം ഉണർന്നിരിക്കുന്ന മറ്റുള്ളവർ,
രാത്രിയിൽ കുഞ്ഞുണരുമ്പോൾ കൂടെയുണരുന്ന അമ്മ,
ആശുപത്രിക്കിടക്കയിലെ രോഗി വിളിക്കുമ്പോൾ അടുത്തെത്തുന്ന നേഴ്സ്,
അതിരാവിലെ യാമപ്രാർത്ഥന ചൊല്ലുന്ന സന്യാസി,
സ്നേഹത്തോടെ ശരീരബന്ധത്തിലാവുന്ന ഭാര്യാഭർത്താക്കന്മാർ,
എല്ലാവരും ചെയ്യുന്നത് ദൈവപ്രവൃത്തിയാണ്.
രോഗിയെ കരുതലോടെ നോക്കുന്നതും, കുഞ്ഞിനെ നാപ്പി ഇടീക്കുന്നതും,
ഗർഭിണിയെ താങ്ങി നടത്തുന്നതും വിശുദ്ധകർമങ്ങളാണ്.
വിശുദ്ധമായത് വിശുദ്ധിയോടെ പരികർമ്മം ചെയ്യപ്പെടാൻ കഴിയട്ടെ, ക്രിസ്തുവിനോട് കൂടെ.

വരാനിരിക്കുന്ന ഒരു പ്രതീക്ഷയല്ല ക്രിസ്തു സാന്നിധ്യം,
ഇന്ന് നമ്മുടെ കൂടെയുള്ള സാന്നിധ്യമാണ് ക്രിസ്തു.
ഇത് ഒരു സാബത്ത് കാലമാണ്,
തോട്ടത്തിലേക്ക് വീണ്ടും  നടന്ന് അതിന്റെ പരിശുദ്ധിയിൽ ഹൃദയം നിറക്കാൻ.
ഏതാനം ചില പ്രവൃത്തികൾ മാത്രമാണ് വിശുദ്ധകർമങ്ങൾ എന്ന ഒരു പൊതുധാരണയുണ്ട്. അത് സൃഷ്ടിക്കുന്ന ശൂന്യതയും കപടതയും നമുക്ക് കണ്മുമ്പിൽത്തന്നെയുണ്ട് താനും. അതുകൊണ്ട് നമ്മളോടുതന്നെ അടുത്തായിരിക്കാൻ കഴിയുന്ന ഈ സമയം ദൈനംദിന ജീവിതത്തിലെ പരിശുദ്ധികളുയും തിരിച്ചറിയുവാനുമുള്ള സമയമാവട്ടെ.

ഏപ്രിൽ 25, 2020

ആരാണ് ഞാൻ

"നീ എന്തിനുവേണ്ടി എന്നെ സൃഷ്ടിച്ചുവോ അത് എന്നിൽ പൂർത്തിയാക്കേണമേ" എന്നും പ്രാർത്ഥിക്കുന്നതാണ്‌ ...

പ്രളയമോ സുനാമിയോ കോവിഡോ എന്തുമാവട്ടെ, ക്രിസ്തുവിൽ ലയിക്കാൻ എന്നേ ഞാൻ ഒരുങ്ങിയതാണ്!

മരണം ഒരു കടന്നു പോകലാണ്, തിരിച്ചു പോകലല്ല.

ക്രിസ്തു എല്ലാവരിലും എല്ലാമാകുമ്പോൾ എന്നെത്തന്നേയും വീണ്ടും ഞാൻ തിരിച്ചറിയും, എന്തായിരുന്നു ഞാൻ. 

ഏപ്രിൽ 23, 2020

കോവിഡ് സന്ധ്യകളിലെ ദിവ്യഅത്താഴം

ഉചിതമായ ഒരു സമയത്ത് എല്ലാവരും ഒരുമിച്ചായിരിക്കാമെങ്കിൽ, ഒരു കുടുംബമായി/സമൂഹമായി ദൈവസാന്നിധ്യം അനുഭവിക്കാൻ പരിശ്രമിക്കാം.

നമ്മോടു കൂടെയായിരിക്കുന്നതിൽ ദൈവത്തിനു നന്ദി പറയാം
നാളെയെക്കുറിച്ചുള്ള ചിന്തകളടക്കം ഇന്നിന്റെ എല്ലാ നിമിഷങ്ങളും ദൈവത്തിനുമുമ്പിൽ കൊണ്ടുവരാം;
സ്നേഹത്തിന്റെയും, കരുതലിന്റെയും നിമിഷങ്ങൾ, നിരാശയുടെയും ദേഷ്യത്തിന്റെയും സമ്മർദ്ദങ്ങളുടെയും സംഘർഷങ്ങളുടെയും നിമിഷങ്ങൾ, തുണയുടെയും ആത്മവിശ്വാസത്തിന്റെയും പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും നിമിഷങ്ങൾ...
ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്, അവയെല്ലാം സ്വീകരിക്കപ്പെട്ടു എന്ന് വിശ്വസിച്ചുകൊണ്ട് എല്ലാം അവിടുത്തെ കരങ്ങളിലേക്ക് ...

കേട്ട ഒരു വാർത്തയിൽ നിന്നോ, കണ്ട ഒരു ചിത്രത്തിൽ നിന്നോ തോന്നിയ മനോവികാരം, എങ്ങനെ ഒരു പ്രാർത്ഥനയാക്കിമാറ്റി, എങ്ങനെ ദൈവസാന്നിധ്യം അവയിൽ അറിഞ്ഞു എന്നതിനെക്കുറിച്ച് എന്തെങ്കിലും ഒരു പ്രത്യേക അനുഭവം പരസ്പരം പങ്കു വയ്ക്കാം.
'യേശു ഇവിടെയുണ്ട്' എന്ന അനുഭവത്തിലേക്ക് വരുവാൻ ..
പ്രാർത്ഥനയിൽ കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന എല്ലാം പറഞ്ഞു പ്രാർത്ഥിക്കാം

സുവിശേഷത്തിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം വായിക്കാം,
ഒരിക്കൽക്കൂടി ഹൃദയത്തിൽ അത് കേൾക്കാൻ ശ്രമിക്കാം. നമ്മുടെ ജീവിതനിമിഷങ്ങളിലേക്ക് ആ സുവിശേഷഭാഗം യാഥാർത്ഥ്യമാക്കുന്നതിനെ ഓർത്തു നന്ദി പറയാം.

അപ്പം മുറിക്കൽ (കുർബാനയുടെ സ്വഭാവം ഈ ശുശ്രൂഷയിൽ ഇല്ല എന്ന് ഓർക്കണം)
ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിന്റെ ഒരുഭാഗം ഈ ശുശ്രൂഷക്കായെടുക്കാം
ഭൂമിക്കുവേണ്ടിയും അതിലെ വിളകൾക്കുവേണ്ടിയും ദൈവത്തിനു നന്ദി പറയാം.സമൂഹത്തിന്റെ നന്മക്കുവേണ്ടി രാവും പകലും പണിയെടുക്കുന്ന നിരവധി ആളുകളെ ഓർത്ത് നന്ദി പറയാം. ഏതെങ്കിലും ഒരു വിഭാഗത്തിന് പ്രാധാന്യം നൽകുന്നത് സന്ദർഭോചിതമാണെങ്കിൽ അവരെ പ്രത്യേകം ഓർക്കാം.
പാവപ്പെട്ടവരെയും വിശന്നിരിക്കുന്നവരെയും ഓർക്കാം,
സമൂഹം വില കൽപ്പിക്കാതെ അവഗണിക്കുന്നവരെ ഓർക്കാം.
വലിയൊരു കൃതജ്ഞതാഭാവം ഉണർത്താം,
എത്രയോ ത്യാഗങ്ങൾ ഓർമിപ്പിക്കുന്നതാണ് പങ്കുവയ്ക്കപ്പെടുന്ന ഭോജനം,
നമ്മുടെ ജീവിതം ബലിയായി ആർക്കൊക്കെ നൽകപ്പെടുന്നു അവരെയൊക്കെ ഓർക്കാം,
ഏറ്റം അടുത്തുള്ളവർക്കും മറ്റനേകർക്കുമായി ജീവിതം ത്യാഗമായർപ്പിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കാം,
അകൽച്ചകളും, മുറിവുകളും മറക്കുകയും, ഒന്നായി നിലനിൽകുകയും ചെയ്യാനുള്ള  കൃപക്കായി പ്രാർത്ഥിക്കാം
പൊങ്ങച്ചം, മുൻവിധികൾ, ദുരഭിമാനം, അരക്ഷിതാവബോധം, സംശയം തുടങ്ങിയവയിൽനിന്ന് സൗഖ്യത്തിനായി പ്രാർത്ഥിക്കാം.

ദൈവം നൽകുന്ന സമാധാനം അനുഭവിക്കാം, ആ ജീവൻ നിറയുന്നത് സ്വീകരിക്കാം.
ജീവിതത്തിൽ തുടർന്നും പ്രത്യേകിച്ച് വിഷമഘട്ടങ്ങളിൽ ദൈവകൃപ നമ്മെ  അനുയാത്ര ചെയ്യാൻ ഹൃദയം തുറക്കാം
ദയ, സഹാനുഭൂതി, സ്നേഹം, ഒരുമ, നന്മ, സമാധാനം എന്നിവയാൽ നമ്മെ നിറക്കാൻ പ്രാർത്ഥിക്കാം.

ഒരിക്കൽക്കൂടി നന്ദി പറയാം.
________________
ജീവിത സാഹചര്യങ്ങൾ പലതായതിനാൽ മൂന്നു തരത്തിലുള്ളവ മനസ്സിൽ കണ്ടുകൊണ്ടാണ് ഇത് മുൻപോട്ടു വയ്ക്കുന്നത്: ഒരു സാധാരണ കൊച്ചു കുടുംബം, രോഗികളോ പ്രായമായവരോ കൂടെയുള്ള ഒരു കുടുംബം, ജോലിക്കാരോ വിദ്യാർത്ഥികളോ ഒരുമിച്ചു താമസിക്കുന്ന സ്ഥലം. ഓരോരുത്തരുടെയും സാഹചര്യങ്ങളോട് ചേർത്ത് ദൈവാനുഭവം യാഥാർത്ഥ്യമാക്കുവാൻ ശ്രമിക്കാം.

കുഞ്ഞുങ്ങളുണ്ടെങ്കിൽ ഈ ചെയ്യുന്നതെന്താണെന്ന് അവരെ മനസിലാക്കാൻ പരിശ്രമിക്കാം. ദിവസത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന   അവരുടെ അനുഭവങ്ങളോട് ചേർത്ത് വിചിന്തനങ്ങൾ ചെയ്യുവാൻ അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അനവധി പേർ ഭക്ഷണമില്ലാതിരിക്കുന്നുണ്ടെന്നും, രോഗികളാണെന്നും അവരെക്കൂടി ഓർക്കണമെന്നും അവരെ ബോധ്യപ്പെടുത്തണം. പ്രകൃതിയുടെ ഊർജ്ജ്-ജൈവപ്രക്രിയകളെ അവർക്കു  മനസിലാകുംവിധം പരിചയപ്പെടുത്തിക്കൊടുക്കാം. ചുറ്റുമുള്ള നന്മകളും, നമ്മിലും മറ്റുള്ളവരിലുമുള്ള വേദനകളും കഷ്ടതകളും തിരിച്ചറിയാനുള്ള കാഴ്ച നല്കുകയാണവിടെ. പ്രകൃതിയോടും  മനുഷ്യരോടുമുള്ള ബന്ധത്തെ വിലമതിക്കാനുള്ള ഒരു പാഠവും.

ആത്മാർത്ഥമായി അനുഭവവേദ്യമായിത്തീരാവുന്ന ഒരു ഒരുമിച്ചു ചേരലാണിത്. ആത്മാർത്ഥമായിത്തന്നെ നന്ദി അർഹിക്കുന്നവയെ ഓർക്കാനും, ആവശ്യമായ ഉറച്ച ബോധ്യങ്ങൾ സ്വീകരിക്കാനും. ഹൃദയത്തിന്റെ ആത്മാർത്ഥതയിൽനിന്നാണ് ബന്ധങ്ങൾ ജനിക്കുന്നത്, അതുകൊണ്ടുതന്നെ ദൈവാനുഭവവും. ഇവിടെ മുന്നോട്ടു വച്ചിട്ടുള്ള ആത്മീയപ്രയത്നം നമ്മുടെ സ്വാഭാവികമായ ജീവിതക്രമത്തിൽതന്നെ ദൈവത്തിന്റെ ഹൃദയാർദ്രത അറിയാനുള്ള സാധ്യതയാണ്. ഭക്തിമാർഗ്ഗത്തിലെ പൂക്കളോ എണ്ണയോ കുന്തിരിക്കമോ തിരികളോ ഇവിടെയില്ല. ഇവിടെ അർപ്പിക്കപ്പെടുന്നത് ചോരയും നീരും കണ്ണീരും മണ്ണും ബന്ധങ്ങളും തന്നെ.

തീർച്ചയായും, തുടക്കം ഒരു നാണം സ്വാഭാവികമാണ്, എന്നാൽ പതിയെ ഒത്തിരി ആഴങ്ങൾ ഇത് നമുക്ക് നൽകിയേക്കും, വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, ദൈവത്തെക്കുറിച്ചുതന്നെയുള്ള അറിവിലും.

ഏപ്രിൽ 20, 2020

ദൈവരാജ്യം അകലെയല്ല, എന്നാൽ....

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്, ഒരു വേദപാഠസെമിനാർ ഉണ്ടായിരുന്നു. ക്ളാസുകൾ നയിച്ചിരുന്ന അച്ചൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയും സമ്മാനങ്ങൾക്കർഹനാവുകയും ചെയ്തു. രണ്ടാം ദിവസമായപ്പോഴേക്കും സംശയമായി; പല സമ്മാനങ്ങളായിരിക്കുമോ, അതോ എല്ലാറ്റിനും കൂടെ ഒരു സമ്മാനം ആയിരിക്കുമോ അച്ചൻ തരുന്നത്. മൂന്നാം ദിവസം നാലുമണിയായി, സ്കൂൾമുറ്റത്ത് എല്ലാവരെയും ഒരുമിച്ചു കൂട്ടി. സമ്മാനം കിട്ടിയവരെ മുന്നോട്ടു വിളിച്ചു. ഒരു നല്ല മിഠായിപ്പൊതി തന്നിട്ട് എല്ലാവർക്കുംകൂടി കൊടുക്കാൻ പറഞ്ഞു. അതായിരുന്നു സമ്മാനം.

സ്വർഗ്ഗരാജ്യത്തിലെ വിരുന്നും നിത്യസമ്മാനവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നമ്മൾനേടിയ സമ്മാനങ്ങൾക്കു പോലും എല്ലാവരും അർഹമാകും. (വിശുദ്ധർക്കർഹമായ സമ്മാനങ്ങൾ അവർ നമ്മളുമായി സന്തോഷത്തോടെ പങ്കു വയ്ക്കുന്നുണ്ടല്ലോ). പ്രതിഫലം അന്വേഷിക്കാതെ നന്മചെയ്യുമ്പോൾ അത് സ്വർഗ്ഗരാജ്യത്തിൽ വലുതായിരിക്കും എന്ന് പറഞ്ഞത് അതുകൊണ്ടാണ്. തനിക്കു വേണ്ടി മാത്രം ലഭിക്കുന്ന പ്രതിഫലങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. അവ നമുക്ക് ഭാരമേറ്റുകയും സ്വയം നീതീകരിക്കുന്നവയാവുകയും ചെയ്യും. നമ്മൾ ചെയ്യുന്ന ഓരോ നന്മയും അത് ഉദ്ദേശിക്കുന്നതിലും അപ്പുറം ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്, പലരിലൂടെ പടർന്നു വികസിക്കുന്നുമുണ്ട്. എങ്ങനെയൊക്കെയോ ഈ നന്മകൾ പരസ്പരം ബന്ധപ്പെട്ടുമിരിക്കുന്നു. അങ്ങനെയാണ് അവ ക്രിസ്തുരഹസ്യത്തിൽ ഒന്നായിച്ചേരുന്നത്. അങ്ങനെയാണ് നന്മകളൊക്കെയും അറിയപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത്. സ്വീകരിക്കുന്ന പ്രതിഫലമോ? ക്രിസ്‌തുതന്നെ.

രണ്ടാം വരവ് എന്നൊക്കെ പറയുമ്പോൾ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാൻ കഴിയുന്ന നന്മകൾ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാൻ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാർത്ഥതയോടെനോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാൻ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകൾ പുറപ്പെടുവിക്കുന്നില്ലെങ്കിൽ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേൽക്കുവാനും നമുക്ക് കഴിയില്ല.

സകലമനുഷ്യരുടേയും ഹൃദയങ്ങളിൽ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവർഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തിൽ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. ഒരുക്കമാണെങ്കിൽ നമ്മിൽ നന്മകൾ മുളപൊട്ടി വളരും. നന്മകളുടെ പരിപുഷ്ടിയിലാണ് ജീവൻ വളരുകയും സമൃദ്ധമാവുകയും ചെയ്യുന്നത്. നന്മയിലാണ് നമ്മൾ ഐക്യപ്പെടുന്നതും പരസ്പരമുള്ള ആരോഗ്യവൽക്കരണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. ചെയ്യുന്ന നന്മകളെന്നപോലെതന്നെ നന്മയുടെ ഹൃദയത്തിനുടമയാകാനും കഴിയണം. അപ്പോഴേ നന്മ തേടാനും, നന്മയുടെ ഒരുപൊതുദർശനം ജീവിതമാതൃകയാക്കാനും കഴിയൂ. ഇന്നാളു വരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും ഈ നന്മയെത്തന്നെ ലക്‌ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങൾ കൈമാറാനും, കൂട്ടായ പ്രയത്നത്തിനും സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

കൃപാചാലകങ്ങളെ തടയുന്ന നമ്മിലെ തേങ്ങലുകൾ കൃപയാൽ ആശ്വസിക്കപ്പെടുമ്പോൾ മുളപൊട്ടിവളരുന്നത് നിരവധി നന്മകളാണ്. അവിടെയാണ് ദൈവരാജ്യം വളർന്നു തുടങ്ങുന്നത്.

ഇനിയുള്ള ലോകം, നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയിൽ കാലൂന്നുകയും നന്മയെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ  നടന്നടുക്കുന്ന പ്രത്യാശാപൂർണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.  മനുഷ്യൻ രൂപപ്പെട്ടതും, മനുഷ്യൻ മനുഷ്യനായതും ഈ ഭവനത്തിലെ സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന അംഗങ്ങളുമായുള്ള നിരന്തര സമ്പർക്കങ്ങളിലൂടെയാണ്. തനിച്ചിരുന്ന് സുരക്ഷാഗൃഹങ്ങളിൽ മനുഷ്യരാകുവാൻ ആർക്കുമാവില്ല. കൃപ നമ്മിലുണ്ടാക്കുന്ന നന്മ ഈ സമ്പർക്കങ്ങളിലേക്കു കൂടി നമ്മെ നയിക്കുന്നു. ദൈവരാജ്യമെന്നത് അവയോടുള്ള ബന്ധങ്ങളും അവയിലുള്ള നന്മകളെ പിൻചെല്ലാനുള്ള നീതിബോധവും കൂടി ഉൾപ്പെട്ടിരിക്കുന്നു.

ദുരന്തമാനം നൽകി വിവരിക്കപ്പെട്ട ചില അന്ത്യകാല വ്യാഖ്യാനങ്ങൾ, പക്ഷേ, ഉള്ളതെല്ലാം കുഴിച്ചെടുത്തു വിഴുങ്ങാം എന്നുള്ള ഒരു സമീപനത്തിലേക്കാണ് വഴിവെച്ചത്. അഭൂതപൂർവ്വമായ വനനശീകരണവും, ഖനനവും വിഴുങ്ങിക്കളഞ്ഞത് മനുഷ്യനെത്തന്നെയാണ്; ഇരയാക്കപ്പെട്ട പാവങ്ങൾ പ്രത്യേകിച്ചും. ചൊവ്വയിലും ചന്ദ്രനിലും വീടുകൂട്ടാൻ ഇറങ്ങുന്നവർ ഇനിയും ഈ ഭവനം ജീവനുള്ളതാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്. നമ്മുടെ കാഴ്ചയിൽ പരാദവും, പാഴ്‌ച്ചെടികളും ആയവ പോലും എന്തൊക്കെയോ ശുശ്രൂഷ ചെയ്യുന്നവയാണ്. അവയുടെ യഥാർത്ഥ വാസസ്ഥാനങ്ങൾ ഇല്ലാതാകുമ്പോൾ മനുഷ്യരിലേക്ക് അവ വ്യാപിച്ചേക്കാം. നന്മകൾക്ക് പകരം സ്വാർത്ഥതയും അത്യാഗ്രഹവും കലർത്തിയ വാണിജ്യതാല്പര്യങ്ങൾ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് നമുക്കെതിരെ നിൽക്കുന്നു.

മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, യഥാർത്ഥത്തിൽ പ്രധാനമായവയെ തിരിച്ചറിയാനും പ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റിനിർത്താനും ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവർത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാൽ ഇതിന്റെ വിപരീത ദിശയിൽ വാണിജ്യതാല്പര്യങ്ങൾ പ്രകൃതിക്കുമേൽ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിർത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുൻനിർത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ.

നന്മ ആഗ്രഹിക്കുക എന്നത് നമ്മുടെ മാത്രമല്ല ഭൂമിയുടെ കൂടെ ജീവന്റെ വിലയാണ്. നിശബ്ദമായ നന്മകളിലൂടെ നാളിതുവരെ മനുഷ്യന് നന്മ ചെയ്തവയാണ് ചുറ്റുമുള്ളത്. ഒരായുസ്സുകൊണ്ട് നന്മയുടെ ഈ കൂട്ടുകുടുംബത്തിലേക്ക് എത്രമാത്രം നന്മയെ പ്രസരിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് ധ്യാനിക്കേണ്ടതുണ്ട്.

ദൈവരാജ്യം  അകലെയല്ല, എന്നാൽ....
___________________ 
ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയിൽ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂർത്തീകരണമാണ് 'രണ്ടാംവരവിൽ' നൽകുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം സൃഷ്ടി അതിന്റെ പൂര്ണതയെ കാത്തിരിക്കുന്നു. അതിലേക്കു നമ്മളെ ഒരുക്കുകയാണ് സുവിശേഷം ചെയ്യുന്നത്. സുവിശേഷം എന്നാൽ മത്തായി മുതൽ യോഹന്നാൻ വരെയുള്ള പുസ്തകങ്ങളിലെ വാക്യങ്ങളല്ല, ക്രിസ്തുവിന്റെ സമീപനങ്ങളാണ്. സുവിശേഷപ്രഘോഷകർ എന്ന നിലയിൽ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുൻഗണനകളും ക്രിസ്തുസമീപനങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ. പ്രാർത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈർഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നൽകുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറം യേശുവിന്റെ സമീപനങ്ങൾ ഇനിയും ഉള്ളിൽ വളരേണ്ടതുണ്ട്.
ചുരുക്കത്തിൽ, ക്രിസ്തു എന്ന് വന്നാലും ആവശ്യമായ ഒരുക്കത്തിന്റെ അവസ്ഥ "സന്മനസുള്ളവർക്ക് സമാധാനം" എന്ന ചെറുവാക്യത്തിൽ അടങ്ങിയിരിക്കുന്നു.
 See  also  ലോകാവസാനം വെളിപാടും നവീകരണവും 

               അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും  ലക്ഷ്യങ്ങളും 


ഏപ്രിൽ 19, 2020

ദൈവകരുണ

ഞങ്ങൾക്കും ലോകജനതമുഴുവനും പരസ്പരം കരുണ കാണിക്കാനുള്ള കൃപ നൽകേണമേ. ഞങ്ങൾ പരിപൂർണമായും അങ്ങയിൽ ആശ്രയിക്കുന്നു.

യുദ്ധം, കലഹം, വെറുപ്പ്, മാത്സര്യം (ആത്മീയതയുടെയും മതത്തിന്റെയും പേരിലായിരുന്നാൽ കൂടി) തുടങ്ങിയവ ഹൃദയത്തിൽ സൂക്ഷിക്കുകയും ലോകം മുഴുവൻ കരുണയുണ്ടാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതിൽ തീർക്കപ്പെടുന്നത് കരുണക്കെതിരെയുള്ള മതിലാണ്.

ഓരോ ഭക്തിയും ഉദ്ദേശിക്കുന്ന പുണ്യങ്ങളിൽ വളരാനുള്ള ആത്മാർത്ഥമായ ആഗ്രഹം ഉള്ളിലില്ലെങ്കിൽ ആ ഭക്തി ഫലരഹിതമായിരിക്കും. 

ഏപ്രിൽ 15, 2020

ദൈവഹിതം

സ്വന്തം ഇഷ്ടങ്ങളെയും നിലപാടുകളെയും ദൈവഹിതമായി അവരോധിക്കാനുള്ള വലിയ അപകടം അമിതോത്സാഹത്തിലുണ്ട്. ദൈവഹിതം തിരിച്ചറിയപ്പെടുന്നത് കൂടെ നടക്കുന്നതിലൂടെയാണ്. ആത്മനിയന്ത്രണവും വിവേകവും ഈ വഴിയേ നയിക്കുന്ന ദൈവദാനങ്ങളാണ്. വീര്യവും ധൈര്യവും നിലനില്പിനെ സഹായിക്കുന്നതാണ്. അവിടെയും വിവേകവും ആത്മനിയന്ത്രണവും ആവശ്യമാണ്, അവ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകളെ അകറ്റും. സമാധാനം നിറയ്ക്കും. ദൈവഹിതം വ്യഗ്രതകളിലേക്ക് നയിക്കില്ല, മറിച്ച് അത് ദൈവാശ്രയത്തിൽ ആഴപ്പെടുത്തും.
അങ്ങനെയാണ് ഇതാ കർത്താവിന്റെ ദാസി എന്ന് മാതാവ് പറഞ്ഞതും, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഞാൻ വരുന്നു എന്ന് യേശു പറഞ്ഞതും മക്കബായ പ്രതികരണങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്. 

ഏപ്രിൽ 14, 2020

ദൈവം?

ദൈവത്തെ അനുസരിപ്പിക്കുന്ന കുറച്ചു പേരുണ്ട്.
ദൈവത്തെ അവരുടെ വളയത്തിലൂടെ ചാടിക്കുന്നവരാണവർ,
ദൈവത്തിന്റെ വെളിപാടുകൾ അവരുടെ ചങ്ങലക്കുള്ളിലാണ്,
അവർ പറയുംപോലെയേ ദൈവം പ്രവർത്തിക്കൂ.
'പാപത്തിൽ പിറന്നവരും ഉടമ്പടി ലംഘിക്കുന്നവരുമായ' ജനം,
അതുകൊണ്ട് അവരുടെ ദൈവം സാധാരണ ജനത്തോട് സംസാരിക്കാറില്ല,
അവർ ദൈവത്തിനു കൊടുത്ത വളയത്തിലൂടെ ചാടിയാൽ നിങ്ങൾ രക്ഷപെടും
കാരണം ആ ദൈവം ചങ്ങലക്കുള്ളിലാണ്.

സത്യദൈവം ജനത്തിന്റെ കൂടെ വസിക്കുന്നുവെന്ന് അവർ എന്ന് തിരിച്ചറിയും?

ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് 27 Urbi et Orbi സന്ദേശം മുതൽ ഓരോ ദിവസത്തെയും കുർബാന മധ്യേയുള്ള ധ്യാനചിന്തകളും, Fr Raniero Cantalamessa യുടെ ദുഃഖവെള്ളി സന്ദേശവും, കുരിശിന്റെ വഴിയും അടക്കം, ഈസ്റ്റർ Urbi et Orbi സന്ദേശം വരെയുള്ള സന്ദേശങ്ങൾ മാത്രമെങ്കിലും വെച്ച് ധ്യാനിച്ചിരുന്നെങ്കിൽ വിഷാദിയും കുറുമ്പ് കാട്ടുന്നവനും പലിശക്കാരനും കരാറുകാരനും മാന്ത്രികനുമായ ദൈവത്തിൽ നിന്ന് അവർ സ്വതന്ത്രമാകുമായിരുന്നു.

കുറുക്കൻദൈവത്തിന് കനൽക്കട്ട പോലുള്ള കണ്ണുകളുണ്ട്, ആരാധകൻ അറിയാതെ അവൻ ജീവൻ കവർന്നെടുക്കും; കച്ചവടക്കാരൻ ദൈവം ലാഭം തരും, എന്നാൽ ആരാധകന്റെ യഥാർത്ഥ രത്നങ്ങളെ കണ്ടെത്താൻ അവൻ ഒരിക്കലും അനുവദിക്കില്ല.

- Domini Canis (Dog of the Lord)

ഏപ്രിൽ 12, 2020

ഉയിർപ്പിന്റെ നക്ഷത്രം

യേശു ജനിച്ചപ്പോൾ നക്ഷത്രം ഉദിച്ചു,
ഉയിർത്തപ്പോൾ ഉദിച്ച താരം എവിടെയാണ്?

ഉയിർപ്പിന്റെ ഉദയരശ്മി ഉള്ളിലാണ് തെളിയുന്നത് -
കല്ലറക്ക് പുറത്ത് നിന്ന മറിയം അവനെ തിരിച്ചറിഞ്ഞില്ല,
ക്രിസ്തു അവളെ പേരുചൊല്ലി വിളിച്ചു: "മറിയം"
തോമസ് അർത്ഥമില്ലാതെ പുറത്തുനടന്നു,
അവനെയും ക്രിസ്തു പേരെടുത്തു വിളിച്ചു: "തോമസ്"
പുതിയ പ്രകാശം ഉണരാൻ അത് മതിയായിരുന്നു.

ഇരുളിന്റെ ശൂന്യതയിൽ ഏകാന്തമാകുമ്പോൾ,
അപമാനത്തിന്റെ മുള്ളുകൾ വേദനിപ്പിക്കുമ്പോൾ,
മരണം ഭീതിപ്പെടുത്തുകയും കീഴ്പെടുത്തുകയും ചെയ്യുമ്പോൾ
ക്രിസ്തു നിങ്ങളുടെയും പേര് വിളിക്കുന്നത് കേൾക്കുക,
മൃദുലമായ സ്വരം, സ്നേഹപൂർണ്ണം
"നീ എന്റേതാണ്"

അനുഷ്ഠാനങ്ങളുടെ ആർഭാടങ്ങളും കപടതകളുടെ അലങ്കാരങ്ങളും അഴിച്ചുവച്ച്
പച്ചമനുഷ്യനായി ക്രിസ്തുവിനോടൊത്ത് നടക്കാൻ കഴിയട്ടെ.
ജീവിതത്തിന്റെ ഉദയാസ്തമയങ്ങളിലൂടെയും ഋതുഭേദങ്ങളിലൂടെയും കടന്നുപോകാൻ
ക്ഷമയോടെ ആ സ്നേഹത്തിൽ നിലനിൽക്കാം.
അവൻ മാന്ത്രികനല്ല, സ്നേഹിതനാണ്.
അവനെക്കുറിച്ചുള്ള മുൻവിധികളെല്ലാം മാറ്റിവച്ച് അവനിൽ വിശ്വസിക്കാൻ നമുക്കാവട്ടെ.
അവനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും മാത്രമല്ല,
അനുചിതമായ വർണ്ണങ്ങളിൽ നെയ്തുചേർക്കപ്പെട്ട പ്രതീക്ഷകളും മാറ്റിവയ്ക്കപ്പെടണം.
നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും അറിയുന്ന, ബലപ്പെടുത്തുന്ന, കാത്തിരിക്കുന്ന സ്നേഹിതനാണവൻ; സ്നേഹം കൊണ്ട് ജീവൻ പകരുന്നവൻ.

പച്ചമനുഷ്യനാകാൻ തയ്യാറാണെങ്കിൽ ഉത്ഥിതന്റെ യഥാർത്ഥ സാന്നിധ്യം അറിയാം,
പച്ചദൈവമായി, സ്നേഹിതനായി.
ജാലവിദ്യകാണിക്കുന്നവനായല്ല, ജീവനും ബലിനൽകാൻ തയ്യാറാകുന്ന സ്നേഹിതനായി.

ആ വഴി നടന്നേ തീരൂ; ഞാനിന്നു പഴയ മനുഷ്യനല്ല എന്ന് വഴിയിലെപ്പോഴോ ഒരു നിമിഷം നമ്മൾ തിരിച്ചറിഞ്ഞേക്കാം. സന്തോഷം കൊണ്ട് നമ്മൾ വിതുമ്പുന്നേരവും ആശ്വസിപ്പിക്കുന്ന ഒരു ചെറുപുഞ്ചിരി ആ മുഖത്തുണ്ടാകും. കേൾക്കാനിഷ്ടമുള്ള പേര് വിളിച്ചു തന്നെ!

ഉയിർപ്പ്

ഉത്ഥിതൻ ചുറ്റും കാണുമ്പോൾ അവനോടൊപ്പം ലോകം ഉണർന്നിട്ടില്ല,
മരിച്ചു മരവിച്ചവർ, അടുത്ത രോഗക്കിടക്കയിൽ പിടഞ്ഞു മരിക്കുന്നവർ,
ഭീതിയോടെ കതകടച്ചവർ, ഇനിയെന്തെന്ന് അറിയാതെ ഭ്രാന്ത് പിടിക്കുന്നവർ...
"സമാധാനം നിങ്ങളോടു കൂടെ" അവൻ പറഞ്ഞു.
"ഞങ്ങൾക്കു വിശ്വസിക്കാനാവില്ല"
"അടുത്ത് വരൂ, എന്റെ മുറിവുകൾ കാണൂ, നിങ്ങളുടെ കരങ്ങൾ അവിടെ വയ്ക്കൂ"

"എന്റെ കർത്താവേ, എന്റെ ദൈവമേ..." 

ഏപ്രിൽ 11, 2020

ക്രിസ്തുവും കൂടെ നടന്നു

ശൂന്യമായ കല്ലറ,
വിജനമായ ദേവാലയം,
വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന ജനം.

അന്ന് കല്ലറക്കുള്ളിലും ദേവാലയത്തിലും അവനെ അവർ കണ്ടില്ല...
അവൻ ഇവിടെയില്ല: മാലാഖ പറഞ്ഞു.
അവനെ തേടിയിറങ്ങിയ മഗ്ദലേന മറിയം
അവളുടെ കൂടെ അവനും നടന്നു,
തിരിഞ്ഞു നോക്കിയപ്പോൾ തന്റെ പേരെടുത്തുവിളിക്കുന്നതായി അവൾ കേട്ടു.

നിങ്ങൾ ഗലീലിലിയിലേക്കു പോകുവിൻ ...

കാണപ്പെടാത്ത എന്നാൽ അനുഭവവേദ്യമായ സാന്നിധ്യമായി അവൻ കൂടെയുണ്ട്,
നടന്ന വഴികളിലൂടെ, ഒരിക്കൽകൂടി
തിബേരിയൂസിൽ വഞ്ചിയിലും തീരത്തും,
വലിയവൻ ആരെന്ന് തർക്കിച്ചു നടന്ന വയലിലൂടെ,
സൗഖ്യം നൽകിയ സ്ഥലങ്ങളിലൂടെ....
അവൻ നമുക്കിടയിലുണ്ട്, കൂടെയുണ്ട്.
അവർ അവനെ കണ്ടു, അറിഞ്ഞു, വിശ്വസിച്ചു.
വാതിലുകൾ അടഞ്ഞെങ്കിലും, ഒരേ ഹൃദയത്തോടെ ഒരുമിക്കാമെങ്കിൽ
വീണ്ടും കേൾക്കാം: "നിങ്ങൾക്ക് സമാധാനം."

ദൈവം നമ്മോടുകൂടെ ....
എന്നാൽ അവർ വന്നു, സാൻഹെദ്രീൻ:  "തികച്ചും പാപത്തിൽ പിറന്ന നിങ്ങൾക്ക് എന്തറിയാം?"
"ഞങ്ങൾ പറയുന്നവ മാത്രം കേൾക്കുകയും പറയുകയും  ചെയ്യുക. അതാണ് ശരി."
ആ നീതിബോധത്തിൽ വീണ്ടും വീണ്ടും അവർ കല്ലറയിലേക്കു പോയി.
കൂടെ ആവേണ്ടതിനാൽ ക്രിസ്തുവും കൂടെ നടന്നു.
തിരികെ അവരുടെ കൂടെ വീടുകളിലേക്കും ജോലിസ്ഥലത്തേക്കും ഓഫീസികളിലേക്കും അവൻ നടന്നു.
പഠിച്ചതെന്തൊക്കെയോ അവർ പറഞ്ഞു... അവയായിരുന്നു അവർക്കു ശരി.
അവരുടെ ഹൃദയങ്ങളിൽ നിന്ന് കേൾക്കാൻ അവൻ കൊതിച്ചു.

കൂടെയുണ്ടവൻ, വീട്ടിൽ, സ്കൂളിൽ, പഠനമേശയിൽ, ആശുപത്രിയിൽ, കോടതിയിൽ, ഫാക്ടറിയിൽ, വഴിയിൽ, വയലിൽ, തോട്ടത്തിൽ, പുഴയിൽ, കടലിൽ, നിങ്ങളുടെ വാഹനത്തിൽ, ബഹിരാകാശപേടകത്തിൽ  ... 

അവൾ [Medical staff] കബറിടത്തിൽ കരഞ്ഞുകൊണ്ട് നിന്നു

സൗഖ്യദായകന്റെ നിർജീവമായ മുറിവുകൾക്ക് സുഗന്ധക്കൂട്ടുകളുമായാണ് ഏതാനം സ്ത്രീകൾ അതിരാവിലെ അവിടെ എത്തിയത്. ... അവൾ കബറിടത്തിൽ കരഞ്ഞുകൊണ്ട് നിന്നു ...

ഇന്ന് ഒരു മഹാവ്യാധിയുടെ സമയത്ത് സ്വയം നിർജ്ജീവമായി രോഗികൾക്ക് തൈലം പുരട്ടുന്ന ആരോഗ്യപരിപാലകർ ... അവർക്കു കരയുവാനോ പരാതിപ്പെടാനോ സമയമില്ല, അനുവാദവുമില്ല.അവരുടെ ജീവൻ പരിഗണനയിലെടുക്കാത്ത അധികാരങ്ങൾ ജീവനെ നിശബ്ദമാക്കുകയാണ്. ഏതു താല്പര്യങ്ങളാണ് അവരെ തികച്ചും അന്ധരാക്കുന്നത്‌? അവരുടെ ജീവനും സുരക്ഷക്കും വിലനൽകാത്ത ഓരോ അഭിനന്ദന വാക്കും ക്രൂരവിനോദമായി മാറുകയാണ്.

പണം സ്വീകരിച്ച്, അധികാരത്തിനു വിധേയപ്പെട്ട്, കൺമുമ്പിൽ കണ്ട ഉത്ഥാനത്തെ കാവൽക്കാർ നിശബ്ദമാക്കി.
ആ മൗനത്തിന്റെ ഭാരം താങ്ങുവാൻ അവർക്കെങ്ങനെ കഴിഞ്ഞു!
ഗുരുവിനെ വിറ്റ യൂദാസ്,
ഉത്ഥാനരഹസ്യം പകിടകളിയിൽ എറിയുന്ന അധികാരികളും കാവൽക്കാരും.

ജീവനുമേൽ പണം അധികാരം പുലർത്തുന്നത് ഇന്നും നമ്മൾ കാണുകയാണ്... 

ഏപ്രിൽ 10, 2020

വലിയ തെറ്റ്

തന്നെ ഏല്പിച്ചു തന്നവരുടെ തെറ്റ് വലുതാണെന്ന് യേശു തന്നെ പീലാത്തോസിന്റെ മുൻപിൽ ഉറപ്പിച്ചു പറയുന്നു. സത്യത്തിനുനേരെ ബോധപൂർവ്വം കണ്ണടച്ച് കളയുന്നതാണ് സ്വന്തം നിലനിൽപിന് നല്ലതെന്നു വേണ്ടവിധം ധരിച്ചവരാണവർ. കൂടുതൽ ദയനീയമായി മാറുന്നത്, സത്യത്തിന്റെ വഴികൾ തുറന്നുകിട്ടുമ്പോൾ അവയെ അവഗണിച്ചുകളയുന്നത് വിശ്വാസത്തോടുള്ള വിശ്വസ്തതയാണെന്ന് നിഷ്കളങ്കരായ ജനത്തെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിയുന്നു എന്നതാണ്. 

ഏപ്രിൽ 09, 2020

കഴിയുമായിരുന്നത്ര അവൻ സ്നേഹിച്ചു

മുക്കുവന്റെയും, ചുങ്കക്കാരന്റെയും, തീവ്രവിശ്വാസിയുടെയും, സംശയക്കാരന്റെയും, ശുദ്ധഹൃദയന്റെയും, ചെറുപ്രായക്കാരന്റെയും കള്ളന്റെയും ഒറ്റുകാരന്റെയും പാദങ്ങൾ ....
തന്റെ സ്വന്തം എന്ന് കരുതി അവസാനം വരെ അഗാധമായി സ്നേഹിച്ചവർ ...
അവർ നടന്ന വഴികൾ...
സ്വയം ശൂന്യമാകുമ്പോൾ, ധന്യത നിറച്ചുനൽകേണ്ട വിങ്ങലുകളുടെ പാദങ്ങൾ ...

പാപഭാരം വഹിക്കുന്ന കുഞ്ഞാട് - ദൈവത്തിന്റെ സംപ്രീതനായ പുത്രൻ

എങ്കിലും പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം അകറ്റേണമേ...
അങ്ങയുടെ ഇഷ്ടം ...
സകലതും പൂർത്തിയാവട്ടെ...

നിങ്ങൾ ഈ ജീവൻ സ്വീകരിക്കുവിൻ
എന്നിൽ വസിക്കുവിൻ ...
ഫലം നൽകുകയും, സ്നേഹത്തിൽ സ്വയം ഇല്ലാതാവുകയും ചെയ്യുവിൻ.

നീതിമാനായ പിതാവേ, ക്രിസ്തു ഞങ്ങളിൽ വസിക്കുന്നെന്നും, ഞങ്ങൾ ക്രിസ്തുവിലാണെന്നും, അങ്ങ് ഞങ്ങളിൽ വസിച്ചുകൊണ്ടു അവിടുത്തെ പ്രവൃത്തികൾ ചെയ്യുകയാണെന്നും ഞങ്ങൾ ഗ്രഹിക്കട്ടെ.
സ്നേഹിക്കാനും, ശൂന്യമാകാനും അടയാളമാകാനും ഞങ്ങൾക്കാവട്ടെ.

ഏപ്രിൽ 07, 2020

കോവിഡ് കാലം ഒരു പരിശീലനകാലം

കുറേക്കഴിഞ്ഞാൽ കൊറോണ പോകും, അല്ലെങ്കിൽ കൊറോണ നമ്മളേയും കൊണ്ടുപോകും. ഭാവിയിലേക്ക് കൊറോണയോടൊത്തു ജീവിക്കാൻ മനുഷ്യൻ പരിചയിക്കേണ്ടി വന്നേക്കാം എന്നാണ് കുറെയേറെ ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ആവശ്യമായ ചില അടിസ്ഥാനമൂല്യങ്ങളെ വിലമതിച്ചേ മതിയാകൂ. ഈ കോവിഡ് കാലം ഒരു പരിശീലന കാലമാണെന്നു വേണമെങ്കിൽ കരുതാം. ഈ കാലത്തിലൂടെ കടന്നുപോകുന്നത് വേദനനിറഞ്ഞതും സമ്മർദ്ദമുണ്ടാക്കുന്നതുമാണെങ്കിലും കൂട്ടായ പരിശ്രമത്തിന്റെയും പരിചരണത്തിന്റെയും സമയം കൂടിയാണ്. ലളിതവും സുന്ദരവുമായ ഏതാനം സാമാന്യതത്വങ്ങളെ കളഞ്ഞുപോയിട്ടുണ്ടെങ്കിൽ നമ്മിലേക്ക്‌ തിരികെ കൊണ്ടുവരുവാനുമുള്ള കാലം.

“പരസ്പരം ബന്ധപ്പെട്ടും, പരസ്പരം ആശ്രയിച്ചും പരസ്പരപൂരകമായും നിലനിന്നുകൊണ്ട് പൊതുവായ ഒരു ലക്‌ഷ്യം പങ്കുവയ്ക്കുന്ന എല്ലാ ജൈവഘടകങ്ങളെയും ജീവജാലങ്ങളെയും ഉൾകൊള്ളുന്ന അഭേദ്യമായ ജീവസംവിധാനമാണ് ഭൂമി” (Law of the Rights of Mother Earth, / The Law of Mother Earth - Government of Bolivia October 2012).

1. പുനരുജ്ജീവനത്തിനുള്ള ആന്തരികശേഷിയും അതിനുള്ള വ്യവസ്ഥകളും, ജീവഘടനകളും അവയെ നിലനിർത്തുന്ന പ്രകൃതിയുടെ സ്വാഭാവികപ്രക്രിയകളും സംരക്ഷിക്കപ്പെടണം. 2. മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താമെങ്കിലും ജനിതകപരമായോ ഘടനാപരമായോ കൃത്രിമമായി കൊണ്ടുവരുന്ന മാറ്റങ്ങൾ അനേകം സസ്യജന്തുക്കളുടെ വർഗ്ഗശുദ്ധിയുടെ നിലനില്പും പ്രജനനവും അപകടത്തിലാക്കുകയാണ്. അതുകൊണ്ട് ജീവന്റെ വൈവിധ്യങ്ങൾ അവ സ്വാഭാവികമായി വളർന്നുവന്ന രീതികളിൽ സംരക്ഷിക്കപ്പെടണം. 3. ഭൂമിയുടെ ജീവോൽപാദനപ്രക്രിയയിൽ ജലത്തിന്റെ അളവിനും ഗുണത്തിനും വലിയ പങ്കുള്ളതിനാൽ, ജലത്തെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ജലചക്രത്തിന്റെ പ്രവർത്തനപരത ഉറപ്പാക്കുകയും ചെയ്യണം. 4. ജീവൻ നിലനിർത്തപ്പെടേണ്ട ഗുണത്തിലും ഘടനയിലും വായുവിന്റെ ശുദ്ധത ഉറപ്പാക്കണം. 5. ഭൂമിയുടെ സ്വാഭാവികമായ രാസപ്രക്രിയകളും ജീവചക്രങ്ങളും മനസിലാക്കുകയും, അവ നിലനിർത്തുകയും തിരികെ കൊണ്ടുവരാനുള്ള പ്രയത്നങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. 6. മനുഷ്യപ്രവൃത്തികളാൽ നേരിട്ടോ അല്ലാതെയോ വികലമാക്കപ്പെട്ട ജൈവഘടനകൾ പുനഃസ്ഥാപിക്കപ്പെടണം. 7. വിഷപദാർത്ഥങ്ങളും റേഡിയോആക്റ്റിവ് മാലിന്യങ്ങളും വായുവിനും ജലത്തിനും മണ്ണിനും ഉണ്ടാക്കുന്ന ദൂഷ്യങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കണം.

പ്രകാശവേഗത്തിൽ സഞ്ചരിക്കാൻ ഉദ്യമിച്ച നമുക്ക് ജീവനിലേക്കു നടന്നടുക്കുവാൻ, ഒരുപക്ഷെ, ഒരുപടി പിറകോട്ടുവയ്ക്കുകയാകും ഉചിതം. പ്രകൃതിയുടെ ശാന്തമായ താളത്തിനു സമരസപ്പെട്ടുപോകുവാൻ മാത്രം എളിയവരാണ് മനുഷ്യരെന്ന് പറയാൻ മടിക്കരുത്. ജീവൻ എന്ന മഹാരഹസ്യം അതിന്റെ വൈവിധ്യങ്ങളിൽ നിലനിർത്തപ്പെടണം. വാണിജ്യതാല്പര്യങ്ങളോ ആദര്ശങ്ങളോ അത് തകർത്തുകളയരുത്. സ്ഥാപനവത്കരിക്കപ്പെട്ട (പലപ്പോഴും അറിയാതെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ ഉൾപ്പെടുന്ന) മതാചാരങ്ങൾ വിവേകത്തോടെ പുനഃക്രമീകരിക്കേണ്ടതുണ്ട്. അനുഷ്ഠാനങ്ങൾക്കപ്പുറം ഗുണസംബന്ധിയായ മാനം അതിനു ലഭിക്കണം.

ഭൂമിയുടെ ഊർജ്ജ-ജൈവപ്രക്രിയകളെ കാര്യമായെടുത്തുകൊണ്ടു വേണം വികസനവും വളർച്ചയും ലക്ഷ്യമിടേണ്ടത്. അത് ഉന്നതാധികാര സമിതികളിലല്ല അടിസ്ഥാന വിദ്യാഭ്യാസതലം മുതൽ ജീവിതശൈലിയായി മാറണം. മനുഷ്യന്റെ ആലോചനയും പദ്ധതിയുമല്ല പ്രവർത്തികമാക്കപ്പെടേണ്ടത്, മറിച്ച് പ്രകൃതിയുടെ പരസ്പര പരിചരണശൈലി മനസിലാക്കി അതാവണം ഈ പദ്ധതികൾ ഉൾപ്പെടുത്തേണ്ടത്. നേട്ടങ്ങളെക്കാൾ പരിചരണവും നിലനില്പും ഇടം നേടുമെന്നർത്ഥം. ജീവിതമൂല്യങ്ങളും, സാമൂഹികബന്ധങ്ങളിലെ ക്രമങ്ങളും, പ്രകൃതിയിലെ ഇടപെടലുകളും, വിനോദരീതികളും ജീവൻ എന്ന പൊതുതത്വത്തിൽ വേരൂന്നുമ്പോൾ കുറേക്കൂടി സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കുവാൻ നമുക്ക് കഴിഞ്ഞേക്കും. ചുറ്റുപാടുകളിലെ ചെറുനിരീക്ഷണങ്ങളായി തുടങ്ങാൻ കഴിഞ്ഞേക്കും, നോക്കിക്കാണാൻ കഴിയാത്തവ വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് വായിച്ചറിയാൻ ശ്രമിക്കാം. വിദ്യാഭ്യാസവും മതാചാരങ്ങളും തികച്ചും തദ്ദേശീയമായ സംവിധാനങ്ങളിൽ ചെറുസമൂഹങ്ങളിൽ അഭ്യസിച്ചുതുടങ്ങാം.
___________________
നല്ലതെന്ന് കാണപ്പെടുന്നവയെ നിലനിർത്താനും ക്രമപ്പെടുത്താനുമാണ് അവ സ്ഥാപനവൽക്കരിക്കപ്പെടുന്നത്.
അതിനു വേണ്ടിവരുന്ന സംവിധാനങ്ങൾത്തന്നെ നിലനിർത്തപ്പെടണ്ട നന്മകളേക്കാൾ പ്രാധാന്യം നേടിക്കഴിഞ്ഞാലോ?

സാധിച്ച നേട്ടങ്ങളെ കുറേക്കൂടി വ്യാപിപ്പിക്കാനും പകർന്നുകൊടുക്കാനുമാണ് നേട്ടങ്ങൾ വാണിജ്യവത്കരിക്കപ്പെടുന്നത്;
എന്നാൽ അതിന്റെ പാരമ്യത്തിൽ ജീവൻ തന്നെ വിലയായിത്തീർന്നാലോ?

പാലിക്കപ്പെടുന്ന ചില ഗുണങ്ങളെ കുറേക്കൂടെ പൊതുവായ പശ്ചാത്തലങ്ങളിൽ സ്വീകരിക്കപ്പെടാൻ കഴിയുന്നതിനാണ് അവ ആദര്ശങ്ങളാവുന്നത്,
എന്നാൽ ആദർശങ്ങൾ തന്നെ ലക്ഷ്യങ്ങളായിത്തീർന്നാലോ?

തിരുത്തലുകൾ ആവശ്യമില്ലാത്ത വ്യവസ്ഥിതികളായി അവ കാണപ്പെടേണ്ടത് ഒരുപക്ഷേ 'എന്റെ' ആവശ്യമായിരിക്കാം.

- വിദ്യാഭ്യാസം, ബന്ധങ്ങൾ, മതവിശ്വാസങ്ങൾ ... അത്തരത്തിൽ ഇരയായവയല്ലെ?

വിശ്വാസവും മതവികാരവും

ഏതാനം മൃദുലവികാരങ്ങളല്ല വിശ്വാസം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സ്നേഹമെന്നത് തീവ്രവികാരപ്രക്ഷോഭത്തിലെ പരസ്പര വിനിമയമല്ല, യഥാർത്ഥത്തിൽ അത് പരസ്പര ഉത്തരവാദിത്തമാണ്. ദൈവത്തിന്റെ കാര്യത്തിലും അത് ഒരു സെന്റിമെൻസ് അല്ല.
ബന്ധത്തെ പരാമർശിക്കുമ്പോൾ സ്നേഹമെന്നു പറയുന്ന അതേ രഹസ്യം ഫലത്തെ നോക്കിക്കാണുമ്പോൾ ജീവൻ എന്ന് വിളിക്കുന്നു. നമ്മിലുണ്ടാകുന്ന ജീവന്റെ ഫലങ്ങളാണ് ശക്തി, സൗഖ്യം, ആശ്വാസം, സാന്ത്വനം, കൂട്ട്, ക്ഷമ .... ഇവയൊന്നും വികാരാധീനത ആയെടുക്കാനല്ല വിശ്വാസം പഠിപ്പിക്കുന്നത്.

ഭക്തിക്ക് തീർച്ചയായും വൈകാരികമായ ഭാവങ്ങൾ ഉണ്ട്, അവ ആവശ്യവുമാണ്. യഥാർത്ഥ ഭക്തി ഉത്തരവാദിത്തപൂർണ്ണമായ ഒരു ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വശംവദരാക്കപ്പെടാനോ, സ്വാധീനിച്ചു കാര്യസാധ്യം നേടാനോ കഴിയുന്ന മൃദുല വികാരങ്ങളല്ല അവ. അതിവൈകാരികതയിൽ  തഴച്ചു വളരുന്ന ആത്മീയത ആണ് ഇന്ന് ഒട്ടേറെപ്പേർ പരിചയിച്ചു വന്നു പ്രണയത്തിലായത്‌. അത്തരം ഭക്തിയും വിശ്വാസനിലപാടുകളും അറിയാതെയാണെങ്കിലും രാഷ്ട്രീയ സാമ്പത്തിക മുതലെടുപ്പിന് ഉപയോഗിക്കാനാകും. ലഹരിയായിത്തീരുന്ന അത്തരം അനുഭൂതികൾ ചരിത്ര, സാംസ്കാരിക, സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  വസ്തുനിഷ്ഠമായി ചിന്തിക്കാനോ കാര്യങ്ങളുടെ സത്യാവസ്ഥകൾ മനസിലാക്കാനോ അനുവദിക്കില്ല.

വിശ്വാസമെന്നതിനെ വൈകാരികമായി മാത്രം മനസിലാക്കാനും അത്തരം  ലോലമായ മനോവികാരങ്ങളിലൂന്നിയ വിശ്വാസസങ്കൽപ്പങ്ങൾ വളർത്തിയെടുക്കാനും ഉപയോഗിക്കപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങളും, വികാരാധീനതയെ അടിസ്ഥാനമായുള്ളതാക്കി മാറ്റപ്പെടുന്നു.
ഭക്തിയിൽ ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസികൾ, അതുപോലെ തന്നെ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന പാർട്ടി പ്രവർത്തകർ. ഇന്ന് ഉപയോഗിക്കപ്പെടുന്നത് ആദർശങ്ങളോ ബോധ്യങ്ങളോ അല്ല, സെന്റിമെന്റ്സ്  ഉം  അനുഭൂതികളും മാത്രമാണ് അവിടെ.

മുറിപ്പെടുന്ന മതവികാരങ്ങൾ വിശ്വാസസംബന്ധിയായവയല്ല, അവ തീവ്രമനോവികാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. തകർക്കപ്പെടുന്നു, ആക്ഷേപിക്കപ്പെടുന്നു ആക്രമിക്കപ്പെടുന്നു... അതിവേഗം നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ കഴിയാതെ പോകുന്നതിന്റെയും കാരണം ഇതേ അതിവൈകാരികത തന്നെയാണ്. അനാവശ്യമായ പ്രതിരോധം തീർക്കേണ്ടത് ആവശ്യമാണെന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത് യഥാർത്ഥത്തിൽ നമ്മൾ വിശ്വസിക്കുന്ന വിശ്വാസത്തിന്റെ നിലനില്പിനെക്കുറിച്ചു നമുക്ക് തന്നെ ഉറപ്പു കുറവാണ് എന്നതുകൊണ്ടാണ്.

ഇന്ന് ലഭ്യമാകുന്ന സുരക്ഷാകവചങ്ങൾക്കുള്ളിൽ സന്തുഷ്ടരാവാൻ ഇഷ്ടപ്പെടുന്നവരാണ് കാണപ്പെടുന്ന മതസംവിധാനങ്ങൾ. സമൂഹത്തിന്റെ മാറ്റങ്ങളെക്കുറിച്ചും പോലും അവബോധമില്ലത്തവരായി മുൻവിധികൾ വച്ചുപുലർത്തുന്നവരായി സ്വയം നിലനിന്നുപോവുകയാണെന്നത് ദൗർഭാഗ്യകരമാണ്.. 

ഏപ്രിൽ 05, 2020

ഉത്സവകാലം കഴിഞ്ഞാൽ

ഉത്സവകാലം കഴിഞ്ഞാൽ പിന്നീട് ഒരു ശൂന്യതയാണ്. ഉത്സവദിനങ്ങളിലെ ആനന്ദത്തിമിർപ്പോ വ്രതാനുഷ്ഠാനങ്ങളുടെ തീവ്രതയോ പിന്നീട് കുറേക്കാലത്തേക്ക് കാണാറില്ല. നമ്മുടെ ജീവിതത്തിന്റെ പ്രധാനപങ്കും  സാധാരണ ദിവസങ്ങളിലാണെന്നതാണ് സത്യം. ഉത്സവകാലങ്ങൾ സ്വരുക്കൂട്ടുന്ന പുണ്യം സാധാരണ കാലത്തേക്ക് കടക്കുന്നുണ്ടോ എന്നത് വിചിന്തനീയം.

സാധാരണ സമയത്തെക്കുറിച്ചും, സാധാരണ ആളുകളെക്കുറിച്ചുമാണ് ചിന്ത.

കുർബാനയും ധ്യാനവും ആരാധനയും വെഞ്ചരിപ്പുമൊക്കെ ഇന്ന് Telecasting ലൂടെ ലഭ്യമാണ്. അതിനുള്ള ഇളവും അനുവാദവും നല്കപ്പെട്ടിട്ടുമുണ്ട്. ശീലിച്ചുപോന്ന ഭക്തിനിഷ്ഠകളും ധ്യാനശുശ്രൂഷകളും വീട്ടിനുള്ളിൽ ലഭ്യമാക്കപ്പെട്ടു. അസാധാരണമായൊരു സാഹചര്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമം ആണെന്ന് അതിനെ കരുതാം. എന്നാൽ ഇത് ലഭ്യമല്ലാതിരുന്നവർക്കു വേണ്ടി എന്താണ് കരുതാൻ കഴിയുക? ഈ അവസരത്തിൽ അവർക്കു വേണ്ടി എന്താണ് ലഭ്യമാക്കാൻ കഴിയുക?
സമൂഹം തന്നെ ഒരു കൂദാശയാണെന്നും അവരിൽ ക്രിസ്തു വസിക്കുന്നുണ്ടെന്നും, വീട്ടിലും ചുറ്റുപാടിലും ക്രിസ്തുവിനെ അനുഭവിച്ചറിയാൻ പരിശ്രമിക്കാനും നല്ല ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. ആ അവസരം അടച്ചു കളയരുത്.  എങ്ങനെ എന്നുള്ളത് ഓരോ പ്രാദേശിക സാഹചര്യവും അനുസരിച്ചു വ്യത്യസ്തമാകാം. താങ്ങിനിർത്തുന്ന ദൈവത്തിന്റെ സാന്ത്വനം അനുഭവിക്കാൻ സമൂഹത്തിനു കഴിയട്ടെ എന്നതാണ് പ്രധാനമായ കാര്യം.

Telecasting ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ വിശ്വാസശീലങ്ങൾക്കിടയിൽ ചില നഷ്ടബോധങ്ങളുണ്ടാക്കാൻ നോമ്പുകാലത്തിന് കഴിയുമായിരുന്നു. അതിലെ പ്രധാന ദിനങ്ങളും വന്നു കടന്നു പോകും. പിന്നീട് പതുക്കെ മടുപ്പു തോന്നിത്തുടങ്ങിയേക്കാം. ഇന്ന് ഭക്തിയോടെ പങ്കെടുക്കുന്നവരിൽത്തന്നെ എത്രപേരെ തുടർച്ചയായി Telecast നു മുമ്പിൽ പ്രതീക്ഷിക്കാൻ കഴിയും? രോഗക്കിടക്കയിലായിരുന്നവരും വൃദ്ധജനങ്ങളും ശാലോം ടിവി യിൽ വന്നിരുന്ന കുർബാനകളിൽ ഭക്തിയോടെ പ്രാർത്ഥിച്ചിരുന്നു.
ജീവിതകാലത്ത് പങ്കുചേർന്ന ബലികളുടെ ഓർമ്മ ഇന്നത്തെ ജീവിതാവസ്ഥകളോട് ചേർത്തുവച്ചു പ്രാർത്ഥിക്കുവാൻ അവർക്കു കഴിഞ്ഞു.
എന്നാൽ മറ്റുള്ളവർക്ക് കുർബാനക്കു വേണ്ടി മാറ്റിവയ്ക്കപ്പെടുന്നത് അവരുടെ നിത്യേനയുള്ള ജോലികൾക്കിടയിലുള്ള  ഇടവേളകളാണ് . Program  ന് അപ്പുറത്തെ ശ്രദ്ധ കുർബാനയ്ക്കു ലഭിക്കുമോ? ഒരു ശീലമോ, സമീപനരീതിയോ രൂപപ്പെടാൻ അത്യാവശ്യം വേണ്ട സമയം ഈ സാഹചര്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ Telecast ചെയ്യപ്പെടുന്ന ശുശ്രൂഷകൾ   ഏതുരീതിയിൽ, ഏതു മനോഭാവത്തോടെ, സ്വീകരിക്കപ്പെടുന്നു/ കാണപ്പെടുന്നു/ പങ്കെടുക്കപ്പെടുന്നു എന്നത് സൂക്ഷ്മതയോടെ മനസിലാക്കേണ്ടതാണ്. നോമ്പുകാലം കഴിയുമ്പോൾ, അല്ലെങ്കിൽ കോവിഡ് കാലം കഴിയുമ്പോൾ ഇന്ന് Livestreaming ൽ കണ്ടവ ഏതുപ്രകാരമാവും കാണപ്പെടുക?

കുടുംബ-സമൂഹകേന്ദ്രീകൃതമായ വിശ്വാസരീതികൾ ക്രിയാത്മകമായി കണ്ടെത്തുകയും പരിശീലിക്കുകയും വേണം. ദൈവത്തിന്റെ സാമീപ്യവും കരുതലും ആശ്വാസവും അവരിലും അവരിലൂടെയും അനുഭവവേദ്യമാവട്ടെ.


ഉല്ലാസസമയമായി ഈ സമയം ചിലവഴിക്കാൻ കഴിയുന്നവരുണ്ട്. എങ്കിലും വലിയ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരെ പ്രാർത്ഥനയോടെ ഹൃദയത്തിൽ സൂക്ഷിക്കാം. ശീലങ്ങളുടെ തനിയാവർത്തനം വീടിനുള്ളിൽ എന്നതിനപ്പുറം, ഹൃദയത്തിൽ പച്ചപ്പ്‌ നൽകുന്ന ചുറ്റുപാടുമുള്ള കൊച്ചുസൗന്ദര്യങ്ങളെ കണ്ടെത്തുവാൻ കഴിയുന്നതാവാം പുതുജീവൻ നൽകുന്ന വിനോദപ്രവൃത്തികൾ. ഇലയിലോ, വെള്ളത്തിലോ, കൊച്ചു പ്രാണികളിലോ ഒക്കെ ശ്രദ്ധിക്കപ്പെടാത്ത  എത്രയോ വലിയ രഹസ്യങ്ങളുണ്ട്.
ദൈവപ്രവൃത്തിയുടെ അടയാളങ്ങൾ...

മനസിന് ഉല്ലാസവും ആത്മീയവളർച്ചയുമാവും അത്.

ഏപ്രിൽ 04, 2020

ഓശാന @ കോവിഡ് -19

രോഗവും, മരണവും, സങ്കടങ്ങളും തീർക്കുന്ന  വേദനക്കും  ആശങ്കകൾക്കും ഇടയിൽ ജീവനിലേക്ക് തുറക്കുന്ന അടയാളങ്ങൾ എന്തൊക്കെയാണ്?

ദൈവരാജ്യം നിങ്ങളിലാണ് എന്നാണ് അവൻ പറഞ്ഞത്.
ജീവന്റെ അടയാളങ്ങളും തീർച്ചയായും നമ്മിൽ തന്നെയുണ്ടാകും,
മരണത്തിലേക്ക് ആഴ്ന്നുപോയിക്കൊണ്ടിരിക്കുന്നവരിൽ പോലും!
അവന്റെ മരണം അടുത്തുകണ്ടവന് അവനിൽ പറുദീസയുണ്ടെന്ന് കാണാനായല്ലോ,
മറ്റൊരുവൻ അവനിൽ നീതിയുണ്ടെന്നും അറിഞ്ഞു!

കോവിഡ് ഭീതിയിൽ സമയം കടന്നുപോകുമ്പോൾ
പ്രത്യാശയുടെ എന്ത് പുതുമുകുളങ്ങളാണ്‌ നമ്മിൽ തളിർത്തിട്ടുള്ളത്?
ഒരു പുതുമനുഷ്യനിലേക്കുള്ള രൂപാന്തരത്തിൽ ഏതാനം തളിരുകൾ കണ്ടുതുടങ്ങേണ്ടതില്ലേ?
അവ ഉയർത്തിയല്ലേ ആനന്ദത്തോടെ ഓശാന പാടേണ്ടത്?

പ്രത്യാശ ദൈവജീവന്റെ ആന്തരികസാന്നിധ്യത്തിന്റെ അടയാളമാണ്.
ഓരോദിവസവും ആ ജീവനിൽ രൂപപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നവരാണ് നമ്മൾ. അങ്ങനെയേ നമുക്ക് ക്രിസ്തുചര്യ ജീവിക്കാനാകൂ.
വ്യക്തിയായും സമൂഹമായും ക്രിസ്തുരഹസ്യം ജീവിക്കാനും പൂർത്തിയാക്കാനും ഉള്ള ഒരു ജീവൽപ്രക്രിയയിലാണ് നമ്മളോരോരുത്തരും.
ക്രിസ്തുവിനെപ്പോലെ മനുഷ്യരാവാൻ, അവനെപ്പോലെ ജീവൻ പകരാൻ, പലരെ ജീവനിലേക്കു നയിക്കാൻ, ...

ശൂന്യവത്കരണത്തിന്റെയും, ത്യാഗത്തിന്റെയും ഓർമകളാണ് ഈ ആഴ്ച. അനുഗമിക്കാനും, ജീവിക്കുവാനും മനസിനെ ഒരുക്കാനും, വേണ്ട സാധ്യതകൾ രൂപീകരിക്കുവാനും നമുക്കാവട്ടെ. ജെറുസലേമും കാൽവരിയും നമ്മുടെതന്നെ ചുറ്റുപാടുകളാണ്. ത്യാഗങ്ങളുടെ പദ്ധതികൾ ആ മേഖലകളിലില്ലാതെ കുരിശുമലകൾ കയറിയതുകൊണ്ട് ഒരുസമയത്തും നമ്മൾ ഒരു നിമിഷം ക്രിസ്തുവായി ജീവിക്കില്ല. പരിത്യാഗപ്രവൃത്തികളെക്കാൾ നമുക്കുവേണ്ടത് ആന്തരികജീവൻ നൽകുന്ന ആത്മത്യാഗപ്രവൃത്തികളാണ്.

ക്രിസ്തുവിന്റെ ആന്തരികമനോഭാവവും അതുതന്നെയായിരുന്നു.
ന്യായാധിപനെപ്പോലെയല്ല അവൻ മാപ്പു നൽകിയത്,
അത്ഭുതപ്രവർത്തകരെപ്പോലെയല്ല അവൻ സൗഖ്യപ്പെടുത്തിയത്;
സ്വയം ശൂന്യവത്കരിച്ചുകൊണ്ടാണ് അവൻ ജീവൻ പകർന്നത്,
വേദനകളിൽ ആശ്വാസവും, മരണത്തിൽ ജീവനും പകർന്നു കൊണ്ട് തന്നെ.
ക്രിസ്തുവായി ആശ്വാസവും ജീവനും സൗഖ്യവും പകരണമെങ്കിൽ,
ശൂന്യമാകാൻ കഴിയുകയും, ഉള്ളിൽ ജീവൻ നേടുകയും വേണം.
യഥാർത്ഥ ത്യാഗം എന്നാൽ, മേന്മകൾ നൽകാവുന്ന അതിരുകൾ ഭേദിക്കുന്നതാണ്,
രക്ഷ എന്നാൽ, സ്വജീവനിലേക്ക് ചേർത്തുനിർത്തുന്നതും ജീവൻ പകരുന്നതും,
ജീവന്റെ വഴിത്താരകളിലേക്കുള്ള തുറവിയാണ് രക്ഷ, എത്രയോ ബന്ധങ്ങളിലൂടെയാണ് അവ നമ്മിലേക്ക്‌ തുറക്കുന്നത്!
അതുകൊണ്ടാണ് അതിരുകൾ കൃപക്ക് തടസ്സമാവുന്നത്.
(ക്രിസ്തു വെല്ലുവിളിക്കുകയും തകർക്കുകയും ചെയ്ത അതിരുകളെ കണ്ടെത്തി ധ്യാനിക്കുന്നതു നല്ലതാണ്. നമ്മൾ ദൈവതുല്യമാക്കിത്തീർത്ത ഏതാനം അതിർത്തികളെ കണ്ടെത്താനായേക്കും).
ആ ദർശനത്തിലുള്ള കൊച്ചുപ്രവൃത്തികളാണ് വേദനയുടെ കാലത്തും പ്രത്യാശയുടെ അടയാളങ്ങൾ, ക്രിസ്തുചര്യയുടെ ആത്മാർത്ഥ ബലികർമ്മങ്ങൾ

ഓശാന (ദൈവം രക്ഷിക്കുന്നു)
ദൈവമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു;
ഞങ്ങൾക്ക് ജീവൻ പകരണമേ ഞങ്ങൾക്ക് ശക്തി നൽകേണമേ.

പൊട്ടിവളർന്ന തളിരിലകൾ ആനന്ദത്തോടെ എടുത്തുയർത്തി ഓശാന പാടാം,
അവ വളർന്നു പുഷ്പിച്ചു കായ്ക്കും എന്ന പ്രത്യാശയോടെ,
അനേകർക്ക്‌ ജീവൻ നൽകുവാനായി ഇല്ലാതായിത്തീരാനുള്ള മനോഭാവത്തോടെ...

ദൈവപ്രവൃത്തി @ കോവിഡ് -19

ഡോക്ടറിലും, നഴ്സിലും, സ്വസ്ഥത ആഗ്രഹിക്കുന്ന ഭരണകേന്ദ്രങ്ങളിലും, ഗവേഷകരിലും, സമാധാനം കരുതാൻ സഹായിക്കുന്ന മതാധികാരികളിലും, ഹൃദയത്തിൽ നിശബ്ദരായി പ്രാർത്ഥിക്കുന്നവരിലും  സന്മനസ്സുള്ള സകല മനുഷ്യരിലും കർമ്മനിരതനാണ് ദൈവം.

അത്തരം ദൈവപ്രവൃത്തികളെ കാണാതെ, അക്ഷരങ്ങൾ നിർമ്മിക്കുന്ന 'ദൈവത്തെ' എനിക്കേറ്റവും വലുത് എന്ന് പറയുന്നതിൽ ആദർശത്തോടുള്ള ഭവ്യതയാണ്, വിശ്വാസമല്ല. 'ദൈവം' എന്ന അക്ഷരങ്ങൾ, അല്ലെങ്കിൽ സങ്കല്പം പൂജചെയ്യപ്പെടുകയും യഥാർത്ഥ ദൈവപ്രവൃത്തികൾ  പുച്ഛിക്കപ്പെടുകയുമാണവിടെ.

പുകഴ്ത്തപ്പെടുന്ന ശാസ്ത്രനേട്ടങ്ങൾക്കും വാഴ്ത്തപ്പെടുന്ന മതസങ്കല്പങ്ങൾക്കും പൂർണത അവകാശപ്പെടാനാവില്ല. ഉൾക്കാഴ്ചകൾ തെളിമ നല്കുന്നില്ലെങ്കിൽ രണ്ടും വിലകെട്ടതാവും. 

അരികെ @ കോവിഡ്- 19

രോഗികളെയും, മരിക്കുന്നവരെയും, അവരെ ശുശ്രൂഷിക്കുന്നവരെയും
വിശക്കുന്നവരെയും, പലായനം ചെയ്യുന്നവരെയും,
അക്ഷീണ പരിശ്രമം ചെയ്യുന്ന അനേകരെയും മുമ്പിൽ കാണാൻ ശ്രമിക്കാറുണ്ട്,
സാധിക്കുന്നവരെ കേട്ടുകൊണ്ടും
ലഭ്യമായ ചിത്രങ്ങളും മറ്റും കണ്ടുകൊണ്ടും പരമാവധി ധ്യാനത്തിലേക്കു കൊണ്ടുവരാറുണ്ട്.
തനിച്ചായ, അനാഥത്വത്തിന്റെ ഹൃദയഭാരത്തോടെ ആരും വേദനിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.
പ്രാർത്ഥിക്കാം ...
അവർക്ക് സാന്ത്വനം ലഭിക്കും ... എങ്ങനെയെന്ന് എനിക്കറിയില്ല...

നിരീശ്വരവാദിയോ, യുക്തിവാദിയോ ആണെങ്കിൽ...
നിങ്ങളുടെ ഹൃദയത്തിലെ നന്മയിൽ നിന്ന് ഒരു നിമിഷം ആഗ്രഹിക്കാം,
അവരുടെ അടുത്തുള്ള ആരുടെയെങ്കിലും ഒരു നിമിഷത്തെ കനിവിലൂടെ
അവർക്കുള്ള കരുതൽ വലിയ ആശ്വാസമാവട്ടെ.
ആ ആഗ്രഹം വളരെ വലുതാണ്
നിങ്ങളുടെ ഹൃദയത്തിലൂറുന്ന ആ കരുണയും നന്മയും എങ്ങനെയോ അവരുടെ അരികെയുണ്ടാകും 

ഏപ്രിൽ 03, 2020

പ്രവചനസ്വരം

ഇന്നുകളാണ് നമുക്ക് അജ്ഞാതം,
ചവിട്ടിനിൽക്കുന്ന ഭൂമിയാണ് അപരിചിതം!
വരാനിരിക്കുന്നവയെക്കുറിച്ചു വാചാലരാണ് നമ്മൾ,
എത്തിപ്പെടേണ്ട ഭൂമിയെക്കുറിച്ച് തെളിമയും ഏറെ!

പ്രത്യാശ ഇന്നിന്റെ മനോഭാവമാണ്, ഉലയാത്ത ബന്ധം,
മുന്നോട്ടു കരുത്തു നൽകുന്ന ആത്മബന്ധം.

ഇന്നിന്റെ സത്യങ്ങളാണ് പ്രവചനസ്വരം,
ഇന്നിന്റെ ഇരുളിമക്കും ക്രമരാഹിത്യത്തിനും, ശൂന്യതക്കും
ആദിശബ്ദം പോലെ അത് വെളിച്ചം പകരുകയും ചെയ്യും.
ഇന്നിന്റെ അസ്ഥിക്കൂമ്പാരങ്ങളിലേക്കാണ് ജീവശ്വാസം ആഞ്ഞുവീശുന്നത്,
അവ ജീവൻ പ്രാപിക്കട്ടെ.

അഹന്തയും, അവകാശവാദങ്ങളും, കുറവുകളിലേക്കുള്ള അന്ധതയും തന്നെയാണ് പൊരുൾതേടുന്ന ശൂന്യതകൾ,
അത് ദേശങ്ങളുടെയോ, രാഷ്ട്രങ്ങളുടെയോ , മതങ്ങളുടെയോ ശാസ്ത്രത്തിന്റേയോ അധികാരങ്ങളുടെയോ ആവട്ടെ....
വെളിച്ചമുണ്ടാവട്ടെ!

ദുരിതങ്ങൾക്ക് ശേഷം ദൈവമഹത്വം വെളിപ്പെടും എന്നല്ല,
ഇല്ലായ്മയിലെ കരുതലിലും, നന്മകളിലും ദൈവം തിരിച്ചറിയപ്പെടുന്നു എന്നാണ് എന്റെ വിശ്വാസം.
അവിടുന്ന് അടുത്തുതന്നെയുണ്ട്, അകലെയായിരിക്കാൻ ദൈവത്തിനു കഴിയില്ലല്ലോ.

പുതിയ പ്രഭാതം പുതിയ ഹൃദയങ്ങളിലാണ്,
അത് രോഗബാധ അകലുമ്പോഴോ, പള്ളികൾ വീണ്ടും തുറക്കുമ്പോഴോ,
സാമ്പത്തിക നില മെച്ചപ്പെട്ടുതുടങ്ങുമ്പോഴോ അല്ല,
കേൾക്കാനും കരുതാനുമുള്ള മനോഭാവങ്ങളിലാണ്.

ഏപ്രിൽ 02, 2020

അകം Telecast @CoVid-19

'ഞാനും' 'ഞങ്ങളും' Live ആയി.
പരസ്പരം Live ആകുവാൻ കൂടി കഴിയേണ്ടതാണല്ലോ.
ഹൃദയശ്രീകോവിലിലെ ഈശ്വരമന്ത്രങ്ങൾ Telecast ആവട്ടെ,
ക്യാമറക്കണ്ണുകളില്ലാതെ അവ പ്രതിഫലിക്കട്ടെ,
കണ്ണിലും, കരങ്ങളിലും ചലനങ്ങളിലും അവ തിളങ്ങട്ടെ.
സ്വഹൃദയം, സ്വഭവനം അടുത്തറിയപ്പെടേണ്ട ഈശ്വരസാന്നിധ്യം,
കുറേക്കൂടി ഗൃഹകേന്ദ്രീകൃതമായ മതചിന്ത,
അവിടെ പാലിച്ചുശീലിക്കുന്ന മൂല്യങ്ങളിൽ കെട്ടിപ്പടുത്താവുന്ന സമൂഹസമ്പർക്കങ്ങളും സാമ്പത്തികവ്യവസ്ഥകളും ...
______________
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം

ഏപ്രിൽ 01, 2020

പ്രകൃതി സർവകലാശാല @ കോവിഡ് 19 നു ശേഷം

ദുരന്തമുഖങ്ങൾ ഏതാനം വെളിപാടുകളും വാഗ്ദാനങ്ങളും നൽകാറുണ്ട്.

ഉന്നതങ്ങളിൽനിന്നുള്ള സാങ്കല്പിക മൂല്യങ്ങളിലല്ല, തികച്ചും ഭൗമികമായ അടിസ്ഥാനമൂല്യങ്ങളിലാണ് കോവിഡ് നു ശേഷമുള്ള ജീവിതശൈലി ക്രമപ്പെടുത്തേണ്ടത്. സാമ്പത്തികവ്യവസ്ഥിതിക്ക് ഭൗമപരിസ്ഥിതിക്ക്‌ മേൽ നൽകപ്പെടുന്ന പ്രാധാന്യം പ്രകൃതിയോടും മനുഷ്യർക്കിടയിലുമുള്ള ബന്ധങ്ങളോടും സാമ്പത്തികരാഷ്ട്രീയ തലങ്ങളിൽ ചൂഷണ സാധ്യതകളാണ് സൃഷ്ടിച്ചെടുത്തത്. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഏതാനം സമീപനങ്ങൾ പോലും ഇവയുടെ വ്യവസ്ഥാപിത താല്പര്യങ്ങൾക്ക് കീഴ്‌പെട്ടുപോയിട്ടുണ്ട്. ഇത്തരം ഒരു അവസരം ഒരു പുനർവിചിന്തനം സാധ്യമാക്കട്ടെ. ഇവിടെ നിഷേധാത്മകസമീപനം ഒരു നന്മയും ചെയ്യില്ല. രക്ഷപ്പെടാനാവാത്തവിധം മഹാവിപത്തിലാണ് ഭൂമി എന്ന തരത്തിലുള്ള ചിന്ത (catastrophism), അധികാരവും ശക്തിയുമുള്ളവർക്ക് അവസാനനിമിഷത്തെ കൊള്ളക്കായുള്ള അവസരമായേ കാണപ്പെടൂ. അത് ബാക്കി സകല ജീവജാലങ്ങൾക്കും അപകടമായേ വരൂ. തീർച്ചയായും, നമ്മുടെ ഇടപെടലുകൾ നഷ്ടപ്പെടുത്തിക്കളഞ്ഞ വംശങ്ങൾ ഇനി തിരിച്ചു വരില്ല, എന്നാൽ നിലനിർത്താനാവുന്ന ജൈവവൈവിധ്യങ്ങൾ അന്യമാവരുത്. ഊർജ്ജ-ജീവ ക്രമങ്ങളോട് കാണിക്കേണ്ട ഉൾക്കാഴ്ചയുടെ തുറവിയാണ് നമുക്ക് ആവശ്യം. അന്യഗ്രഹത്തിൽ വീടുപണിയുന്നതിന് ചിലവാക്കുന്നതിൽ ഒരംശം ഇവിടെ ജീവന്റെ വൈവിധ്യങ്ങളെ അവയുടെ ശൈലികൾ അറിഞ്ഞ് നിലനിർത്തുന്നതിൽ ചിലവഴിച്ചിരുന്നെങ്കിൽ നമുക്ക് ലഭ്യമായ ചിത്രം മാറുമായിരുന്നു. ദുരന്തമുഖങ്ങൾ അന്ത്യസമയമടുത്തു എന്ന മതവ്യാഖ്യാനങ്ങളും നൽകാറുണ്ട്. ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ എന്ന രീതിയിൽ എഴുതപ്പെട്ടിട്ടുള്ള അവസാനകാല വിവരണങ്ങൾക്ക് (apocalypticism) അവരുടേതായ പശ്ചാത്തലങ്ങളിൽ രാഷ്ട്രീയസാമൂഹിക അർത്ഥങ്ങളുണ്ടായിരുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, അത്തരം വിവരണങ്ങൾ പ്രത്യാശ നൽകുന്നതിന് പകരം പാപം ശിക്ഷ മുതലായവക്ക് അമിതപ്രാധാന്യം നൽകുകയും നിഷേധാത്മക ആത്മീയതകൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടു മുതൽ ഉണ്ടായ ബുബോണിക് പ്ലേഗിന്റെ (black death) സമയത്തും അതിനു ശേഷവും പ്രചരിപ്പിക്കപ്പെട്ട, ശരീരത്തെയും ലോകത്തെയും വെറുക്കാനും മ്ലാനമായ മനഃസ്ഥിതി സൂക്ഷിക്കാനുമൊക്കെയുള്ള ആഹ്വാനങ്ങൾ. അനേകരെ വഞ്ചിച്ച 'അവസാനകാല' രാഷ്ട്രീയ വിവരണമാണ് messianism. ഇത്തരം മതാവിഷ്കാരങ്ങൾ എങ്ങനെ അധികാരങ്ങളെ സൃഷ്ടിക്കുകയും നിലനിന്നുപോരുകയും ചെയ്യുന്നു എന്നതിന് ചരിത്രം സാക്ഷി. വചനമാണ് പ്രപഞ്ചഘടനയുടെ രഹസ്യമെങ്കിൽ അതിന്റെ വെളിപാട് കുതിരപ്പുറത്ത് മേഘങ്ങളിലാവില്ല, അത് തിരിച്ചറിവാണ് മനുഷ്യരിലും സകലചരാചരങ്ങളിലും സൃഷ്ടിച്ചും പുഷ്പ്പിച്ചും പൂർത്തീകരിച്ചും വിട്ടുകൊടുത്തും വ്യാപിച്ചുകൊണ്ടും തുടർന്നുകൊണ്ടിരിക്കുന്ന അനന്തജ്ഞാനം.

പ്രകൃതിചക്രങ്ങളെ അവഗണിച്ചുകളയുന്ന ഒരു ആസൂത്രണവും സുരക്ഷിതമല്ല എന്ന് ഇനിയെങ്കിലും മനുഷ്യന്റെ അവബോധതലത്തിലേക്ക് വന്നെത്തിയെ മതിയാകൂ. രാഷ്ട്രീയവും, സമ്പദ്ഘടനയും, മതാത്മകതയും, ഗവേഷണങ്ങളും ഇത് കാര്യമായെടുത്തേ തീരൂ. പാഠ്യപദ്ധതികളുടെ അടിസ്ഥാന അംശമായി അത് മാറണം. അങ്ങനെ ശാസ്ത്രപുരോഗതിക്കും മതദർശനങ്ങൾക്കും പുതിയൊരു വ്യാപ്തിയുണ്ടാകും.