Gentle Dew Drop

ഒക്‌ടോബർ 24, 2019

ലോകാവസാനം വെളിപാടും നവീകരണവും

പ്രപഞ്ചത്തിന്റെ പരിണാമങ്ങൾക്ക് വ്യക്തതയുള്ള വർണ്ണനകൾ ഇനിയും നമുക്ക് ലഭിച്ചു വരുന്നതേയുള്ളു. പഴയ ധാരണകളിൽ നിന്ന് പടിപടിയായുള്ള വളർച്ചയായേ അതിനെ കാണാൻ കഴിയൂ. പഴയതിനെ പരിഹസിക്കേണ്ടതില്ല. എന്നാൽ അതിൽ ഉടക്കി കിടക്കുകയും അരുത്. ഇന്ന് അത്യാധുനികം എന്ന് വിളിക്കപ്പെടുന്നവയ്ക്ക് നാളെ വിലകെട്ട കെട്ടുകഥയുടെ മൂല്യമായിരിക്കാം.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചും അതിന്റെ അന്ത്യത്തെക്കുറിച്ചും നമ്മുടെ ധാരണകൾ പലതാണ്. നമ്മുടെ അഹങ്കാരങ്ങളെ അകറ്റിക്കളയാൻ ക്ഷണിക്കുന്നവയാണ് ഇന്ന് ലഭ്യമായ നമ്മുടെ അറിവുകൾ. നിലവിൽ ഏറ്റവും വിശ്വാസ്യത നേടിയിട്ടുള്ള മഹാവിസ്പോടനസിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം തുടർച്ചയാണ് അതിവേഗത്തിലും വികസിക്കുന്നതാണ്. അതിനുള്ളിൽ ഉരുത്തിരിയപ്പെടുന്ന പുതിയ അസ്തിത്വഘടനകളും രൂപങ്ങളും ഉണ്ട്. ഇന്ന് നമുക്ക് നിരീക്ഷിക്കാവുന്ന പ്രപഞ്ചാവസ്ഥയെക്കുറിച്ചേ നമുക്കെന്തെങ്കിലും പറയാനാകൂ. നമുക്കറിയാവുന്ന പ്രപഞ്ചനിയമങ്ങൾ ബാധകമല്ലാത്ത ഒരാവസ്ഥയെക്കുറിച്ച് പറയാൻ നമുക്കാവില്ല. കോടാനുകോടി വർഷങ്ങൾക്കപ്പുറം പ്രപഞ്ചം അതിന്റെ ഊർജ്ജഭാവത്തിലേക്കോ അതിലും സ്ഥൂലമായ അവസ്ഥയിലേക്കോ പരിണമിക്കുമോ എന്ന് നമുക്കറിയില്ല. അത് എങ്ങനെ ആയിരുന്നാലും അതിന് കോടിക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ മനുഷ്യർ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടാവും എന്നാണ് നിഗമനം.

ലോകാന്ത്യത്തെക്കുറിച്ച് മതപരമായ വർണ്ണനകൾ വിശ്വാസത്തിന്റെ വ്യാപ്തിയോടെയാണ് കാണേണ്ടത്. മതത്തിന്റെ വർണ്ണനകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതീകങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും അവ അവതരിപ്പിക്കപ്പെട്ട പശ്ചാത്തലങ്ങളിലൂടെയും സമീപിക്കേണ്ടതുണ്ട്. അതില്ലാതെപോകുമ്പോഴാണ് ഇടിമുഴങ്ങുമ്പോഴേ ലോകാവസാനമാണെന്നു ആരെങ്കിലും പറഞ്ഞാൽ നമുക്ക് അത് വിശ്വസിക്കേണ്ടി വരുന്നത്.

യുഗാന്ത്യം എന്ന പ്രയോഗം ഒരു സാംസ്കാരിക അവതരണമാണ്. അത് മനസ്സിലാക്കാൻ ഒരു സംസ്കാരം കാലത്തെ എങ്ങനെ മനസിലാക്കുന്നു എന്നറിയണം. ഒട്ടനേകം പ്രാചീന സംസ്കാരങ്ങളിൽ ചക്രഗതിയിലാണ് സമയം സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് 'കാലചക്രം' ഉരുളുന്നത്. അതുകൊണ്ട് സംഭവങ്ങളുടെയും ജനനമരണ പ്രക്രിയകളുടെയും ആവർത്തനം സ്വാഭാവികമാണ്. മറ്റു ചില സംസ്കാരങ്ങൾ രേഖീയമായി നീണ്ടുപോകുന്ന രീതിയിലാണ് കാലത്തെ കാണുന്നത്. തുടർച്ചയായ ഒരു പുരോഗതി ഈ രേഖ ഉൾപ്പെടുത്തുന്നുണ്ട്. പുതിയ രൂപഭാവങ്ങളെ ഈ പ്രയാണം അനുവദിക്കുകയും ചെയ്യും. ആരംഭത്തെക്കുറിച്ച് ആയാസത്തോടെ പറയാൻ കഴിയുമെങ്കിലും അവസാനത്തെക്കുറിച്ചു പറയുക പ്രയാസമാണ്. അനന്തമായി നീണ്ടു പോകുന്ന ഒന്നിനെക്കുറിച്ച് നമുക്ക് തീർച്ചയില്ലാത്തതിനാൽ, അവസാനമുണ്ട് എന്ന് പറയുകതന്നെയാണ് നമ്മുടെ സങ്കല്പത്തിന് വ്യക്തത നൽകുന്നത്. പുറപ്പാട്, ക്രിസ്തുവിന്റെ വരവ് തുടങ്ങിയവ ഈ പ്രയാണത്തിൽ ഒരു അതിപ്രധാന ബിന്ദുവാകുന്നുണ്ട്. ആദിയും അന്ത്യവും അവയ്ക്കിടയിലെ സംഭവങ്ങളും ഇനി മുതൽ ഇത്തരം ബിന്ദുക്കലോട് ബന്ധപ്പെടുത്തിയാണ് അവയുടെ മൂല്യം തേടുക. ക്രമാനുഗതമായി മുമ്പോട്ട് പോകുമ്പോഴും ചക്രഗതിയിൽ അനുസ്മരിക്കപ്പെടുന്ന സംഭവങ്ങളെ ഉൾച്ചേർത്തുകൊണ്ട് സർപ്പിളമായ രീതിയിലാണ് യഹൂദ-ക്രിസ്ത്യൻ യുഗസങ്കല്പം.

പ്രപഞ്ചാന്ത്യത്തെയും യുഗാന്ത്യത്തെയും വിശ്വാസപരമായി സമീപിക്കുമ്പോഴേ ക്രിസ്തുവിന്റെ രണ്ടാം വരവെന്ന അനുഭവത്തെ മനസിലാക്കാനാകൂ. രണ്ടാം വരവ് സമയബന്ധിതമായി കാണുന്നതിനേക്കാൾ പ്രപഞ്ചത്തിന്റെ പ്രകൃതഗുണങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നതാവും കൂടുതൽ ഉചിതം. സമയത്തിന് ആദ്യ അവസാന ബിന്ദുക്കൾ എന്നതിനേക്കാൾ അൽഫയും ഒമേഗയും യഥാക്രമം ഉറവിടവും പൂർണ്ണമാക്കപ്പെടേണ്ട ലക്ഷ്യവുമാണ്. പ്രപഞ്ചത്തിന്റെ രൂപാന്തരണപ്രക്രിയ വചനത്തിന്റെ വഴിത്താരയാണ്. കാരണം വചനമാണ് സൃഷ്ടിമുതൽ ആന്തരികമായി പല രൂപഭാവങ്ങളിലൂടെ അതിനെ നയിക്കുന്നത്. പൂർത്തീകരിക്കപ്പെടേണ്ട, എത്തിപ്പെടേണ്ട രൂപവും വചനം തന്നെയാണ്. അതുകൊണ്ടാണ് അൽഫയും ഒമേഗയും ക്രിസ്‌തുതന്നെയാവുന്നത്.

ആന്തരികമായി പ്രവർത്തിക്കുന്ന ഈ ദൈവികജ്ഞാനം തിരിച്ചറിയപ്പെടുന്ന വെളിപാട് സമയത്തിന്റെ പൂർത്തീകരണമാവും. പ്രപഞ്ചം അതിന്റെ പ്രയാണത്തിൽ, മനുഷ്യചേതനയിലൂടെ സ്വയം അറിയുന്നു എന്ന് ചിലർ ധ്യാനിക്കുന്നു. പ്രപഞ്ചം തന്നെ ഒരു ക്രിസ്‌തുശരീരമായും സഭയുടെ വിശാലമായ രൂപമായും ധ്യാനിക്കുന്നവരും ഉണ്ട്. പ്രകൃതിയുടെ പുരോഗതിയിൽ, അതിന്റെ ഭാവങ്ങളിൽ, അതിലെ പരിണാമങ്ങൾ ഉൾകൊള്ളുന്ന ജനിമൃതികളിൽ, സംസ്കാരങ്ങളിലും ചരിത്രത്തിലുമുള്ള ആവിർഭാവങ്ങളിൽ ആന്തരികമായി പ്രവർത്തിക്കുന്നത് വചനംതന്നെയാണ് എന്നത് തിരിച്ചറിയപ്പെടണം. കാലത്തിന്റെ പ്രയാണവും പ്രപഞ്ചത്തിന്റെ ഭിന്നരൂപങ്ങളിലുള്ള ആവിർഭാവങ്ങളും വ്യത്യസ്തമെങ്കിലും വെളിപ്പെടുത്തുന്നത് വചനത്തിന്റെ ജ്ഞാനം തന്നെ. പ്രപഞ്ചലക്ഷ്യം തന്നെ ഈ സ്വയാവബോധമാണ്. മനുഷ്യനിൽ അത് സാധ്യമാകേണ്ടതാണ്. പ്രപഞ്ചം ഒരു കുടുംബമെന്നും, വ്യത്യസ്തതകളെല്ലാം സഹോദരഗുണങ്ങളെന്നും ബോധ്യമാകുമ്പോൾ നമ്മുടെ തന്നെ നവീകരണം സത്യമാകും. രണ്ടാം വരവ് ഈ യാഥാർത്ഥ്യത്തിന്റെ തെളിമയുള്ള ബോധ്യമാണ്. സകല പ്രപഞ്ചത്തിന്റെയും പൊതുവായ ഉറവിടസ്ഥാനവും, നമുക്കുള്ള പരസ്പര ബന്ധവും നമുക്ക് ജ്ഞാനമാകുമ്പോൾ വചനം യഥാർത്ഥ വെളിച്ചമാകും.
ലോകാവസാനം വെളിപാടും നവീകരണവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ