Gentle Dew Drop

ഒക്‌ടോബർ 17, 2019

അത്ഭുതങ്ങളിൽ ശാസ്ത്രം എന്ത് പറയും?

അത്ഭുതസാക്ഷ്യങ്ങൾ ശാസ്ത്രത്തെ സമീപിക്കുന്നത് ആധികാരികതക്കു വേണ്ടിയല്ല, വിശദീകരണത്തിനുവേണ്ടിയാണ്. അത്ഭുതമായി കാണപ്പെട്ട സംഭവം ഒരാളുടെ മാധ്യസ്ഥം വഴിയാണെന്ന് പരിഗണിക്കുന്നത് ആളുടെ വിശുദ്ധിയുടെ അടയാളമായാണ്. ഒരു വ്യക്തിയുടെ വിശുദ്ധിയെ സാക്ഷ്യപ്പെടുത്തുന്നത്, ആ വ്യക്തി ജീവിച്ചിരുന്ന സമൂഹമാണ്. എന്നുവെച്ചാൽ ജീവിതം തന്നെയാണ് സഭ വിശുദ്ധ പദവിയുടെ അർഹതയിലേക്ക് പരിഗണിക്കുന്നത്.

അത്ഭുതം അതിലേക്ക്‌ ഒരു അടയാളമാണ്. പ്രകൃതിവിരുദ്ധമായ ഒന്നല്ല അത്ഭുതം. സ്വാഭാവികമായി ഉണ്ടാവേണ്ടിയിരുന്ന ഒരു ഗുണത്തിന്റെ ന്യൂന്യത പരിഹരിക്കപ്പെടുകയാണ്, പ്രകൃതിയുടെ പൂർണ്ണാവസ്ഥയിലേക്ക് വരികയാണ് ഉദാ. ഒരു അസുഖം സുഖപ്പെടുന്നു. അതിലെ 'എങ്ങനെ' എന്നത് നമ്മുടെ വിശദീകരണങ്ങൾക്കതീതമായതിനാലാണ് അത്ഭുതമായി കണക്കാക്കപ്പെടുന്നത്. അത് പ്രകൃത്യാനുസരണമായ കാരണങ്ങളാൽ വിശദീകരിക്കാനുള്ള എല്ലാ സാധ്യതയും പരിഗണിക്കുക എന്നതാണ് ശാസ്ത്രസമീപനം. അതിൽ വിശദീകരണം നല്കപ്പെടാനാകുന്നില്ലെങ്കിൽ ശാസ്ത്രഗവേഷണത്തിന് അതീതമാണെന്ന് നിർണ്ണയിക്കാം. വിശുദ്ധരാലാണോ അത് സംഭവിച്ചത് എന്നത് ശാസ്ത്രത്തിന്റെ മേഖലയല്ല. (ഉത്തരം ലഭിക്കാത്ത സാഹചര്യങ്ങളിൽ അതിനെല്ലാം പിന്നിൽ ദൈവികപ്രവൃത്തി  ആണെന്ന് തീരുമാനിക്കുന്ന പ്രവണത (God of the gaps) തീർത്തും ഉപേക്ഷിക്കേണ്ടതാണ്. ഇന്നലെകളുടെ പല രഹസ്യങ്ങളും ഇന്ന് വിശദീകരിക്കപ്പെട്ടു, അതുപോലെ തന്നെ ഇന്ന് വിശദീകരണം അസാധ്യമായത് നാളെ ശാസ്ത്രം വിശദീകരിച്ചേക്കാം. അപ്പോൾ ദൈവം അകന്നു പോവുകയാണ്).

ശാസ്ത്രവും മതവും പരസ്പരം എതിരായതുകൊണ്ടല്ല അവയ്ക്കിടയിൽ സംഘർഷങ്ങൾ അനുഭവപ്പെടുന്നത്, മറിച്ച് അതാതിന്റെ മേഖല എന്തെന്ന് വേണ്ടവിധം നിജപ്പെടുത്താത്തതുകൊണ്ടാണ്.

വിശുദ്ധരുടെ അതീന്ദ്രിയാനുഭവങ്ങളിൽ തലച്ചോറിലും നാഡീവ്യൂഹങ്ങളിലും എന്ത് സംഭവിക്കുന്നു എന്ന് ശാസ്ത്രത്തിനു പരിശോധിക്കാനാകും, അവ ശരീരത്തിലാകമാനം വരുത്തുന്ന ഫലങ്ങളെ നിരീക്ഷിക്കാനുമാകും. ഇവയിലും അതിന്റെ സ്രോതസ്സായി പ്രകൃത്യാനുസൃതമായി എന്തെല്ലാം പരിഗണിക്കാമോ അതു മുഴുവൻ പരിശോധിക്കുകയാണ് ശാസ്ത്രം ചെയ്യേണ്ടത്. ദൈവപ്രവൃത്തി നടപ്പിലാവുന്നതും സ്വാഭാവികപ്രക്രിയകളിലൂടെ തന്നെയാണ്.

പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ ജീവിത വിശുദ്ധിയും, അത്ഭുതം പ്രാപിച്ച ആളുടെ വളർച്ചയും, ശാസ്ത്രപരിശോധനയുടെ രേഖകളും ഒത്തുചേർത്ത് സമഗ്രമായ നിരീക്ഷണത്തിനു ശേഷമാണ് മധ്യസ്ഥത കാരണമായിട്ടുണ്ടെന്നത് ഉറപ്പിക്കുന്നത്.

ഇതുപോലുള്ള പരിഗണന വർധിച്ചു വരുന്ന സാക്ഷ്യങ്ങൾക്കും നല്കപ്പെടേണ്ടതുണ്ട്. പല സാക്ഷ്യങ്ങളും മാസ്മരികതയിൽ ആളുകളെ വൈകാരികവലയത്തിലാക്കുകയാണ്. ഇത്തരം ശാസ്ത്രസമീപനം യഥാർത്ഥ സൗഖ്യങ്ങളുടെ ആധികാരികത വർധിപ്പിക്കുകയേയുള്ളു. മറിച്ച് സാക്ഷ്യങ്ങളുടെ അഭൂതപൂർവ്വമായ പെരുപ്പവും അവയിൽ ചിലതിലെ ചൂഷണതാല്പര്യവും യഥാർത്ഥ  ദൈവിക ഇടപെടലുകൾപ്പോലും അപഹാസ്യമാകുവാൻ ഇടം നൽകിയിട്ടുണ്ട്.

--------------------------------------- 
ഭൂതോച്ചാടകർക്കും സമാനമായ നിർദേശം നല്കപ്പെട്ടിട്ടുണ്ട് (എന്തിനും ഏതിലും പിശാചിനെ കാണുന്ന ജനപ്രിയ ഭൂതോച്ചാടകരെക്കുറിച്ചല്ല). ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും സാമൂഹിക സാംസ്‌കാരിക തലങ്ങൾ ഉൾപ്പെടുന്നതുമായ എല്ലാ മേഖലകളും പരിശോധിച്ചതിനു ശേഷമേ തിന്മയുടെ പ്രവൃത്തിയാണോയെന്ന് അവസാനവാക്ക് പറയാനാവൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ