സ്വയം വായിച്ചു രസിക്കുന്ന കെട്ടുകഥകളും ജനപ്രിയ വിദേശപ്രസംഗങ്ങളും ദൈവികവെളിപാടുകളായി അവതരിപ്പിച്ച് കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന ഉപദേശകർ കൂടിവരുന്നു.
"പുരുഷനിലും സ്ത്രീയിലുമുള്ള രണ്ടു പിശാചുക്കൾ പരസ്പരം ബന്ധത്തിലാകുമ്പോഴാണ് രണ്ടു പേർ പ്രണയത്തിലാവുന്നത്. അതുകൊണ്ട് പ്രണയ വിവാഹങ്ങൾ ദൈവികമല്ല, അതിൽ ഉണ്ടാകുന്ന കുട്ടികൾ കുട്ടിഭൂതങ്ങളാണ്." എന്തൊരു സാന്മാർഗിക ബോധം!
ഗന്ധർവ്വന്മാരുടെയും അപ്സരസുകളുടെയും കഥകളാണോ ഇന്ന് സഭയുടെ സന്മാർഗ്ഗപാഠത്തിന്റെ അടിസ്ഥാനം?
ഗന്ധർവ്വന്മാരുടെയും അപ്സരസുകളുടെയും കഥകളാണോ ഇന്ന് സഭയുടെ സന്മാർഗ്ഗപാഠത്തിന്റെ അടിസ്ഥാനം?
വിശ്വാസത്തിന്റെ ഘടകമാണോ എന്നത് ഒരു കാര്യം, ഇങ്ങനെയുള്ള സാന്മാര്ഗികബോധനത്തിലൂടെ ഇവർ എന്താണ് പറയാൻ ശ്രമിക്കുന്നത്? ഒരു തലമുറയുടെ ബോധ്യങ്ങളെയാണ് അവർ രൂപപ്പെടുത്തുന്നത് എന്ന് വേണ്ടപ്പെട്ടവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?
ഇത്തരത്തിലുള്ള മാർഗ്ഗദര്ശനങ്ങൾ ഒരു മതത്തിന്റെ സമീപനങ്ങൾ എന്നതിനേക്കാൾ മാനുഷികമൂല്യങ്ങളുടെമേലുള്ള ആക്രമം ആയി കാണപ്പെടേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള അബദ്ധധാരണകളെ അടിസ്ഥാനപ്പെടുത്തി ജീവിതക്രമവും ഉത്തരവാദിത്തങ്ങളും വ്യാഖ്യാനിക്കുകയാണവർ. അരിസ്റ്റോട്ടിൽ മനസിലാക്കിയിരുന്ന മാനസിക-വൈകാരിക ഘടനകളിൽ നിന്ന് മാറി ലഭ്യമായ പുതിയ അറിവുകളിലേക്ക് നോക്കുവാൻ തയ്യാറായിട്ടില്ലെന്നത് ഒരു നിമിഷം മാറ്റി നിർത്താം. ഏതൊക്കെയോ നാട്ടുകഥകളെ അടിസ്ഥാനപ്പെടുത്തി, ഓരോരുത്തരിലും അനേകം പിശാചുക്കളും മാലാഖമാരും വസിക്കുന്നുണ്ടെന്നും അവയാണ് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതെന്നും മറ്റുമുള്ള ബോധനങ്ങൾ ഏതുതരത്തിലുള്ള വ്യക്തിത്വങ്ങളെയാണ് സമൂഹത്തിനു വേണ്ടിയും സഭക്കു വേണ്ടിയും രൂപപ്പെടുത്തുന്നത്? ഇവയെ ദൈവികവെളിപാടുകളെന്ന് വിളിക്കുന്നതിലെ വിവേകരാഹിത്യം അപലപനീയം തന്നെ. പക്ഷെ ഇവ അനുവദനീയമാകുന്നത് എങ്ങനെയാണ്?
സ്വന്തം ജീവിതത്തിന്റെ നിരാശകളിൽനിന്നുണ്ടാകുന്ന അമർഷം അസഹിഷ്ണുതയായി മാറുകയും അതിനു ആത്മീയഭാഷനൽകി പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിൽ വേദനയേൽക്കുന്നത് വിശ്വാസത്തോടെ അവരെ കേൾക്കുന്ന സാധാരണ ആളുകളാണ്.
"ആത്മീയവഴികളിൽ നടക്കുന്ന 'ഞങ്ങൾക്കേ' ഈ കാര്യങ്ങൾ മനസിലാക്കാനാകൂ, 'നിങ്ങൾ' ലോകത്തിന്റെ വഴികളിൽ ആയതിനാൽ നിങ്ങൾക്ക് ഇതെല്ലാം സാധാരണവും നിസ്സാരവും ആയി തോന്നിയേക്കാം.
മക്കളില്ലാതെ ഓടിനടക്കുമ്പോൾ നിനക്കൊക്കെ മനസിലാകും..."
പുതിയ സുവിശേഷത്തിന്റെ ഭാഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ