Gentle Dew Drop

ഒക്‌ടോബർ 20, 2019

ദൈവം പലിശക്കാരനല്ലല്ലോ!

ന്യായമറിയാത്ത ന്യായാധിപന്റെ ഉപമയിൽ, ദൈവത്തെ അങ്ങനെ കാണരുതെന്നാണ് യേശു പറഞ്ഞത്. നിയമാധിഷ്ഠിത ഫരിസേയ മനോഭാവം രൂപപ്പെടുത്തിയിരുന്നത് അത്തരം ഒരു ദൈവത്തെയാണ്. ദൈവം സ്നേഹവും കരുണയും ആണെന്ന് പറയുമ്പോഴും ഇത്തരം ഒരു ദൈവത്തിന് പൂജനീയമായ ഒരു ഇടം നമ്മൾ നൽകിയിട്ടുണ്ട്.
കോടതി വളപ്പ് കഴിഞ്ഞാൽ മറ്റൊരു മുറിയിൽ വേറൊരു ദൈവമുണ്ട്. കിട്ടുന്നതിനനുസരിച്ച് സന്തോഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവം. നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കുന്ന, വ്യവസ്ഥകളോടെ കൊടുത്ത ഉപകാരങ്ങൾക്ക് എത്രയും വേഗം തിരിച്ചടവ് പ്രതീക്ഷിക്കുന്ന ഒരു ദൈവത്തെയാണോ ക്രിസ്തു പിതാവെന്ന് വിളിക്കാൻ പഠിപ്പിച്ചത്?

ദശാംശവും കാഴ്ചകളും കാണുമ്പോൾ ഏഴ് നിലാവിന്റെ ശോഭയിൽ പ്രസന്നനാവുന്ന ദൈവം ഒരു കോർപ്പറേറ്റ് ദൈവമാണ്. ആ ദൈവം ആരാധിക്കപ്പെടുന്ന സകല സംവിധാനങ്ങളിലും അത് ആഴത്തിൽ വേരിറക്കുകയും ചെറുതിനെയെല്ലാം ഞെരുക്കിക്കളയുകയും ചെയ്യും. ഈ ദൈവം പ്രചരിപ്പിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നിടത്തെല്ലാം ചൂഷണം ചെയ്യപ്പെടുന്ന പാവങ്ങളും വളരുന്ന മേലാളപ്രഭുക്കന്മാരുമുണ്ടാകും (ബൈബിളിൽത്തന്നെയും ചരിത്രത്തിലും ഉദാഹരണങ്ങൾ കാണാം). മേല്പറഞ്ഞ ന്യായാധിപ ദൈവം ഈ ദൈവത്തിന്റെ സ്വന്തം അഭിഭാഷകനാണ്.
------------------------------------------
നേർച്ചകാഴ്ചകൾ കൃതജ്ഞതയുടെ അടയാളമാണ്, അത് വ്യവസ്ഥയല്ല ഹൃദയഭാഷയാണ്. അത് എത്രയെന്ന് പറയാനാവുന്ന അളവല്ല, നന്മകളിലേക്കുള്ള തത്പരതയാണ്.
ദശാംശവും സംഖ്യയിലല്ല മനോഭാവത്തിലാണ്; കൃതജ്ഞതാ ഭാവത്തോടെ സമ്പത്തോ സമയമോ കഴിവുകളോ നമുക്ക് നൽകാം, ദൈവഹൃദയം പ്രതിഫലിക്കുന്ന ഏതു നന്മകൾക്ക് വേണ്ടിയും എവിടെയും.

ഭഗ്നാശരാകാതെ ഇപ്പോഴും പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കാൻ ... എന്ന് പറഞ്ഞു തുടങ്ങുന്ന ഉപമ (ലൂക്ക 18:1-8) 'മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ' എന്ന ചോദ്യത്തോടെയാണ് അവസാനിക്കുന്നത്. ഉപമയുടെ ഉള്ളടക്കവും സമീപനവും സൂചിപ്പിക്കുന്നത് ഒരു വിശ്വാസത്തകർച്ചയെക്കുറിച്ചല്ല, മറിച്ച് കാത്തിരിപ്പിനെക്കുറിച്ചാണ്. കാത്തിരിക്കാൻ മാത്രം ക്ഷമ നമുക്കുണ്ടാവുമോ എന്നതാണ് പരാമർശം. നല്കുന്നവന്റെ നന്മനിറഞ്ഞ ഹൃദയമറിഞ്ഞാലേ സമാധാനപൂർണമായ കാത്തിരിപ്പ് സാധ്യമാകൂ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ