Gentle Dew Drop

ജൂൺ 26, 2023

രക്ഷ എന്നത്

ആരാധ്യപാത്രമായി പുറമേ കാണപ്പെടുന്ന ഒരാളായാണ് ക്രിസ്തു കാണപ്പെടുന്നതെങ്കിൽ അത് ക്രിസ്തുവിനെ സംബന്ധിച്ചു ഏറ്റവും വലിയ പരാജയമാകും. ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്. വ്യക്തിപരമായി, ഇനിമേൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് പറയുമ്പോൾ, ക്രിസ്തുവിനെക്കുറിച്ചു എന്തെല്ലാം മനസിലാക്കപ്പെട്ടിട്ടുണ്ടോ അത് സ്വന്തം വ്യക്തിത്വത്തിലും വെളിപ്പെടുക എന്നു കൂടി അർത്ഥമുണ്ട്.

നിർവചിക്കപ്പെടുന്ന ക്രിസ്തുവും രക്ഷയും അവയുടെ സാർവ്വത്രികതയെ ഉൾക്കൊള്ളുന്നില്ല. വചനം കാലത്തിനും സംസ്കാരത്തിനും അതീതമാണ് എന്നതുകൊണ്ടു തന്നെ, കാലത്തെയും ചരിത്രത്തെയും സാംസ്‌കാരിക നന്മകളെയും ഉണർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വചനത്തെ ഏതെങ്കിലും നിര്വചനങ്ങളിലേക്കു ചുരുക്കാനാവില്ല. ഏകരക്ഷക നിർവചനം അത്തരത്തിൽ ക്രിസ്തുവിനെ അടച്ചു കളയുന്നു എന്നതാണ് അത് സംബന്ധിച്ചുള്ള വീഴ്ച. 

എക്കാലത്തും എല്ലായിടത്തും പ്രവർത്തനനിരതമായ വചനം, സകലത്തെയും സമന്വയിപ്പിക്കുന്ന ക്രിസ്തുശരീരം എന്നീ കാര്യങ്ങളെ വേണ്ടത്ര ഗ്രഹിക്കാൻ കഴിഞ്ഞെങ്കിലേ സ്വന്തം അതിരുകൾക്കപ്പുറം ക്രിസ്തുവിന്റെ രക്ഷ മനസിലാക്കാൻ കഴിയൂ. എങ്കിലേ മാംസരൂപം ധരിക്കുന്ന വചനത്തെ അംഗീകരിക്കാനുമാകൂ. 

രക്ഷ എന്നത്, നശിക്കേണ്ടെങ്കിൽ ചക്രവർത്തിയുടെ അധിനിവേശത്തിനു കീഴ്‌പ്പെട്ടുകൊള്ളുക എന്ന വിളംബരം അനുസരിച്ചു കീഴ്‌വഴങ്ങുന്നതു മൂലം ജീവൻ രക്ഷിക്കുന്ന ആളുകളുടെ അവസ്ഥ പോലെയല്ല. അത്തരത്തിലുള്ള 'രക്ഷ' ക്രിസ്തുവിന്റെ രക്ഷയില്ല. സുവിശേഷത്തെ അത്തരം വിളംബരം ആക്കുകയുമരുത്. 

പക്ഷേ, തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളോട് ചേരാത്തവരൊക്കെ പിശാചിന്റെ പക്ഷത്താണെന്നും ശപിക്കപ്പെട്ടവരാണെന്നും 'പ്രഘോഷിക്കുന്ന' സുവിശേഷകർ സാക്ഷ്യപ്പെടുത്തുന്ന രക്ഷയും ക്രിസ്തുവും അവരുടെ ആദർശങ്ങൾ മാത്രമാണ്. ജീവിക്കുന്ന ക്രിസ്തുവുമായി ഒരു ബന്ധവുമില്ലാത്തവ.

രക്ഷയെ സംബന്ധിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണയാണ് അതിന്റെ പരിഹാരദൈവശാസ്ത്രത്തിലുള്ള ആശ്രയം. അത് ദൈവവമക്കൾക്കു നൽകുന്ന സ്വാതന്ത്രത്തിനു പകരം, കാഴ്ച്ച, ബലി നൈവേദ്യം, പരിഹാരങ്ങൾ, പ്രായശ്ചിത്തങ്ങൾ, ബലിപീഠം, പാപം, ദൈവപ്രീതി,  എന്നിവയിലേക്ക് രക്ഷയെ കെട്ടിയിടുകയാണ്. ഈ രക്ഷ, പാപം ശുദ്ധി എന്ന വൈരുദ്ധ്യത്തിലേക്ക് ഒരു വ്യക്തിയെ ചേർത്തുനിർത്തുക മാത്രമല്ല, വിശുദ്ധരും പാപികളുമായ ചേരികളെ സൃഷ്ടിക്കുകയും 'തെറ്റുകാരെ' ഇല്ലായ്മ ചെയ്യുന്നത് ന്യായീകരിക്കാൻ അവസരമൊരുക്കുകയും ചെയ്യും. അങ്ങനെ, ക്രിസ്തു ആഗ്രഹിച്ച രക്ഷയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു 'രക്ഷ'യാവും ആഗ്രഹത്തിലും ഭാവനയിലും. 

ജൂൺ 25, 2023

പ്രാർത്ഥന കഴിഞ്ഞു, ഇനി ...

പ്രാർത്ഥന കഴിഞ്ഞു, ഇനി ദൈവം നമ്മോടു ചെയ്യാൻ പറയുന്ന കുറെ കാര്യങ്ങളുണ്ട്:

ആർക്കുവേണ്ടി പ്രാർത്ഥിച്ചുവോ (ആ പ്രാർത്ഥന ആത്മാർത്ഥമായിരുന്നെങ്കിൽ) അവർ ഇന്ന് എങ്ങനെ ജീവിക്കുന്നെന്നു കുറച്ചു കൂടെ അടുത്തറിയാൻ ശ്രമിക്കുക.

അവർ സഹിക്കുന്ന അനീതിക്കു കാരണമാകുന്ന സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും അപലപിക്കുകയും ചെയ്യാൻ തയ്യാറാവുക. 

നമ്മുടെ 'സഹായങ്ങൾ' അവർക്കു ഈ കടന്നു പോകലിന്റെ സമയത്തു താൽകാലികമായി നിലനിന്നുപോകുവാനുള്ള ഉപാധി മാത്രമേ ആകുന്നുള്ളു. അവർ ആട്ടിയോടിക്കപ്പെട്ട അവരുടെ സ്ഥലങ്ങളിൽ സമാധാനത്തോടെ ജീവിക്കാനാകും വിധം പുനരധിവസിക്കപ്പെടുകയെന്നത് ഏറ്റവും അടിസ്ഥാനമായ നീതിയാണ്. അതുറപ്പാക്കാൻ ശ്രമങ്ങളും ആഗ്രഹവുമുണ്ടെങ്കിലേ പ്രാർത്ഥനകളിൽ ആത്മാർത്ഥത ഉണ്ടായിട്ടുള്ളു.

സുവിശേഷഭാഗ്യങ്ങളുടെ മധ്യസ്ഥരാവുകയെന്നാൽ, ദൈവനീതിക്കായി പ്രവർത്തിക്കുകയെന്നാണ്. അല്ലെങ്കിൽ പ്രാർത്ഥനായജ്ഞങ്ങൾ ലൗകികതയാണ്. 

ജൂൺ 24, 2023

ദൈവം രക്ഷിക്കുന്നത്

ശത്രുക്കളെ തകർത്തു തരിപ്പണമാക്കി ഇല്ലായ്മ ചെയ്യുന്ന യുദ്ധവീരനല്ല എന്റെ ദൈവം. സുരക്ഷക്കായുള്ള എന്റെ നിലവിളി ദൈവത്തിന്റെ പേരിലുള്ള യുദ്ധകാഹളമായിത്തീരുന്നത് രണ്ടായിരം വർഷങ്ങളിലെ പരമ്പരാഗത വിശ്വാസത്തിലൂടെ ക്രിസ്തുവിൽ നിന്ന് കേട്ടതിൽ വലിയ പോരായ്മയുണ്ടെന്നു തെളിയിക്കുന്നു. ക്രിസ്തുവിന്റെ നീതിബോധം എതിർവശത്തിനു നാശം വരുത്തിക്കൊണ്ടുള്ളതല്ല, എല്ലാവര്ക്കും സമാധാനവും മൈത്രിയും സാധ്യമാക്കിക്കൊണ്ടുള്ളതാണ്. ഐക്യദാർഢ്യം പോർവിളിയും ആഘോഷവും ആക്കപ്പെടുന്നുണ്ടെങ്കിൽ  അതിൽ നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവുമില്ല. ദൈവം രക്ഷിക്കുന്നത് എതിർവശത്തെ ഇല്ലാതാക്കിക്കൊണ്ടല്ല, എല്ലാവരെയും സമാധാനത്തിൽ ഒന്നാക്കിക്കൊണ്ടാണ്.

അതിശയിക്കാനൊന്നുമില്ല, ക്രിസ്തുവിനെ മാറ്റിനിർത്തിക്കൊണ്ടാണ് നമ്മൾ ദൈവത്തെ വരച്ചെടുക്കാൻ ശ്രമിച്ചത്.

ജൂൺ 23, 2023

കുട്ടക്കുള്ളിൽ വെച്ച ദീപം

കുട്ടക്കു പുറത്തു മുഴുവൻ പാപമാണ് എന്നതാണ് തച്ചുടക്കാൻ തയ്യാറാവാത്ത 'വിശ്വാസസത്യം.' നന്മയും സത്യവും കാണാൻ കഴിയുന്നെങ്കിലേ സൗന്ദര്യവും ദൈവികതയും തിരിച്ചറിയാനാകൂ. പക്ഷേ, അതിലേക്കു തുറക്കണമെങ്കിൽ പുറത്തുമുള്ള വചനസാന്നിധ്യം തിരിച്ചറിയണം. 'അവനിലൂടെ സകലതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ....' വിശ്വസിക്കുന്നെങ്കിൽ സംസ്കാരങ്ങളിലും, വിശ്വാസങ്ങളിലും ചരിത്രത്തിലും വചനത്തിന്റെ വെളിച്ചമുണ്ട്. ദൈവകൃപ ആന്തരിക ദാനമായി അനുഭവിക്കുന്നത് ക്രിസ്ത്യാനികൾ മാത്രമോ, മനുഷ്യർ മാത്രമോ അല്ലല്ലോ. എങ്കിലും കുട്ട ഒരു സുരക്ഷിതമായ വിഗ്രഹമാണ്. ആ സുരക്ഷമതിലുകൾക്കു പൂജ ചെയ്യുവാനാണ് ഇരുപതു വർഷങ്ങളോളം നമ്മൾ പരിശീലിപ്പിക്കപ്പെട്ടത്. ആ വീക്ഷണങ്ങളാണ് വിശ്വാസമെന്ന ധാരണയും ശക്തമായ വേരുകളെടുത്തു. പുറത്തെ തിന്മകളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ കണ്ണോ ഹൃദയമോ തുറക്കാൻ അനുവദിക്കാത്ത വിധം ഞെരുക്കിനിർത്തുന്നു. സുരക്ഷാമതിലുകൾക്കുള്ളിൽ കുമിഞ്ഞുകൂടുന്നു തിന്മകളെ പരിശുദ്ധികളിലേക്കു ചേർത്തുനിർത്തുവാനും ആ വിശുദ്ധ കുട്ട നമ്മെ പഠിപ്പിച്ചിരിക്കുന്നു.

ജൂൺ 18, 2023

ശത്രു

 ആരാണ് എന്റെ അയൽക്കാരൻ?

"ഒരു മനുഷ്യൻ ജെറുസലേമിൽ നിന്ന് ..."
അതൊക്കെ കുറെ കേട്ടതാണ് ....
ആരാണ് എന്റെ ശത്രു?
എന്റെ വെറുപ്പുകളിലും ഭീതികളിലും ലാഭം കാണുന്നവർ അവരുടെ നേട്ടത്തിനായി ഇല്ലായ്മ ചെയ്യേണ്ടവരെ ചൂണ്ടിക്കാണിക്കുമ്പോൾ എന്നിൽ പുതിയ സത്യങ്ങളും കഥകളുമുണ്ടാകുമ്പോൾ മുന്നിൽ തെളിയുന്നവരാണ് ശത്രു.

വേലക്കാർ

 നന്മയും സമാധാനവും ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരെല്ലാവരും ദൈവരാജ്യത്തിലെ 'വേലക്കാരാണ്.' അത്തരം വേലക്കാരുണ്ടാകുവാനാണ് വിളവിന്റെ നാഥനോട് പ്രാർത്ഥിക്കേണ്ടത്. 

വിളവെടുപ്പിന് ഒരുങ്ങും മുമ്പേ, വേലക്കാർ അവർക്കുള്ളിൽത്തന്നെ മണ്ണൊരുക്കി വിത്തെറിഞ്ഞു കരുതൽ സൂക്ഷിക്കേണ്ടതുണ്ട്. സൗഖ്യവും നന്മപ്രവൃത്തികളും ദൈവരാജ്യത്തിന്റെ ശുഭസന്ദേശവും നൽകാൻ അപ്പോഴേ കഴിയൂ.

കൊയ്യുക എന്നത്, വേലക്കാരന്റെ ശേഖരത്തിലേക്കല്ല. വേലക്കാരുടെ ആൾബലം വർദ്ധിച്ചതുകൊണ്ട് വിളവോ കൊയ്യലോ വർധിക്കണമെന്നോ ഇല്ല. വിളവിന്റെ നാഥന്റെ ഹൃദയമറിയുന്നവർക്കേ ആ ഹൃദയത്തിനൊത്ത വേല ചെയ്യാനാകൂ. അപ്പോൾ നന്മയും ജീവനും വിളയും, ശേഖരിക്കപ്പെടും. അല്ലെങ്കിൽ, വേലക്കാരെന്ന് അവകാശപ്പെടുന്നവർ വെറും വാടകഗുണ്ടകൾ മാത്രമാകും. 

ഏതു മതത്തിലും വിശ്വാസത്തിലും ഇത് സംഭവിക്കാം.