ആരാധ്യപാത്രമായി പുറമേ കാണപ്പെടുന്ന ഒരാളായാണ് ക്രിസ്തു കാണപ്പെടുന്നതെങ്കിൽ അത് ക്രിസ്തുവിനെ സംബന്ധിച്ചു ഏറ്റവും വലിയ പരാജയമാകും. ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്. വ്യക്തിപരമായി, ഇനിമേൽ ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് പറയുമ്പോൾ, ക്രിസ്തുവിനെക്കുറിച്ചു എന്തെല്ലാം മനസിലാക്കപ്പെട്ടിട്ടുണ്ടോ അത് സ്വന്തം വ്യക്തിത്വത്തിലും വെളിപ്പെടുക എന്നു കൂടി അർത്ഥമുണ്ട്.
നിർവചിക്കപ്പെടുന്ന ക്രിസ്തുവും രക്ഷയും അവയുടെ സാർവ്വത്രികതയെ ഉൾക്കൊള്ളുന്നില്ല. വചനം കാലത്തിനും സംസ്കാരത്തിനും അതീതമാണ് എന്നതുകൊണ്ടു തന്നെ, കാലത്തെയും ചരിത്രത്തെയും സാംസ്‌കാരിക നന്മകളെയും ഉണർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വചനത്തെ ഏതെങ്കിലും നിര്വചനങ്ങളിലേക്കു ചുരുക്കാനാവില്ല. ഏകരക്ഷക നിർവചനം അത്തരത്തിൽ ക്രിസ്തുവിനെ അടച്ചു കളയുന്നു എന്നതാണ് അത് സംബന്ധിച്ചുള്ള വീഴ്ച.
എക്കാലത്തും എല്ലായിടത്തും പ്രവർത്തനനിരതമായ വചനം, സകലത്തെയും സമന്വയിപ്പിക്കുന്ന ക്രിസ്തുശരീരം എന്നീ കാര്യങ്ങളെ വേണ്ടത്ര ഗ്രഹിക്കാൻ കഴിഞ്ഞെങ്കിലേ സ്വന്തം അതിരുകൾക്കപ്പുറം ക്രിസ്തുവിന്റെ രക്ഷ മനസിലാക്കാൻ കഴിയൂ. എങ്കിലേ മാംസരൂപം ധരിക്കുന്ന വചനത്തെ അംഗീകരിക്കാനുമാകൂ.
രക്ഷ എന്നത്, നശിക്കേണ്ടെങ്കിൽ ചക്രവർത്തിയുടെ അധിനിവേശത്തിനു കീഴ്‌പ്പെട്ടുകൊള്ളുക എന്ന വിളംബരം അനുസരിച്ചു കീഴ്‌വഴങ്ങുന്നതു മൂലം ജീവൻ രക്ഷിക്കുന്ന ആളുകളുടെ അവസ്ഥ പോലെയല്ല. അത്തരത്തിലുള്ള 'രക്ഷ' ക്രിസ്തുവിന്റെ രക്ഷയില്ല. സുവിശേഷത്തെ അത്തരം വിളംബരം ആക്കുകയുമരുത്.
പക്ഷേ, തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളോട് ചേരാത്തവരൊക്കെ പിശാചിന്റെ പക്ഷത്താണെന്നും ശപിക്കപ്പെട്ടവരാണെന്നും 'പ്രഘോഷിക്കുന്ന' സുവിശേഷകർ സാക്ഷ്യപ്പെടുത്തുന്ന രക്ഷയും ക്രിസ്തുവും അവരുടെ ആദർശങ്ങൾ മാത്രമാണ്. ജീവിക്കുന്ന ക്രിസ്തുവുമായി ഒരു ബന്ധവുമില്ലാത്തവ.
രക്ഷയെ സംബന്ധിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണയാണ് അതിന്റെ പരിഹാരദൈവശാസ്ത്രത്തിലുള്ള ആശ്രയം. അത് ദൈവവമക്കൾക്കു നൽകുന്ന സ്വാതന്ത്രത്തിനു പകരം, കാഴ്ച്ച, ബലി നൈവേദ്യം, പരിഹാരങ്ങൾ, പ്രായശ്ചിത്തങ്ങൾ, ബലിപീഠം, പാപം, ദൈവപ്രീതി, എന്നിവയിലേക്ക് രക്ഷയെ കെട്ടിയിടുകയാണ്. ഈ രക്ഷ, പാപം ശുദ്ധി എന്ന വൈരുദ്ധ്യത്തിലേക്ക് ഒരു വ്യക്തിയെ ചേർത്തുനിർത്തുക മാത്രമല്ല, വിശുദ്ധരും പാപികളുമായ ചേരികളെ സൃഷ്ടിക്കുകയും 'തെറ്റുകാരെ' ഇല്ലായ്മ ചെയ്യുന്നത് ന്യായീകരിക്കാൻ അവസരമൊരുക്കുകയും ചെയ്യും. അങ്ങനെ, ക്രിസ്തു ആഗ്രഹിച്ച രക്ഷയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു 'രക്ഷ'യാവും ആഗ്രഹത്തിലും ഭാവനയിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ