എന്താണീ ദൈവിക കാര്യങ്ങൾ?
ദൈവത്തിന്റെ സ്വഭാവം നന്മയായതു കൊണ്ട് നന്മ ചെയ്യുക എന്നതാണ് ദൈവിക കാര്യങ്ങൾ. നിഷ്ഠാപരമായ ആരാധനാരീതികൾ എത്രതന്നെ പാലിച്ചു പോന്നാലും നന്മ ചെയ്യാത്ത ഒരാൾ ദൈവപ്രവൃത്തികൾ ചെയ്യുന്നെന്ന് കരുതാനാവില്ല. നന്മ ചെയ്യുന്ന ഒരാൾ, 'ദൈവത്തെപ്രതി' എന്ന ഒരു വിശേഷണം ചേർക്കേണ്ടത് പോലുമില്ല അത് ദൈവപ്രവൃത്തിയാകാൻ.
ഈ നന്മയുടെ അടിസ്ഥാനത്തിലാണ് ഒരാൾ നല്ല ഹിന്ദുവും, നല്ല ക്രിസ്ത്യാനിയും, നല്ല മുസ്ലിമുമാക്കുന്നത്. മതാനുഷ്ഠാനങ്ങളുടെ കണിശമായ പാലനം ഒരാളെ നന്മയുടെ മനുഷ്യനാക്കുന്നെങ്കിൽ മാത്രമേ അത് ദൈവികമാകുന്നുള്ളു. മതം ചൂണ്ടിക്കാണിക്കുന്ന ആന്തരിക മൂല്യങ്ങളെ കണ്ടെത്താനുള്ള പരിശ്രമവും പരിശീലനവും ഇന്ന് കുറവാണെന്നത് മതങ്ങളെ സങ്കുചിതമാക്കുകയും അപ്രധാനമായവയെ വിഗ്രഹവൽക്കരിക്കാൻ കാരണമാവുകയും ചെയ്യുന്നു. രാഷ്ട്രീയമോ സാമ്പത്തികമോ ആദര്ശപരമോ ആയ ഗൂഢോദ്ദേശ്യത്തോടെ മതം തെറ്റായി വ്യാഖ്യാനിക്കുന്നത് കൊന്നു കളയുന്നത് മനുഷ്യഹൃദയങ്ങളിലെ നന്മയെയാണ്. മനുഷ്യനെന്ന നില പോലുമില്ലാത്ത ഹീന മനസുകൾ സൃഷ്ടിക്കപ്പെടുകയാണവിടെ. നിഭാഗ്യവശാൽ, അത് മതത്തിനു കളങ്കം ചാർത്തുക മാത്രമല്ല, മതത്തിലുള്ള സകലരെയും ദോഷം ചാർത്തുകയും ചെയ്യുന്നു.
ഇരകളാക്കപ്പെടുന്നവർക്കു കൂടെ നില്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പോർവിളികൾ, സഹനത്തിലൂടെ കടന്നു പോകുന്നവരുടെ നിസ്സഹായാവസ്ഥ ഉൾകൊള്ളുന്നവയല്ല. സഹിക്കുന്നവർക്കും, വേദനക്ക് കാരണമാകുന്നവർക്കും ഈ തലമുറയിലും വരുന്ന തലമുറയിലും നന്മയുടെ ജനമാകുവാൻ തിന്മയെ അപലപിക്കാനും, നന്മ കൊണ്ട് എല്ലാവരെയും ചേർത്ത് നിർത്താനും കഴിഞ്ഞെങ്കിലേ സാധിക്കൂ. വീര്യവും തീക്ഷ്ണമായതും ജ്വലിക്കുന്നതുമായ വാക്കുകൾ കുഞ്ഞുങ്ങളെ പോലും പരിശീലിപ്പിച്ചു പുളകിതരാകുമ്പോൾ നന്മയുടെ വിത്തുകൾ പാകാൻ നമ്മൾ മറക്കുന്നു.
വേദനകളെയും ദുരന്തങ്ങളെയും സമുദായവൽക്കരിച്ചു വർഗീയപകയാക്കി മാറ്റിയ തിന്മ നിറഞ്ഞ ഹൃദയങ്ങൾ നമുക്കിടയിലുണ്ട്. തിന്മയെ അപലപിക്കുകയും ചെറുക്കുകയും, അക്രമത്തിനിരയാവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവർക്കു വേണ്ട ബലം ഉറപ്പു വരുത്തുകയും ചെയ്യുന്നതോടൊപ്പം നമ്മിൽത്തന്നെ വളരുന്ന തിന്മയെ നിരീക്ഷിക്കുക എന്നതും അതേ ധാർമികതയുടെയും നീതിബോധത്തിന്റെയും ഭാഗമാണ്.
മണിപ്പൂർ നമ്മിൽ നിന്നും (ഹൃദയങ്ങളിൽ) ഇനിയും ഒരുപാട് അകലെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ