സാധാരണ വിശ്വാസികൾക്ക് 'അസാധാരണ' വിശ്വാസികളേക്കാൾ നീതിബോധം ഉണ്ടെന്നും, അനീതിയെ കണ്ടില്ലെന്നു നടിക്കുന്ന അസാധാരണക്കാരുടെ നിലപാട് അവരെ തീർത്തും തള്ളിക്കളയുന്ന നിലയിലേക്കെത്തുന്നുണ്ടെന്നും അതിനെ അവഗണിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് വന്നതിനും ശേഷമാണ് അന്യായത്തെയും അക്രമത്തെയും കുറിച്ച് കുറിക്കാൻ നിർബന്ധിതരായത്.
'മണിപ്പൂരിലേതുൾപ്പെടെ, വർഗീയതയും വംശീയതയും സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് പൊതുസമൂഹത്തിനു അവബോധംപകരുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.' 'മണിപ്പൂരിലേതുൾപ്പെടെ' യാക്കുന്നത് മണിപ്പൂരിനെ സാമാന്യവത്കരിക്കാനുള്ള എളുപ്പമുള്ള വഴിയാണ്. അവർ എങ്ങനെ ജീവിക്കുന്നെന്നു കുറച്ചു കൂടെ അടുത്തറിയാൻ ശ്രമിച്ചിരുന്നെങ്കിൽ മേല്പറഞ്ഞ അവബോധത്തിനു ആത്മാർത്ഥതയും കൃത്യതയും ഉണ്ടാകുമായിരുന്നു.
അവർ സഹിക്കുന്ന അനീതിക്കു കാരണമാകുന്ന സാമൂഹിക രാഷ്ട്രീയ സംവിധാനങ്ങളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും അപലപിക്കുകയും ചെയ്യാൻ തയ്യാറാവാതെ അസാധാരണത്തിന്റെ നീതിബോധം സത്യമാവില്ല.
പ്രീണനം ലക്ഷ്യമാക്കിയ, സുരക്ഷിതത്വത്തിന്റെ കപടമായ ഏറ്റുപറച്ചിൽ, സത്യത്തിന്റെ നേർമുഖം കണ്ടു ലജ്ജിക്കുകയെങ്കിലും വേണം.
ജീവിക്കാനുള്ള ധൈര്യം പോലുമില്ലാതാവുന്ന വിധം മൗനമാണ് മനുഷ്യരെ അക്രമത്തിനു വിട്ടു കൊടുത്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ