ഒറ്റപ്പെട്ടത് എന്ന് ലഘൂകരിക്കാൻ കഴിയാതാവുമ്പോഴാണ് ഹീനപ്രവൃത്തികൾ ആകസ്മികവും പതിയെ അനിവാര്യവും ആയി ന്യായീകരിക്കപ്പെട്ടു വിശുദ്ധമാക്കപ്പെടുന്നത്. അർഹമായ അന്തസ്സിന് വിരുദ്ധമായാണ് ഹത്യകൾ നടക്കുന്നതും, അപമാനിക്കപ്പെടുന്നതും, നഗ്നരാക്കപ്പെടുന്നതും. കൈവന്നു ചേർന്ന അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തുന്നതും അത്തരത്തിൽ ന്യായീകരണം വന്നു ചേരാവുന്നതാണ്. ഈ ന്യായീകരണങ്ങളെ തിരിച്ചറിയാനും, തിന്മയെ തിന്മയായി കണ്ട് എതിർക്കാനും ആവശ്യമായിട്ടുള്ളത് മനുഷ്യമനഃസാക്ഷിയാണ്.
മനഃസാക്ഷി രൂപീകരിക്കപ്പെടുന്നതാണ് എന്നതുകൊണ്ട്, മതവും സംസ്കാരവും സമ്പ്രദായങ്ങളും പകർന്നു നൽകുന്ന 'മൂല്യ'ഘടകങ്ങളെ നിരൂപണവിധേയമാക്കേണ്ടതിലെ പ്രാധാന്യം വലുതാണ്. ഏതു മതക്കാരാണെന്നോ ഏതു ജാതിയാണെന്നോ ഏതു ഭാഷക്കാരാണെന്നോ നോക്കാതെ വേദനിക്കുന്നവരുടെ കൂടെ നിൽക്കാനാവണമെങ്കിൽ; അനീതിയും അക്രമവും ന്യായീകരിക്കാനോ, നിസ്സംഗത പാലിക്കാനോ ഒരിക്കലുമാവില്ല എന്ന അവസ്ഥയുണ്ടാവണമെങ്കിൽ ഈ മൂല്യങ്ങൾ എത്ര മാനവികമൂല്യങ്ങൾ ഉൾകൊള്ളുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.വെളിച്ചവും ദർശനവുമാകേണ്ട മതങ്ങളും സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളായി ചുരുങ്ങുന്നതും രാഷ്ട്രീയ ഉപകരണങ്ങളായി അധഃപതിക്കുന്നതും മാനവീയതയുടെ തകർച്ചയാണ്. ഉള്ളിലെ മാനവീയത നഷ്ടമാക്കിക്കൊണ്ടേ ഒരാൾക്ക് വേദനകളെ വിഭാഗീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാകൂ. കാരണം അവർ കാണുന്നതും, അറിയുന്നതും മനുഷ്യരായിട്ടല്ല, അവരുടെ ചായ്‌വിനെ നിർവ്വചിക്കുന്ന പ്രത്യയശാസ്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ബിംബങ്ങളായാണ്. അവയിൽ ദൈവാത്മാവില്ല, ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാണ് അവർ വാചാലരാകുന്നത് എങ്കിൽക്കൂടി.
ശത്രുവിനെ സ്നേഹിക്കുക എന്ന സുവിശേഷത്തിനു പകരം 'അവരെ' ശത്രുവാക്കേണ്ടത്തിന്റെ അനിവാര്യത പുതിയ സുവിശേഷമാകും, പുതിയ 'നന്മ'കളും 'സത്യ'ങ്ങളുമുണ്ടാകും. മനുഷ്യത്വരഹിതമായവ കാണുമ്പോൾ അവയെക്കുറിച്ചു അസ്വസ്ഥത പോലുമില്ലാത്ത തരം സമരസപ്പെടൽ സ്ഥായീഭാവമായി സ്വീകരിക്കാൻ അനുവദിക്കുന്ന വ്യാജക്രിസ്തു പൊതുബോധത്തിൽ സ്വീകാര്യമായി മാറും. സാമൂഹ്യമധ്യേ, അവബോധം, ജാഗ്രത എന്നൊക്കെ ഉറക്കെ പറയുന്ന സാഹചര്യങ്ങൾ, സൗകര്യപൂർവം തിരഞ്ഞെടുക്കപ്പെടുന്നവയിൽ മാത്രമൊതുങ്ങുന്നവയും രാഷ്ട്രീയ പ്രീണനം ലക്‌ഷ്യം വയ്ക്കുന്നതുമാണ്. അതേ സമയത്ത്, ചിലപ്പോഴെങ്കിലും നിർമ്മിക്കപ്പെടുന്ന 'അസ്വസ്ഥത'യും മതപരമോ രാഷ്ട്രീയപരമോ ആയ ധ്രുവീകരണത്തിന് ലാഭങ്ങൾ തേടുന്നതുമാണ്. അങ്ങനെയാവണം കൊട്ടിഘോഷിക്കപ്പെടുന്ന സമാധാന യജ്ഞങ്ങൾ സമാധാനത്തിനു വഴിയൊരുക്കാത്തത്. നീതി, 'ഞങ്ങൾ' തീരുമാനിക്കുകയും 'നിങ്ങൾ' അനുസരിക്കുകയും ചെയ്യുന്നതാണെങ്കിൽ സമാധാനം പ്രതീക്ഷിക്കരുത്. 'ഞങ്ങളുടെ' നേട്ടങ്ങൾക്കു വേണ്ടി സകലതും തച്ചുടച്ച് നിൽക്കാൻ കെൽപ്പില്ലാത്ത അവസ്ഥയിലാക്കിയ ശേഷം ചെറുത്തു നിൽക്കാൻ ശേഷിയില്ലാതാക്കുന്ന അവസ്ഥയെ സമാധാനം എന്ന് വിളിക്കരുത്. ഈ ദുർനീതികൾ അനുവദിക്കുന്ന ഭരണകർത്താക്കളെ ധർമ്മിഷ്ഠരെന്നും വിളിക്കരുത്.
സത്യസന്ധമായ നീതിബോധത്തിൽ നിന്നുള്ള 'അസ്വസ്ഥത' ഐക്യദാർഢ്യത്തിനും കൂട്ടായ പ്രയത്നത്തിനും വഴിയൊരുക്കും. സത്യവും, നീതിയും, ഏതെങ്കിലും പക്ഷത്തല്ല, അത് പൊതുനന്മയും ജീവനും കൊണ്ടുവരുന്നതാണ്. ഏതൊക്കെ പക്ഷങ്ങളുണ്ടോ എല്ലാവരും കരുണയും സഹതാപവും ആവശ്യമുള്ളവരുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ