Gentle Dew Drop

ഒക്‌ടോബർ 21, 2019

ഇടയന്മാരേ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു

ഞങ്ങൾ അവിടെയെത്തിപ്പെട്ടു - ചന്തയിലാണ്
ബഹളമുണ്ട് വിലപേശലുകളുണ്ട്,
ആകെ കുഴങ്ങി, ആശങ്കയിലായി.
ഉള്ളിലെ തേങ്ങലുകൾക്കും ആശങ്കകൾക്കും വാക്കുകൾ കൊടുക്കാൻ കഴിഞ്ഞെങ്കിൽ!
അത് കഴിയുന്നുമില്ല, ഞങ്ങൾക്ക് വാക്കുകൾ അറിയില്ല.
പല വാക്കുകൾ ചുറ്റും കേൾക്കുന്നുണ്ട്
ഞങ്ങൾ ആർക്ക് ചെവി കൊടുക്കും?
ഇടയന്മാരെ, വാക്കുകൾക്കുവേണ്ടി ഞങ്ങൾ കൊതിക്കുന്നു
അവരൊക്കെ പറയുന്നത് സത്യമാണോ?
അതാണോ ഞങ്ങൾ കേൾക്കേണ്ടത്?
അത് തന്നെയാണോ നിങ്ങളുടെയും സ്വരം?
അതോ നിങ്ങൾ നിശ്ശബ്ദരായതാണോ?
നിശബ്ദം
അവർ കുഴലൂതി ഞങ്ങൾ നൃത്തം ചെയ്തു
അവർ ചീത്ത പറഞ്ഞു ഞങ്ങൾ അത് ഏറ്റുപറഞ്ഞു
അവർ കല്ലെറിയാൻ പറഞ്ഞു ഞങ്ങൾ എറിഞ്ഞു
അവർ കുരിശിലേറ്റാൻ പറഞ്ഞു ഞങ്ങൾ അതും ചെയ്തു
അവർ വിലാപഗാനം ആലപിച്ചു ഞങ്ങൾ കരഞ്ഞു

ഇതായിരുന്നില്ലല്ലോ ഞങ്ങൾ ക്രിസ്തുവിൽ നിന്ന് പഠിച്ചത്.
ചീത്ത വിളിക്കാനും ശപിക്കാനും പോർവിളിക്കാനും ക്രിസ്തു ഒരിക്കലും പറഞ്ഞില്ലല്ലോ?

എന്നിട്ടും എങ്ങനെയാണ് അത് പുതിയ ശരികളാകുന്നത്? 
ക്രിസ്തീയത ഒരു ബ്രാൻഡ് കൾച്ചറും സഭ ഒരു ഫാൻ അസോസിയേഷനും ആയിരുന്നെങ്കിൽ അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് അത് ശരിയായേക്കുമായിരുന്നു. പക്ഷേ നമുക്ക് തോന്നുംപോലെ മാറ്റിയെഴുതാമായിരുന്ന കഥയല്ലല്ലോ ആ ജീവിതം. നമ്മൾ രൂപപ്പെടുത്തിയ കഥാപാത്രമാണോ ക്രിസ്തു?
ചീത്തവിളികളിൽ സംരക്ഷിക്കപ്പെടുന്ന ക്രിസ്തുവിനെ ആരാധിക്കാൻ മനസാക്ഷി അനുവദിക്കാത്ത  വിശ്വാസികളെ കണ്ടില്ലെന്നു ഭാവിക്കരുത്. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ