Gentle Dew Drop

ഏപ്രിൽ 20, 2020

ദൈവരാജ്യം അകലെയല്ല, എന്നാൽ....

അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്, ഒരു വേദപാഠസെമിനാർ ഉണ്ടായിരുന്നു. ക്ളാസുകൾ നയിച്ചിരുന്ന അച്ചൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയും സമ്മാനങ്ങൾക്കർഹനാവുകയും ചെയ്തു. രണ്ടാം ദിവസമായപ്പോഴേക്കും സംശയമായി; പല സമ്മാനങ്ങളായിരിക്കുമോ, അതോ എല്ലാറ്റിനും കൂടെ ഒരു സമ്മാനം ആയിരിക്കുമോ അച്ചൻ തരുന്നത്. മൂന്നാം ദിവസം നാലുമണിയായി, സ്കൂൾമുറ്റത്ത് എല്ലാവരെയും ഒരുമിച്ചു കൂട്ടി. സമ്മാനം കിട്ടിയവരെ മുന്നോട്ടു വിളിച്ചു. ഒരു നല്ല മിഠായിപ്പൊതി തന്നിട്ട് എല്ലാവർക്കുംകൂടി കൊടുക്കാൻ പറഞ്ഞു. അതായിരുന്നു സമ്മാനം.

സ്വർഗ്ഗരാജ്യത്തിലെ വിരുന്നും നിത്യസമ്മാനവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നമ്മൾനേടിയ സമ്മാനങ്ങൾക്കു പോലും എല്ലാവരും അർഹമാകും. (വിശുദ്ധർക്കർഹമായ സമ്മാനങ്ങൾ അവർ നമ്മളുമായി സന്തോഷത്തോടെ പങ്കു വയ്ക്കുന്നുണ്ടല്ലോ). പ്രതിഫലം അന്വേഷിക്കാതെ നന്മചെയ്യുമ്പോൾ അത് സ്വർഗ്ഗരാജ്യത്തിൽ വലുതായിരിക്കും എന്ന് പറഞ്ഞത് അതുകൊണ്ടാണ്. തനിക്കു വേണ്ടി മാത്രം ലഭിക്കുന്ന പ്രതിഫലങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. അവ നമുക്ക് ഭാരമേറ്റുകയും സ്വയം നീതീകരിക്കുന്നവയാവുകയും ചെയ്യും. നമ്മൾ ചെയ്യുന്ന ഓരോ നന്മയും അത് ഉദ്ദേശിക്കുന്നതിലും അപ്പുറം ഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്, പലരിലൂടെ പടർന്നു വികസിക്കുന്നുമുണ്ട്. എങ്ങനെയൊക്കെയോ ഈ നന്മകൾ പരസ്പരം ബന്ധപ്പെട്ടുമിരിക്കുന്നു. അങ്ങനെയാണ് അവ ക്രിസ്തുരഹസ്യത്തിൽ ഒന്നായിച്ചേരുന്നത്. അങ്ങനെയാണ് നന്മകളൊക്കെയും അറിയപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത്. സ്വീകരിക്കുന്ന പ്രതിഫലമോ? ക്രിസ്‌തുതന്നെ.

രണ്ടാം വരവ് എന്നൊക്കെ പറയുമ്പോൾ നോക്കേണ്ടത് മേഘങ്ങളിലേക്കല്ല, ഉള്ളിലേക്കാണ്. മുളപൊട്ടാൻ കഴിയുന്ന നന്മകൾ എത്രമാത്രം ഉള്ളിലുണ്ടെന്ന് പരിശോധിച്ചറിയാൻ സ്വന്തം ഹൃദയത്തിലേക്കും, സഭയിലേക്കും, സമൂഹമനഃസാക്ഷിയിലേക്കും ആത്മാർത്ഥതയോടെനോക്കുകയെ വേണ്ടൂ, ക്രിസ്തുവിന്റെ ആഗമനം അടുത്തുകഴിഞ്ഞോ എന്ന് അറിയുവാൻ കഴിയും. ക്രിസ്തുവിലൂടെ ലഭ്യമായ കൃപയും സ്വാതന്ത്ര്യവും ഈ നന്മകൾ പുറപ്പെടുവിക്കുന്നില്ലെങ്കിൽ സകലത്തിലും വെളിപ്പെടുന്ന നന്മകളെ തിരിച്ചറിയുവാനും വീണ്ടുമൊരു 'വരവിനെ' എതിരേൽക്കുവാനും നമുക്ക് കഴിയില്ല.

സകലമനുഷ്യരുടേയും ഹൃദയങ്ങളിൽ നന്മയുടെ വിത്തുകളുണ്ട്. കഠിനതകളുടെ കാലത്ത് കൃപാവർഷവും ദൈവം ധാരാളം അനുവദിക്കും എന്നത് ഈ കാലഘട്ടത്തിൽ നമ്മെത്തന്നെ ബോധ്യപ്പെടുത്തണം. ഒരുക്കമാണെങ്കിൽ നമ്മിൽ നന്മകൾ മുളപൊട്ടി വളരും. നന്മകളുടെ പരിപുഷ്ടിയിലാണ് ജീവൻ വളരുകയും സമൃദ്ധമാവുകയും ചെയ്യുന്നത്. നന്മയിലാണ് നമ്മൾ ഐക്യപ്പെടുന്നതും പരസ്പരമുള്ള ആരോഗ്യവൽക്കരണത്തിന്റെയും സൗഖ്യത്തിന്റെയും ഉപകരണങ്ങളാകുന്നതും. ചെയ്യുന്ന നന്മകളെന്നപോലെതന്നെ നന്മയുടെ ഹൃദയത്തിനുടമയാകാനും കഴിയണം. അപ്പോഴേ നന്മ തേടാനും, നന്മയുടെ ഒരുപൊതുദർശനം ജീവിതമാതൃകയാക്കാനും കഴിയൂ. ഇന്നാളു വരെ നമുക്ക് ലഭ്യമായ അറിവുകളും സാങ്കേതികവിദ്യകളും ഈ നന്മയെത്തന്നെ ലക്‌ഷ്യം വച്ച് മുമ്പോട്ട് പോയെങ്കിലേ ഇനിയങ്ങോട്ട് നടക്കാനാകൂ. പരസ്പരം ബലപ്പെടുത്താനും ആശയങ്ങൾ കൈമാറാനും, കൂട്ടായ പ്രയത്നത്തിനും സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്.

കൃപാചാലകങ്ങളെ തടയുന്ന നമ്മിലെ തേങ്ങലുകൾ കൃപയാൽ ആശ്വസിക്കപ്പെടുമ്പോൾ മുളപൊട്ടിവളരുന്നത് നിരവധി നന്മകളാണ്. അവിടെയാണ് ദൈവരാജ്യം വളർന്നു തുടങ്ങുന്നത്.

ഇനിയുള്ള ലോകം, നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നന്മകളുടെ ആകെത്തുകയാണ്. അത് വലിയൊരു പ്രവൃത്തിയാണ്; ഒരു പുനഃസൃഷ്ടിയാണ്. ഇന്ന് ദുരന്തമാണെങ്കിലും നന്മയിൽ കാലൂന്നുകയും നന്മയെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ  നടന്നടുക്കുന്ന പ്രത്യാശാപൂർണമായ അവസ്ഥ നമ്മെ പ്രോത്സാഹിപ്പിക്കും.  മനുഷ്യൻ രൂപപ്പെട്ടതും, മനുഷ്യൻ മനുഷ്യനായതും ഈ ഭവനത്തിലെ സസ്യങ്ങളും മൃഗങ്ങളും ഉൾപ്പെടുന്ന അംഗങ്ങളുമായുള്ള നിരന്തര സമ്പർക്കങ്ങളിലൂടെയാണ്. തനിച്ചിരുന്ന് സുരക്ഷാഗൃഹങ്ങളിൽ മനുഷ്യരാകുവാൻ ആർക്കുമാവില്ല. കൃപ നമ്മിലുണ്ടാക്കുന്ന നന്മ ഈ സമ്പർക്കങ്ങളിലേക്കു കൂടി നമ്മെ നയിക്കുന്നു. ദൈവരാജ്യമെന്നത് അവയോടുള്ള ബന്ധങ്ങളും അവയിലുള്ള നന്മകളെ പിൻചെല്ലാനുള്ള നീതിബോധവും കൂടി ഉൾപ്പെട്ടിരിക്കുന്നു.

ദുരന്തമാനം നൽകി വിവരിക്കപ്പെട്ട ചില അന്ത്യകാല വ്യാഖ്യാനങ്ങൾ, പക്ഷേ, ഉള്ളതെല്ലാം കുഴിച്ചെടുത്തു വിഴുങ്ങാം എന്നുള്ള ഒരു സമീപനത്തിലേക്കാണ് വഴിവെച്ചത്. അഭൂതപൂർവ്വമായ വനനശീകരണവും, ഖനനവും വിഴുങ്ങിക്കളഞ്ഞത് മനുഷ്യനെത്തന്നെയാണ്; ഇരയാക്കപ്പെട്ട പാവങ്ങൾ പ്രത്യേകിച്ചും. ചൊവ്വയിലും ചന്ദ്രനിലും വീടുകൂട്ടാൻ ഇറങ്ങുന്നവർ ഇനിയും ഈ ഭവനം ജീവനുള്ളതാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്. നമ്മുടെ കാഴ്ചയിൽ പരാദവും, പാഴ്‌ച്ചെടികളും ആയവ പോലും എന്തൊക്കെയോ ശുശ്രൂഷ ചെയ്യുന്നവയാണ്. അവയുടെ യഥാർത്ഥ വാസസ്ഥാനങ്ങൾ ഇല്ലാതാകുമ്പോൾ മനുഷ്യരിലേക്ക് അവ വ്യാപിച്ചേക്കാം. നന്മകൾക്ക് പകരം സ്വാർത്ഥതയും അത്യാഗ്രഹവും കലർത്തിയ വാണിജ്യതാല്പര്യങ്ങൾ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്റെ ദുരന്തഫലങ്ങൾ ഇന്ന് നമുക്കെതിരെ നിൽക്കുന്നു.

മനുഷ്യന്റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, യഥാർത്ഥത്തിൽ പ്രധാനമായവയെ തിരിച്ചറിയാനും പ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റിനിർത്താനും ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവർത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാൽ ഇതിന്റെ വിപരീത ദിശയിൽ വാണിജ്യതാല്പര്യങ്ങൾ പ്രകൃതിക്കുമേൽ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതിൽ ഉൾച്ചേർന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിർത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുൻനിർത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ.

നന്മ ആഗ്രഹിക്കുക എന്നത് നമ്മുടെ മാത്രമല്ല ഭൂമിയുടെ കൂടെ ജീവന്റെ വിലയാണ്. നിശബ്ദമായ നന്മകളിലൂടെ നാളിതുവരെ മനുഷ്യന് നന്മ ചെയ്തവയാണ് ചുറ്റുമുള്ളത്. ഒരായുസ്സുകൊണ്ട് നന്മയുടെ ഈ കൂട്ടുകുടുംബത്തിലേക്ക് എത്രമാത്രം നന്മയെ പ്രസരിപ്പിക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് ധ്യാനിക്കേണ്ടതുണ്ട്.

ദൈവരാജ്യം  അകലെയല്ല, എന്നാൽ....
___________________ 
ക്രിസ്തുവിന്റെ രണ്ടാം 'വരവ്' വെളിപാടിന്റെ ഭാഗം തന്നെയാണ്. സൃഷ്ടിയിൽ സ്വയം വെളിപ്പെടുത്തിയ ദൈവം, ആ വെളിപാടിന്റെ പൂർത്തീകരണമാണ് 'രണ്ടാംവരവിൽ' നൽകുന്നത്. ആ വെളിപാടിന്റെ നിമിഷത്തേക്ക് സകല മനുഷ്യരും സൃഷ്ടികളും എത്തിച്ചേരുന്നതിനായിട്ടാണ് നമ്മൾ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അതിനു വേണ്ടിയുള്ള ഒരുക്കം ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം സൃഷ്ടി അതിന്റെ പൂര്ണതയെ കാത്തിരിക്കുന്നു. അതിലേക്കു നമ്മളെ ഒരുക്കുകയാണ് സുവിശേഷം ചെയ്യുന്നത്. സുവിശേഷം എന്നാൽ മത്തായി മുതൽ യോഹന്നാൻ വരെയുള്ള പുസ്തകങ്ങളിലെ വാക്യങ്ങളല്ല, ക്രിസ്തുവിന്റെ സമീപനങ്ങളാണ്. സുവിശേഷപ്രഘോഷകർ എന്ന നിലയിൽ പ്രഘോഷകരും, മതമാധ്യമങ്ങളും എടുക്കുന്ന കാഴ്ചപ്പാടുകളും മുൻഗണനകളും ക്രിസ്തുസമീപനങ്ങളെ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിന്റെ വരവിനുവേണ്ടി സ്വയം ഒരുങ്ങുവാനും ആളുകളെ ഒരുക്കുവാനുമാകൂ. പ്രാർത്ഥനകളുടെ എണ്ണത്തിലും അളവിലും, അഖണ്ഡ സ്വഭാവത്തിലും, സമയദൈർഘ്യത്തിലും, അനുഷ്ഠാനങ്ങളുടെ നിഷ്ഠയിലും ഉള്ള ശ്രദ്ധ നമുക്ക് നൽകുന്ന ചെയ്തികളുടെ സംതൃപ്തിക്കപ്പുറം യേശുവിന്റെ സമീപനങ്ങൾ ഇനിയും ഉള്ളിൽ വളരേണ്ടതുണ്ട്.
ചുരുക്കത്തിൽ, ക്രിസ്തു എന്ന് വന്നാലും ആവശ്യമായ ഒരുക്കത്തിന്റെ അവസ്ഥ "സന്മനസുള്ളവർക്ക് സമാധാനം" എന്ന ചെറുവാക്യത്തിൽ അടങ്ങിയിരിക്കുന്നു.
 See  also  ലോകാവസാനം വെളിപാടും നവീകരണവും 

               അന്ത്യങ്ങൾക്ക് ഒരു അന്തമുണ്ടാവുമോ? ലോകാവസാനചിന്തകളുടെ പശ്ചാത്തലവും  ലക്ഷ്യങ്ങളും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ