Gentle Dew Drop

ഏപ്രിൽ 12, 2020

ഉയിർപ്പിന്റെ നക്ഷത്രം

യേശു ജനിച്ചപ്പോൾ നക്ഷത്രം ഉദിച്ചു,
ഉയിർത്തപ്പോൾ ഉദിച്ച താരം എവിടെയാണ്?

ഉയിർപ്പിന്റെ ഉദയരശ്മി ഉള്ളിലാണ് തെളിയുന്നത് -
കല്ലറക്ക് പുറത്ത് നിന്ന മറിയം അവനെ തിരിച്ചറിഞ്ഞില്ല,
ക്രിസ്തു അവളെ പേരുചൊല്ലി വിളിച്ചു: "മറിയം"
തോമസ് അർത്ഥമില്ലാതെ പുറത്തുനടന്നു,
അവനെയും ക്രിസ്തു പേരെടുത്തു വിളിച്ചു: "തോമസ്"
പുതിയ പ്രകാശം ഉണരാൻ അത് മതിയായിരുന്നു.

ഇരുളിന്റെ ശൂന്യതയിൽ ഏകാന്തമാകുമ്പോൾ,
അപമാനത്തിന്റെ മുള്ളുകൾ വേദനിപ്പിക്കുമ്പോൾ,
മരണം ഭീതിപ്പെടുത്തുകയും കീഴ്പെടുത്തുകയും ചെയ്യുമ്പോൾ
ക്രിസ്തു നിങ്ങളുടെയും പേര് വിളിക്കുന്നത് കേൾക്കുക,
മൃദുലമായ സ്വരം, സ്നേഹപൂർണ്ണം
"നീ എന്റേതാണ്"

അനുഷ്ഠാനങ്ങളുടെ ആർഭാടങ്ങളും കപടതകളുടെ അലങ്കാരങ്ങളും അഴിച്ചുവച്ച്
പച്ചമനുഷ്യനായി ക്രിസ്തുവിനോടൊത്ത് നടക്കാൻ കഴിയട്ടെ.
ജീവിതത്തിന്റെ ഉദയാസ്തമയങ്ങളിലൂടെയും ഋതുഭേദങ്ങളിലൂടെയും കടന്നുപോകാൻ
ക്ഷമയോടെ ആ സ്നേഹത്തിൽ നിലനിൽക്കാം.
അവൻ മാന്ത്രികനല്ല, സ്നേഹിതനാണ്.
അവനെക്കുറിച്ചുള്ള മുൻവിധികളെല്ലാം മാറ്റിവച്ച് അവനിൽ വിശ്വസിക്കാൻ നമുക്കാവട്ടെ.
അവനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും മാത്രമല്ല,
അനുചിതമായ വർണ്ണങ്ങളിൽ നെയ്തുചേർക്കപ്പെട്ട പ്രതീക്ഷകളും മാറ്റിവയ്ക്കപ്പെടണം.
നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും അറിയുന്ന, ബലപ്പെടുത്തുന്ന, കാത്തിരിക്കുന്ന സ്നേഹിതനാണവൻ; സ്നേഹം കൊണ്ട് ജീവൻ പകരുന്നവൻ.

പച്ചമനുഷ്യനാകാൻ തയ്യാറാണെങ്കിൽ ഉത്ഥിതന്റെ യഥാർത്ഥ സാന്നിധ്യം അറിയാം,
പച്ചദൈവമായി, സ്നേഹിതനായി.
ജാലവിദ്യകാണിക്കുന്നവനായല്ല, ജീവനും ബലിനൽകാൻ തയ്യാറാകുന്ന സ്നേഹിതനായി.

ആ വഴി നടന്നേ തീരൂ; ഞാനിന്നു പഴയ മനുഷ്യനല്ല എന്ന് വഴിയിലെപ്പോഴോ ഒരു നിമിഷം നമ്മൾ തിരിച്ചറിഞ്ഞേക്കാം. സന്തോഷം കൊണ്ട് നമ്മൾ വിതുമ്പുന്നേരവും ആശ്വസിപ്പിക്കുന്ന ഒരു ചെറുപുഞ്ചിരി ആ മുഖത്തുണ്ടാകും. കേൾക്കാനിഷ്ടമുള്ള പേര് വിളിച്ചു തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ