Gentle Dew Drop

ഡിസംബർ 23, 2022

ആരാധനക്കെന്ന വണ്ണം

നിങ്ങൾ ആരാധനക്കെന്ന വണ്ണം അനുഷ്ഠാനങ്ങൾ വർത്തിക്കുമ്പോൾ എനിക്ക് ഭയമാണ് എന്ന് ദൈവം പറഞ്ഞേക്കും. രക്ഷകനായി പിറന്നവനെ കൊന്നു കളയാനുള്ള ഉത്തരവ് പോലെ മൂർച്ചയേറിയതായി ആരാധനാക്രമത്തിൽ ചാലിച്ചു ചേർക്കുന്ന അധികാരകാഠിന്യം.

നിങ്ങളുടെ കാഴ്ചകളോട് ഞാൻ മുഖം തിരിച്ചു കളയും എന്ന് ഏശയ്യയിലൂടെ പറഞ്ഞത് നീതിയുടെ ഒരു ഹൃദയത്തിൽ പ്രതീക്ഷ വച്ച് കൊണ്ടാണ്. ഏതൊക്കെ തരത്തിൽ വളയത്തിലൂടെ ദൈവത്തെ ചാടിക്കാനാണ് ദൈവത്തിനു സ്വീകാര്യവും യോഗ്യവുമായ ആരാധന എന്ന വണ്ണം 'ക്രമങ്ങൾ' നിർമ്മിക്കുന്നത്? ദൈവത്തിനു പേടിയാണ് ഇന്ന് ആരാധനാക്രമങ്ങളെ. പരിശുദ്ധിയുടേയും സമാധാനത്തിന്റെയും വാതിലാവേണ്ട അവ മുറിപ്പെടുത്തുന്ന ദംഷ്ട്രകളായിരിക്കുന്നു.
തിരുപ്പിറവിക്കെങ്കിലും സമാധാനത്തിന്റെ ഒരു ബലിയെങ്കിലുമുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു.

ഒരു പീഠത്തിന്മേൽ തൈലാഭിഷേകം നടത്തിയത് കൊണ്ട് രൂപപ്പെടുത്താവുന്നതല്ല ക്രിസ്തുവിന്റെ ബലിപീഠം. അത് ഹൃദയത്തിന്റെ ബലിയിൽ നിന്നാണ്. ബലിപീഠത്തിന്റെ പരിശുദ്ധിയും നിലകൊള്ളുന്നത് ഹൃദയത്തിന്റെ ത്യാഗത്തിലും കൂട്ടായ്മയിലുമാണ്. അതില്ലാതെ കാണപ്പെടുന്ന വിശുദ്ധ സ്ഥലമോ വിശുദ്ധ പീഠമോ കപടതയാണ്. തകർന്ന ബലിപീഠങ്ങളെ വീണ്ടും ഉയർത്തേണ്ടത് മതത്തിന്റെ പുനഃസൃഷ്ടിയുടെ ആവശ്യമായി കരുതുകയും എന്നാൽ കലഹവും പോർവിളിയുമായി സമരസപ്പെട്ടു കഴിയുകയും ചെയ്യുന്നത് തുടർന്ന് കൊണ്ട് പോകുന്ന വിഗ്രഹാരാധനയാണ്. യഥാർത്ഥത്തിൽ ഇല്ലാത്തതിനെയാണ് പ്രതീകങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത്.

ആധിപത്യത്തിന്റെയും ജയത്തിന്റെയും അടയാളമായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ ക്രിസ്തുവിന്റെ ബലിയായി കരുതാൻ കഴിയില്ല. ഏതു അധികാരിയുടെ അംഗീകാരപത്രം അതിനുണ്ടായിരുന്നാലും. ഏതു വിശുദ്ധകർമ്മത്തിന്റെ നിർവൃതിയാണ് ആ അനുഷ്ഠാനങ്ങളിൽ ഉള്ളത്. അത് ആവർത്തിക്കുന്ന ഓരോരുത്തരും ശൂന്യമായ അനുഷ്ഠാനത്തെ പ്രകീർത്തിക്കുകയാണ്. സ്വയം ശൂന്യനാക്കിയ ക്രിസ്തുവിന്റെ ജീവദായകമായ ബലിയുടെ കുരിശിൽ നിന്നും ക്രിസ്തുവിനെ നീക്കിക്കളഞ്ഞ്, ശുശ്രൂഷക്കു പകരം ആധിപത്യം ഉറപ്പാക്കുന്നവർ, ആ കഠിനതയെ മൗനം കൊണ്ട് പുതപ്പിക്കുന്നവർ, നീതിയുടെ വസ്ത്രത്തിനു പകരം അവന്റെ അങ്കിക്കു വേണ്ടി കുറിയിടുന്നവരാണ്. വിശുദ്ധ സ്ഥലത്തിന് പകരം അവർ അനുസ്മരിക്കുന്നതും ആഘോഷമാക്കുന്നതും 'തലയോട്ടിയുടെ സ്ഥല'ത്തിന്റെ ജീര്ണതയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ