ആത്മാർത്ഥമായ ഒരു വീണ്ടുവിചാരത്തിനു തയ്യാറാവാതെ, ക്രിസ്തുവിന്റെ മനോഭാവത്തിന് യോജിക്കാത്തതെന്തും ഉപേക്ഷിക്കുവാൻ മനസ്സാകാതെ പ്രാർത്ഥനായജ്ഞങ്ങളും ഉപവാസങ്ങളും നടത്തിയതു കൊണ്ട് ഭക്തി ഒരു മായയാകുന്നേയുള്ളു. സത്യത്തെ ഉൾപ്പെടുത്തുന്ന പ്രാർത്ഥനയല്ല അത്. ഇടയന്റെ മർദ്ദനമുറകളിൽ ഐക്യം പ്രതീക്ഷിക്കുന്ന പുത്തൻ സഭാശാസ്ത്രം അനുസരിച്ചു ഇടപെടൽ നടത്തുന്നവനല്ല ദൈവം. സഭയിൽ പരിശുദ്ധാത്മാവിനു സ്ഥാനമുണ്ടോ എന്ന് ഗൗരവമായി ധ്യാനിക്കാൻ ഒരുക്കമാണോ എന്നാണ് ഇന്ന് ധ്യാനിക്കേണ്ടത്. ഹൃദയകാഠിന്യം മാറ്റാൻ തയ്യാറാകാതെ എത്ര ഉപവസിച്ചാലും ദൈവം ഇടപെടുമെന്ന് കരുതരുത്. ആത്മാർത്ഥവും കൃപാപൂർണ്ണവുമായ വിചിന്തനമാണ് പ്രാർത്ഥനകളെയും ഉപവാസങ്ങളെയും നയിക്കേണ്ടത്. ആ സുതാര്യതയും വിവേചനവും ഉണ്ടാകുന്നില്ലെങ്കിൽ ഭക്തി ഫലശൂന്യമായ ഒരു മായയായി ചുരുങ്ങും. പ്രാർത്ഥിക്കാനും ഉപവാസമെടുക്കാനും ആഹ്വാനം ചെയ്യണ്ടത്, മാനസാന്തരത്തിനായിട്ടാണ്. അഹന്ത, അധികാരമോഹം, മർക്കടമുഷ്ടി, ഹൃദയകാഠിന്യം ഇവയൊക്കെയാണ് അകന്നുപോകേണ്ടത്. അത് നമ്മൾ വിഗ്രഹമാക്കി വെച്ചിരിക്കുന്നവരിലാണെങ്കിൽക്കൂടി അത് സംഭവിക്കേണ്ടതിനായി ആഗ്രഹിക്കണം. അതില്ലാതെ ഐക്യത്തിന്റെ പ്രക്രിയ ഉണ്ടാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ