Gentle Dew Drop

ഡിസംബർ 29, 2022

രാജദണ്ഡും പടക്കോപ്പുകളും

 "ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല" എന്നത് തീർത്തും ശരിയല്ല. അവർ ചെയ്യുന്നത് എന്താണെന്നു അവർ വ്യക്തമായി അറിഞ്ഞിരുന്നു. പക്ഷേ, അത് അവർക്കു ശരിയും വിശുദ്ധവുമായിരുന്നു എന്നതാണ് കാര്യം. ബലിപീഠത്തിനു മുകളിൽ ചാടിക്കയറുകയും, തള്ളിമാറ്റുകയും, അൾത്താര വിരിപ്പുകൾ വലിച്ചു മാറ്റുകയും ചെയ്തവർ, ബലിപീഠത്തിൽ വിജാതീയ ബലിയർപ്പിച്ച ആളെ മക്കബായരിലെ മത്തയാസും മക്കളും വധിച്ച കർമ്മത്തെപ്പോലെ ഒരു വിശുദ്ധീകരണ കർമ്മം ചെയ്തു എന്നാവാം വിശ്വസിക്കുന്നത് (ആരുടെയെങ്കിലും നിർദ്ദേശപ്രകാരം ചെയ്തെങ്കിൽ അത് വേറെ കഥയാണ്). അത് കൊണ്ടാവണം അവിടെ പരികർമ്മം ചെയ്യപ്പെട്ടു കൊണ്ടിരുന്ന കുർബാന ക്രിസ്തുവിനെ അപമാനിക്കലാണെന്നും, സാത്താൻ കുർബാനയാണെന്നും അവർ പറഞ്ഞത്. 

നാലഞ്ചു ദിവസങ്ങളിൽ വികസിച്ചു വന്ന ചിന്തയല്ല, ജനാഭിമുഖ കുർബാനകൾ അസാധുവാണെന്നും അത് അർപ്പിക്കുന്ന പുരോഹിതർ പരികർമ്മം ചെയ്യുന്ന കൂദാശകളിൽ കൃപയില്ലെന്നുമുള്ള വ്യാഖ്യാനം. സഭയോട് അനുസരണത്തോടെ ചേർന്നു നില്കാത്തവർ അർപ്പിക്കുന്ന ബലികളും പരികർമ്മം ചെയ്യുന്ന കൂദാശകളും വിലയുള്ളതല്ല എന്നതായിരുന്നു കാരണം. ഇതൊന്നും ഒരു ഔദ്യോഗിക രേഖകളിൽ പ്രസ്താവിച്ചിട്ടുള്ളതല്ല. പക്ഷേ പല വിധേന ആളുകളുടെ മനസ്സിൽ രൂപപ്പെട്ടിട്ടുള്ള ധാരണകളാണ്. നാട്ടിൽ നടത്താൻ ആഗ്രഹിച്ച മാമോദീസകൾ ഇത്തരം അസാധുത ഒഴിവാക്കാനായി പുറത്തുള്ള തങ്ങളുടെ രൂപതകളിൽ നടത്തിയ ഒത്തിരിയേറെ പേരുണ്ട്. കുമ്പസാരത്തിനു വേണ്ടി വിഷമിച്ചവരുണ്ട്. 

കുർബാനയെക്കുറിച്ചും കൂദാശകളെക്കുറിച്ചും മാത്രമല്ല, മറ്റു പല കാര്യങ്ങളെക്കുറിച്ചും സ്വയം പ്രഖ്യാപിത സഭാവാക്താക്കളും ചില ചാനലുകളും സമൂഹമാധ്യമ ഗ്രൂപ്പുകളും വിശ്വാസികൾക്ക് രൂപപ്പെടുത്തി കൊടുത്ത ദൈവശാസ്ത്രം ഉണ്ട്. അതാവട്ടെ, അപരവൽക്കരണവും സംശയവും പകയും വെറുപ്പും, പ്രതികാരവും ന്യായീകരിക്കുന്ന പുതിയ സുവിശേഷത്തെ അവതരിപ്പിച്ചു കൊണ്ടുമായിരുന്നു. അതിക്രമങ്ങൾക്ക് വിശുദ്ധമുഖം നൽകിയ അത്തരം വ്യാഖ്യാനങ്ങൾ രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ ബൈബിൾ പണ്ഡിതരും വിശ്വാസപ്രഘോഷണത്തിനു വേണ്ടിമാത്രം  തുടക്കം കുറിച്ച അഭിഷേകം നിറഞ്ഞ ചാനലുകളും ധ്യാനഗുരുക്കളും വിശ്വാസവും പാരമ്പര്യങ്ങളും നഷ്ടപ്പെടാതിരിക്കാൻ ഉണ്ടാക്കിയ സമൂഹ മാധ്യമ ഗ്രൂപ്പുകളും ഉണ്ട്. ക്രിസ്തുവിനു അന്യമായ മനോഭാവങ്ങളെ വിശുദ്ധീകരിച്ചു നൽകിയത് അവരാണ്. അവർ പറഞ്ഞതും പ്രചരിപ്പിച്ചതും വിശ്വാസത്തോട് ചേർന്നതല്ലെന്നും സഭയുടെ നിലപാടല്ലെന്നും ഉറച്ചു പറയാൻ ആരും ഉണ്ടായിരുന്നില്ല. വിശ്വാസികൾ പോരടിക്കുന്നതും, അസഭ്യം ചൊരിയുന്നതും, സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നതും നേർക്കാഴ്ചയായിരുന്നിട്ടും പലതും വിശുദ്ധീകരിക്കപ്പെട്ടു. 

നാലഞ്ചു വർഷങ്ങളായി താലോലിച്ചു വളർത്തിയ അപരവിദ്വേഷവും അതിനു നൽകപ്പെട്ട ന്യായീകരണങ്ങളും മറ്റൊരുതരത്തിൽ വിശുദ്ധി-അശുദ്ധിയെക്കുറിച്ചും പുതു ധാരണകൾ സൃഷ്ടിച്ചു. വിശ്വാസം, തീക്ഷ്ണത, പ്രഘോഷണം എന്നിവയെല്ലാം പുനഃനിർവചിക്കപ്പെട്ടു. ആ പുതിയസുവിശേഷത്തിന്റെ സാക്ഷികളായവർക്ക് തങ്ങൾ ചെയ്യുന്ന പ്രവൃത്തികളൊക്കെയും വിശുദ്ധമാണ്.

ബലിപീഠത്തിൽ അക്രമം കാട്ടിയവരുടെ പ്രവൃത്തികൾ അപലപനീയമാണ്. എന്നാൽ അവരേക്കാൾ വലിയ തെറ്റുകാർ, അവരെ അത്തരം പ്രവൃത്തിയിലേക്കു നയിച്ചവരും, അവരുടെ പ്രവൃത്തികളെ ന്യായീകരിച്ചവരും, അവരെ തെറ്റിദ്ധരിപ്പിച്ചവരുമാണ്. അവർ ചെയ്തത് സഭക്ക് വേണ്ടി എന്ന് അവർ കരുതുന്നു. എന്നിരുന്നാലും, സ്വന്തം സമീപനങ്ങളെ സുവിശേഷമൂല്യങ്ങളോട് തട്ടിച്ചു നോക്കേണ്ടത് അവരുടെ തന്നെ കടമയായിരുന്നു. ഒരു പക്ഷത്തോടുള്ള പകയും വാശിയും, അധികാരികളോടുള്ള അധാർമ്മികമായ പ്രതിപത്തതയും സുവിശേഷ വിരുദ്ധമായവയെ ന്യായീകരിക്കുകയില്ല.

ഈ പ്രവൃത്തികൾ ഏതാനം ചിലരിലൊഴികെ കണ്ടവർ ആരിലും വലിയ വിഷമം ഉണ്ടാക്കി  എന്നത് സത്യമാണ്. സാധാരണക്കാരെ സംബന്ധിച്ച് വ്യസനം, അസ്വീകാര്യമായ ഒരു വേദനയെക്കുറിച്ചാകുമ്പോൾ പരിതപിക്കാനേ വഴിയുള്ളൂ. ഈ വേദന സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നുള്ള പ്രതികരണം തേടുന്നതാണെങ്കിൽ വെറുതെ പരിതപിക്കുന്നതും മാപ്പുപറയുന്നതും പരാജയമാണ്. ഈ വ്യസനം സ്വന്തം ഉത്തരവാദിത്വത്തെ  മറച്ചുവെച്ചുകൊണ്ട് മറ്റുള്ളവർക്ക് നേരെ മുനകൊള്ളിക്കുന്നതാണെങ്കിൽ അത് കപടതയുംആണ്. പശ്ചാത്താപവും മാനസാന്തരവും ഉണ്ടെങ്കിലേ വ്യസനത്തിന് ഹൃദയമുള്ളൂ. പശ്ചാത്താപവും മാനസാന്തരവും ചില തിരുത്തലുകളെ മുൻപിൽ കാണുന്നു. പുനഃസൃഷ്ടിക്കായുള്ള ആത്മാർത്ഥമായ പ്രയത്നം. സുവിശേഷത്തിനോ സഭാപ്രബോധനങ്ങൾക്കോ ചേർന്നതല്ലാത്ത ആധുനിക സുവിശേഷ വക്താക്കളിൽ നിന്നുള്ള പ്രചാരണങ്ങൾ തള്ളിപ്പറയാനുള്ള ധീരത ഇടയന്മാർക്ക് ഉണ്ടാകുമോ? ഞാനല്ല സംസാരിക്കേണ്ടതെന്ന ന്യായം പറയുന്നത് കാലഘട്ടത്തോടുള്ള വലിയ ഒരു വഞ്ചനയാണ്. പ്രബോധനത്തിന്റെ അധികാരമുള്ളവർ മൗനമായിരുന്നു കൊണ്ട് മാത്രമാണ് ഈ സംഘർഷങ്ങൾ ഇത്രത്തോളം വൈകാരികവും ജീർണ്ണവുമായത്. മാത്രമല്ല, അടി കൊഴുക്കുന്നത് സ്വന്തം വിജയമായി കണ്ടു രസിച്ചവരാണ് പലരും. ക്രിസ്തു പീഢിപ്പിക്കപ്പെടുമ്പോൾ അവന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്നു കൊണ്ട് ഉത്ഥാനസാധ്യത ധ്യാനിക്കേണ്ടവർ, വികലമാക്കപ്പെട്ട സുവിശേഷം ക്രിസ്തുവിന്റെ മുഖം വികൃതമാക്കുന്ന കണ്ടിട്ടും മൗനമായിരുന്ന സമയങ്ങളെകുറിച്ചാണ് വ്യസനിക്കേണ്ടത്. 

ഇനിയും ആധിപത്യവും കല്പനകളും ധാർഷ്ട്യവും പാലിക്കപ്പെടുന്ന സുവിശേഷത്തിന്റെ മൂല്യങ്ങളാകുമ്പോൾ സുവിശേഷത്തിന്റെ മരുഭൂശബ്ദം ഉയരേണ്ടതു അനിവാര്യമാണ്. രാജദണ്ഡും പടക്കോപ്പുകളും അനുവദിക്കപ്പെടുവോളം ക്രിസ്തു കൂടുതൽ ദൂഷിക്കപ്പെടാൻ വിട്ടു കൊടുക്കപ്പെടുകയാണെന്ന് ഇടയർ തിരിച്ചറിയാത്തതെന്തേ? 

................................ 

നേതൃത്വത്തിലുള്ള ഓരോരുത്തർക്കും, പരസ്പരം കേൾക്കുമ്പോൾ ഒരു പടി ആഴത്തിൽ ചോദിക്കാവുന്ന  ചോദ്യമാണ് "വരാനിരുന്നവൻ നീ തന്നെയോ അതോ വേറൊരുവനെ കാത്തിരിക്കണമോ" എന്നത്. നീ എന്ത് കാണുന്നോ അത് ചെന്ന് പറയുക എന്ന് പറയാൻ തക്ക വിധം ജീവന്റെ സമൃദ്ധിയുണ്ടായിരുന്നു കാണപ്പെട്ടവയിൽ. നിങ്ങൾ കേൾക്കുന്ന ശബ്ദങ്ങളോട് പക്ഷം ചേരുന്നതിനും മുമ്പേ  അവരുടെ നിലപാടുകൾ "അന്ധർക്കു കാഴ്ചയും ബധിരർക്കു കേൾവിയും ദരിദ്രന് സുവിശേഷവും" നൽകുന്നോ എന്ന് ആലോചിച്ചു നോക്കൂ. വിലാപവും പല്ലുകടിയും സൃഷ്ടിക്കുന്ന യാഥാസ്ഥിതിക വാദങ്ങളിൽ സുവിശേഷത്തിന്റെ ലാവണ്യമല്ല കാളിയ വിഷമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ