Gentle Dew Drop

ഡിസംബർ 20, 2022

അവിയൽ കിച്ചടി ആത്മീയത

അവിയൽ കിച്ചടി ആത്മീയതയാണ് ഇപ്പോൾ കൂടുതൽ പ്രിയങ്കരം. ചിലതു ചിലപ്പോൾ ശരിയാകും ചിലപ്പോൾ ആവരുത്  എന്നതാണ് സൗകര്യപൂർവം ഉപയോഗിക്കാവുന്ന ലോജിക്.

ദൈവത്തിനു വേണ്ടി പരസ്യം നൽകേണ്ട ഗതിയിലേക്കാണ് ഭക്തികളും ഭക്തി കേന്ദ്രങ്ങളും കാര്യങ്ങൾ എത്തിക്കുന്നത്. ഉഗ്രൻ പരസ്യങ്ങൾ അവയുടെ അതിശയോക്തി കൊണ്ട് തന്നെ  സ്വയം പരിഹസിക്കുകയും ദൈവത്തെ അപഹാസ്യമാക്കുകയുമാണ്.

ഭരതനാട്യം ഒന്നാം പ്രമാണത്തിന് എതിരാണ്. അച്ചനോ സിസ്റ്ററോ ഭരതനാട്യം കളിച്ചാൽ അത് അപൂർവ്വമായ നേട്ടമാണ്. ബാങ്ക് ജോലിക്കാരോ ശാസ്ത്രജ്ഞരോ എൻജിനീയറോ ഒക്കെ ധനമോഹികളും ലൗകികരുമാണ്. അവർ അത് ഉപേക്ഷിച്ച് വൈദികരോ സന്യസ്ഥരോ ആയാൽ അവർ ദൈവത്തെ എല്ലാറ്റിനുമുപരി സ്വീകരിച്ചവരായി. ഇനി ഇതേ ആളുകൾ ഒരു റോബോട്ട് ഡിസൈൻ ചെയ്യുകയോ ഡോക്ടറാവുകയോ ചെയ്‌താൽ അത് മാതൃകയും ദൈവമഹത്വവുമാണ്.

പാപവും പിശാചുമാണ് വിശ്വാസത്തിന്റെ ഏറ്റവും പ്രധാന കാര്യങ്ങളെന്ന് ബോധ്യപ്പെട്ടിട്ടുള്ളവരുണ്ട്. സകലയിടത്തും പാപവും ശാപവും പിശാചുമാണവർക്ക്. ടാറ്റൂ ഇടുന്നതു തന്നെ പിശാചുമായിട്ടുള്ള പരിപാടിയാണ്. അത് മാതാവിന്റെ ടാറ്റൂ ഇടുന്നത് ഒരു ഹീറോ ആണെങ്കിൽ അത് വിശ്വാസത്തിനു സാക്ഷ്യമാണ്. കറുത്ത വസ്ത്രം, ചരട് എല്ലാം പിശാചുമായുള്ള ബന്ധമോ ലൈംഗിക തൃഷ്ണയെ കാണിക്കാനോ ആണ്. ജീവിതശൈലികളെ അറിയാൻ ശ്രമിക്കാതെ പിശാച് പ്രേമം കൊണ്ട് വിശ്വാസത്തിനു പരിഭാഷ നല്കപ്പെടുകയാണ്. പലയിടങ്ങളിലും കറുത്ത ചരട് കാലിൽ കെട്ടുന്നത് സുരക്ഷിതത്തെ സൂചിപ്പിച്ചുകൊണ്ടാണ്. ഞങ്ങളുടേതല്ലാത്ത എല്ലാ പ്രാദേശിക ആചാരങ്ങളും ഏതെങ്കിലും തരത്തിൽ പിശാചുമായി ബന്ധപ്പെട്ടതാണ്. ആഫ്രിക്കക്കാർ നൃത്തം ചെയ്യരുത്, ലാറ്റിൻ അമേരിക്കക്കാർ ദേഹത്തു ടാറ്റൂ പോലെ ചായം തൂക്കരുത്, അവയൊന്നും ദൈവത്തിനു ഇഷ്ടമല്ല. 'പ്രാകൃതമാണ്' അവ. പ്രാകൃതമായതെല്ലാം പൈശാചികമാണെന്ന് ആരു പറഞ്ഞു? പ്രാകൃതമായതെല്ലാം അശുദ്ധമാണെന്നു ആരു പറഞ്ഞു? ഞങ്ങളുടെ രീതികൾ 'പരിഷ്കൃതമായതു കൊണ്ട് അവർ പ്രകൃതരാകേണ്ടത് ഞങ്ങളുടെ വിശുദ്ധ സമ്പ്രദായങ്ങളുടെ മേൽക്കോയ്മക്ക് അനിവാര്യമാണ്. അതുകൊണ്ട് ദൈവം മ്ലേച്ഛമായിക്കരുതുന്നെന്ന വിഭാഗത്തിലേക്ക് അവരുടെ ജീവിതശൈലിയെ ചേർത്ത് വയ്ക്കാം. 'ശുദ്ധമായ' ആരാധനാക്രമങ്ങളുണ്ടാക്കാം.  'പൂർവ്വപിതാക്കന്മാർ' ബലിപീഠം സ്ഥാപിക്കുന്നതും, കല്ല് സ്ഥാപിക്കുന്നതും, എണ്ണ ഒഴിക്കുന്നതും, സ്വകാര്യഭാഗങ്ങളിൽ കൈവച്ചു ആണയിടുന്നതുമൊക്കെ വളരെ നാടകീയമായി വിവരിച്ചിരിക്കുന്നതിനാൽ അവയൊക്കെ ഭയങ്കരമാം വിധം പരിശുദ്ധമാണ്. 

ചിലപ്പോൾ സമാധാനപ്രിയരായ ഞങ്ങൾ ചിലപ്പോൾ പീലാത്തോസിനെ കണ്ണിൽ നോക്കി വെല്ലുവിളിച്ച ക്രിസ്തുവിന്റെ അനുയായികളാണ്. ചിലപ്പോൾ ഞങ്ങൾ സഹനത്തിലേക്കു വിളിക്കപ്പെട്ടവരാണ്, എന്നാൽ ചിലപ്പോൾ ഇരകളാക്കപ്പെട്ട വെല്ലുവിളിക്കേണ്ട പ്രതികരിക്കേണ്ട ആളുകളാണ്. ചിലർ (അവർ) നമ്മുടെ ദേവാലയങ്ങളിലേക്കു വരുന്നതുതന്നെ അത് അശുദ്ധമാക്കാനാണ്, എന്നാൽ ചിലർ വന്ന് എന്ത് കാണിച്ചു പോയാലും നമ്മുടെ കാര്യം ചെയ്യുന്നത് കൊണ്ട് അവർ നല്ലവരാണ്.

ഞങ്ങൾ പറയുന്നത് കേൾക്കാത്തവർ എല്ലാം അവിശ്വാസികളും ലൗകികരുമാണ്; ദൈവരഹിതരാണവരൊക്കെ. യഥാർത്ഥ ലൗകികത മനോഹരരൂപത്തിൽ ചാലിച്ച് തരുന്ന ഉപഭോഗജീവിതശൈലി ഏതൊക്കെ തരത്തിൽ ഭക്തിയിലും ആഘോഷങ്ങളിലും വന്നു ചേരുന്നു എന്നതിനെക്കുറിച്ച് ഒരു അസ്വസ്ഥതയുമില്ല. ഇവന്റ് കളാകുന്ന തിരുനാളുകളും, ദേശീയവും അന്തർദേശീയവുമായ പാക്കേജുകളുമായി ആത്മീയ വിനോദയാത്രകൾ, ഫ്ളക്സുകൾ സ്പോന്സര്ഷിപ്സ് അങ്ങനെ ... ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും മാത്രമാണ് സത്യവിശ്വാസം. ഞങ്ങളുടെ ആരാധനയിലാണ് പ്രത്യേക അഭിഷേകമുള്ളത്, ഞങ്ങളുടെ എണ്ണയും തിരിയും മാത്രമാണ് ശുദ്ധമായത് . ഭക്തിയും വസ്തുക്കളുടെയും ഉപയോഗം പ്രചരിപ്പിക്കേണ്ടത് അതിന്റെ മാർക്കറ്റിന് ആവശ്യമാണ്, എന്നാൽ അതിനുള്ളിലെ അശുദ്ധമായവ എടുത്തു പറയേണ്ടത് ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് ശുദ്ധത കല്പിക്കേണ്ടത് ഞങ്ങൾക്ക് മാർക്കറ്റ് ഉറപ്പാക്കാനുമാണ്. 

തേച്ചൊടിക്കുന്ന, കണ്ടം വഴി ഓടിക്കുന്ന ആത്മീയ പ്രഭാഷണങ്ങളാണ് നമ്മൾ കാത്തിരിക്കുന്നത്. അവർ മാത്രമാണ് സത്യം പറയുകയും കാലത്തിന്റെ പ്രവാചകരാകുന്നതും. പ്രാർത്ഥനകളുടെ എണ്ണങ്ങൾ അളവുകൾ ഇവയൊക്കെ കൃത്യമായി പറഞ്ഞു തരാൻ പറ്റിയ ആളുകളാണ് ദൈവത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയും ഹൃദയവും കൃത്യമായി അറിയാവുന്നവർ. ഭൂമിയിലെ ഏറ്റവും നികൃഷ്ടനായ ജീവിയാണ് ഞാൻ എന്ന് ഏറെക്കുറെ ബോധ്യപ്പെടുത്താൻ കഴിയുന്ന ആളാണ് ഏറ്റവു നല്ല ആത്മീയ പ്രഘോഷകൻ. നിത്യത അനന്തത എന്നി വയെക്കുറിച്ചൊക്കെ മാത്രം ഓർത്ത് പരമാവധി ശരീരത്തെ അപമാനിച്ച്  പീഡിപ്പിച്ച് ജീവിക്കുന്നവരെയാണ് ദൈവത്തിന്  ഏറെയിഷ്ടം.

ഈ അവിയൽ കിച്ചടിയിൽ ദൈവം വിശ്വാസം ഒക്കെ വെറുതെ ഉപ്പും കായവും പോലെ ആവശ്യം പോലെ വിതറിയിട്ടിട്ടേയുള്ളു. എന്നാൽ ആത്മീയനും വിശ്വാസിയും വിശ്വാസസംരക്ഷകനുമായ എനിക്ക് അവ മാത്രമാണ് സത്യം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ