Gentle Dew Drop

ഒക്‌ടോബർ 04, 2026

വിശുദ്ധസ്ഥലം എവിടെയാണ്?

കുരിശിൽ തകർക്കപ്പെട്ട ശരീരത്തിന്മേലാണ് സഭയെന്ന ക്രിസ്തുശരീരം ഒരുമിച്ചുചേർക്കപ്പെട്ടത്. അസ്സീസിയിലെ വി ഫ്രാൻസിസിനെ ഓർക്കുമ്പോൾ പ്രധാനപ്പെട്ട മൂന്നു ധ്യാനചിന്തകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. അസ്സീസ്സിയിലെ തൻ്റെ ഭവനത്തിൽ നിന്നുള്ള വിടവാങ്ങൽ, ദേവാലയം പുതുക്കിപ്പണിയാനുള്ള വിളി, ജറുസലേമിലേക്കുള്ള തീർത്ഥാടനം. 

പാവങ്ങളുടെ ലോകത്ത് കുറേപ്പേർ സമ്പന്നമായ ഒരു ജീവിതം നയിച്ചിരുന്നു. ഫ്രാൻസിസ് അത്തരത്തിൽ സുഭിക്ഷിതയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരാളായിരുന്നു. പുറത്തുള്ള ലോകം വ്യത്യസ്തമായിരുന്നു, പുറത്തു ജീവിച്ച ആളുകളും വേറെ തട്ടിലുള്ള മനുഷ്യരായവരായിരുന്നു. അത്തരം മനുഷ്യരോട് ഒരു തരത്തിലുള്ള വെറുപ്പ് അല്ലെകിൽ അകൽച്ച തീർത്തും സ്വാഭാവികമായിരുന്നു. എന്നാൽ എവിടെയാണ് ഫ്രാൻസിസ് മാറിത്തുടങ്ങിയത്? വഴിയരികിൽ ഒരു ദിവസം ഒരു കുഷ്ഠരോഗിയെ കണ്ടപ്പോൾ കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി, അടുത്ത് ചെന്ന്, പഴുത്തൊലിക്കുന്ന ആ മുറിവ് മണമറിഞ്ഞു തൊട്ടു ചുംബിച്ചു. അവിടെ സമ്പന്നനായ വ്യാപാരിയുടെ ആഢ്യതയുടെ പുറങ്കുപ്പായം കീറിവീണു. അകറ്റി നിർത്തപ്പെട്ട വെറുക്കപ്പെട്ടവരിൽ  ക്രിസ്തുവിന്റെ ജീവനുള്ള ശരീരം ആലിംഗനം ചെയ്യുവാൻ ഫ്രാൻസിസിനു കഴിഞ്ഞു. 

ഫ്രാൻസിസ് അസ്വസ്ഥനായിരുന്നു. അത് പാവങ്ങളെ ചുറ്റും കണ്ടതുകൊണ്ടുമാത്രമായിരുന്നില്ല, മറിച്ച്, ക്രിസ്തുസാമ്രാജ്യമെന്നു സ്വയം വിളിച്ചിരുന്ന ഒരു ലോകത്ത് സുവിശേഷ ജീവിതം അന്യമായിരുന്നതുകൊണ്ടാണ്. ക്രിസ്തീയത എല്ലായിടത്തുമുണ്ടായിരുന്നു; മഹത്തായ കത്തീഡ്രലുകളിൽ, സ്വർണപാളികളിൽ എഴുതപ്പെട്ട വിശുദ്ധലിഖിതങ്ങളിൽ, രാഷ്ട്രീയ അധികാരങ്ങൾ ഉറപ്പിക്കുവാനും സ്വത്തവകാശം നിയമിതമാക്കുവാനും സുവിശേഷം അധികാരഭാഷയാക്കപ്പെട്ടിരുന്നു. ക്രിസ്തുവിനിടമില്ലാതിരുന്ന ഒരു ക്രൈസ്തവലോകം! അതുകൊണ്ടാണ് ഫ്രാൻസിസ് സുവിശേഷം ജീവിക്കുവാൻ എനിക്ക് അനുമതി നൽകുക എന്ന്  മാർപാപ്പയോട് പറഞ്ഞത്.

ജന്മിത്ത സമ്പ്രദായം നിലനിന്നിരുന്ന ആ സമയത്ത് സമൂഹം പലതട്ടുകളിൽ ഉള്ളവരായിരുന്നു. ഭൂവുടമകളും അതിൽ പണിയെടുക്കുന്ന പാവപ്പെട്ടവരും, ഭൂസ്വത്ത് സംരക്ഷിവാനും അതിർത്തികൾ നിലനിർത്താനും പ്രഭുക്കന്മാരോട് കൂറുള്ള യോദ്ധാക്കൾ, സന്യാസാശ്രമങ്ങളിലും സഭാകേന്ദ്രങ്ങളിലുമുള്ള 'പ്രാർത്ഥിക്കുന്ന' കൂട്ടം. താഴേക്കിടയിലുള്ളവർ നിസഹായരായി സഹിക്കേണ്ടതാണ് ദാരിദ്യ്രവും ദുരിതങ്ങളും. അത് ദൈവത്തിന്റെ ശിക്ഷയോ ശാപമോ ഒക്കെ ആകാം. അത് ദൈവേഷ്ടമാണ്. പ്രഭുക്കന്മാർക്കും മതധാർമ്മികൾക്കും പരോപകാരപ്രവൃത്തികൾ ചെയ്തുകൊണ്ട് പാപപരിഹാരം ചെയ്ത്  സ്വർഗം പ്രാപിക്കാനായി അത്യാവശ്യവുമായിരുന്നു പാവങ്ങൾ ഉണ്ടായിരിക്കുക എന്നത്. 

ദാരിദ്യം ദുരിതമാണ്, അത് തിന്മയാണ്. അതിനെ അത്യാവശ്യമായ ഒന്നായോ ദൈവേഷ്ടമായോ കാണാൻ ഫ്രാൻസീസിന് കഴിയുമായിരുന്നില്ല. എങ്കിലും, സ്വയമേ  ദാരിദ്യ്രത്തെ പുല്കുകയെന്നത് പരമമായ സ്നേഹത്തിന്റെ അടയാളമായി ഫ്രാൻസിസ് തിരിച്ചറിഞ്ഞു. ഉയർന്ന സിംഹാസനത്തിലിരുന്നുകൊണ്ട്  അശരണർക്ക് സഹായങ്ങൾ വിതരണം ചെയ്യുന്ന ഒരു പ്രഭുവിനെപ്പോലെയല്ല, മറിച്ച് മനുഷ്യന്റെ നിസ്സഹായാവസ്ഥയിലേക്കു സ്വയം ഇറങ്ങിവന്നവനാണ് ദൈവം.  ദൈവം തിരഞ്ഞെടുത്തു ധരിച്ച സത്യമായിരുന്നു ദാരിദ്ര്യം എന്നതുകൊണ്ട് ദാരിദ്ര്യം ഫ്രാൻസീസിന്  പരിശുദ്ധമായി. 

പദവികൾക്കും കീർത്തിക്കും വേണ്ടി പ്രഭ്വിമാരോട് കൂറ് പുലർത്തിയിരുന്ന യോദ്ധാക്കളുണ്ടായിരുന്നു. ദാരിദ്ര്യത്തെ പ്രഭുകുമാരിയെന്നു വിളിച്ചു പ്രണയിച്ച ഫ്രാൻസിസ് ധനമോഹത്തെയും സാമ്പത്തിക ലാഭത്തെയും സാമൂഹിക ഉയർച്ചയെയും ലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങളെ വെല്ലുവിളിച്ചു. സമ്പത്തും പദവികളും ഏറുംതോറും അവയെ സംരക്ഷിക്കാൻ ആയുധങ്ങളും നിയമങ്ങളും വേണ്ടിവരും, സംഘർഷങ്ങളും യുദ്ധങ്ങളും അനിവാര്യമാകും. എല്ലാം ഉപേക്ഷിച്ചപ്പോൾ അത്തരം സംരക്ഷണങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് കൂടി ഫ്രാൻസീസ് സ്വതന്ത്രനായി. ഒന്നും സ്വന്തമായി ഇല്ലാതിരുന്നവന് നഷ്ടപ്പെടാനും ഒന്നും ഇല്ലായിരുന്നു. ലോകത്തിലെ ഒരു ആകർഷണത്തിനും ആ  മനുഷ്യനെ വിലയ്ക്കെടുക്കാനോ കൈക്കൂലി നൽകി സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ നിർബന്ധിക്കാനോ കഴിയാതായിരുന്നു.

ഓരോ കാലഘട്ടത്തിലും, സമൂഹത്തിലുള്ള ദുർബലതകളെ മറച്ചുവെക്കാനുള്ള സംവിധാനങ്ങൾ സമൂഹംതന്നെ സൃഷ്ടിക്കാറുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ അസീസിയിൽ, കുഷ്ഠരോഗികളെ നഗരമതിലുകൾക്ക് പുറത്തേക്കു  നിയമപരമായിത്തന്നെ  മാറ്റി നിർത്തിയിരുന്നു. ദുർബലാവസ്ഥയിലുള്ളവരെ കാഴ്ചയിൽനിന്നും അകറ്റിനിർത്താനുള്ള സമാനമായൊരു പ്രവണതയാണ് ഇന്നത്തെ സംസ്കാരത്തെ നയിക്കുന്നത്. ഭവനരഹിതരെ നഗരമധ്യങ്ങളിൽനിന്ന് മാറ്റുന്നു; വയോജനങ്ങളെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഒതുക്കുന്നു; അഭയാർത്ഥികളെ വിദൂര ക്യാമ്പുകളിലോ അതിർത്തി മതിലുകൾക്കുള്ളിലോ തളച്ചിടുന്നു; അതുപോലെ, ജനിക്കാനിരിക്കുന്നവർ, ഗുരുതര രോഗബാധിതർ, മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ എന്നിവരൊക്കെ സാമൂഹികമായി അദൃശ്യരായിത്തീരുന്നു. "ഇന്ന് മനുഷ്യർ എവിടെയാണ്?" എന്ന് ചോദിച്ചാൽ, അവഗണിക്കാൻ സമൂഹം നമ്മോട് പറയുന്ന ഇടങ്ങളിലേക്ക് കൃത്യമായി നോക്കാനാണ് ഫ്രാൻസീസിന് ലഭിച്ച ഉൾവിളി ഇന്നേക്ക് നൽകുന്ന അർത്ഥം. പുനർനിർമ്മിക്കേണ്ട സഭയും അവർക്കിടയിലാണ്. 

ജെറീക്കോയിലേക്കുള്ള പാതയിൽ ഒരു നല്ല അയൽക്കാരനു  വേണ്ടി കാത്തുകിടക്കുന്ന മുറിവേൽക്കപ്പെട്ടവരുടെ ഇടയിലാണ് സഭ. സുവിശേഷത്തേക്കാൾ ഉപരിയായി സ്വന്തം അധികാരത്തിനോ സമ്പത്തിനോ സാംസ്കാരിക പദവിക്കോ മുൻഗണന നൽകുന്ന ഭരണസംവിധാനങ്ങളിലല്ല സഭയുള്ളത്. ഈ അവശിഷ്ടങ്ങൾക്കിടയിലാണ് നാം സഭയെ കണ്ടെത്തുന്നത്. മനുഷ്യദുരിതങ്ങളുടെ തകർച്ചയ്ക്കിടയിലേക്ക് കടന്നുചെന്ന് ജീവൻ വീണ്ടെടുക്കാനുള്ള  കൂട്ടായ  പ്രവൃത്തികളിലെല്ലാം സഭ നിലകൊള്ളുന്നു. സഭ എന്നത് ആരാധനാലയങ്ങളുടെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിനിൽക്കേണ്ടതല്ല. മറിച്ച്, സൂര്യനും ചന്ദ്രനും ജലവും കാറ്റും ഭൂമി മുഴുവനും ദൈവത്തിന്റെ ദാനങ്ങളായും ഒരു 'വിശ്വകുടുംബ'ത്തിലെ അംഗങ്ങളായും  മനുഷ്യർ കാണുന്നിടത്തെല്ലാം സഭ നിലകൊള്ളുന്നു. വിപണിയുടെ ലാഭ-നഷ്ട കണക്കുകൂട്ടലുകൾക്ക് പകരം കരുതലും ആതിഥ്യമര്യാദയും സാർവത്രിക സാഹോദര്യവും നിറഞ്ഞ ഒരു സംസ്കാരം രൂപപ്പെടുന്നിടത്താണ് സഭ ദൃശ്യമാകുന്നത്.

അഞ്ചാം കുരിശുയുദ്ധസമയത്ത്, ക്രിസ്തുസാമ്രാജ്യം വിശുദ്ധ ഭൂമി കീഴടക്കാൻ ശ്രമിച്ചത് സൈനിക അക്രമത്തിലൂടെയാണ്. ഫ്രാൻസിസ് സുൽത്താൻ അൽ-മാലിക് അൽ-കാമിലിനെ കാണാൻ നിരായുധനായി കടന്നു ചെന്നു. ശത്രുവായി സംശയത്തിന്റെ നിഴലിൽ അപരരെ നിർത്തുന്നതിനു പകരം  ഡാമിയേറ്റയിലെ കൂടാരത്തിൽ ഒരു ക്രിസ്ത്യൻ സന്യാസിയും ഒരു മുസ്ലീം സുൽത്താനും പരസ്പര ബഹുമാനത്തോടെയും പ്രാർത്ഥനയോടെയും സമാധാനത്തിൽ ഒരുമിച്ച് ഇരുന്നു. പുനർനിർമ്മിക്കപ്പെടുന്ന സഭയുടെ സാധ്യത അവിടെയുണ്ടായിരുന്നു.

ഫ്രാൻസിസിന്റെ ജെറുസലേം യാത്ര, സമാധാനത്തിനായുള്ള ഒരു ശ്രമവും  ഒരു തീർത്ഥയാത്രയുമായിരുന്നു. ഒരു തരത്തിൽ ആ യാത്ര പൂർണ്ണ പരാജയമായിരുന്നു:

കുരിശുയുദ്ധം തടയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല: കീഴടക്കലിന്റെ ലഹരിയിൽ ക്രിസ്തു യോദ്ധാക്കൾ ഫ്രാൻസീസിനെ പരിഹസിച്ചു തള്ളി. രക്തച്ചൊരിച്ചിലിന്റെ ദയനീയ യാഥാർത്ഥ്യത്തിനു മുമ്പിൽ നിസഹായനായി നിൽക്കേണ്ടി വന്നു.  

ബേത്ലെഹേമിലേക്കു പോകാനാകാതെ തിരിച്ചു നടന്ന ഫ്രാൻസീസ് മറ്റൊരു തിരിച്ചറിവിലേക്ക് നടന്നു: വിശുദ്ധസ്ഥലമെന്നത് ഒരു ഭൂപ്രദേശമായി കാണുന്നത് രക്തച്ചൊരിച്ചിലിന് മാത്രമേ വഴിവെക്കൂ എന്ന് ഫ്രാൻസീസ് തിരിച്ചറിഞ്ഞു. നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഗ്രെച്ചിയോ എന്ന ദരിദ്ര ഗ്രാമത്തിലേക്ക് അദ്ദേഹം "ബെത്‌ലഹേമിനെ" കൂടെക്കൂട്ടിക്കൊണ്ടുവന്നു. യഥാർത്ഥ തീർത്ഥാടനം ക്രിസ്തുഹൃദയത്തിലേക്കുള്ള യാത്രയാണ്. ബെത്ലെഹേം ഇവിടെയാണ്. ഇവിടെ മറ്റൊരു  ചോദ്യത്തിനു കൂടി ഉത്തരമാകുന്നു; "യഥാർത്ഥ വിശുദ്ധസ്ഥലം എവിടെയാണ്?"

ഫ്രാൻസീസ് പുനർനിർമിക്കുന്ന ദേവാലയം ഇന്നും തകർന്ന നാശക്കൂമ്പാരങ്ങൾക്കിടയിൽ പുനർനിർമ്മിതി ആവശ്യമുള്ളതായി തുടരുന്നു. ഈ നഷ്ടങ്ങൾക്കിടയിൽ നിന്ന് സുവിശേഷത്തെ വീണ്ടെടുക്കേണ്ടതായുണ്ട്.

കുലീനതയുടെ വസ്ത്രമോടിയിലോ വർഗ്ഗത്തിന്റെയോ വംശത്തിന്റെയോ മാന്യതയിലോ മതപരമായ ഉന്നത ശ്രേണിയിലോ അല്ല അദ്ദേഹം ക്രിസ്തുവിനെ കണ്ടെത്തിയത്; മറിച്ച്, സമൂഹം ഏറ്റവും അയോഗ്യരായി കരുതിയവരുടെ  ശരീരത്തിലാണ് അദ്ദേഹം ക്രിസ്തുവിനെ കണ്ടെത്തിയത്. ജെറുസലേമിന്റെ നഗരവീഥികൾക്കപ്പുറം, ജീവനറ്റ തുകൽച്ചുരുളുകൾക്കപ്പുറം വിശുദ്ധസ്ഥലം തെളിഞ്ഞു നിന്നത് ലാളിത്യത്തിന്റെയും എളിമയുടെയും നിർമ്മലജീവിതങ്ങളിലാണ്.

'യോഗ്യരും വിശുദ്ധരും യാഥാർത്ഥമായതുമായ ക്രിസ്ത്യാനികൾ' എന്ന അനാവശ്യ ധാരണ മാറ്റിനിർത്തപ്പെടുന്നവരെ വിധിക്കാനുള്ള മാനദണ്ഡമായി ഉപയോഗിക്കപ്പെടാറുണ്ട്. 

ധാർമ്മികമായ സ്വയം-നീതിബോധം സുവിശേഷത്തിന്‌ ഏറ്റവും വലിയ തടസ്സമാണ്. മാന്യരും കുലീനരും മതനിഷ്ഠയുള്ളവരുമായ "യോഗ്യർ"  എന്നും  പാപികളും , അകറ്റിനിർത്തപ്പെടേണ്ടവരും, വെറുക്കപ്പെടേണ്ടവരുമായ "അയോഗ്യർ" എന്നുമുള്ള വേർതിരിവ് ദൈവമക്കളെന്ന അടിസ്ഥാന സത്യത്തെ അകറ്റിനിർത്തുന്നു. സമാനമായി, "യോഗ്യരായ ക്രിസ്ത്യാനികൾ" എന്ന അവകാശവാദം പലരീതികളിൽ ഉയരുമ്പോൾ  ഉന്നതരുടെ കൂട്ടായ്മയായി ഉയർന്നു നിൽക്കുന്ന സഭ സുവിശേഷമില്ലാതെ വിശുദ്ധിയുടെ മൂടുപടം ധരിക്കുകയാണ്.  യഥാർത്ഥ മനുഷ്യനും ക്രിസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തപ്പെടുന്നത്, സമൂഹം മറച്ചുനിർത്താൻ ശ്രമിക്കുന്ന ദുർബലവും പുറന്തള്ളപ്പെട്ടതും "അയോഗ്യവുമായ" ശരീരത്തിലാണ്. 

പ്രാർത്ഥനകളും വിശ്വാസസത്യങ്ങളും ആയുധവൽക്കരിക്കപ്പെടുന്ന പ്രവണത ഇന്ന് കൂടുതലായുണ്ട്. ഇത് വളർത്തുന്നത് ഒരു യുദ്ധ മനോഭാവമാണ്. പ്രത്യയശാസ്ത്രപരമായതോ സാമൂഹികമോ സാംസ്കാരികമോ ആയ  ആധിപത്യം വഴിയായി, തീർത്തും കഠിനമായ അതിർത്തികൾ നിലനിർത്തുന്നത് വഴിയായി ദൈവത്തെ ബഹുമാനിക്കാം എന്ന അബദ്ധധാരണ പ്രബലപ്പെടുകയാണ്. ക്രിസ്തു സ്വീകരിച്ച മനുഷ്യരൂപമാണ് വിശുദ്ധ ഭൂമി - അയൽക്കാരനിലും ദരിദ്രനിലും, ശത്രുവായി കരുതപ്പെടുന്നവനിലും അത് കണ്ടെത്താനാകും. സമാധാനവും  സംഭാഷണവും കരുണയും വിഭജനത്തിന്റെ മതിലുകൾ തകർക്കുന്നിടത്തെല്ലാം ബെത്‌ലഹേം സന്നിഹിതമാണ്. ആ സമാധാനം ഉള്ളിൽ കരുതിയതുകൊണ്ടാണ് സ്വന്തം ശരീരം തന്നെ അനേകർ കണ്ട വിശുദ്ധ ഭൂമിയായത്. മനുഷ്യനും സഭയും വിശുദ്ധസ്ഥലവും ക്രിസ്തീയ പൈതൃകവും വീണ്ടെടുക്കപ്പെടേണ്ടത് സുവിശേഷത്തിൽ നിന്നാണ്, മറിച്ച്  തിരികെപ്പിടിക്കേണ്ടത്  നിയന്ത്രണാധികാരങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും സാമൂഹിക ചട്ടക്കൂടുകളും ആയി കാണുന്ന വീക്ഷണം പ്രലോഭനമാകുന്നെങ്കിൽ ഫ്രാൻസീസിന് മുമ്പിൽ നിന്ന കുഷ്ഠരോഗി കൂടുതൽ തെളിവിൽ ഇന്ന് കാണപ്പെടേണ്ടതുണ്ട്. 

ഒക്‌ടോബർ 01, 2026

പാഷാണ്ഡതകളെ തിരിച്ചറിയേണ്ടതുണ്ട്

 അതിസാധാരണമായ പരിശുദ്ധിയുടെയും ഭക്തിയുടെയും മൂടുപടമണിഞ്ഞു പരിശീലിക്കപ്പെടുന്ന പാഷാണ്ഡതകളെ കേരളസഭ തിരിച്ചറിയേണ്ടതുണ്ട്. അത് സന്യസ്തരിലും പുരോഹിതരിലും സഭാചിന്തയായും വിശ്വാസചിന്തയായും വേരുറപ്പിച്ചു കഴിഞ്ഞത് ദൗർഭാഗ്യകരമാണ്. ചരിത്രപരമായി നോക്കിയാലും പാഷാണ്ഡതകൾക്കെല്ലാം ദൈവിക പരിശുദ്ധിയേക്കാൾ മേന്മകൂടിയ മനോഹാരിതയുണ്ടായിരുന്നു.

സെപ്റ്റംബർ 27, 2026

ക്രൈസ്തവ-പരിശുദ്ധവൽക്കരണം

മതിലുകൾ തീർത്തുറപ്പാക്കുന്ന ക്രൈസ്തവ-പരിശുദ്ധവൽക്കരണം ക്രിസ്തീയസമൂഹത്തിനായി അതുതന്നെ തീർക്കുന്ന ശവപ്പെട്ടിയാണ്. പരിശുദ്ധി എന്നതിനെ അത് ദുർവ്യാഖ്യാനം ചെയ്യുന്നു. മനുഷ്യത്യരഹിതവും അക്രിസ്തീയവുമായ രീതിയിൽ അത് അപരവത്കരണവും വേർതിരിവുകളും ഉണ്ടാക്കുന്നു. ശുഷ്കമായ കാഴ്ചപ്പാടുകളുടെ വിധികളിൽ അത് ദൈവികനീതി കണ്ടെത്തുന്നു. 

സെപ്റ്റംബർ 05, 2026

സ്ത്രീയെന്നാൽ

സ്ത്രീയെന്നാൽ ഒരു നിശ്ചയവുമില്ലാത്ത വികാരങ്ങളുടെ ആകെത്തുകയാണ് പ്രസിദ്ധനായ ഒരു ചിന്തകൻ പറഞ്ഞത്.

പുരുഷന്റെയും പുരുഷസമൂഹങ്ങളുടെയും സങ്കൽപ്പങ്ങൾ നിർവ്വചിച്ചിട്ടുള്ള സ്വത്വരൂപമാണ് സ്ത്രീക്ക് നൂറ്റാണ്ടുകളായുള്ളത്. ആ രൂപം ദൈവകല്പനയായും മതനിഷ്ഠയായും പാലിച്ചുപോരുന്ന സമൂഹങ്ങളാണ് നമ്മുടേത്. ദാർശനീയതയിലും രാഷ്ട്രീയ ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വന്നെങ്കിലും സ്ത്രീയെക്കുറിച്ചുള്ള പുരാതനമായ കാഴ്ചപ്പാടുകൾ തുടരുകതന്നെയാണ്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പഠിക്കാൻ തുടങ്ങിയതുതന്നെ അടുത്ത കാലത്തു വ്യക്തമായ വെല്ലുവിളികൾ ഉയർന്നുതുടങ്ങിയതിനു ശേഷം മാത്രമാണ്. 

ജീവിവർഗ്ഗങ്ങളിൽ മനുഷ്യനെ 'ചിന്താശേഷിയുള്ള മൃഗം' എന്നാണ് അരിസ്റ്റോട്ടിൽ നിർവ്വചിച്ചത്. യുക്തിസഹമായ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെടുവാൻ കഴിയുകയെന്നതാണ് ചിന്താശേഷി നിർവചിക്കുന്ന സവിശേഷ  ഗുണം. മനുഷ്യന്റെ പരമമായ ആത്മസാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ് ഈ ഗുണം. പെൺജാതി അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തിൽ ഏത് ജീവിവർഗ്ഗത്തിന്റെയും ആൺജാതിയുടെ വൈകല്യമുള്ള (അപൂർണ്ണമായ) ഒരു വകഭേദമാണ്.  ഒരു ജീവിയുടെ പൂർണ്ണമായ സത്തയും രൂപപ്പെടുവാനുള്ള ഊർജ്ജവും വഹിക്കുന്നത് പുരുഷബീജമാണെന്ന്  അരിസ്റ്റോട്ടിൽ കരുതി. സ്വാഭാവികമായും അത് ആ ജീവിവർഗ്ഗത്തിന്റെ ആൺജാതിയെ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഈ രൂപത്തിന് ദ്രവ്യം നൽകുകയെന്നതാണ് പെൺജാതിയുടെ പങ്ക്. ദ്രവ്യത്തിനുള്ള എന്തെങ്കിലും കുറവോ പാകപ്പെടുത്തുന്നതിന് ആവശ്യമായ ജീവതാപത്തിയിലുള്ള കുറവോ  പെൺജാതി രൂപപ്പെടുന്നത്. പെൺരൂപത്തെ ആൺരൂപത്തിന്റെ ഒരു വികലഭാവമായിട്ടാണ് അരിസ്റ്റോട്ടിൽ വിശേഷിപ്പിച്ചത്. പെൺരൂപത്തെ പുരുഷന്റെ അപൂർണ്ണമായ വകഭേദമായി മുദ്രകുത്തിയപ്പോഴും, പ്രത്യുൽപ്പാദനത്തിലൂടെ വംശം നിലനിർത്തേണ്ടതിനായി  പ്രകൃതിക്ക് തന്നെ ഇത്തരം ഒരു വ്യതിയാനം അത്യന്താപേക്ഷിതമാണെന്ന് അരിസ്റ്റോട്ടിൽ വാദിച്ചു. 

സത്തയിൽ വികലതയുള്ളതിനാൽ മേല്പറഞ്ഞ ചിന്തയിലൂടെ നിർവ്വഹിക്കപ്പെടുന്ന സ്വാഭാവിക ആത്മസാക്ഷാത്കാരം  സ്ത്രീക്ക് സാധ്യമല്ല എന്നാണ് ന്യായമായും കരുതാവുന്നത്. കുടുംബത്തിന്റെ അകത്തളങ്ങളിലുള്ള ഉത്തരവാദിത്തങ്ങളാണ് അവരുടെ  സാധ്യതകൾക്കുള്ളിൽ അവൾക്കു ലഭിക്കാവുന്ന സഫലീകരണം പ്രാപ്തമാക്കുന്നത്. 

കാലം പുരോഗമിച്ചെങ്കിലും, വികാരം, ശാരീരിക ആവശ്യങ്ങൾ, പരിപാലനം, പ്രത്യുൽപ്പാദനം എന്നിവയെ സ്ത്രീഗുണങ്ങളായി കണ്ട് അവക്ക്  നേർവിപരീതമായി നിർവ്വചിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി, 'യുക്തി' എന്നതിനെ നിർമ്മിച്ചെടുത്തത്.  ശരീരത്തിലും അതിന്റെ പ്രക്രിയകളിലും നിന്ന് ഉയർന്നതാണ് മനസ്സും യുക്തിയും എന്ന് ഉറപ്പിച്ച ചിന്തകൾ, പ്രകൃതിയോടും ശരീരത്തോടും ചേർത്തുനിർത്തിയ  സ്ത്രീസ്വഭാവം  താഴ്ന്ന നിലയിലുള്ളതായി.

പുരുഷന്മാരെ മാനവിക യുക്തിയുടെ മൂർത്തീഭാവമായി ചിത്രീകരിച്ചപ്പോൾ  സ്ത്രീകൾക്ക് അവരുടെ ചുറ്റുപാടുകളിൽ ചുരുങ്ങിയ ഇടപെടലുകൾ നടത്താൻ മാത്രമുള്ള കഴിവേ ഉണ്ടായിരുന്നുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. അവരങ്ങനെ ആയിരുന്നാൽ മതി എന്ന സാമൂഹിക-മത നിയമങ്ങൾ പുരുഷാധിപത്യത്തിന്റെ സൃഷ്ടിയുമാണ്. വസ്തുക്കൾക്ക് മേലോ സ്ഥലമിടപാടുകളിലോ കരാറുകളിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. സമ്മതിദാനാവകാശമുണ്ടായിരുന്നില്ല. നിയമപരമായ/സാമൂഹികമായ ആവശ്യങ്ങളെ പ്രകടിപ്പിക്കുവാൻ ഒരു പുരുഷ രക്ഷാധികാരി അവർക്ക് ആവശ്യമായിരുന്നു. 

ആധുനിക കാലത്തുപോലും,  സ്ത്രീയുടെ ജീവിതം പുരുഷസമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഉപകരണമാണ് എന്ന് കരുതിയിരുന്നു. സ്വാഭാവികതയിലും, വിദ്യാഭാസം വഴിയായും പുരുഷൻ സ്വതന്ത്രനായ വ്യക്തിയാകുന്നു. എന്നാൽ ഗാർഹികമായ അന്തരീക്ഷത്തിൽ  പുരുഷന്റെ സന്തോഷമൊരുക്കാനും അവരുടെ കുഞ്ഞുങ്ങളെ വളർത്താനും, അവരുടെ ജീവിതം മധുരതരമാക്കാനും  അവർ പരിശീലിക്കുന്നു. സാമൂഹിക വിപ്ലവങ്ങൾക്ക് കാരണമായ ചിന്തകൾ നൽകിയ ചിന്തകർ പോലും സ്ത്രീകളെ  ഇത്തരത്തിൽ നിർവ്വചിച്ചു എന്നത് ചിന്തനീയമായ വിരോധാഭാസമാണ്. 

പാലിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും അനുഷ്ഠിക്കപ്പെടുകയും ചെയ്യപ്പെടുമ്പോൾ അവയൊക്കെയും കാഴ്ചപ്പാടുകൾക്കപ്പുറം സാധാരണവും പ്രകൃത്യാ നിയമിതവും ദൈവനിശ്ചിതവുമാകും. സ്ത്രീ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കല്പനകളെക്കാൾ അവക്കായി നൽകപ്പെടുന്ന കാരണങ്ങളെ ആത്മാർത്ഥമായ വിചാരണക്കെടുക്കുക എന്നതാണ് അനിവാര്യം. കപടമായ ശാസ്ത്രം പോലും വാദങ്ങൾക്കൊത്ത് നിരത്തപ്പെടുന്നുണ്ട്.  

യുക്തിസാമർഥ്യം നിറഞ്ഞ മനുഷ്യൻ ദൈവസ്വഭാവത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്. സ്ത്രീക്ക് ആ യുക്തി ഇല്ലാത്തതുകൊണ്ട്, പുരുഷനോട് ചേർന്ന് നിന്ന് കൊണ്ട് സ്ത്രീ ദൈവസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നും. ചിന്തകളിൽ കണ്ടത് ആരോപിച്ചു വാർത്തെടുത്ത സ്ത്രീരൂപമാണ് ഇന്നും സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ നിറയുന്നത്. 

ശരീരത്തിന്റെ ഘടനയോ, പരിപാലനയുടെയും കരുതലിന്റെയുമായി സ്ത്രീ ഏറ്റെടുക്കുന്ന കാര്യങ്ങളോ അല്ല,  മറിച്ച് അവർക്കു സമൂഹം ചാർത്തിക്കൊടുക്കുന്ന അർത്ഥങ്ങളും നിയന്ത്രണങ്ങളുമാണ് സ്ത്രീയെ ഒരു 'വിധേയ'യാക്കുന്നത്. നിയമവും വിദ്യാഭാസവും അവബോധനങ്ങളും സ്ത്രീയെ ഉയർത്തുമ്പോഴും  'വികസിത'മായ സംസ്കാരങ്ങളിലും പ്രദീപ്തമായ ആത്മീയതകളിലും സ്ത്രീ വിധേയയും ഒതുങ്ങിക്കഴിയേണ്ടവളുമാണ്. അത് ഭക്തിയും മതാനുഷ്ടാനവുമായി പുരുഷന്റെ അധികാരഭാവത്തിന്റെയും സ്ത്രീയുടെ അനുഷ്ടാനഭാവത്തിന്റെയും  ഭാഗമാണ്. സന്തോഷം, ദുഃഖം, ആസ്വാദനം, സ്നേഹം, വികാരം, വേദന, നിർവൃതി  ഇവയൊക്കെ സ്ത്രീക്ക് എന്താണ് (എന്താവണം എന്ന് പോലും) എന്ന് പറഞ്ഞതും നിര്വചിച്ചതും പുരുഷന്മാരാണ്.

ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകുന്നതു തന്നെ തിരിച്ചറിവുകൾക്കു വഴിതുറക്കും. അവ സത്യാധിഷ്ഠിതമാണെങ്കിൽ ഫലപ്രദമായ സംഭാവനകൾ നൽകും. എന്താവണം എന്തരുത് എന്ന നിഗമനങ്ങൾക്കായി നൽകപ്പെടുന്ന കാരണങ്ങളെയാണ് സമൂഹം യുക്തിസഹമായി പരിശോധിക്കേണ്ടത്. 

സ്ത്രീ, പുരുഷന്റെ (അത് ഭർത്താവാവട്ടെ മറ്റൊരു പുരുഷനാവട്ടെ) ആസ്വാദനത്തിനും സന്തോഷത്തിനുമുള്ളതാണെന്ന കാഴ്ചപ്പാട് തീർത്തും സ്ത്രീ വിരുദ്ധമാണ്. അത് ദൈവനിയമങ്ങളിലുള്ളതാണെങ്കിൽ അവ പുനർവായന ആവശ്യപ്പെടുന്നു. സ്ത്രീ തുണയും (companion), സഹായിയും (helper) ആയി പുരുഷനോടൊപ്പം ആണെങ്കിൽ മാത്രം ഉള്ള സ്വത്വമല്ല സ്ത്രീയുടേത്. 

സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന് ആവർത്തിക്കപ്പെടുമ്പോൾ അവരുടെ അരക്ഷിതാവസ്ഥ നിയമിതമാക്കുന്ന സംവിധാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പുരുഷാധിപത്യ വീക്ഷണങ്ങൾ തിരുത്തപ്പെടേണ്ടതായി കാണപ്പെടുന്നില്ല. സ്ത്രീയുടെ 'നിർബലത'യെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ തന്നെയാണ് അവളുടെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്. ഈ സംവിധാനങ്ങൾക്കുള്ളിൽ 'സൗമ്യമായ അടങ്ങിയൊതുങ്ങി' കഴിയുക എന്നതാണ് സുരക്ഷിതാവസ്ഥ. അത് പൊതുസമൂഹത്തിന്റെ വ്യവസ്ഥിതിയായോ ഗാർഹികമായ ജീവിതാവസ്ഥയായോ ആകാം.  

എല്ലായിടത്തുമല്ലെങ്കിലും സമൂഹത്തിന്റെ പൊതുഇടങ്ങളിലേക്ക് മുഖ്യധാരകളിലേക്കുതന്നെ സ്ത്രീകൾ കടന്നു വന്നിട്ടുണ്ട്. ശാസ്ത്രഗവേഷണങ്ങൾ, സാമൂഹികസേവനം, ആതുരസേവനം, അധ്യാപനം, സാമ്പത്തികരംഗങ്ങൾ, ബിസിനസ് അങ്ങനെ എല്ലാത്തരം മേഖലകളിലും അവരുണ്ട്. എന്നിരിക്കിലും അവ നിലവിലുള്ള പുരുഷ-ആധിപത്യ സമീപനരീതികളെയും ചട്ടക്കൂടുകളെയും ഇല്ലാതാക്കുന്നില്ല. കാരണം മൂല്യങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് 'അറിവ്,' 'യുക്തിധാര,' 'സന്മാർഗ്ഗികത,' 'യാഥാർത്ഥ്യബോധം' തുടങ്ങിയവ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പൊതുവിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം സംഭവ്യമാകുന്ന ഒന്നല്ല ഇത്. 

പെരുമാറ്റച്ചട്ടങ്ങൾ സാംസ്കാരികചരിത്ര നിർമ്മിതകളാണ്, അവ കാലികമായി വായിച്ചെടുക്കേണ്ടതുമാണ്. സമൂഹത്തിലെ ലിംഗവ്യത്യാസങ്ങൾ മനുഷ്യനുള്ള തുല്യത ഇല്ലാതാകുന്നില്ല. സത്താപരമായ ഈ തുല്യതയെ ഉയർത്തിപ്പിടിക്കുവാനും അംഗീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം പ്രാപിക്കണമെങ്കിൽ സംസ്കാരങ്ങളും മതങ്ങളും അവയ്ക്കാവശ്യമായ തിരുത്തലുകൾ വരുത്തിയേ തീരൂ. പുരുഷാധിപത്യം അന്തർലീനമായി സമൂഹത്തിൽ വരച്ചുചേർത്തിട്ടുള്ള മനോഭാവങ്ങളെ പ്രത്യേകിച്ച് സ്ത്രീകളുടെ മേൽ  ആധിപത്യത്തിന്റെ, ആസ്വാദനത്തിന്റെ, ഭരണത്തിന്റെ മനോഭാവങ്ങളെ തിരുത്തിയേ തീരൂ. ഹാസ്യമായി ചിരിച്ചുതള്ളുന്ന ഫലിതങ്ങളിൽ പോലും സ്ത്രീ ആരായി കാണപ്പെടുന്നു എന്നത് പരിശോധിക്കണം. 

സ്ത്രീകൾക്കെതിരെയുള്ള എന്തെങ്കിലും അനീതിയോ അക്രമമോ സംഭവിക്കുമ്പോൾ ആവർത്തിക്കപ്പെടുന്ന ഒരു വാക്കാണ് mindset.  ഈ mindset രൂപപ്പെടുത്തേണ്ടതായുള്ള അല്ലെങ്കിൽ അതിനു വിഘാതമായി നിൽക്കുന്ന ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിക്കാൻ അവയെ ഉറപ്പിച്ചു പറയാൻ സമൂഹം ശ്രമിക്കാറില്ല. പകരം സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്ന നിലയിൽ അവർക്കുമേൽ കൂടുതൽ വിലക്കുകളേർപ്പെടുത്തുകയാണ് പതിവ്. അവ ഉദാത്തവൽക്കരിക്കപ്പെടുകയും സംസ്കാരിക ശുദ്ധിയുടെയും സദാചാരത്തിന്റെയും മതപാരമ്പര്യങ്ങളുടെയും പേരിൽ പരിശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു.  സ്ത്രീകളുടെ അവകാശങ്ങളും താല്പര്യങ്ങളും പരിഗണിക്കപ്പെടേണ്ടതായി വരുമ്പോൾ രാഷ്ട്രീയ താല്പര്യങ്ങളും മതങ്ങളുടെ വീക്ഷണങ്ങളും അവയെ സൗകര്യപൂർവം മാറ്റി നിർത്തുകയാണ്. അകത്തളങ്ങളിലേക്കൊതുങ്ങേണ്ട വ്യവഹാര പരിമിതി വെല്ലുവിളിക്കപ്പെടേണ്ടത് ഗാർഹിക നിലയിലും സാമൂഹികനിലയിലുമുള്ള അധികാരശ്രേണിയുടെ പുനർവായനക്ക്  അനിവാര്യതയാണ്. കൂട്ടായ രാഷ്ട്രീയ വിശകലനങ്ങളിലൂടയും  നിയമ നിർമ്മാണത്തിലൂടെയും മാത്രമേ യഥാർത്ഥ നീതി നടപ്പിലാകൂ. 

സ്വാതന്ത്ര്യം, സ്ത്രീക്കോ പുരുഷനോ, നിയമരാഹിത്യമല്ല. എന്നാൽ ഈ നിയമങ്ങളടക്കം അടിസ്ഥാനമാക്കുന്ന  'അറിവ്,' 'യുക്തിധാര,' 'സന്മാർഗ്ഗികത,' 'യാഥാർത്ഥ്യബോധം' എന്നിവ വിശകലനം ചെയ്യപ്പെടേണ്ടതാണ്. സ്വാതന്ത്ര്യം അഴിഞ്ഞാട്ടമല്ല എന്ന് വ്യക്തമാണ്. പക്‌ഷേ സ്വാതന്ത്ര്യം സ്ത്രീക്ക് അപകടമുണ്ടാക്കും എന്ന സാമാന്യവത്കരണം പുരുഷാധിപത്യം നിയമിതമാക്കുന്ന അനീതിയിൽ നിന്നാണ്. മേല്പറഞ്ഞ 'അപകടങ്ങൾ' ഇല്ലാതാകണമെങ്കിൽ  പുരുഷ-സങ്കൽപ്പങ്ങൾ മേൽക്കോയ്‌മ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ഏതൊക്കെ തരത്തിൽ ചൂഷണ ഉപാധികളാകുന്നുണ്ടോ അവിടെയെല്ലാം ധാർമിക മൂല്യങ്ങൾ പരിശീലിക്കുവാൻ സാമൂഹിക-സാംസ്‌കാരിക സംവിധാനങ്ങൾ തയ്യാറാവുകയാണ് വേണ്ടത്. ഇവിടെയാണ് mindset സ്വീകരിക്കാനുള്ള കഴിവ് തീർത്തെടുക്കേണ്ടതും. അതിനു കഴിയുന്നില്ലെങ്കിൽ അസന്മാർഗ്ഗികതയിലേക്കു വിരൽ ചൂണ്ടി സ്വയം ന്യായീകരിക്കുന്ന വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുകയാകും സമൂഹം ചെയ്യുക. 

സ്ത്രീശാക്തീകരണം സ്ത്രീയുടെ സത്താപരമായ മൂല്യത്തെ അംഗീകരിക്കുന്ന ഒരു സമൂഹത്തിലെ സാധ്യമാകൂ. എന്നാൽ ഇത് പലപ്പോഴും ഉൽപന്നങ്ങളിലൂടെയും ജീവിതശൈലിയിലൂടെയുമുള്ള വ്യക്തിഗത തിരഞ്ഞെടുപ്പുകളായി മാറുന്നു. മുതലാളിത്ത-പുരുഷാധിപത്യ വ്യവസ്ഥകൾക്ക് ഇതിനെ എളുപ്പത്തിൽ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കും. സ്ത്രീകൾ സിഗരറ്റു വലിക്കുന്നതോ ബൈക്ക് ഉപയോഗിക്കുന്നതോ സമൂലമായ മാറ്റത്തിന് കാരണമാകുന്നില്ല. പെൺകുട്ടികൾ പുറത്തിറങ്ങുകയോ, വസ്ത്രധാരണത്തിലും കോർപ്പറേറ്റ് ജോലികളിലും 'പുരുഷന്മാരെ'  അനുകരിക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം യഥാർത്ഥ വിമോചനം സാധ്യമാകുന്നില്ല. അത് പുരുഷ യാഥാസ്ഥിതിക ശൈലികൾ വെല്ലുവിളിച്ചേക്കാമെങ്കിലും, അത് വെറുമൊരു ഉപരിപ്ലവമായ ദൃശ്യത (presentability ) മാത്രമാണ്. യഥാർത്ഥ വിമോചനത്തിന് സാമ്പത്തിക, നിയമ, രാഷ്ട്രീയ രംഗങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങളും അസമത്വങ്ങളുടെ വേരറുക്കലും ആവശ്യമാണ്. 

സ്ത്രീ തുണയും (companion), സഹായിയും (helper) ആയിരിക്കുന്നതിലല്ല, സ്ത്രീ-പുരുഷ പരസ്പരപങ്കാളിത്തത്തിലൂടെയാണ് കുടുംബവും സമൂഹവും വളരുന്നത്. അവിടെ ഭരണത്തിന്റെയും, ആധിപത്യത്തിന്റെയും ഭാഷ ഉചിതമല്ല. വിധേയത്വവും ആത്മത്യാഗവും ഇരുവരിൽ നിന്നും പൊതുവായ നന്മയെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെങ്കിൽ  അത് യഥാർത്ഥ സ്വാതന്ത്ര്യവും ശാക്തീകരണവുമാകും. ഉപരിപ്ലവമായ സ്വയം-സ്ഥിരീകരണമോ കപടവും നീചവുമായ നിയമകലഹങ്ങളോ ആവശ്യമാവില്ല,


ഏപ്രിൽ 15, 2026

ക്രിസ്തുവിന്റെ പാത ~ യുദ്ധത്തെക്കുറിച്ച്

 രാഷ്ട്രീയവൽക്കരിക്കപ്പെട്ട ക്രിസ്തീയതയിൽ ക്രിസ്തുവിനോ ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്കോ സ്ഥാനമില്ല എന്നാണ് യുദ്ധത്തെക്കുറിച്ച് ക്രിസ്ത്യാനികൾക്കിടയിൽ രൂപപ്പെടുന്ന ചർച്ചകൾ സൂചിപ്പിക്കുന്നത്. അധികാരവും ആധിപത്യവും ബിസിനസ്സുമാണ് അതിന്റെ താൽപ്പര്യങ്ങൾ.

ലോകം മുഴുവനും ഒരു ക്രിസ്തീയ വ്യവസ്ഥിതിയല്ല പാലിച്ചുപോരുന്നത്. 'ഞങ്ങൾ മാത്രം' എന്ന് ചിന്തിക്കുന്ന ക്രിസ്ത്യാനികൾ തങ്ങൾ തന്നെ മാറ്റിനിർത്തുന്ന മൂല്യങ്ങൾ ലോകം മുഴുവൻ പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നു. തിന്മകൾ നിലവിലുണ്ട്, എന്നാൽ അവയെ നന്മ കൊണ്ട് മാത്രമേ അതിജീവിക്കാനാവൂ. തിന്മയെ നേരിടുന്നതിൽ ക്രിസ്തുവിന്റെ പാത പിന്തുടരുക എന്നതാണ് ഒരു ക്രിസ്ത്യാനിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിനുപകരം, തിന്മയെ നേരിടാൻ അക്രമത്തിന്റെയും അധികാരത്തിന്റെയും, മനുഷ്യത്വരഹിതമായ തിന്മയുടെയും വഴി തിരഞ്ഞെടുക്കുന്നതിൽ സുവിശേഷത്തിന്റെ യുക്തിയില്ല. അതിനാൽ യുദ്ധം ഒരു കുറ്റകൃത്യമാണ്, അതൊരു മാരകപാപമാണ്; അതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.

രക്ഷയും സമാധാനവും ~ ആണവായുധങ്ങൾ

ക്രൈസ്തവരിൽ ചിലർ കരുതുന്നത് കുരിശിന് രക്ഷ നൽകാൻ സാധിക്കില്ലെന്നും, രക്ഷയും സമാധാനവും യാഥാർത്ഥ്യമാകുന്നത് ആണവായുധങ്ങൾ സ്വരൂപിക്കുന്നതിലൂടെയുള്ള പ്രതിരോധശക്തിയിലൂടെയാണെന്നുമാണ്. വിചിത്രമെന്നു പറയട്ടെ, ഈ രക്ഷ സാക്ഷാത്കരിക്കപ്പെടുന്നത് 'നമുക്ക്' മാത്രം ആയുധശേഖരമുണ്ടാവുകയും മറ്റുള്ളവർ ആയുധശേഷിയില്ലാതാവുകയും ചെയ്യുമ്പോൾ മാത്രമാണ്, അതും 'നമുക്ക്' ആധിപത്യമുള്ളപ്പോൾ മാത്രം. ഇത്തരമൊരു സമാധാനവും രക്ഷയും സുവിശേഷത്തിന് തികച്ചും അന്യമാണ്. തിന്മകളെ എതിർക്കുന്നതുപോലെതന്നെ, അവയെ വളർത്തുന്ന സാഹചര്യങ്ങളെയും ഘടനകളെയും 'വിശുദ്ധീകരിക്കേണ്ടതുണ്ട്.' മിസൈൽ കച്ചവടത്തെയും അധിനിവേശങ്ങളെയും ആധിപത്യത്തെയും വിശുദ്ധമായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, ലോകത്തിലെ തിന്മയുടെ ഘടനകളെ ചരിത്രപരമായി ആത്മപരിശോധന നടത്താനുള്ള ശരിയായ മനസ്സാക്ഷി ക്രൈസ്തവർ വളർത്തിയെടുക്കുകയാണ് വേണ്ടത്. ആയുധബലം കൊണ്ട് ഉറപ്പാക്കാമെന്ന് കരുതുന്ന സമാധാനം ക്രിസ്തു ആഗ്രഹിച്ച സമാധാനമല്ല; ദൈവരാജ്യപദ്ധതിയുടെ സ്വഭാവവുമല്ല അത്.