വേളാങ്കണ്ണിയെയും മലയാറ്റൂരിനെയും കുറിച്ചുള്ള പുതിയ ചരിത്രപാഠങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, അതിനെക്കുറിച്ചുണ്ടാവേണ്ട ക്രിസ്തീയ പ്രതികരണങ്ങൾ ക്രിസ്തീയ ശൈലിയുള്ളതാവണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. "നിങ്ങളുടെ ദൈവങ്ങൾ, നിങ്ങളുടെ ചരിത്രം, നിങ്ങളുടെ ആരാധനാ സ്ഥലങ്ങൾ ... " മറുചോദ്യങ്ങളാക്കപ്പെടേണ്ടവയല്ല. ഏതു തരം ചരിത്രബോധത്തിൽ നിന്നു കൊണ്ട്, ചരിത്രപരമായ വസ്തുതകളിലേക്ക് ഏറ്റവുമടുത്ത് എത്തിച്ചേരാനാകുമെന്ന് പരിശോധിക്കാം. പരമ്പരാഗത വിശ്വാസങ്ങളും പ്രാദേശിക ആചാരശൈലികളും മറ്റും ഒത്തുചേർത്തു വെച്ചുകൂടിയെ ചരിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടാറുള്ളു.
ചരിത്രാന്വേഷി നില്കുന്നത് 'ഇന്നി'ലാണെങ്കിലും തേടപ്പെടുന്നത് 'അന്ന'ത്തെ കാലവും മനുഷ്യരും അവരുടെ തകർച്ചകളും നേട്ടങ്ങളും കൂടിയാണ്. തിരയപ്പെടുന്ന ചരിത്ര യാഥാർത്ഥ്യം ആ കാലത്തിനും മനുഷ്യർക്കും എന്ത് നൽകി മുന്നോട്ടു നയിച്ച് എന്ന് കൂടി ശുദ്ധഹൃദയത്തോടെ പരിശോധിക്കണം. എങ്കിലേ ഇന്നിലെ ചരിത്രപാഠങ്ങൾക്ക് 'നമുക്കും' 'അവർക്കു'മായുള്ള സ്പഷ്ടത ലഭിക്കൂ.
പ്രധാനമായ ഒരു കാര്യം, പുതിയ ചരിത്രപാഠങ്ങൾ ചരിത്രത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ അല്ല എന്നതാണ്. ചരിത്രത്തിനു നൽകുന്ന പുനഃസൃഷ്ടി, അത് മതപരമോ സാംസ്കാരികമോ ആവട്ടെ, രാഷ്ട്രീയവൽക്കരണത്തിന്റെ ഉപകരണമാണ്. മത-വിശ്വാസ ചരിത്രം മതത്തെയും വിശ്വാസികളെയും ഒരുമിച്ചു നിർത്തുന്ന plausibility structure ന്റെ ഒരു ഘടകമാണ്. രാഷ്ട്രീയ ലാഭത്തിനോ മതമൗലികതക്കോ വേണ്ടി എളുപ്പം ദുരുപയോഗം ചെയ്യപ്പെടാവുന്ന ഘടകങ്ങളിൽ ഒന്ന്. പ്രതികരണങ്ങളും വിശദീകരണങ്ങളും വിസ്തൃതമായ ഈ സംവിധാനത്തെ കാണുന്നില്ലെങ്കിൽ ഫലവത്താകുന്നതല്ല.
ശത്രുത വളർത്തുന്ന രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങി കൊടുക്കാതിരിക്കുക എന്നത് തന്നെ വലിയൊരു പ്രതിരോധമാണ്. വിശ്വാസിസമൂഹം തങ്ങളുടെ തന്നെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കണം. അവയും ചരിത്രനിർമ്മിതികളാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ചരിത്ര പുനഃസൃഷ്ടികൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ, സമൂഹത്തിൽ ഭിന്നത ഉണ്ടാകാതിരിക്കാൻ ഇതര മതവിഭാഗങ്ങളുമായുള്ള നല്ല ബന്ധങ്ങളും സൗഹാർദ്ദപരമായ സംവാദങ്ങളും ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ചുരുക്കം ചിലരുടെ ചിന്തകൾ വിഷലിപ്തമാണെങ്കിലും 'അവർ' എല്ലാവരും 'അങ്ങനെ ചിന്തിക്കുന്നവരാണ് എന്ന ചിന്ത ന്യായമല്ല. ആത്മീയമായ ആ ആഴത്തെയും ചരിത്രപരമായ സത്യത്തെയും സമചിത്തതയോടെയും സ്നേഹത്തോടെയും ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ രാഷ്ട്രീയ താൽപ്പര്യങ്ങളാൽ ചമയ്ക്കപ്പെടുന്ന പുതിയ 'ചരിത്രപാഠങ്ങൾക്ക്' മുന്നിൽ ക്രിസ്തീയ സാക്ഷ്യം പരാജയപ്പെടാതിരിക്കൂ.
മറുവശത്ത്, എല്ലാ മതങ്ങളിലും ആധുനിക കാലത്ത് വിശ്വാസം, മതം, സംസ്കാരം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ ഇവയൊക്കെ പുതുഭാഷ്യങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. അത് ആത്മീയ നവീനതയെക്കുറിച്ചോ മതത്തിന്റെ ഉള്കാഴ്ചയെ തിരിച്ചറിയുന്നതിനെക്കുറിച്ചോ അല്ല, മറിച്ച് അധികാരം നൽകുന്ന ലാഭങ്ങളെക്കുറിച്ചാണ്. അത് സ്വന്തം സമൂഹത്തിനു പോലും ശോഷണമാണ് വരുത്തി വയ്ക്കുന്നതെന്ന് തിരിച്ചറിയാൻ അനുവദിക്കാത്ത വിധം മേല്പറഞ്ഞ plausibility structures അഴിച്ചുപണിയപ്പെട്ടു എന്നത് വിശ്വാസികൾ, ഏതു മതത്തിന്റെയുമാകട്ടെ, മനസിലാക്കേണ്ടതുണ്ട്. എന്നാൽ ഈ പ്രക്രിയയെ 'വിശുദ്ധീകരണം' എന്നാണ് വിളിച്ചത് എന്നതാണ് വിരോധാഭാസം.