Gentle Dew Drop

നവംബർ 15, 2026

താലന്തുകളുടെ വർദ്ധനവുണ്ടാകുന്നത്

താലന്തുകളുടെ വർദ്ധനവുണ്ടാകുന്നത് കൃപയലിയിച്ചു ചേർത്ത്  ജീവിതത്തിനു നൽകാൻ കഴിയുന്ന മേന്മയിലാണ്. പത്തു കൂടി, അഞ്ചു കൂടി എന്നത് ഒരല്പം കൂടി ആഴപ്പെടാൻ കഴിഞ്ഞ നന്മ, ദയ, കരുണ, സ്നേഹം വിശ്വസ്തത എന്നിവയൊക്കെയാണ്. അത് ചേർത്തുവെച്ചുകൊണ്ട് ഈ വാക്യങ്ങൾ കേൾക്കണം "ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ വലിയ കാര്യങ്ങളിലും നീ വിശ്വസ്തനായിരിക്കും." അവിശ്വസ്തനായ കാര്യസ്ഥന്റെ  ഉപമയിലെ പാഠം ക്രിസ്തു അവതരിപ്പിച്ചത് ഇങ്ങനെയാണ്: "ഭൗമികമായതിൽ വിശ്വസ്തരാകുവാൻ കഴിയുന്നില്ലെങ്കിൽ യഥാർത്ഥ ധനം ആര് നിങ്ങളെ ഏല്പിക്കും?"

ക്രിസ്തീയജീവിത ശൈലിയുടെ ആഴങ്ങൾ അത് പറഞ്ഞുതരുന്നുണ്ട്. അത് മായികമായ ആത്മീയലോകത്ത് വ്യഹരിക്കാൻ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതല്ല. കൃപയോടെ എന്ത് നമ്മൾ പരിപോഷിപ്പിച്ചു, വളർത്തി, ഫലം കണ്ടു? ക്രിസ്തീയ ആത്മീയത പ്രാപഞ്ചികരഹസ്യങ്ങളുടെ പാരമ്യതയിലേക്കു ലയിക്കാനായിട്ടല്ല സ്വയം ശൂന്യവത്കരണത്തിലൂടെ, അനേകർക്കായി വിഭജിക്കപ്പെടുന്ന ജീവിതത്തിലും അങ്ങനെ വർദ്ധിപ്പിക്കപ്പെടുന്ന താലന്തുകളിലും 'ദൈവം നമ്മോടു കൂടെ' എന്ന അനുഭവം സത്യമാകുന്നതാണ് ക്രിസ്തീയ ജീവിതശൈലി. കുടുംബങ്ങളും സമൂഹവും ക്രിസ്തുവിന്റെ വെളിപാടിന് യോഗ്യമായ ഇടങ്ങളാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ