Gentle Dew Drop

നവംബർ 22, 2026

സാംസ്കാരികമായ മേളകൾ ~ തിരുക്കർമ്മങ്ങൾ

 വിഭാഗീയതകൾ ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് മതസാംസ്കാരിക രംഗങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ ആളുകൾ ഒരുമിച്ചു ചേരുന്നത് തീർത്തും അത്യാവശ്യമാണ്. എങ്കിലും അവ ആഘോഷത്തിമിർപ്പിന്റെ മേളകളായി തീർന്നു പോകുമ്പോൾ അവ അവശേഷിപ്പിക്കുന്ന ഗുണങ്ങൾ ഒന്നും തന്നെയില്ല. വാണിജ്യ ലക്ഷ്യങ്ങളുടെ പൊലിമയിലേക്ക് ഈ ആഘോഷങ്ങൾ മാറ്റപ്പെടുമ്പോൾ സാമ്പത്തികമായ ലാഭങ്ങളേ അത് നൽകുന്നുള്ളൂ. വലിയ ആവേശവും ഉത്സാഹവും ജ്വലിപ്പിക്കുന്ന ഈ സമയം, ഒട്ടധികം സമ്പത്തും വികാരങ്ങളും ഊർജ്ജവും ചിലവാക്കിയതിനു ശേഷം സമൂഹത്തിനു വേണ്ടി നൽകിയ മൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

തിരുനാളുകൾക്കും ഉത്സവങ്ങൾക്കുമായി ആളുകൾ ജനക്കൂട്ടങ്ങളായി എത്തിച്ചേരുന്നു, ജനക്കൂട്ടങ്ങളായി മടങ്ങുന്നു.സമൂഹത്തിൽ നിലനിൽക്കുന്ന മതിലുകളെ നീക്കിക്കളയാൻ ഈ അവസരങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന മെഗാഷോകൾക്കു കഴിയുന്നില്ല എന്നത് വലിയ പരാജയമാണ്.
സാമൂഹിക സാംസ്കാരിക പുനരുദ്ധാരണങ്ങളിൽ ബൗദ്ധികവും വൈകാരികവുമായ തിരിഞ്ഞുനോട്ടവും ആത്മാർത്ഥമായ സത്യാന്വേഷണവും പരസ്പരബന്ധങ്ങളിലുള്ള ക്രിയാത്മകമായ കൂടിക്കാഴ്ചകളും പങ്കുവയ്ക്കലുകളും അനിവാര്യമാണ്. അവ ഇത്തരം അവസരങ്ങളിൽ തീർത്തും അന്യമാണ് എന്നത് അവയിലെ ആന്തരിക ശൂന്യത വ്യക്തമാക്കുന്നു. മാത്രവുമല്ല തിരുനാളുകളും ഉത്സവങ്ങളും ഇത്തരം ഇത്തരം മെഗാഷോകളാൽ അപഹരിക്കപ്പെടുകയാണ്.
പരിശുദ്ധി, നൈർമല്യം, ലാളിത്യം, ദൈവാനുഭൂതി തുടങ്ങിയ മനുഷ്യന്റെ ആന്തരികതയിലേക്കു ലയിച്ചിറങ്ങേണ്ട ആഴങ്ങൾ മേളങ്ങളുടെ തിരതള്ളലിൽ നഷ്ടപ്പെടുന്നു. സാംസ്കാരികമായ മേളകൾ സൗകര്യപ്രദമായ ഒരു സമയത്തു നടത്താവുന്നതാണ്. എന്നാൽ തിരുനാളുകളുടെയും ഉത്സവങ്ങളുടെയും പരിശുദ്ധി കവർന്നെടുക്കും വിധം പരിശുദ്ധ നിമിഷങ്ങൾ മേൽപ്പൊടികൾ മാത്രമാവരുത്. അലങ്കാരങ്ങളിലും ഭക്ത്യാർഭാടങ്ങളിലും മാത്രമല്ല അനുഷ്ഠിക്കപ്പെടേണ്ട വിധികൾ പോലും ദൈവികാനുഭവത്തിനു പകരം മാസ്മരികമായ അനുഭൂതികളാക്കപ്പെടുകയാണ്. ഭക്തിയുടെ ഭാവങ്ങളുടെ മറവിൽ ദൈവം ഹനിക്കപ്പെടുകയാണ്. നിർഭാഗ്യവശാൽ തിരുക്കർമ്മങ്ങൾ പോലും മെഗാഷോകളാവുകയും മേല്പറഞ്ഞ വാണിജ്യസംവിധാനത്തിന്റെയും രാഷ്ട്രീയധ്രുവീകരണത്തിന്റെയും ഏറ്റവുമുചിതമായ വേദികളാവുകയും ചെയ്യുമ്പോൾ, ഉണ്ടാവേണ്ട ദൈവചൈതന്യത്തെ തച്ചുടച്ചുകളയുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ