വ്യക്തിപരമായ അനുഭവങ്ങളെ വെളിപാടുകളും അത്ഭുതങ്ങളുമായി ആഘോഷിക്കുന്നതിനു മുമ്പ് വിവേകവും ജ്ഞാനവുമുള്ള ഒരു പരിശോധന പ്രക്രിയ ആവശ്യമാണ്. അത് പരിശീലിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വിനയം ആത്മീയ അനുഭവങ്ങളിൽ പുളകമണിയുന്നവരും അവയെ വർണ്ണശോഭയണിയിച്ചു പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
വ്യക്തിപരമായ അനുഭവങ്ങളെ ദൈവികമോ, അതിഭൗതികമോ, മാനസികമോ ശാരീരികമോ ആയ അനുഭവങ്ങളായി വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, അതിനു സഹായിക്കാൻ കഴിയുന്നവരെ ആണ് ആത്മീയ ഉപദേശകരായി സ്വീകരിച്ചിരുന്നത്. വി. കൊച്ചു ത്രേസ്യയ്ക്കും, ആവിലയിലെ വി തെരേസയ്ക്കും, സിയന്നയിലെ കാതറിനും വരെ ആത്മീയ ഉപദേശകരുണ്ടായിരുന്നു.
അനുഭവങ്ങളെ വിമര്ശനവിധേയമാക്കരുതെന്ന് പറയുന്നത് ആരാണ്? ഏതു അനുഭൂതിയെയും ഏറ്റവും എളുപ്പം ദൈവികമെന്നും, ദൈവികമെങ്കിൽ ചോദ്യം ചെയ്യപ്പെടരുതെന്നും പറയുന്നവർ മാത്രം. അവ വിവേചിക്കപ്പെടുക തന്നെ വേണം. അതിനു സമഗ്രമായ ആത്മീയത ആവശ്യവുമാണ്. പരിശുദ്ധാത്മാവിന്റെ നിറവും, അറിവിലേയും മനസിന്റെയും പക്വതയും, ശാസ്ത്രീയമോ മനഃശാസ്ത്രപരമോ ആയി ആവശ്യമായ പാടവവും ഈ സമഗ്രത ഉൾക്കൊള്ളുന്നു.
ഒരു കൂട്ടർ അത്ഭുതങ്ങളിലും കാര്യസാധ്യങ്ങളിലും സാക്ഷ്യങ്ങൾ നിറക്കുമ്പോൾ മറുവശത്തു 'സ്വർഗ്ഗീയം' 'ആത്മീയം' തുടങ്ങിയവയുടെ പാരമ്യതയിൽ ഒരു കാല്പനിക 'യഥാർത്ഥ' ക്രിസ്തീയത പരിചയപ്പെടുത്തുന്നുമുണ്ട്. ആത്മീയത പാരമ്യതകളിലല്ല. പാരമ്യതകളിൽ ഒരാൾ അന്ധനാവാനാണ് സാധ്യത. 'ദൈവരാജ്യം നിങ്ങൾക്കിടയിലാണ്' എന്ന് വിശ്വസിക്കാൻ കഴിഞ്ഞാൽ അതിനൊത്ത ഭക്തിയും വിശ്വാസവും സാന്മാര്ഗികതയും താനേ രൂപപ്പെടും. 'ഇന്ന്' പ്രവേശിച്ചിട്ടില്ലാത്ത ഒരു ദൈവരാജ്യത്തിലേക്ക് ഒരിക്കലും ആരും പ്രവേശിക്കില്ല. അത് കൊണ്ട്, ഭക്തിയും കാഴ്ചകളും പ്രാർത്ഥനകളും വിദൂര ഭാവിയിലെ സ്വർഗ്ഗരാജ്യത്തിനു വേണ്ടിയാണെങ്കിൽ അത് എന്നും വിദൂരത്തു തന്നെയാവും. ജീവിതത്തിന്റേതായ ദിനങ്ങളുടെ കർത്തവ്യങ്ങളും വ്യഥകളും ചോദ്യങ്ങളും തകർച്ചയും എല്ലാം മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ലാവണ്യങ്ങളാണ്, അവയിലെ ആത്മാർത്ഥതയിലും സ്നേഹത്തിലുമാണ് ദൈവ പ്രവൃത്തിയും ദൈവകരങ്ങളും. അത്തരം ജീവിത നിമിഷങ്ങളിൽ കൃപയിൽ ജീവിക്കുകയെന്നതാണ് ദൈവരാജ്യാനുഭവം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ