സമാധാനത്തെക്കുറിച്ചു പോലും ആശങ്കപ്പെട്ട പല നാളുകളും ചരിത്രത്തിലുണ്ട്. ഇന്നും നേർക്കാഴ്ചയിലുമുണ്ട്. സമാധാനത്തിനും കരുണക്കുമായുള്ള പ്രാർത്ഥനകളൊക്കെ രൂപപ്പെട്ടതും അത്തരം പശ്ചാത്തലത്തിലുമാണ്. യുദ്ധത്തിനൊരു കാലം സമാധാനത്തിനൊരു കാലം, ജനിക്കാൻ ഒരു സമയം മറിക്കാൻ ഒരു സമയം, എന്ന തത്വത്തിനു മീതേ മനുഷ്യാ നീ ദൈവഭയമുള്ളവനായിരിക്കുക എന്നതാണ് നമുക്ക് പാഠം.
ദൈവഭയമുണ്ടായിരിക്കുക എന്നാൽ നീതിയോടെ ജീവിക്കുക എന്നാണ്, ആത്മാർത്ഥത പുലർത്തുക എന്നാണ്, ദൈവത്തിൽ ആശ്രയിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുക എന്നാണ്. പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന നീതി-സൗഖ്യം-സമാധാനം എന്നിവയെ ദൈവികവും മാനുഷികവുമായി യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കേണ്ടത് നമ്മുടെ ആവശ്യവും വെല്ലുവിളിയുമാണ്. ദൈവഭയത്തോടെയുള്ള ജീവിതത്തിന്റെ ലാവണ്യമാണവ.
ഒരാളുടെ നീതിബോധവും ഉത്തരവാദിത്തപൂര്ണമായ ജീവിതവും സ്വയം രൂപപ്പെടുത്താവുന്നതല്ല. അത് ഏതു സമൂഹത്തോട് കൂട്ട് ചേർന്നിരിക്കുന്നോ ആ സമൂഹമെന്ന ഉദരത്തിന്റെ കൂടെ സൃഷ്ടിയാണ്. അത് പതിയെ പൂർത്തിയാക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ്. അത് കൊണ്ട് സഭയെന്ന സമൂഹം/കുടുംബം നീതി-സൗഖ്യം-സമാധാനം എന്നിവയെ ഉറപ്പാക്കേണ്ടത് ധാർമ്മികരായ മനുഷ്യരെ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്. അപൂർണ്ണരായ മനുഷ്യർ ഓരോരുത്തരും ഒരു പരിധി വരെയെങ്കിലും ജീവിതത്തെ നിർവചിച്ച് അർത്ഥം നൽകുന്നത് അവരുടെ വേദനകൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നത് വെച്ചാണ്. ജീവിതത്തിന്റെ വഴികളിൽ സാന്ത്വനവും ആശ്വാസവും സൗഖ്യവും ലഭിക്കുന്നവർക്ക് പ്രത്യാശയും കൃതജ്ഞതയും നിറഞ്ഞ അവസ്ഥയിലേക്ക് കടക്കാനായേക്കും. അത് ലഭിക്കാതെ പോകുമ്പോൾ ഖനീഭവിക്കുന്ന വേദനകൾ വ്യക്തിയെ കയ്പ് നിറഞ്ഞതും കഠിനവും ആക്കിത്തീർത്തേക്കാം. അങ്ങനെ, നീതിക്ക് ഒരു സൗഖ്യതലം കൂടിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.
മർദ്ദിതരുടെ കെട്ടുകൾ പൊട്ടിക്കുകയും, അനാഥരുടെ കണ്ണീർ മായ്ക്കുകയും, നുകങ്ങൾ അഴിക്കുകയും ചെയ്തുകൊണ്ട് നീതിബോധം യഥാർത്ഥ ബലിയും വിശുദ്ധിയുമായി പ്രവാചകഗ്രന്ഥങ്ങളിൽ ഇടം പിടിക്കുമ്പോൾ ദൈവം ആഗ്രഹിക്കുന്ന ബലിയും കാഴ്ചയുമായി ഇതേ നീതിയും സൗഖ്യവും സമാധാനശ്രമങ്ങളും ചേർത്തുവയ്ക്കപ്പെടുന്നു. അപ്പോൾ, ദേവാലയത്തിനു ആരാധനക്കും പുതിയ അർത്ഥവും ലഭിക്കുന്നു. പരിഹാരപ്രവൃത്തികൾക്കു, നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ഉള്ളതിന്റെയും കാരണങ്ങൾ അതാണ്. അല്ലാതെ, പരിഹാരവും പ്രായശ്ചിത്തവും ആവശ്യപ്പെടുന്ന ദൈവം അവ വിലയിരുത്തി മനുഷ്യർക്ക് അനുഗ്രഹം തുറന്നു നൽകുന്നു എന്നതുകൊണ്ടല്ല. ദൈവത്തിൽ 'ദയയും കരുണയും സൃഷ്ടിക്കുന്ന' പരിഹാരങ്ങൾ തേടുന്നവനല്ല ദൈവം, മറിച്ച്, നമ്മിലുണ്ടാവേണ്ട കരുണയും ദയയും അനുകമ്പയും നീതിബോധവുമാണ്, നമ്മിൽ പരിഹരിക്കപ്പെടേണ്ടതായുള്ളത്.
ദേവാലയങ്ങളുടെ മഹനീയതയും, തൂണുകളിലെ ചിത്രാലങ്കാരങ്ങളും കൗതുകവും സ്വകാര്യ അഹങ്കാരമാക്കുന്നവർക്ക് ക്രിസ്തു ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പാണ് അവയൊക്കെയും കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നു വീഴുമെന്ന്. വേദനയിൽ സാന്ത്വനമാകാൻ ജീവിക്കുന്ന ദേവാലയങ്ങൾ നമുക്ക് വേണം. പരിശുദ്ധാത്മാവിന്റെ ആലയമെന്ന നിലയിൽ ഓരോ വ്യക്തിയും ദേവാലയമാണ്. സാന്ത്വനവും സൗഖ്യവും ആശ്വാസവും നൽകി പരിശുദ്ധാത്മാവ് നമ്മിലോരോരുത്തരിലും ക്രിസ്തു സമാനമായ വ്യക്തിയെ രൂപപ്പെടുത്താൻ പ്രവർത്തിക്കുന്നു. അങ്ങനെ ജീവിക്കുന്ന ഓരോരുത്തരെയും കൂട്ട് ചേർത്ത് നിർമിക്കുന്ന ദേവാലയമാണ് ക്രിസ്തു. നീതിയുടെയും സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ലക്ഷ്യങ്ങൾ ക്രിസ്തുരൂപീകരണമാണ്. അത് നടക്കാത്തിടത്തു ദേവാലയമോ ആരാധനയോ ഇല്ല.
ദൈവഭയത്തോടെ ജീവിക്കുന്നവർ ജീവിക്കുന്ന ദേവാലയമാവുകയും ക്രിസ്തുനിർമ്മിതിയിൽ പരസ്പരം പങ്കുചേരുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ആന്തരികമായ ദർശനങ്ങളും ബോധ്യങ്ങളും തേടുന്നതും ദൈവഹിതം തിരിച്ചറിയുന്നതും പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥന ജീവാർപ്പണമാണ്, ഹൃദയത്തിന്റെ സുതാര്യതയാണ്. ചൊല്ലുന്നതോ, അനുഷ്ഠിക്കുന്നതോ ആയ ഭക്തിക്രിയകൾ പ്രാർത്ഥനയാവണമെന്നില്ല. പ്രാർത്ഥനയിൽ നമ്മെ സഹായിക്കേണ്ടവയാണവ.
നീതി-സൗഖ്യം-സമാധാനം- ആശ്വാസം എന്നിവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളായി നമ്മിലുണ്ടാവുകയും, അത് നമ്മിൽ യഥാർത്ഥ പ്രാർത്ഥനയും, ആരാധനയും, ദേവാലയവുമാകുമെങ്കിൽ നീതിയുടെ സൂര്യനിൽ നിന്നും സൗഖ്യത്തിന്റെ രശ്മികൾ നമ്മിലേക്കിറങ്ങി വരുന്നതിന്റെ അനുഭവം നമ്മിലും സഭയിലുമുണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ